അഞ്ചു ശതമാനം സ്ലാബ് ഇല്ലാതാക്കുന്നു; വരുന്നൂ, ജിഎസ്ടിയിൽ വൻ മാറ്റങ്ങൾ

അഞ്ചു ശതമാനം സ്ലാബിൽ ഒരു ശതമാനം വർധിപ്പിച്ചാൽ പ്രതിവർഷം അമ്പതിനായിരം കോടി രൂപ അധികവരുമാനമുണ്ടാക്കാം എന്നാണ് കണക്ക്

Update: 2022-04-17 07:00 GMT
Editor : abs | By : abs
Advertising

ന്യൂഡൽഹി: ചരക്കുസേവന നികുതിയിൽ അഞ്ചു ശതമാനം സ്ലാബ് എടുത്തു കളയാൻ ജിഎസ്ടി കൗൺസിലിന് മുമ്പാകെ ശിപാർശ. ഈ വിഭാഗത്തിൽപ്പെട്ട ചരക്കുകൾ മൂന്ന്, എട്ട് ശതമാനം സ്ലാബുകളിലേക്ക് മാറ്റാനാണ് നിർദേശിച്ചിട്ടുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നു. മെയ് മാസത്തിലാണ് കൗൺസിലിന്റെ അടുത്ത യോഗം.

മൂന്ന്, എട്ടു ശതമാനം സ്ലാബുകൾ നിലവിൽ ജിഎസ്ടിയിലില്ല. 5,12,18,28 എന്നിങ്ങനെ നാലു സ്ലാബുകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ സ്വർണത്തിനും സ്വർണാഭരണങ്ങൾക്കും മൂന്നു ശതമാനം നികുതിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇതില്‍ ഒന്നര ശതമാനം കേന്ദ്ര ജിഎസ്ടിയും ഒന്നര ശതമാനം സംസ്ഥാന ജിഎസ്ടിയുമാണ്. അഞ്ചു ശതമാനം സ്ലാബ് എഴോ എട്ടോ ശതമാനമാക്കി ഉയർത്താനും ആലോചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ അടങ്ങിയ ജിഎസ്ടി കൗൺസിലാണ്.

അഞ്ചു ശതമാനം സ്ലാബിൽ ഒരു ശതമാനം വർധിപ്പിച്ചാൽ പ്രതിവർഷം അമ്പതിനായിരം കോടി രൂപ അധികവരുമാനമുണ്ടാക്കാം എന്നാണ് കണക്ക്. പാക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങൾക്കാണ് ഇപ്പോൾ പ്രധാനമായും അഞ്ചു ശതമാനം ജിഎസ്ടിയുള്ളത്. ജിഎസ്ടി പ്രകാരം അവശ്യവസ്തുക്കൾ നികുതി രഹിതമോ ഏറ്റവും ചെറിയ നികുതി ചുമത്തുന്നതോ ആണ്. ആഡംബര ഉത്പന്നങ്ങൾക്കാണ് ഏറ്റവും കൂടുതൽ നികുതിയുള്ളത്.

ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തുന്ന പതിവ് ഈ ജൂണോടെ അവസാനിക്കുകയാണ്. അഥവാ, ജിഎസ്ടി സമ്പാദനത്തിന്മേലുള്ള വരുമാന വിടവ് ഇനി മുതൽ കേന്ദ്രം നികത്തില്ല. നികുതി ഘടനയിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കി, യുക്തിഭദ്രമാക്കാൻ നേരത്തെ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ ജിഎസ്ടി കൗൺസിൽ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ നിര്‍ദേശവും കൗൺസില്‍ ചര്‍ച്ച ചെയ്യും. 

2017 ജൂലൈ ഒന്നിനാണ് രാജ്യത്തുടനീളം ഒറ്റനികുതി സമ്പ്രദായം പ്രഖ്യാപിക്കപ്പെട്ടത്. ഇതുമൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം 2022 ജൂൺ വരെ നികത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News