വരുന്നു, ട്രയംഫ് ടൈഗര്‍ 900 ബോണ്ട്, വില്‍പ്പനക്കെത്തുന്നത് 250 വണ്ടികള്‍ മാത്രം
പുതിയ ജെയിംസ് ബോണ്ട് സിനിമ പുറത്തിറങ്ങുന്നതിന്റെ ഭാഗമായികൂടിയാണ് കമ്പനി ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ അള്‍ട്രാ-എക്‌സ്‌ക്ലൂസീവ് ബോണ്ട് എഡിഷന്‍ ആയ ടൈഗര്‍ 900 അവതരിപ്പിച്ച് ട്രയംഫ്. ആഗോള തലത്തില്‍ വില്‍പ്പനയ്ക്കായി കമ്പനി ആകെ പുറത്തിറക്കുന്നത് 250 യൂണിറ്റുകള്‍ മാത്രം. ബോണ്ട് ഫ്രാഞ്ചൈസിയുമായുള്ള ട്രയംഫിന്റെ ഔദ്യോഗിക പങ്കാളിത്തത്തിന്റെ ഭാഗമായാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിക്കുന്നത്.
ജെയിംസ് ബോണ്ട് സിനിമയായ 'നോ ടൈം ടു ഡൈ' എന്ന സിനിമ പുറത്തിറങ്ങുന്നതിന്റെ ഭാഗമായികൂടിയാണ് കമ്പനി ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. 250 യൂണിറ്റുകളില്‍ ഓരോന്നും വ്യക്തിഗതമായി അക്കമിട്ട് ആധികാരിക സിഗ്നേച്ചറും സര്‍ട്ടിഫിക്കറ്റുമായാണ് വരിക. ബൈക്കില്‍ 007 ഗ്രാഫിക്‌സും ഉണ്ടാകും. ഹാന്‍ഡില്‍ബാര്‍ ക്ലാമ്പിന് മുകളില്‍ ബൈക്കിന്റെ സ്‌പെഷല്‍ എഡിഷന്‍ മോഡലും രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രെയിം, ഹെഡ്‌ലൈറ്റ് ഫിനിഷറുകള്‍, സൈഡ് പാനലുകള്‍, ഫൂട്ട്‌റെസ്റ്റ് ഹാംഹറുകള്‍, ഓക്‌സിലറി ലാമ്പ് ഷ്രോഡുകള്‍, എഞ്ചിന്‍ ഗാര്‍ഡുകള്‍ എന്നിവയല്ലാം പ്രീമിയം ബ്ലാക്ക് ഫിനിഷോടെ നല്‍കിയിരിക്കുന്നു.
ബിഎസ് നിലവാരത്തിലുള്ള 888 സിസി, ലിക്വിഡ്- കൂള്‍ഡ്, ഇന്‍ലൈന്‍ ത്രീ സിലിണ്ടര് എഞ്ചിന്റെ കരുത്താണ് ബൈക്കിന്. റെയിന്‍, റോഡ്, സ്‌പോര്‍ട്ടി, ഓഫ്-റോഡ് എന്നിങ്ങനെ ആറ് വ്യത്യസ്ത റൈഡിങ് മോഡുകളുണ്ട്. ട്രയംഫ്, പരിമിത പതിപ്പ് ഇന്ത്യയില്‍ ലഭ്യമാക്കുമോ എന്നത് വ്യക്തമല്ല. യൂറോപ്പിലും യുഎസിലും കാനഡയിലും അടുത്ത വർഷം പകുതിയോടെ വില്‍പ്പനക്കെത്തും. ജിടി, റാലി (ഓഫ്-റോഡ്), റാലി പ്രോ എന്നിങ്ങനെ മുന്ന് വേരിയന്റുകളില്‍ വരുന്ന ബൈക്കിന് യഥാക്രമം 13.70, 14.35, 15.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.