ലക്ഷ്വറിയുടെ രാജകുമാരന്റെ പുതിയ അവതാരം; ഇലക്ട്രിക് കാറുമായി റോള്‍സ് റോയിസ്
ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂര പരിധി ലഭിക്കുന്ന മോഡലാണ് റോള്‍സ് റോയിസ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
റോള്‍സ് റോയിസ് ആദ്യ ഇലക്ട്രിക് ലക്ഷ്വറി കാര്‍ പുറത്തിറക്കുന്നു. സെപ്തംബര്‍ 29 ന് വാഹനത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ കമ്പനി പുറത്തുവിടും. റോള്‍സ് റോയിസ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന വാഹനം തന്നെയായിരിക്കും പുറത്തിറക്കുക എന്നും റിപ്പോര്‍ട്ട്. പുതിയ ഇലക്ട്രിക് കാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും റോള്‍സ് റോയിസ് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇലക്ട്രിക് കാറുകളുടെ ആശയം കമ്പനി നേരത്തെ അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള സമയമായെന്ന് തോന്നുമ്പോള്‍ മാത്രമായിരിക്കും റോള്‍സ് റോയിസ് രംഗപ്രവേശനം ചെയ്യൂ എന്നും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ആദ്യ ഇലക്ട്രിക് വാഹനം പൂര്‍ണ്ണമായും ബാറ്ററിയിലായിരിക്കും. ഹൈബ്രിഡ് വാഹനങ്ങളുടെ നിര്‍മാണം റോള്‍സ് റോയിസിന്റെ പരിഗണനയിലില്ലെന്നാണ് നിര്‍മാതാക്കള്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നത്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂര പരിധി ലഭിക്കുന്ന മോഡലാണ് റോള്‍സ് റോയിസ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ വാഹനമേഖലയുടെ ഭാവി വൈദ്യുതിയിലാണെന്ന് റോള്‍സ് റോയിസിന്റെ സ്ഥാപകരില്‍ ഒരാളായ ചാള്‍സ് റോള്‍സ് അഭിപ്രായപ്പെട്ടിരുന്നതായി റോള്‍സ് റോയിസ് മോട്ടോര്‍ സി.ഇ.ഒ ടോര്‍സ്റ്റണ്‍ മുള്ളര്‍ ഒക്ടോവസ് പറഞ്ഞു. 120 വര്‍ഷത്തിനപ്പുറം അദ്ദേഹത്തിന്റെ വീക്ഷണം അനുസരിച്ചുള്ള അദ്യ ഇലക്ട്രിക് വാഹനം റോള്‍സ് റോയിസ് പുറത്തിറാക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയിലെ ഡിസൈനര്‍മാരുടെയും എന്‍ജിനിയര്‍മാരുടെയും കഴിവ് പൂര്‍ണമായും പ്രകടമാക്കുന്ന വാഹനമായിരിക്കും പുറത്തിറങ്ങുക. മുള്ളര്‍ കൂട്ടിച്ചേര്‍ത്തു.
ലക്ഷ്വറി പേര് ലഭിക്കുന്നതിന് മുന്‍പ് റോള്‍സ് റോയിസ് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ ആലോചിച്ചിരുന്നതായാണ് ചരിത്രം. കുറഞ്ഞ റേഞ്ചും ചാര്‍ജിങ് സ്‌റ്റേഷനുകളുടെ അഭാവവുമാണ് അന്ന് കമ്പനിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചത്.