സംസ്ഥാനത്ത് ആൺ-പെൺ സ്‌കൂളുകൾ വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്‌കൂളുകൾ പ്രവർത്തിക്കൂന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളിൽ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.

Update: 2022-07-21 16:50 GMT
Advertising

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ആൺ-പെൺ സ്‌കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്‌കൂളുകളിലെ ശൗച്യാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്‌കൂളുകൾ പ്രവർത്തിക്കൂന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളിൽ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സമത്വവും ലിംഗനീതിയും വിവേചനരാഹിത്യവും ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ സങ്കൽപ്പമാണ് സഹവിദ്യാഭ്യാസമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വിവിധ കാലങ്ങളിൽ പുറത്തുവന്ന വിവിധ വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടുകളും ലോകത്താകമാനും ഈ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ഗവേഷണ റിപ്പോർട്ടുകളും കേരള വിദ്യാഭ്യാസ നിയമവും സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രസക്തിയും പ്രാധാന്യവും എടുത്തു പറഞ്ഞിട്ടുണ്ട്. എന്നിട്ടും കേരളം പോലെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനത്ത് ഇപ്പോഴും ഹരജിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള പോലുള്ള ആൺ പള്ളിക്കൂടങ്ങൾ, പെൺ പള്ളിക്കൂടങ്ങൾ എന്ന വേർതിരിവ് നിലനിൽക്കുന്നു എന്നത് അതീവ ഗൗരവത്തോടെ നോക്കിക്കാണുന്നുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ആകെ 280 ഗേൾസ് സ്‌കൂളുകളും 164 ബോയ്‌സ് സ്‌കൂളുകളുമാണ് പ്രവർത്തിക്കുന്നത്. ഉത്തരവിൽ നടപടി സ്വീകരിച്ച് 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർ മറുപടി നൽകണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News