ആധിപത്യം തുടർന്ന് മാരുതി; കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ കാറുകൾ ഇവയാണ്
ഇന്ത്യൻ കാർ വിപണിയിൽ വാഹനങ്ങളുടെ ഡെലിവറിയിൽ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ബുക്കിങ് നിരക്ക് കൂടിയിട്ടുണ്ട്.
ആഗോളതലത്തിൽ തന്നെ വാഹനവിപണി സെമികണ്ടക്ടറുകളുടെ ക്ഷാമത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന സമയമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും ഇന്ത്യൻ കാർ വിപണിയിൽ വാഹനങ്ങളുടെ ഡെലിവറിയിൽ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ബുക്കിങ് നിരക്ക് കൂടിയിട്ടുണ്ട്. പ്രതിസന്ധിക്കിടയിലും കഴിഞ്ഞ മാസം ഇന്ത്യയിൽ വിറ്റഴിഞ്ഞ മികച്ച അഞ്ചു കാറുകൾ ഏതെല്ലാമാണെന്ന് നോക്കാം.
മാരുതി സുസുക്കി ആൾട്ടോ
കാലങ്ങളായി ഇന്ത്യൻ വാഹനവിപണിയുടെ വിലാസമാണ് മാരുതി സുസുക്കി ആൾട്ടോ. ആൾട്ടോ 800 എന്ന പേര് മാറ്റി ആൾട്ടോ എന്ന് മാത്രമായി മാറിയെങ്കിലും എന്നും വിൽപ്പന ചാർട്ടിൽ ഒന്നാമതോ രണ്ടാമതോ ഈ ജനപ്രിയൻ ഉണ്ടാകും. സെപ്റ്റംബറിൽ ഒന്നാം സ്ഥാനത്താണ് ആൾട്ടോ 12,143 ആൾട്ടോകളാണ് കഴിഞ്ഞമാസം ഇന്ത്യക്കാർ സ്വന്തമാക്കിയത്. അതേസമയം കഴിഞ്ഞ വർഷം ഇതേകാലയളവിലെ വിൽപ്പനയെക്കാളും 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 18,246 കാറുകളാണ് കഴിഞ്ഞ സെപ്റ്റംബറിൽ വിറ്റത്.
മാരുതി സുസുക്കി എർട്ടിഗ
ആൾട്ടോയുടെ കാര്യത്തിൽ വിൽപ്പന ഇടിവാണ് സംഭവിച്ചതെങ്കിൽ അവരുടെ തന്നെ എംപിവിയായ എർട്ടിഗ 13 ശതമാനം വളർച്ചയാണ് നേടിയത്. 11,308 എർട്ടിഗയാണ് സെപ്റ്റംബറിൽ നിരത്തിലിറങ്ങിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 9,982 യൂണിറ്റാണ് വിറ്റഴിഞ്ഞത്.
കിയ സെൽറ്റോസ്
ഇന്ത്യക്കാരുടെ വാഹനങ്ങളോടുള്ള ഇഷ്ടം മാറുന്നതിന്റെ പ്രധാന സൂചനയാണ് സെഡാനുകൾ ആദ്യ അഞ്ചിൽ വരാതെ ഒരു എസ്.യു.വി ഈ ലിസ്റ്റിൽ ഇടം പിടിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് കിയ ഇന്ത്യക്കാരുടെ ഹൃദയത്തിൽ തന്നെയാണ് കയറിയിരിക്കുന്നത്.
അത് കൊണ്ട് തന്നെയാണ് കഴിഞ്ഞമാസം മാത്രം 9,583 കിയ സെൽറ്റോസ് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാകാൻ കാരണം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 9,079 സെൽറ്റോസാണ് ഇന്ത്യയിൽ വിറ്റത്.
ടാറ്റ നെക്‌സോൺ
പട്ടികയിൽ നാലാം സ്ഥാനത്ത് ടാറ്റയുടെ സ്വന്തം കോപാക്ട് എസ്.യു.വിയായ നെക്‌സോണാണ്. ഓഗസ്റ്റിൽ നെക്‌സോണായിരുന്നു ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ എസ്.യു.വി. ഇത്തവണ 9,221 യൂണിറ്റാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 6,007 നെക്‌സോൺ മാത്രമാണ് നിരത്തിലിറങ്ങിയത്. അങ്ങനെ നോക്കിയാൽ 53 ശതമാനത്തിന്റെ വളർച്ചയാണ് നെക്‌സോൺ നേടിയത്.
ഹ്യുണ്ടായി ക്രെറ്റ
ഒരേ പ്ലാറ്റ്‌ഫോമും ഒരേ കമ്പനിയുമാണെങ്കിലും കിയ സെൽറ്റോസിന്റെ അത്ര വിൽപ്പന നേടാൻ ഹ്യുണ്ടായി ക്രെറ്റക്ക് സാധിച്ചിട്ടില്ല. 8,193 ക്രെറ്റയാണ് ഇന്ത്യക്കാർ സെപ്റ്റംബറിൽ വാങ്ങിയത്. അതേസമയം കഴിഞ്ഞ വർഷം ഇതേസമയത്തെക്കാൾ 34 ശതമാനം ഇടിവാണ് ക്രെറ്റ രേഖപ്പെടുത്തിയത്. 12,325 യൂണിറ്റുകൾ വിൽക്കാൻ 2020 സെപ്റ്റംബറിൽ വിൽക്കാൻ അവർക്ക് സാധിച്ചിരുന്നു.