'ബാഗ് റെഡിയാക്കൂ, സെയ്‌ഷെൽസിലെ ബീച്ച് ആസ്വദിക്കാം'; ചിത്ര രാമകൃഷ്ണനും വിവാദ യോഗിയും തമ്മിലുള്ള ഇ-മെയിൽ വിവരങ്ങൾ പുറത്ത്

"വ്യത്യസ്ത രീതിയിൽ മുടി പിന്നിയിടാൻ പഠിക്കണം. അത് നിങ്ങളെ ആകർഷവതിയാക്കും!!"

Update: 2022-02-19 07:03 GMT
Editor : abs | By : Web Desk
Advertising

മുംബൈ: നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ച് മുൻ സിഇഒ ചിത്ര രാമകൃഷ്ണയും ഹിമാലയത്തിലെ 'അജ്ഞാത ഗുരു'വും തമ്മിൽ നടത്തിയ ഇ-മെയിൽ വിവരങ്ങൾ പുറത്ത്. ഔദ്യോഗിക രഹസ്യങ്ങൾക്ക് പുറമേ, വ്യക്തിഗത വിവരങ്ങൾ കൂടി ഇരുവരും എഴുത്തുകൾ വഴി പങ്കുവയ്ക്കുന്നുണ്ട്. അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നതാണ് പല കുറിപ്പുകളും. ദ്വീപു രാഷ്ട്രമായ സെയ്‌ഷെൽസിൽ അവധി ആഘോഷിക്കാൻ പോകുന്നതിനെ കുറിച്ചും മുടി പിന്നിയിടാൻ പഠിക്കുന്നതിനെ കുറിച്ചും ഇ-മെയിലുകളിൽ പറയുന്നുണ്ട്.

'സീഷെൽസിലെ ബീച്ചിൽ കുളിക്കാം'

2015 ഫെബ്രുവരി 17ന് ഗുരു എഴുതിയത് ഇങ്ങനെ; 'ബാഗുകൾ റെഡിയാക്കിക്കോളൂ. അടുത്ത മാസം ഞാൻ സെയ്‌ഷെൽസിലേക്ക് പോകുന്നുണ്ട്. നിങ്ങൾക്ക് നീന്തലറിയുമെങ്കിൽ അവിടെ ബീച്ചിൽ നമുക്കൊരു കടൽക്കുളി ആസ്വദിക്കാം.' സിംഗപൂർ വഴി സെയ്‌ഷെൽസിലേക്ക് പോകാം എന്നാണ് മെയിലിൽ ഗുരു പറയുന്നത്.

ഇന്ത്യയിൽ നിന്ന് സെയ്‌ഷെൽസിലേക്ക് നാലു മണിക്കൂർ കൊണ്ട് നേരിട്ട് വിമാനത്തിൽ പോകാമെങ്കിൽ എന്തിനാണ് ട്രാൻസിറ്റ് യാത്ര തെരഞ്ഞെടുത്തത് എന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നു. നേരിട്ടുള്ള വിമാനമില്ല എങ്കിൽ ദുബൈയും ശ്രീലങ്കയുമാണ് സീഷെൽസിലേക്കുള്ള ട്രാൻസിറ്റ് പോയിന്റുകൾ. എന്നാൽ ഹോങ്കോങ് (സിംഗപൂർ) വഴിയുള്ള യാത്രയാണ് ഗുരു തെരഞ്ഞെടുക്കുന്നത്. പത്തു മണിക്കൂർ നീണ്ട യാത്രയുമാണത്. യാത്രാ വിവരങ്ങൾ മറച്ചുവയ്ക്കാനാണോ ഇത്തരത്തിൽ യാത്ര ആസൂത്രണം ചെയ്തത് എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 


ഇതേ മെയിലിൽ തന്നെ രണ്ടു കുട്ടികൾക്കൊപ്പം വരൂ എന്നാണ് ഗുരു ആവശ്യപ്പെടുന്നത്. ഒരു മകൾ മാത്രമാണ് ചിത്രയ്ക്കുള്ളത്. രണ്ടു കുട്ടികൾ എന്നത് മറ്റെന്തിനെങ്കിലുമുള്ള കോഡ് ഭാഷയാണോ എന്നും അന്വേഷിക്കുന്നുണ്ട്.

നികുതി രഹിത (ടാക്‌സ് ഹാവെൻ) രാഷ്ട്രമാണ് സെയ്‌ഷെൽസ്. കള്ളപ്പണ വിവരങ്ങളെ കുറിച്ച് ഇരു രാഷ്ട്രങ്ങളും കരാറിലേർപ്പെടുന്നതിനു മുമ്പാണ് ഇരുവരും തമ്മിലുള്ള ഇ-മെയിൽ ഇടപാടുകൾ. കള്ളപ്പണവുമായി ബന്ധപ്പെട്ട് 2015 ഓഗസ്റ്റിലാണ് ഇന്ത്യയും സെയ്‌ഷെൽസും കരാർ ഒപ്പുവയ്ക്കുന്നത്.

'മുടി പിന്നിയിടാൻ പഠിക്കണം'

2015 ഫെബ്രുവരി 18ന് ചിത്രയ്ക്ക് ഗുരു എഴുതുന്നത് ഇങ്ങനെയാണ്; 'ഇന്ന് നിങ്ങൾ സുന്ദരിയായിരിക്കുന്നു. നിങ്ങളുടെ മുടി വ്യത്യസ്ത രീതിയിൽ പിന്നിയിടാൻ പഠിക്കണം. അത് നിങ്ങളെ ആകർഷവതിയാക്കും!! ഇതൊരു സൗജന്യ ഉപദേശമാണ്. നിങ്ങൾ ഇതെടുക്കും എന്നെനിക്കറിയാം. മാർച്ച് മധ്യത്തിൽ കുറച്ച് ഫ്രീ ആകൂ.' 


അതേ വർഷം സെപ്തംബർ 16ന്, അയച്ചു നൽകിയ പാട്ടിനെ കുറിച്ചും ചിത്രയ്ക്ക് ഇയാൾ എഴുതുന്നുണ്ട്. 'ഞാനയച്ച മകര കുണ്ഡല ഗാനം കേട്ടോ. ആ ആവർത്തനങ്ങളിലെ മാറ്റൊലി നിർബന്ധമായും കേൾക്കണം. നിങ്ങളുടെ മുഖത്തും ഹൃദയത്തിൽനിന്നും ഉത്സാഹം കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. ഇന്നലെ നിങ്ങളോടൊന്നിച്ചുള്ള സമയം ഞാൻ ആസ്വദിച്ചു. സ്വന്തത്തിനായി ചെയ്യുന്ന ഇത്തരം ചെറിയ കാര്യങ്ങളാണ് നിങ്ങളെ യുവതിയും ഊർജ്വസ്വലയുമാക്കുന്നത്.'

'ചിത്ര കൈയിലെ പാവ'

ഓഹരി വിപണിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഹിമാലയത്തിലെ അജ്ഞാത യോഗിക്ക് കൈമാറിയ സംഭവത്തിൽ സിബിഐയാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം 12 മണിക്കൂറാണ് ഇവരെ ചോദ്യം ചെയ്തിരുന്നത്. ചിത്രയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്. 'ഇയാളുടെ -ഗുരു- കൈയിലെ പാവ മാത്രമായിരുന്നു' ചിത്ര എന്നാണ് മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റിയായ സെബിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്.

പ്രധാന തസ്തികകളിലെ നിയമനം അടക്കമുള്ള കാര്യങ്ങളിൽ ഗുരുവിൽ നിന്ന് ചിത്ര അഭിപ്രായം തേടിയിരുന്നു. ചിത്രയുടെ കമ്പ്യൂട്ടറിൽ പ്രമുഖ സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് ഇരുവരും തമ്മിലുള്ള ഇ-മെയിൽ ഇടപാടുകൾ പുറത്തുവന്നത്. ഇരുപതു വർഷം മുമ്പ് ഗംഗാതീരത്തു വച്ച് ഇയാളെ കണ്ടിരുന്നുവെന്നും വ്യക്തിഗത-തൊഴിൽ വിഷയങ്ങളിൽ ഉപദേശം തേടാറുണ്ടെന്നും ചിത്ര വ്യക്തമാക്കിയിരുന്നു. 


എന്നാൽ ഓഹരി വിപണിയുടെ അടിത്തറയെ തന്നെ തകർക്കുന്ന നീക്കമാണ് ചിത്രയുടേത് എന്നാണ് സെബിയുടെ കണ്ടെത്തൽ. സ്റ്റോക് എക്സ്ചേഞ്ചിന്റെ ധന-വ്യാപാര പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നത് അചിന്തനീയമാണെന്നും സെബി വൃത്തങ്ങൾ പറയുന്നു. ചിത്രയുടേത് ക്രിമിനൽ കുറ്റകൃത്യമാണ് എന്നാണ് സെബിയുടെ വിലയിരുത്തൽ.

എല്ലാം ചർച്ച ചെയ്തു

സ്റ്റോക് എക്സ്ചേഞ്ചിന്റെ അഞ്ചു വർഷത്തെ പദ്ധതികൾ, സാമ്പത്തിക വിവരങ്ങൾ, ഓഹരി അനുപാതം, ബിസിനസ് പദ്ധതികൾ, ബോർഡ് മീറ്റിങ്ങിന്റെ അജണ്ട തുടങ്ങി ജീവനക്കാരുടെ പ്രകടന മൂല്യനിർണയം (പെർഫോമൻ അപ്രൈസൽ) വരെ ഇദ്ദേഹവുമായി ചിത്ര ചർച്ച ചെയ്തിരുന്നെന്ന് ദ ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ടു ചെയ്യുന്നു.

ഡയറക്ടർ ബോർഡുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 2016ലാണ് ചിത്ര രാമകൃഷ്ണൻ എൻഎസ്ഇ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് രാജിവച്ചത്. മേഖലയിൽ പരിചിതനല്ലാത്ത ആനന്ദ് സുബ്രഹ്‌മണ്യൻ എന്നയാളെ ചീഫ് ഓപറേറ്റിങ് ഓഫീസറായി നിയമിക്കാനുള്ള ചിത്രയുടെ ശിപാർശയാണ് ഭിന്നതകൾക്ക് വഴി വച്ചത്. അഞ്ചു കോടി രൂപയായിരുന്നു ആനന്ദിന്റെ ശമ്പളം. രാജിക്ക് പിന്നാലെയാണ് ചിത്രയുടെ കാലത്തെ കുറിച്ച് സെബി അന്വേഷണം ആരംഭിച്ചതും 'ഗുരു'വുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതും. 


രാജിവച്ചതിന് തൊട്ടുപിന്നാലെ ഇവർ ഉപയോഗിച്ചിരുന്ന ലാപ്ടോപ് നശിപ്പിക്കാൻ തീരുമാനിച്ചതിലും ദുരൂഹതയുണ്ട്. ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നേരത്തെ ഇവർക്ക് സെബി മൂന്നു കോടി രൂപ പിഴ ചുമത്തിയിരുന്നു. അടുത്ത മൂന്നു വർഷത്തേക്ക് വിപണിയിൽ ഇടപെടുന്നതിന് വിലക്കുമുണ്ട്. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ആദ്യ വനിതാ മേധാവി കൂടിയായിരുന്നു ചിത്ര രാമകൃഷ്ണൻ.

ചാർട്ടേഡ് അക്കൗണ്ടന്റ് പഠനം പൂർത്തീകരിച്ച ചിത്രയുടെ കരിയറിന്റെ തുടക്കം 1985-ൽ ഐ.ഡി.ബി.ഐ പ്രൊജക്ട് ഫിനാൻസ് ഡിവിഷനിലായിരുന്നു. എൻ.എസ്.ഇ.യുടെ പ്രാരംഭകാലം മുതൽ ചിത്ര എൻ.എസ്.ഇ.യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഹർഷദ് മെഹ്ത്തയുടെ ഓഹരി കുംഭകോണത്തിന് പിന്നാലെ ഓഹരി വിപണിയുടെ വിശ്വാസ്യത വീണ്ടെടുക്കാനും സുതാര്യതയും ലക്ഷ്യമിട്ട് തൊണ്ണൂറുകളുടെ ആദ്യത്തിൽ ഇതിനായി അഞ്ചംഗസമിതിയെയും സർക്കാർ നിയോഗിച്ചു. ഈ സമിതിയിലും ചിത്ര അംഗമായിരുന്നു. എൻ.എസ്.ഇ. മുൻ എം.ഡി.യായ രവി നരേയ്നും ആദ്യ എം.ഡി.യായ ആർ.എച്ച്. പാട്ടീലും ഈ സമിതിയിലുണ്ടായിരുന്നു.

രവി നരേയ്ന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ചിത്ര രാമകൃഷ്ണനെ എൻ.എസ്.ഇ. എം.ഡി.യായി തിരിഞ്ഞെടുക്കുന്നത്. 2013 ഏപ്രിൽ ഒന്ന് മുതൽ അഞ്ചുവർഷത്തേക്കായിരുന്നു നിയമനം. എന്നാൽ 2016 ഡിസംബർ രണ്ടിന് എം.ഡി, സി.ഇ.ഒ. സ്ഥാനത്ത് നിന്ന് ചിത്ര രാമകൃഷ്ണൻ രാജിവെച്ചു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News