ടിവിഎസ് ജുപ്പീറ്ററിന്റെ പവർ പോരെന്ന് തോന്നിയിട്ടുണ്ടോ ? ഇതാ വന്നിരിക്കുന്നു ജുപ്പീറ്റർ 125
ജുപ്പീറ്റർ 125 ന്റെ ഏറ്റവും വലിയ പ്രത്യേകത ഗിയർലെസ് സ്‌കൂട്ടർ ഉപയോഗിക്കുന്നവർ ഇത്രയും നാളും ആവശ്യപ്പെട്ടിരുന്ന കാര്യം ടിവിഎസ് കൊണ്ടുവന്നു എന്നതാണ്.
ഇന്ത്യൻ ഇരുചക്ര വാഹനവിപണയിൽ കുറച്ച് വർഷം മുമ്പ് വരെ അത്ര വലിയ വിൽപ്പന നടക്കുന്ന വിഭാഗമായിരുന്നില്ല, ഗിയർലെസ് സ്‌കൂട്ടറുകൾ. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരുചക്ര വാഹന വിപണയിൽ ഗിയർലെസ് സ്‌കൂട്ടറുകൾ കുതിച്ചു ചാട്ടമാണ് നേടിയത്. ടിവിഎസ് സ്‌കൂട്ടിയും ഹോണ്ട ആക്ടീവയും മാത്രം അരങ്ങ് വാണിരുന്ന ഈ മേഖലയിൽ കൂടുതൽ കമ്പനികളും മോഡലുകളും വന്നതോടെ മത്സരരംഗം കൊഴുത്തു. ഹോണ്ട ആക്ടീവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ഗിയർലെസ് സ്‌കൂട്ടർ. എൻ ടോർഖ്, ജുപ്പീറ്റർ, സ്‌കൂട്ടി തുടങ്ങിയ മോഡലുകളിലൂടെ ടിവിഎസും തൊട്ടുപിറകേയുണ്ട്.
ഇപ്പോഴിതാ ടിവിഎസ് ജുപ്പീറ്റർ 125 കൂടി ഈ മേഖലയിലെ മത്സരത്തിലേക്ക് അവതരിപ്പിരിക്കുകയാണ്. മത്സരം കടുക്കുന്നത് കൊണ്ട് കൂടുതൽ മികച്ച ഫീച്ചറോട് കൂടിയാണ് കമ്പനി വാഹനം പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്റെ ബുക്കിങും ആരംഭിച്ചിട്ടുണ്ട്.
ഫീച്ചറുകൾ
ജുപ്പീറ്റർ 125 ന്റെ ഏറ്റവും വലിയ പ്രത്യേകത ഗിയർലെസ് സ്‌കൂട്ടർ ഉപയോഗിക്കുന്നവർ ഇത്രയും നാളും ആവശ്യപ്പെട്ടിരുന്ന കാര്യം ടിവിഎസ് കൊണ്ടുവന്നു എന്നതാണ്. ഗിയർലെസ് സ്‌കൂട്ടറുകളിൽ പെട്രോൾ നിറയ്ക്കാൻ സീറ്റ് തുറക്കുകയോ അല്ലാത്തപക്ഷം വാഹനത്തിന്റെ പിറകിലോ ആയിരിക്കും. ഇവ രണ്ടിനും പ്രായോഗികമായി ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അത് പരിഹരിക്കാനായി പെട്രോൾ ടാങ്ക് ലിഡ് ഹാൻഡിൽ ബാറിന് താഴെയാണ് പുതിയ ജുപ്പീറ്റർ 125 ൽ ക്രമീകരിച്ചികരിക്കുന്നത്.
സെമി ഡിജിറ്റൽ എൽഡിസി ഡിസ്‌പ്ലെയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഈ ഡിസ്‌പ്ലെയിൽ ഡിസ്റ്റൻസ് ടു എംപ്റ്റി, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ആവറേജ്, റിയർ ടൈം മൈലേജ് തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ടിവിഎസ് സ്‌കൂട്ടിയിൽ അവതരിപ്പിച്ച ബോഡി ബാലൻസ് ടെക്‌നോളജി ഇതിലും ഉപയോഗിച്ചിട്ടുണ്ട്. 3 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ മോണോ ഷോക്കാണ് ജൂപ്പീറ്റർ 125 ന്റെ പിറകിൽ ഘടിപ്പിച്ചിരിക്കുന്നത്. പെട്രോൾ ടാങ്ക് മാറ്റിസ്ഥാപിച്ചതോടെ ജുപ്പീറ്ററിന് സെഗ്നമെന്റിലെ ഏറ്റവും കൂടിയ സ്റ്റോറേജ് സ്‌പേസ് ലഭിക്കും. 33 ലിറ്ററാണ് വാഹനത്തിന്റെ സംഭരണ ശേഷി. ഒരേസമയം രണ്ടു ഹെൽമെറ്റുകൾ വരെ ഇതിൽ സൂക്ഷിക്കാൻ സാധിക്കും.
ക്രോം ലൈനുകളും എൽഇഡി ഹെഡ്‌ലാമ്പുകളും വാഹനത്തിന് നൽകിയിട്ടുണ്ട്. ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് ഡയമണ്ട് കട്ട് അലോയ് വീലും ലഭിക്കും. സിംഗിൾ സിലിണ്ടർ, 4 സ്‌ട്രോക്ക് എയർ കൂൾഡ് 124.8 സിസി എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 6500 ആർപിഎമ്മിൽ മാക്‌സിമം പവറായ 6 കിലോ വാട്ടും കൂടുിയ ടോർക്കായ 10.5 എൻഎം 4,500 ആർപിഎമ്മിലും ലഭിക്കും.
73,400 രൂപയിലാണ് ജുപ്പീറ്റർ 125 ന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഡ്രം ബ്രേക്ക്, ഡ്രം ബ്രേക്ക് + അലോയ് വീൽസ്, ഡിസ്‌ക് + അലോയ് വീൽസ് വേരിയന്റുകളിൽ 5 നിറങ്ങളിൽ ജുപ്പീറ്റർ 125 ലഭിക്കും.