പ്രൗഢിയോടെ ഇന്ത്യൻ നിരത്തുകളിലേക്ക് യെസ്ഡി തിരിച്ചെത്തുന്നു

വരവിനുള്ള സമയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2022-ന്റെ തുടക്കത്തിൽ തന്നെ ഈ ബൈക്കുകൾ നിരത്തുകളിൽ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ

Update: 2021-11-13 05:09 GMT
Editor : Dibin Gopan | By : Web Desk
Advertising

യുവാക്കളുടെ ഹരമായിരുന്നു യെസ്ഡി ബൈക്കുകൾ അതേ പ്രൗഢിയോടെ ഇന്ത്യൻ നിരത്തുകളിലേക്ക് തിരിച്ചെത്തുന്നു. ജാവ ബൈക്കുകൾക്ക് ഇന്ത്യൻ നിരത്തുകളിൽ തിരിച്ചുവരവ് സമ്മാനിച്ച മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് എന്ന കമ്പനിയാണ് യെസ്ഡിക്കും മടങ്ങി വരവ് ഒരുക്കുന്നത്. തിരിച്ച് വരവിന്റെ സൂചന നൽകി യെസ്ഡിയുടെ ടീസർ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

രണ്ട് മോഡലുകളുമായായിരിക്കും യെസ്ഡി നെയിം പ്ലേറ്റ് തിരിച്ചെത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. വരവിനുള്ള സമയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2022-ന്റെ തുടക്കത്തിൽ തന്നെ ഈ ബൈക്കുകൾ നിരത്തുകളിൽ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ.

വാഹനത്തിന്റെ വരവിന് മുന്നോടിയായി സാമൂഹിക മാധ്യമങ്ങളിൽ യെസ്ഡിയുടെ പേരിലുള്ള പേജുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ വർഷം തന്നെ യെസ്ഡിയുടെ പേജ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപുറമെ, യെസ്ഡി ഫോർ എവർ എന്ന പേരിൽ കഴിഞ്ഞ ദിവസം യെസ്ഡിയുടെ ട്വിറ്റർ ഹാൻഡിലും ആരംഭിച്ചിട്ടുണ്ട്. 'ലുക്ക് ഈസ് ബാക്ക്' എന്ന തലക്കെട്ടോടെ ഇതിൽ പോസ്റ്റ് ചെയ്തിരുന്ന വീഡിയോയാണ് മഹീന്ദ്രയുടെ മേധാവി പങ്കുവെച്ചിട്ടുള്ളത്.

യെസ്ഡി ബൈക്കുകളുടെ ഐതിഹാസിക രൂപം നിലനിർത്തുമെങ്കിലും ന്യൂജനറേഷൻ ഫീച്ചറുകളുടെ അകമ്പടിയിലായിരിക്കും പുതിയ പതിപ്പ് എത്തുകയെന്നാണ് സൂചന. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽ.ഇ.ഡി. ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി. ടെയ്ൽലാമ്പ്. ഡ്യുവൽ ചാനൽ എ.ബി.എസ്. തുടങ്ങിയവ പുതുതലമുറ യെസ്ഡിയെ കൂടുതൽ ആകർഷകമാക്കും.

ജാവ ബൈക്കുകളിൽ നൽകിയിട്ടുള്ള 293 സി.സി. ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനായിരിക്കും പുതിയ യെസ്ഡിക്കും കരുത്തേകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമായും റോയൽ എൻഫീൽഡ് ബുള്ളറ്റ് മോഡലുകളുമായായിരിക്കും പുതുതായി എത്തുന്ന യെസ്ഡി മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News