'ന്നാ സാർ വണ്ടി എട്'; വോൾവോ എക്സ് സി 90 സ്വന്തമാക്കി രതീഷ് പൊതുവാൾ
വോൾവോയുടെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‌യുവികളിലൊന്നാണ് എക്സ് സി 90. മൈൽഡ് ഹൈബ്രിഡ് പതിപ്പായ എക്സ് സി 90 ക്ക് കരുത്തു പകരുന്നത് 2 ലീറ്റർ പെട്രോൾ എൻജിനാണ്
തിയറ്ററുകളിൽ വീണ്ടും നിറച്ച സിനിമകളിലൊന്നായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ 'ന്നാ താൻ കേസ് കൊട്'. വിവാദങ്ങളുണ്ടായിരുന്നിട്ടുപോലും ചിത്രം നാലാഴ്ചയായി തിയറ്ററുകളിൽ തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷത്തിൽ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ പുത്തൻ ആഡംബര എസ്.യു.വിയായ വോൾവോ എക്‌സ്സി 90 സ്വന്തമാക്കിയിരിക്കുന്നു.
സിനിമ പോസ്റ്ററിന്റെ മാതൃകയിൽ 'ന്നാ സാർ വണ്ടി എട്' എന്നെഴുതിയ പോസ്റ്ററും ഡീലർഷിപ്പിൽ സ്ഥാപിച്ചായിരുന്നു വാഹനം കൈമാറിയത്. പുതിയ വാഹനം സ്വന്തമാക്കുന്നതിന് വോൾവോയെ തിരഞ്ഞെടുത്തതിൽ നന്ദിയും അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് സംവിധായകൻ തന്നെയാണ് വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം പങ്കുവെച്ചത്.
വോൾവോയുടെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‌യുവികളിലൊന്നാണ് എക്‌സ്സി 90. മൈൽഡ് ഹൈബ്രിഡ് പതിപ്പായ എക്‌സ്സി 90ക്ക് കരുത്തു പകരുന്നത് 2 ലീറ്റർ പെട്രോൾ എൻജിനാണ്. 300 ബിഎച്ച്പി കരുത്തുള്ള എൻജിന്റെ ടോർക്ക് 420 എൻഎം ആണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.7 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ എസ്യുവിയുടെ ഉയർന്ന വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്.
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായ വോൾവോ എക്‌സ്സി 90 ഡ്രൈവർ ഫ്രണ്ട്ലി ഫീച്ചറുകളുമായാണ് എത്തിയിട്ടുള്ളത്. പ്രീമിയം ഭാവമാണ് ഈ വാഹനത്തിന്റെ ക്യാബിനിനുള്ളത്. വുഡൻ, ക്രിസ്റ്റൽ, മെറ്റൽ തുടങ്ങിയ ഉയർന്ന മെറ്റീരിയലുകൾ ഉപയോഗിച്ചാണ് അകത്തളം ഡിസൈൻ ചെയ്തിട്ടുള്ളത്. ഇത് അത്യാഡംബര ഭാവമാണ് അകത്തളത്തിന് നൽകുന്നത്.
ക്യാബിനുള്ളിൽ ശുദ്ധവായു ഉറപ്പാക്കുന്നതിനായി സെൻസറുകൾ നൽകിയിട്ടുള്ള പുതിയ അഡ്വാൻസ്ഡ് എയർ ക്ലീനൽ സാങ്കേതികവിദ്യയും ഈ വാഹനത്തിന്റെ അകത്തളത്തിനെ കൂടുതൽ മികച്ചതാക്കുന്നുണ്ട്. നാവിഗേഷൻ സംവിധാനവും ഇൻ കാർ എന്റർടെയ്ൻമെന്റ് ആപ്ലിക്കേഷനുകളുമുള്ള 12.5 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. 93.90 ലക്ഷം രൂപ മുതൽ 96.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.