രാജ്യത്തെ ഏറ്റവും മികച്ച ബ്രാൻഡ്; ടാറ്റ ഒന്നാമത്, ജിയോ പത്താമത്
കഴിഞ്ഞ എട്ടു വർഷമായി എച്ച്.ഡി.എഫ്.സി ബാങ്കാണ് ഏറ്റവും മൂല്യമേറിയ ഇന്ത്യൻ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്
രാജ്യത്തെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ പട്ടികയിൽ ടാറ്റ ഒന്നാമത്. ദി കാൻഡാർ ബ്രാൻഡ്‌സ് പുറത്തുവിട്ട 2022ലെ ഏറ്റവും മികച്ച ഇന്ത്യൻ 75 ബ്രാൻഡുകളുടെ പട്ടികയിലാണ് ടാറ്റാ കൺസൾട്ടൻസി സർവീസസ്(ടി.സി.എസ്) ഒന്നാമതെത്തിയിരിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഫോസിസ്, എയർടെൽ, ഏഷ്യൻ പെയിൻറ്‌സ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽ.ഐ.സി, കൊടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ ബ്രാൻഡുകളാണ് തുടർസ്ഥാനങ്ങളിലുള്ളത്. ടെലികോം ഭീമനായ ജിയോ ഇവയ്ക്ക് ശേഷം പത്താമതാണുള്ളത്.
കഴിഞ്ഞ എട്ടു വർഷമായി എച്ച്.ഡി.എഫ്.സി ബാങ്കാണ് ഏറ്റവും മൂല്യമേറിയ ഇന്ത്യൻ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2014ൽ കാൻഡർ ബ്രാൻഡ് ഇന്ത്യ റാങ്കിംഗ് തുടങ്ങിയത് മുതൽ ഇവർ കൈവശം വെച്ചിരുന്ന ഈ സ്ഥാനത്തേക്കാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് എത്തിയിരിക്കുന്നത്. കോവിഡിന് ശേഷം ഡിജിറ്റൽ സേവനങ്ങളുടെ ആവശ്യം വർധിച്ചതാണ് ടി.സി.എസ്സിന് നേട്ടമായത്. 45.52 ബില്യൺ ഡോളറാണ് ഈ ഐ.ടി ഭീമന്റെ ബ്രാൻഡ് മൂല്യം. 2020 നും 2022നും ഇടയിൽ 212 ശതമാനമാണ് ടി.സി.എസ് ബ്രാൻഡ് വാല്യു വർധിപ്പിച്ചിരിക്കുന്നത്. കാൻഡർ ബ്രാൻഡ്‌സിന്റെ ആഗോള പട്ടികയിലും ടി.സി.എസ് ഇടംപിടിച്ചിട്ടുണ്ട്.
32.75 ഡോളറാണ് രണ്ടാം സ്ഥാനത്തുള്ള എച്ച്.ഡി.എഫ്.സിയുടെ മൂല്യം. ആദ്യ പത്തിലുള്ള എസ്.ബി.ഐ -13.63 ബില്യൺ ഡോളർ, കൊടക് മഹീന്ദ്ര -11.9 ബില്യൺ ഡോളർ, ഐ.സി.ഐ.സി.ഐ -11 ബില്യൺ ഡോളർ എന്നിങ്ങനെയാണ് ബ്രാൻഡ് മൂല്യം നേടിയത്. ഇൻഫോസിസ് -29.22 ബില്യൺ, എയർടെൽ -17.45 ബില്യൺ, ഏഷ്യൻ പെയിൻറ്‌സ് -15.35 ബില്യൺ, എൽ.ഐ.സി -12.39 ബില്യൺ, ജിയോ 10.7 ബില്യണും മൂല്യം കൈവരിച്ചു. ആദ്യ പത്തിലുള്ള കമ്പനികളിൽ ഇടിവ് നേരിട്ടത് എൽ.ഐ.സിയും ജിയോയുമാണ്. എൽ.ഐ.സി അഞ്ചു സ്ഥാനവും ജിയോ മൂന്നു സ്ഥാനവും പിറകോട്ട് പോയി.
പട്ടികയിലെ 75 ഇന്ത്യൻ ബ്രാൻഡുകളുടെ ആകെ മൂല്യം 393.3 ബില്യൺ ഡോളറാണ്. ഇത് ഇന്ത്യൻ ജി.ഡി.പിയുടെ (3.5 ട്രില്യൺ ഡോളർ) 11 ശതമാനം വരും. 2019 മുതൽ ഈ മൂല്യം 35 ശതമാനം കോമ്പൗണ്ട് ആന്വൽ ഗ്രോത്ത് റേറ്റാണ് കൈവരിച്ചത്. പുതിയ ടെക് സ്റ്റാർട്ടപ്പുകൾ മൂല്യമുള്ള ബ്രാൻഡുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഫ്‌ളിപ്പ്കാർട്ട് (ഇക്കുറി ആദ്യ പത്തിൽ നിന്ന് പുറത്തായി), ബൈജൂസ്, സ്വിഗ്ഗി, നൈകാ, ഒല, നൗകരി, സൊമാറ്റോ, ഓയോ, ഡ്രിം ഇലവൻ, റാസർപേ, പേടിഎം എന്നിവ ആദ്യ 50 ബ്രാൻഡുകളിലുണ്ട്. വി.ഐ 15ാം സ്ഥാനവും ബൈജൂസ് 19ാം സ്ഥാനവും അദാനി ഗ്യാസ് 21ാം സ്ഥാനവുമാണ് നേടിയിരിക്കുന്നത്.
റിപ്പോർട്ടിലെ കണ്ടെത്തലനുസരിച്ച് ടെക്‌നോളജി, ബാങ്കിംഗ് ബ്രാൻഡുകളാണ് പട്ടികയിലെ ആദ്യ 75 ബ്രാൻഡുകളിൽ പകുതിയിലേറെയുമുള്ളത്. ടെക് ബ്രാൻഡുകൾ 35 ശതമാനം സംഭാവന നൽകുന്നത് രാജ്യത്തെ സാങ്കേതിക വളർച്ചയാണ് വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. ബാങ്കിംഗ് കമ്പനികൾ 19 ശതമാനമാണ് ആകെ മൂല്യത്തിൽ നൽകുന്ന വിഹിതം. ഇൻഷൂറൻസ് ബ്രാൻഡുകളും സാന്നിധ്യം വ്യക്തമാക്കുന്നുണ്ട്. കോവിഡ് വന്നത് ആരോഗ്യം സംരക്ഷണത്തിനും സുരക്ഷക്കും ജനങ്ങൾ പ്രാധാന്യം നൽകുന്നതിലേക്ക് നയിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിനായി ടെലികോം ദാതാക്കളെ കൂടുതലായി ആശ്രയിച്ചു. ഇത് എയർടെല്ലിനും ജിയോക്കും ഏറെ വളർച്ച നൽകി.
Tata Consultancy Services (TCS) has topped the list of 75 best brands of 2022 released by Kantar Brandz India'