ഓർമകൾക്ക് പുനർജന്മം; രണ്ടാം അങ്കത്തിനൊരുങ്ങി യെസ്ഡി

റോഡ്സ്റ്റർ, സ്‌ക്രാംബ്ലർ, അഡ്വഞ്ചർ എന്നീ മൂന്നു മോഡലുകളാണ് പുറത്തിറക്കിയത്. ത്രിമൂർത്തികൾക്കായുള്ള ബുക്കിങ്ങും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Update: 2022-01-13 13:47 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യൻ വിപണിയിൽ പുതിയ മൂന്നു മോഡലുകളെ അവതരിപ്പിച്ച് രണ്ടാംവരവ് ആഘോഷമാക്കുകയാണ് ഐതിഹാസിക മോട്ടോർസൈക്കിൾ നിർമാതാക്കളായ യെസ്ഡി. റോഡ്സ്റ്റർ, സ്‌ക്രാംബ്ലർ, അഡ്വഞ്ചർ എന്നീ മൂന്നു മോഡലുകളാണ് പുറത്തിറക്കിയത്. ത്രിമൂർത്തികൾക്കായുള്ള ബുക്കിങ്ങും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്.

റോഡ്സ്റ്ററിന് 1.98 ലക്ഷം മുതൽ 2.06 ലക്ഷം രൂപ വരെയും സ്‌ക്രാംബ്ലറിന് 2.05 ലക്ഷം മുതൽ 2.11 ലക്ഷം വരെയും അഡ്വഞ്ചറിന് 2.10 ലക്ഷം മുതൽ 2.19 ലക്ഷം രൂപ വരെയുമാണ് വില. പുതിയ ബൈക്കുകളുടെ ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങി.

ആധുനികവും എന്നാൽ റെട്രോ ശൈലിയും പിന്തുടർന്നാണ് യെസ്ഡി രൂപാന്തരപ്പെട്ടിരിക്കുന്നത്. 1980 കളിലെയും 90 കളിലെയും യഥാർഥ യെസ്ഡി ബ്രാൻഡിനെ അനുസ്മരിപ്പിക്കുന്ന ഡിസൈൻ. മൂന്നു ബൈക്കുകളിലും 334 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ഉപയോഗിക്കുന്നത്. എന്നാൽ കരുത്തിന്റെയും ടോർക്കിന്റെയും കാര്യത്തിൽ ചെറിയ മാറ്റങ്ങളുണ്ട്. റോഡ്സ്റ്ററിലെ എൻജിന് 29.70 പിഎസ് കരുത്തും 29 എൻഎം ടോർക്കുമുണ്ട്. സ്‌ക്രാംബ്ലറിന് 29.10 പിഎസ് കരുത്തും 28.20 എൻഎം ടോർക്കും അഡ്വഞ്ചറിന് 30.20 പിഎസ് കരുത്തും 29.90 എൻഎം ടോർക്കുമുണ്ട്.




ഡ്യുവൽ ചാനൽ എബിഎസ് മൂന്നു ബൈക്കുകളിലും അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കൂടാതെ എബിഎസിന് റോഡ്, റെയിൽ, ഓഫ് റോഡ് എന്നീ മോഡുകളുമുണ്ട്. അഡ്വഞ്ചറിൽ ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ, എൽസിഡി ഡിസ്‌പ്ലെ എന്നിവയുണ്ട്. എൽഇഡി ഹെഡ്, ടെയിൽ ലാംപുകൾ, എൽഇഡി ഇൻഡിക്കേറ്റർ, യുഎസ്ബി ചാർജർ എന്നിവ നൽകിയിട്ടുണ്ട്.

നിർമാണം മധ്യപ്രദേശിലെ പിതാംപൂർ പ്ലാന്റിൽ നടന്നുവരികയാണ്. അവ ഉടൻ തന്നെ ഷോറൂമുകളിൽ എത്തുമെന്നും ഡെലിവറികൾ അധികം വൈകാതെ ആരംഭിക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കി.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News