വായ്പ തിരിച്ചടച്ചാൽ ഉടൻ ആധാരം തിരികെ നൽകണം, വൈകുന്ന ഓരോ ദിവസവും 5000 രൂപ പിഴ- മുന്നറിയിപ്പുമായി ആർബിഐ

രേഖകൾ തിരികെ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ആർബിഐ നിർദേശം

Update: 2023-09-14 07:46 GMT
Editor : abs | By : Web Desk
Advertising

മുംബൈ: വായ്പാ തിരിച്ചടവ് അവസാനിച്ചാൽ ആധാരം അടക്കമുള്ള, ഈടുവച്ച രേഖകൾ വായ്പയെടുത്തവർക്ക് വേഗത്തിൽ തിരിച്ചുനൽകണമെന്ന നിർദേശം പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വത്തുക്കളുടെയും ഈടിന്റെയും രേഖകൾ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്‌സി) മുപ്പത് ദിവസത്തിനകം തിരികെ നൽകണമെന്നാണ് ആർബിഐ ഉത്തരവിറക്കിയത്. തിരിച്ചുനൽകിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും അയ്യായിരം രൂപ ഉപഭോക്താവിന് പിഴ നൽകേണ്ടി വരും.

ഉപഭോക്താവിന്റെ ഹോം ബ്രാഞ്ചിൽ നിന്നു മാത്രമല്ല, ഏതു ബ്രാഞ്ചിൽ നിന്നും രേഖകൾ തിരികെ വാങ്ങാം. വായ്പ തിരിച്ചടച്ചു കഴിഞ്ഞാൽ എവിടെ നിന്നാണ് രേഖകൾ തിരിച്ചുവാങ്ങുന്നത് എന്ന് വായ്പാ രേഖകളിൽ ഉപഭോക്താവ് അറിയിക്കണം. രേഖകൾ നഷ്ടപ്പെട്ടാൽ, ബാങ്കുകൾ അതിനു പണം നൽകുകയും ഉടമസ്ഥനെ ഒറിജിനലോ അറ്റസ്റ്റഡ് കോപ്പിയോ തിരികെ എടുക്കാൻ സഹായിക്കുകയും വേണം. വായ്പയെടുത്തയാൾ മരിക്കുകയാണ് എങ്കിൽ അവകാശികൾക്ക് യഥാർത്ഥ രേഖകൾ എങ്ങനെ ലഭിക്കും എന്നതിനെ കുറിച്ചുള്ള വിശദമായ നടപടിക്രമം ബാങ്കുകൾക്ക്/എൻബിഎഫ്‌സികൾക്ക് ആവശ്യമാണ്- ആർബിഐ അറിയിച്ചു. 2023 ഡിസംബർ ഒന്നിന് ശേഷം മുഴുവൻ തിരിച്ചടവും നടക്കുന്ന മുൻകാല വായ്പകൾക്കും നിർദേശം ബാധകമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 




 

വായ്പ അടച്ചുതീർത്ത ശേഷവും ഈട് നൽകിയ രേഖകൾ തിരികെ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആർബിഐയുടെ നിർദേശം. എല്ലാ വാണിജ്യബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News