15% ഓഹരി തിരിച്ചു വാങ്ങുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ബൈജു രവീന്ദ്രൻ
2020-21 സാമ്പത്തിക വർഷത്തിൽ 4588 കോടി രൂപയാണ് ബൈജൂസിന്റെ നഷ്ടം.
മുംബൈ: ലോകത്തെ ഏറ്റവും മൂല്യമേറിയ എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ 15 ശതമാനം ഓഹരികൾ തിരികെ വാങ്ങിക്കാൻ ശ്രമമാരംഭിച്ച് സ്ഥാപകൻ ബൈജു രവീന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ചർച്ചകൾ നടന്നുവരികയാണെന്ന് ധനകാര്യ മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്തു. കമ്പനിയിൽ നിലവിൽ 25 ശതമാനം ഓഹരിയാണ് ബൈജുവിനുള്ളത്. കഴിഞ്ഞ തവണ ഫണ്ട് സ്വരൂപിച്ച വേളയിൽ 22 ബില്യൺ ഡോളറായിരുന്നു ബൈജൂസിന്റെ മൂല്യം.
ചില ഓഹരിയുടമകള്‍ക്ക് ബൈജു എക്സിറ്റ് ഓഫര്‍ വച്ചിട്ടുണ്ട്. തുടർച്ചയായ വർഷങ്ങളിൽ കമ്പനി നഷ്ടം നേരിട്ട സാഹചര്യത്തിൽ കുറഞ്ഞ മൂല്യത്തിലാകും ഓഹരി വിൽപ്പന നടക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 2015ൽ ബംഗളൂരു ആസ്ഥാനമായാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്.
ബൈജുവിന് പുറമേ, മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ഭാര്യ ചാനിന്റെ നേതൃത്വത്തിലുള്ള ചാൻ സക്കർബർഗ് ഇനീഷ്യേറ്റീവ്, സിക്വായ കാപിറ്റൽ ഇന്ത്യ, യുഎസ് ബഹുരാഷ്ട്ര കമ്പനികളായ ബ്ലാക്‌റോക്, സിൽവർ ലേക് എന്നിവയ്ക്ക് ബൈജൂസിൽ നിക്ഷേപമുണ്ട്.
2020-21 സാമ്പത്തിക വർഷത്തിൽ 4588 കോടി രൂപയാണ് ബൈജൂസിന്റെ നഷ്ടം. മുൻ സാമ്പത്തിക വർഷത്തിലെ 2428 കോടിയിൽ നിന്നാണ് ഇത് നാലായിരം കോടി കടന്നത്. കമ്പനി നഷ്ടത്തിലായതിന് പിന്നാലെ ആയിരക്കണക്കിന് തൊഴിലാളികളെ കമ്പനി പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. കേരളത്തിലടക്കം ഇതിന്‍റെ പ്രതിഫലനം ഉണ്ടായിരുന്നു.
കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം സജീവമാക്കാൻ നാല് വലിയ സ്ഥാപനങ്ങളെ നേരത്തെ ബൈജൂസ് ഏറ്റെടുത്തിരുന്നു. ഡൽഹി ആസ്ഥാനമായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസിനെ 100 കോടി ഡോളറിനും സിംഗപ്പൂർ കമ്പനി ഗ്രേറ്റ് ലേണിങ്ങിനെ 60 കോടി ഡോളറിനും യുഎസ് കമ്പനി എപിക്കിനെ 50 കോടി ഡോളറിനുമാണ് ബൈജൂസ് ഏറ്റെടുത്തിരുന്നത്. മുംബൈ ആസ്ഥാനമായ കോഡിങ് പരിശീലന കമ്പനി വൈറ്റ് ഹാറ്റ് ജൂനിയറിനെ സ്വന്തമാക്കാൻ 30 കോടി ഡോളറാണ് മുടക്കിയിരുന്നത്.
Also Read