മ്യൂച്വൽഫണ്ട് എസ്‌ഐപികൾ മുടങ്ങിയാൽ എന്ത് സംഭവിക്കും?

കുറച്ചുകാലത്തേക്ക് എസ്‌ഐപി അടക്കാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ നിങ്ങൾ മ്യൂച്വൽഫണ്ട് നിക്ഷേപം പിൻവലിക്കുകയാണ് പതിവ്. എന്നാൽ അങ്ങിനെ ചെയ്യുന്നതിന് പകരം എസ്‌ഐപി സ്റ്റോപ്പ് ചെയ്യാനോ പോസ് ചെയ്യാനോ അപേക്ഷ നൽകുകയാണ് നല്ലത്. ഇത്തരത്തിൽ തത്കാലികമായി മാത്രം എസ്‌ഐപി നിർത്തിവെക്കുക

Update: 2022-10-18 07:37 GMT
Editor : സബീന | By : Web Desk
Advertising

നമ്മുടെ സാമ്പത്തിക പ്ലാനുകൾക്ക് അനുയോജ്യമായ പല നിക്ഷേപ പദ്ധതികളും വിപണിയിലുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മ്യൂച്വൽഫണ്ടുകൾ. ദീർഘകാലത്തിലേക്ക് സമ്പത്ത് സൃഷ്ടിക്കാൻ മ്യൂച്വൽഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനാണ് നല്ലത്. നിശ്ചിത കാലയളവിൽ നിശ്ചിത തുക മ്യൂച്വൽഫണ്ടുകളിലേക്ക് അടക്കുന്ന രീതിയെയാണ് എസ്‌ഐപി എന്ന് വിളിക്കുന്നത്. മ്യൂച്വൽഫണ്ടുകൾക്ക് എസ്‌ഐപി വഴി ഉയർന്ന നിക്ഷേപമാണ് നടക്കുന്നത്. ഒരു മ്യൂച്വൽഫണ്ടിൽ എസ്‌ഐപി നിക്ഷേപം തുടങ്ങിക്കഴിഞ്ഞാൽ എല്ലാ മാസാവും എല്ലാ കൃത്യം ഇടവേളകളിലും നേരത്തെ നിശ്ചയിച്ചു വെച്ച തുക നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മ്യൂച്വൽഫണ്ട് അക്കൗണ്ടിലേക്ക് അടച്ചിരിക്കണം. പലരുടെയും ബാങ്ക് അക്കൗണ്ടുകളിൽ ഈ ഗഡുക്കൾ ഓട്ടോ ഡെബിറ്റായി പോകുംവിധം സജ്ജീകരിച്ചിട്ടുണ്ടാകാം. എന്നാൽ ചിലപ്പോഴൊക്കെ നമുക്ക് ഈ എസ്‌ഐപി കൃത്യമായി അടക്കാൻ സാധിക്കാതെ വന്നാലോ? എന്താണ് സംഭവിക്കുകയെന്ന് അറിയേണ്ടതില്ലേ.

എസ്‌ഐപി  മുടങ്ങിയാൽ എന്ത് സംഭവിക്കും?

നിക്ഷേപകരുടെ സാമ്പത്തിക സ്ഥിതി മോശമായാൽ മ്യൂച്വൽഫണ്ട് എസ്‌ഐപി എപ്പോഴെങ്കിലുമൊക്കെ മുടങ്ങാനുള്ള സാധ്യതയുണ്ടാകാം. ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാൻ സാധിക്കാത്തവിധം പ്രതിസന്ധിയുണ്ടായാൽ എസ്‌ഐപിയും മുടങ്ങിയേക്കാം. എസ്‌ഐപി തുടർച്ചയായ മൂന്ന് മാസത്തേക്ക് മുടങ്ങിയാൽ മ്യൂച്വൽഫണ്ട് എസ്‌ഐപി ഓട്ടോമാറ്റിക് ആയി തന്നെ റദ്ദായിപോകും. എസ്‌ഐപി മുടങ്ങി പോയാൽ അസറ്റ് മാനേജ്‌മെന്റ് കമ്പനിയിൽ നിന്ന് പിഴയോ നടപടികളോ നേരിടേണ്ടി വരില്ല. എന്നാൽ എസ്‌ഐപി മുടങ്ങിയാൽ ബാങ്ക് ചിലപ്പോൾ ചെറിയ പിഴ ഈടാക്കിയേക്കാം. അതുകൊണ്ട് തുടർച്ചയായി എസ്‌ഐപി മുടങ്ങുന്ന സാഹചര്യം കഴിവതും ഒഴിവാക്കുക.

എസ്‌ഐപി മുടക്കാതിരിക്കാം

ദീർഘകാലത്തിലേക്കോ ഹ്രസ്വകാലത്തിലേക്കോ ഉള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനാണ് മ്യൂച്വൽഫണ്ട് നിക്ഷേപങ്ങൾ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ റഗുലറായി അടച്ചുപോകുന്ന എസ്‌ഐപികൾ മുടങ്ങാതിരിക്കേണ്ടത് അത്യാവശ്യമാണ്. എസ്‌ഐപികൾ മുടങ്ങുമ്പോൾ മ്യൂച്വൽഫണ്ട് പിൻവലിക്കാൻ ഉദ്ദേശിക്കുന്ന കാലയളവിൽ നമ്മൾ പ്രതീക്ഷിക്കുന്ന വിധം സമ്പാദ്യങ്ങൾ വളർന്നിട്ടുണ്ടാകില്ല. എന്നാൽ കുറച്ചുകാലത്തേക്ക് എസ്‌ഐപി അടക്കാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ നിങ്ങൾ മ്യൂച്വൽഫണ്ട് നിക്ഷേപം പിൻവലിക്കുകയാണ് പതിവ്. എന്നാൽ അങ്ങിനെ ചെയ്യുന്നതിന് പകരം എസ്‌ഐപി സ്റ്റോപ്പ് ചെയ്യാനോ പോസ് ചെയ്യാനോ അപേക്ഷ നൽകുകയാണ് നല്ലത്. ഇത്തരത്തിൽ തത്കാലികമായി മാത്രം എസ്‌ഐപി നിർത്തിവെക്കുന്നതിലൂടെ ഭാവിയിൽ വീണ്ടും അതേ പദ്ധതിയിൽ നിക്ഷേപം തുടരാനും നേട്ടം കൊയ്യാനും സഹായിക്കും. മുപ്പത് ദിവസം മുമ്പ് തന്നെ എസ്‌ഐപി സ്റ്റോപ്പ് ചെയ്യാനുള്ള അപേക്ഷ നൽകാവുന്നതാണ്. ഇതിനൊന്നും ബാങ്കോ എഎംസിയോ ഒരുവിധത്തിലുള്ള ചാർജുകളും ഈടാക്കുന്നില്ല. ഫണ്ട്ഹൗസുമായോ ഏജന്റുമായോ നേരിട്ടോ അല്ലെങ്കിൽ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ എസ്‌ഐപി താത്കാലികമായി നിർത്തിവെക്കാൻ അപേക്ഷിക്കാവുന്നതാണ്.

എന്താണ് എസ്‌ഐപികൾ

നിലവിൽ മ്യൂച്വൽഫണ്ട് വിപണിയിൽ ഏറ്റവും വിശ്വസനീയമായ നിക്ഷേപ ഓപ്ഷനായാണ് എസ്‌ഐപിയെ കാണുന്നത്. മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാൻ രണ്ട് വിധത്തിലാണ് സാധിക്കുന്നത്. ലംപ്‌സം നിക്ഷേപവും എസ്‌ഐപി നിക്ഷേപവും. ലംപ്‌സം നിക്ഷേപങ്ങൾ പേര് സൂചിപ്പിക്കും പോലെ തന്നെ ഉദ്ദേശിക്കുന്ന തുക ഒരൊറ്റതവണ പൂർണമായും നിക്ഷേപിക്കുന്നു. എന്നാൽ എസ്‌ഐപികൾ മാസാമാസമോ മൂന്ന് മാസം കൂടുമ്പോഴോ എല്ലാ ദിവസമോ അങ്ങിനെ നേരത്തെ നിശ്ചയിച്ച സമയ ഇടവേളകളിൽ ഒരു ചെറിയ തുക കൃത്യമായി അടച്ചുപോകുന്ന രീതിയാണ്. വെറും 500 രൂപയുണ്ടെങ്കിൽ ഒരാൾക്ക് മ്യൂച്വൽഫണ്ട് സ്‌കീമിൽ എസ്‌ഐപി നിക്ഷേപങ്ങൾ ആരംഭിക്കാം. ഈ നിക്ഷേപ രീതിക്കാണ് വിപണിയിൽ വിശ്വാസ്യത കൂടുതൽ. പതിയെ പതിയെ ആളുകളിൽ സമ്പാദ്യശീലം വളർത്തിയെടുക്കാൻ എസ്‌ഐപി സഹായിക്കുന്നു.

Tags:    

Writer - സബീന

Contributor

Editor - സബീന

Contributor

By - Web Desk

contributor

Similar News