ഇ.വിയിലേക്ക് ചുവട് വച്ച് ആഡംബര രാജാവ്; റോള്‍സ് റോയ്‌സ് 'സ്‌പെക്ടർ'

'ആര്‍ക്കിടെക്ചര്‍ ഓഫ് ലക്ഷ്വറി' എന്നാണ് റോള്‍സ് സ്‌പെക്ട്രയുടെ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ വിളിക്കുന്നത്.

Update: 2021-09-30 16:10 GMT
Editor : abs | By : Web Desk
Advertising

റോള്‍സ് റോയ്സ് അവരുടെ ആദ്യ  ഇലക്ട്രിക് വാഹനമായ സ്‌പെക്ടര്‍ അവതരിപ്പിച്ചു. വൈദ്യുതി വാഹനങ്ങളിലേക്കുള്ള ബ്രിട്ടീഷ് ആഡംബര കാർ നിര്‍മാതാക്കളുടെ ഔദ്യോഗിക ചുവടുവെപ്പാണിത്. റോള്‍സ് റോയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ ടോര്‍സ്റ്റന്‍ മ്യുള്ളെര്‍ ഒറ്റെവോസ് ആണ് സ്‌പെക്ടറിന്റെ ആദ്യ ചിത്രം പങ്കുവച്ചത്. മറ്റു വാഹന ബ്രാന്‍ഡുകളെ അപേക്ഷിച്ച് വൈദ്യുത പവര്‍ട്രെയ്ന്‍ ഏറ്റവും ഇണങ്ങുക റോള്‍സ് റോയ്‌സ് കാറുകള്‍ക്കാണ്. നിശബ്ദവും പരിഷ്‌കൃതവും ഞൊടിയിടയില്‍ ടോര്‍ക്ക് സൃഷ്ടിക്കുന്നതുമായ വൈദ്യുതി പവര്‍ട്രെയിനിന് മികച്ച കരുത്തും സമ്മാനിക്കാവുമെന്ന് മ്യൂള്ളെര്‍ ഒറ്റെവോസ് പറഞ്ഞു.

'ആര്‍ക്കിടെക്ചര്‍ ഓഫ് ലക്ഷ്വറി' എന്നാണ് റോള്‍സ് സ്‌പെക്ട്രയുടെ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ വിളിക്കുന്നത്. കമ്പനി സഹ സ്ഥാപകന്‍ ചാള്‍സ് റോള്‍സിന്റെ പ്രശസ്തമായ ഉദ്ധരണി പ്രോട്ടോടൈപ്പ് വാഹനത്തില്‍ എഴുതിവച്ചിട്ടുണ്ട്. 'നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പൂര്‍ണതയ്ക്കായി പരിശ്രമിക്കുക. നിലവിലുള്ളതില്‍ ഏറ്റവും മികച്ചതിനെ കൂടുതല്‍ മികച്ചതാക്കുക. നിലവിലില്ലെങ്കില്‍ അത് രൂപകല്‍പന ചെയ്യുക' എന്നാണ് വാഹനത്തില്‍ എഴുതിയിരിക്കുന്നത്.



ലോകത്തിലെ അതിസമ്പന്നരെയും പ്രശസ്തരെയും മാത്രം ലക്ഷ്യമിട്ടെത്തുന്ന റോള്‍സ് റോയിസ് സ്‌പെക്ടര്‍ സംബന്ധിച്ച സാങ്കേതിക വിവരങ്ങളൊന്നും  കമ്പനി പുറത്തുവിട്ടിട്ടില്ല.500 കിലോമീറ്റര്‍ ദൂരപരിധി ലഭ്യമാകുമെന്നും 10 കിലോവാട്ട് ബാക്ക്അപ്പ് പവറുള്ള മികച്ച ബാറ്ററി സംവിധാനവും പുതിയ മോഡലില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2023ല്‍ സ്‌പെക്ടര്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ. 2011 ല്‍ തന്നെ വൈദ്യുതി വാഹനത്തിലെ ആദ്യ ആശയം റോള്‍സ് റോയ്‌സ് പ്രദര്‍ശിപ്പിച്ചിരുന്നു. ഫാന്റം അടിസ്ഥാനമാക്കിയായിരുന്നു റോള്‍സ് റോയ്‌സിന്റെ ഈ ആശയം പിറവിയെടുത്തത്.

സ്‌പെക്ടര്‍ തുടക്കം മാത്രമാണ്. 2030 ആകുമ്പോഴേക്കും 50 ശതമാനം റോള്‍സ് റോയ്‌സ് വാഹനങ്ങളും വൈദ്യുതിയിലേക്ക് മാറാനാണ് കമ്പനി ആലോചിക്കുന്നത്. 2025 ഓടെ തങ്ങളുടെ എല്ലാ മോഡലുകളും വൈദ്യുതിയിലേക്ക് മാറ്റുമെന്ന് ജാഗ്വാറും 2030 ഓടെ ഈ ലക്ഷ്യം കൈവരിക്കുമെന്ന് മെഴ്‌സിഡസ് ബെന്‍സും പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News