മാസം കുറഞ്ഞത് വരുമാനം ഒരു ലക്ഷം; കാര്‍ ഡീറ്റെയിലിങ് ബിസിനസ്
- മൊബൈല്‍ സര്‍വീസ് സെന്ററിനും സാധ്യത
- കാര്‍ ഡീലര്‍ഷിപ്പുകളുമായി ബന്ധമുണ്ടാക്കുക
- ഉപഭോക്താക്കളുടെ വിശ്വാസം മുതല്‍ക്കൂട്ട്
സ്വയം തൊഴില്‍ കണ്ടെത്തി കൊണ്ട് ആരംഭിക്കാവുന്നതും ഭാവിയില്‍ വലിയ ബിസിനസ് സംരംഭമായി വികസിപ്പിക്കാന്‍ സാധിക്കുന്നതുമായ ബിസിനസുകള്‍ ഒത്തിരിയുണ്ട്. കാലത്തിനൊത്ത് സഞ്ചരിക്കുന്ന അത്തരം സംരംഭക ഐഡിയകള്‍ കണ്ടെത്തുന്നവര്‍ വിജയിക്കാറുമുണ്ട്. ജീവിക്കാന്‍ വരുമാന മാര്‍ഗമായി ആരംഭിക്കാവുന്ന ഒരു ബിസിനസാണ് കാര്‍ ഡീറ്റെയിലിങ് സെന്റര്‍ അഥവാ കാര്‍ വാഷിങ് സെന്റര്‍. ഒരു വീട്ടില്‍ ഒരു വാഹനമെങ്കിലും ഇല്ലാത്തവര്‍ ചുരുക്കമാണ്. അതുകൊണ്ട് തന്നെ ഈ ബിസിനസിന് നിലവിലും ഭാവിയിലും വലിയ സാധ്യതകള്‍ തന്നെയാണ്. പ്രത്യേകിച്ചും സിറ്റി കേന്ദ്രീകരിച്ചാണ് ഈ ബിസിനസ് ആരംഭിക്കുന്നതെങ്കില്‍ തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് പറയാം. കാര്‍ ഡ്രൈ വാഷിനും കാര്‍ ഡീപ്പ് വാഷിനുമൊക്കെ ഇപ്പോള്‍ നല്ല ഫീസാണ് ലഭിക്കുന്നത്. സ്വന്തമായി ഒരു കാര്‍ ഡീറ്റെയിലിങ് സെന്റര്‍ ആരംഭിച്ചാല്‍ പ്രതിമാസം ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. കാര്‍ ഡീലേഴ്‌സുമായി ബന്ധമുണ്ടാക്കിയാല്‍ ഈ ബിസിനസിന് മികച്ച രീതിയില്‍ വളരാന്‍ സാധിക്കും. പുതിയ ഉപഭോക്താക്കളെ നേടുന്നതിനേക്കാള്‍ ഉള്ള ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചാല്‍ ഈ സംരംഭത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. സര്‍വീസ് മുന്‍നിര്‍ത്തിയുള്ള ഏത് ബിസിനസുകള്‍ക്കും അവര്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരവും സര്‍വീസിന്റെ ഗുണനിലവാരവുമാണ് വളരാന്‍ സഹായിക്കുന്നത്. ഇപ്പോള്‍ ഒരു വീട്ടില്‍ ഒരു കാറെങ്കിലും ഇല്ലാത്തവര്‍ ചുരുക്കമാണ്. അതുപോലെ ഏത് ഓട്ടോമൊബൈലിനും അനുയോജ്യമായ സര്‍വീസ് സെന്റര്‍ എന്ന വിധത്തിലേക്ക് മാറാനും ശ്രദ്ധിക്കണം. കാലത്തിനൊത്ത സംരംഭമായതിനാല്‍ ഭാവിയെ കുറിച്ച് പേടിയില്ലാതെ കാര്‍ ഡീറ്റെയിലിങ് സെന്റര്‍ ആരംഭിക്കാം.
കാര്‍ ഡീറ്റെയിലിങ് സെന്റര്‍ ആരംഭിക്കുന്നത് എങ്ങിനെയാണെന്നും എത്ര നിക്ഷേപം നടത്തേണ്ടി വരുമെന്നൊക്കെ ഇവിടെ പറയാം.
മുതല്‍മുടക്ക്
ആദ്യം സര്‍വീസ് സെന്റര്‍ തുടങ്ങാനായി ഒരു സ്ഥലം കണ്ടുപിടിക്കണം. ഈ ബിസിനസില്‍ സ്ഥലത്തിന് വളരെ പ്രാധാന്യമുണ്ട്. നഗരത്തിനോട് ചേര്‍ന്ന് തന്നെയായിരിക്കണം സെന്റര്‍ തുടങ്ങേണ്ടത്. എന്നാല്‍ തിക്കുംതിരക്കും ഉള്ള സ്ഥലമായിരിക്കരുത്. കാര്‍ പാര്‍ക്കിങ്ങിന് മതിയായ സൗകര്യം ഉറപ്പുവരുത്തണം.
ഡ്രെയിനേജ് സിസ്റ്റം, വാട്ടര്‍ ടിഡിഎസ്, വൈദ്യുതി കണക്ഷന്‍ മുതലായവ വളരെ കൃത്യമായി തന്നെ ഒരുക്കാന്‍ സാധിക്കുന്ന സ്ഥലമായിരിക്കണം. വെള്ളത്തിന് കിണറോ കുഴല്‍ കിണറോ ഉണ്ടെങ്കില്‍ വാട്ടര്‍ ചാര്‍ജ് ഗണ്യമായി കുറയ്ക്കാം. അതുകൊണ്ട് ഈ സൗകര്യമുള്ള സ്ഥലം തിരഞ്ഞെടുക്കുക.
കെട്ടിടത്തിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഇലക്ട്രിക്കല്‍ ,ലൈറ്റിങ്,പ്ലഗ് പോയിന്റുകള്‍,മെഷിനറി എന്നിവ ഒരുക്കാനും സ്റ്റീം വാഷറും വാങ്ങാന്‍ കുറഞ്ഞത് രണ്ട് ലക്ഷം രൂപ ചെലവാകും. വാക്വം ക്ലീനര്‍, പോളിഷിങ് മെഷീനുകള്‍ പോലുള്ളവ പല വില നിലവാരത്തില്‍ ലഭിക്കും. കാര്‍ച്ചര്‍ ഡ്രൈ ഐസ് മെഷീനിന് വിപണിയില്‍ ഏകദേശം 22 ലക്ഷം രൂപയാണ് വില. മെഷീനിന്റെ ഗുണനിലവാരം അനുസരിച്ച് ഇതൊക്കെ പല വിലയില്‍ ലഭിക്കും. വാടക ഇനത്തിലും കെട്ടിടം ബിസിനസിന് അനുയോജ്യമാക്കാനും ഒരു തുക വകയിരുത്തണം. സ്വന്തം കെട്ടിടമുള്ളവര്‍ക്ക് ഈ പ്രശ്‌നമില്ല. മതിയായ ലൈസന്‍സുകള്‍ എടുക്കാന്‍ ചെറിയൊരു തുക ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരും.
ലാഭം
കാറുകള്‍ക്കുള്ള ഡീപ് വാഷിങ് സേവനങ്ങള്‍ക്ക് സാധാരണയായി 500 രൂപ മുതല്‍ ആയിരം രൂപ വരെയാണ് ഈടാക്കുന്നത്. ഒരു സര്‍വീസ് സെന്ററില്‍ ഒരു ദിവസം പത്ത് കാറ് ലഭിച്ചാല്‍ ഒരു മാസം മുന്നൂറ് കാറുകളോ ഏറ്റവും കുറഞ്ഞത് 200 കാറുകളോ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഡീപ് വാഷിന് അഞ്ഞൂറ് രൂപ ഫീസ് ഈടാക്കിയാല്‍ 200 കാറുകള്‍ കഴുകിയാല്‍ തന്നെ ഒരു ലക്ഷം രൂപയാണ് ഒരു മാസം കൊണ്ട് ലഭിക്കുന്നത്. അതേസമയം ഡ്രൈക്ലീനിങ് സര്‍വീസുകള്‍ക്ക് 2000 രൂപ മുതല്‍ 4000 രൂപാവരെയാണ് സെന്ററുകള്‍ ചാര്‍ജ് ഈടാക്കുന്നത്. ഒരു ദിവസം മൂന്നോ നാലോ കാറുകള്‍ ഡ്രൈക്ലീനിങ്ങിനും ലഭിക്കും. 3000 രൂപ ഫീസ് വാങ്ങിയാല്‍ പ്രതിമാസം ഈ വരുമാനം 3.20 ലക്ഷം രൂപയാകും. എല്ലാംകൂടി ഏകദേശം 4.2 ലക്ഷം രൂപ വരുമാനമുണ്ടാക്കാന്‍ കാര്‍ ഡീറ്റെയിലിങ് സെന്ററിന് സാധിക്കും.
ചെലവ്
ഈ ബിസിനസില്‍ അസംസ്‌കൃത വസ്തുക്കളായ കെമിക്കല്‍ പ്രൊഡക്ടുകളുടെ ഗുണനിലവാരം അനുസരിച്ച് ചെലവും മാറും. പല ഏജന്‍സികളും ക്രെഡിറ്റ് അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കും. അതത് മാസം ബില്‍ ക്ലിയര്‍ ചെയ്താല്‍ മതിയാകും. എന്നാലും ഒരു സ്ഥാപനം ആരംഭിക്കുമ്പോള്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ക്ക് അപ്പോള്‍ തന്നെ പണം നല്‍കേണ്ടി വരും. സ്ഥിരം കസ്റ്റമര്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ കമ്പനികള്‍ ക്രെഡിറ്റ് അടിസ്ഥാനത്തില്‍ നല്‍കും. ഇതിന് പുറമേ പ്രവര്‍ത്തന ചെലവാണ് കാര്യമായി വരുന്നത്. ഒരു കാര്‍ ഡീറ്റെയിലിങ് സെന്ററിന് മെക്കാനിക്കിന്റെയും ജീവനക്കാരുടെയും ശമ്പളം, വൈദ്യുതി ബില്‍, വാടക, വാട്ടര്‍ ബില്‍ തുടങ്ങി നിങ്ങളുടെ എല്ലാ ചെലവുകളും കണക്കാക്കിയാല്‍ ഏകദേശം രണ്ടര ലക്ഷം രൂപ കാണേണ്ടി വരും. ഈ ചെലവ് കിഴിച്ചാല്‍ ഒരു ലക്ഷം രൂപ ലാഭമായി മാറ്റിവെക്കാം. സര്‍വീസ് വളരുന്നതിന് അനുസരിച്ച് ലാഭത്തിന്റെ തോതും കൂടും.