ചിപ്പ് ക്ഷാമം; തായ്‍വാനുമായി കൈകോർക്കാൻ ഇന്ത്യ
ലോകത്തിൽ ഉത്പാദിപ്പിക്കപെടുന്ന ചിപ്പുകളുടെ 18 ശതമാനവും തായ്‍വാനിൽ നിന്നാണ്.
ആഗോള വിപണിയിൽ അർദ്ധചാലക ചിപ്പ് ക്ഷാമം വീണ്ടും രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ ചിപ്പ് നിർമാണം ഇന്ത്യയിലേക്ക് കൊണ്ടുവരാനായി തായ്‍വാനുമായി കരാറുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.ലോകത്തിൽ ഉത്പാദിപ്പിക്കപെടുന്ന ചിപ്പുകളുടെ 18 ശതമാനവും തായ്‍വാനിൽ നിന്നാണ്.
കോവിഡ് കാലത്ത് മൊബൈൽ വ്യവസായവും വാഹന വ്യവസായവും ഒരുപോലെ ചിപ്പ് ക്ഷാമം നേരിട്ടിരുന്നു. തുടർന്ന് നിരവധി കമ്പനികൾ ഉത്പാദനം നിർത്തി വെയ്ക്കുകയും ഉത്പനങ്ങൾക്കു വില വർധിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ചൈനീസ് സമ്മർദത്തെ മറികടന്ന് കൂടുതൽ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയാണ് തായ്‍വാന്റെ ഇപ്പോഴത്തെ ലക്ഷ്യം.
7.5 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് ഇരു രാജ്യങ്ങളും മുന്നോട്ടു വെയ്ക്കുന്നത്. ഇത് സംബന്ധിച്ചു തായ്‍വാനുമായി ഇന്ത്യ ചർച്ച നടത്തിയിട്ടുണ്ട്. പദ്ധതിയുടെ പകുതി മൂലധന ചെലവും ഇന്ത്യ വഹിക്കും. കൂടാതെ നികുതി ഇളവുകളുമായി ബന്ധപ്പെട്ട കരാറുകളിലും ഇരു രാജ്യങ്ങൾ ഏർപ്പെടും. പദ്ധതി പ്രകാരം ഇന്ത്യയിലേക്കുള്ള ചിപ്പുകളുടെ ഇറക്കുമതി 100 ബില്യൺ ഡോളറിലേക്ക് എത്തുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച രാജ്യത്തെ ടെലികോം, ഇലക്ട്രാണിക്സ് മേഖലയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചു ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് തായ്‍വാനുമായുള്ള കരാർ വാർത്തകൾ പുറത്തു വരുന്നത്. ചിപ്പ് നിർമാതാക്കളായ ക്വാൽകോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്രിസ്റ്റ്യാനോ അമോനെയുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. അതേസമയം ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ ചിപ്പ് നിർമാണം ആരംഭിക്കുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു.