28 കോടി രൂപ വില, എല്ലാം വിറ്റുപോയി; വീഡിയോ ഗെയിമിൽ നിന്ന് ഇറങ്ങിവന്ന മക്ലാരൻ സോളസ് ജിടി
28 കോടി രൂപ വിലയുണ്ടെങ്കിലും ഡ്രൈവർക്ക് മാത്രമേ വാഹനത്തിൽ സഞ്ചരിക്കാൻ സാധിക്കൂ.
വീഡിയോ ഗെയിമുകളിൽ മാത്രം കണ്ടിരുന്ന ഒരു കാർ യാഥാർത്ഥ്യമായാലോ. അത്തരത്തിലൊരു കാർ പുറത്തിറക്കിയിരിക്കുകയാണ് സൂപ്പർ കാർ നിർമാതാക്കാളായ മക്ലാരൻ. ഗ്രാൻ ടുറിസ്‌മോ എന്ന പ്രശസ്തമായ സ്‌പോർട് വീഡിയോ ഗെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മക്ലാരൻ നിർമിച്ച മോഡലാണ് മക്ലാരൻ സോളസ് ജിടി. റേസ് ട്രാക്കിൽ മാത്രം ഓടിക്കാൻ കഴിയുന്ന ഈ വേഗക്കാരൻ ആകെ 25 എണ്ണമാണ് മക്ലാരൻ നിർമിച്ചത്. ഈ 25 എണ്ണവും ഇപ്പോൾ വിറ്റഴിഞ്ഞിരിക്കുകയാണ്. 3 മില്യൺ യൂറോലധികം രൂപയാണ് നികുതി ഉൾപ്പെടുത്താതെ ഒന്നിന്റെ വില. ഇന്ത്യൻ രൂപ ഏകദേശം 28.36 കോടി വരുമിത്.
841 എച്ച്പി പവറും 650 എൻഎം 5.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് വി 10 എഞ്ചിനാണ് സോളസ് ജിടിയുടെ കരുത്ത്. 10,000 ആർപിഎം വരെ ഉയർത്താനും സാധിക്കും. 7 സ്പീഡ് സീക്വൻഷ്യൽ ഗിയർ ബോക്‌സാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 2.5 സെക്കൻഡുകൾ മാത്രം വേണ്ട ഈ മോഡലിന്റെ പരമാവധി വേഗത മണിക്കൂറിൽ 320 കിലോമീറ്ററാണ്.
28 കോടി രൂപ വിലയുണ്ടെങ്കിലും ഡ്രൈവർക്ക് മാത്രമേ വാഹനത്തിൽ സഞ്ചരിക്കാൻ സാധിക്കൂ. സാധാരണ ഫോർമുല വൺ കാർ പോലെ കോ ഡ്രൈവർ സീറ്റ് ഇതിനില്ല. കാർബൺ ഫൈബർ മോണോക്കോക്ക് ബോഡിയിൽ നിർമിച്ച വാഹനത്തിന് 1,000 കിലോയിൽ താഴെയാണ് ഭാരം.