ക്രിസ് ബക്‌ലി - ക്രിസ് ബക്‌ലി
ദ ന്യൂയോർക്ക് ടൈംസിന്റെ ചൈനീസ് ലേഖകനാണ് ക്രിസ് ബക്‌ലി. 2012 ൽ ന്യൂയോർക്ക് ടൈംസിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം റോയിട്ടേഴ്സിലായിരുന്നു.
പശ്ചിമ ചൈനയുടെ അങ്ങേയറ്റത്ത് മരുഭൂമിയോട് ചേർന്നുള്ള ഹോട്ടാൻ പ്രവിശ്യയിൽ കമ്പിവേലികളാൽ സുരക്ഷിതമാക്കിയ വലിയ കെട്ടിടം. കെട്ടിടത്തിന്റെ മുൻവശത്ത് വലിയ ചുവന്ന അക്ഷരങ്ങളിൽ ചൈനീസ് ഭാഷയും നിയമവും പഠിക്കാനും തൊഴിൽ പ്രാവീണ്യം നേടാനുമുള്ള ആഹ്വാനങ്ങൾ. പുറത്ത് നിന്ന് സന്ദർശകരാരും അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ.
ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ ഉയിഗൂറുകളോട് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിന് പിന്നിൽ ഒറ്റക്കാരണം മാത്രമേ ഉള്ളു: ഇസ്‌ലാമിനോടുള്ള അവരുടെ വിധേയത്വം ഇല്ലാതാക്കുക
കെട്ടിടത്തിനുള്ളിൽ നൂറു കണക്കിന് ഉയിഗൂർ മുസ്‌ലിംകൾ ചൈനീസ് ഭരണകൂടത്തിന്റെ നിർബന്ധിത 'പരിവർത്തന' പരിശീലനത്തിന് വിധേയരായി കഴിയുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രശംസിക്കുന്ന പ്രഭാഷണങ്ങളും പാട്ടുകളും കേൾക്കാനും തങ്ങളുടെ അസ്തിത്വത്തെ വിമർശിക്കുന്ന കുറിപ്പുകൾ എഴുതാനും നിര്ബന്ധിക്കപ്പെട്ടു എന്ന് സാക്ഷ്യപ്പെടുത്തുന്നു അവിടന്ന് പുറത്തു കടന്നവർ. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ ഉയിഗൂറുകളോട് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിന് പിന്നിൽ ഒറ്റക്കാരണം മാത്രമേ ഉള്ളു: ഇസ്‌ലാമിനോടുള്ള അവരുടെ വിധേയത്വം ഇല്ലാതാക്കുക.
ഒരു ശവസംസ്കാര ചടങ്ങളിൽ വെച്ച് ഖുർആനിലെ ഒരു സൂക്തം പാരായണം ചെയ്തതിന്റെ പേരിലാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തത് എന്ന് പറയുന്നു 41 കാരനായ അബ്ദുസ്സലാം മുഹമ്മദ്. അടുത്തുള്ള ക്യാമ്പിലെ രണ്ടു മാസം നീണ്ട വാസത്തിന് ശേഷം അദ്ദേഹത്തോടും കൂടെയുണ്ടായിരുന്ന 30 പേരോടും തങ്ങളുടെ മുൻകാല ജീവിതത്തെ കുറിച്ച് മറന്നു കളയാനാണ് ചൈനീസ് അധികൃതർ ആവശ്യപ്പെട്ടത്.
പുറത്തേക്ക് കാണിച്ചില്ലെങ്കിലും തന്റെ ഉള്ളിൽ അമർഷം നുരഞ്ഞുപൊങ്ങുകയായിരുന്നു, മുഹമ്മദ് പറഞ്ഞു. "തീവ്രവാദത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന ഒരു സ്ഥലമേയല്ലായിരുന്നു അത്. മറിച്ച്, പ്രതികാരത്തിനുള്ള ചോദന ഉള്ളിൽ നിറക്കുകയും ഉയിഗൂറുകളുടെ അസ്തിത്വം ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്രമായിരുന്നു", മുഹമ്മദ് ക്യാമ്പിലെ തന്റെ ഓർമ്മകൾ അയവിറക്കുന്നു.
കഴിഞ്ഞ വർഷങ്ങളിലായി ചൈന നിർമ്മിച്ച നൂറു കണക്കിന് ക്യാമ്പുകളിലൊന്നാണിത്. റീ എജുക്കേഷൻ ക്യാമ്പ് എന്ന് ചൈനീസ് ഭരണകൂടം പേരിട്ട് വിളിക്കുന്ന തടങ്കൽ പാളയങ്ങൾ. ഉയിഗൂർ മുസ്‌ലിംകൾക്കെതിരെ തുടങ്ങിവെച്ച അതിഭീകരമായ ഒരു കാമ്പയിനിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ടവ. ഉയിഗൂറുകളെ ഇത്തരം ക്യാമ്പുകളിൽ കൂട്ടത്തോടെ താമസിപ്പിച്ച് അവരിൽ നിർബന്ധിത 'പരിവർത്തനം' നടപ്പിലാക്കുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ക്രിമിനൽ കുറ്റങ്ങളിലൊന്നും പിടിക്കപ്പെടാത്ത ഒരു ന്യൂനപക്ഷ വിഭാഗത്തെ തടവിലിടുന്നതിന്റെ പേരിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ രൂക്ഷ വിമർശനമാണ് ചൈന നേരിടുന്നത്.
തീവ്രവാദത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന ഒരു സ്ഥലമേയല്ലായിരുന്നു അത്. മറിച്ച്, പ്രതികാരത്തിനുള്ള ചോദന ഉള്ളിൽ നിറക്കുകയും ഉയിഗൂറുകളുടെ അസ്തിത്വം ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്രമായിരുന്നു
വലിപ്പത്തിൽ അലാസ്കയോളം വരുന്ന, മൊത്തം 24 ബില്യൺ ജനസംഖ്യയിൽ പകുതിയോളം പേർ ഉയിഗൂർ മുസ്‌ലിംകളായിട്ടുള്ള സിൻജിയാങ് പ്രവിശ്യക്ക് മേൽ ചൈനീസ് ഭരണകൂടം ഉരുക്കു മുഷ്ടി പ്രയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഉയിഗൂറുകളുടെ മതവും ഭാഷയും സംസ്കാരവും സ്വാതന്ത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട അവരുടെ ചരിത്രവുമൊക്കെ ബീജിങ്ങിനെ വല്ലാതെ ഭയപ്പെടുത്തുന്നു എന്നത് തന്നെ കാരണം. 2014 ൽ ഭരണകൂട വിരുദ്ധ സായുധ കലാപങ്ങൾ ഉച്ചസ്ഥായിയിലെത്തിയപ്പോഴാണ് ഉയിഗൂറുകൾക്കെതിരെയും മറ്റു മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നീക്കം ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടം ആരംഭിച്ചത്. ഉയിഗൂറുകളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിശ്വസ്തരും അനുയായികളും ആക്കിമാറ്റുക എന്നതായിരുന്നു ഈ ഭരണകൂട പദ്ധതിയുടെ പിന്നിലെ ലക്‌ഷ്യം.
"തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് സിൻജിയാങ്. വിഘടന വാദത്തിനെതിരെയുള്ള ശക്തമായ പോരാട്ടവും വേദനാജനകമായ ഭരണകൂട ഇടപെടലും മാത്രമാണ് ഇതിനൊരു പരിഹാരം," ഷി ജിൻപിങ്ങ് ഉദ്യോഗസ്ഥരോട് പറഞ്ഞതായിട്ട് കഴിഞ്ഞ വർഷം ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണിത്.
ക്യാമ്പുകൾക്ക് പുറമെ ധാരാളം ചാരന്മാരെ നിയോഗിക്കുകയും ചില ഉയിഗൂറുകളുടെ വീട്ടിൽ വരെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് ചൈനീസ് അധികൃതർ. ചൈനയുടെ നടപടികൾ ഉയിഗൂർ മുസ്‌ലിംകളെ ഭീതിയിലേക്കും മാനസിക സംഘർഷങ്ങളിലേക്കും തള്ളിവിട്ടിരിക്കുന്നു എന്നാണ് മനുഷ്യാവകാശ പ്രവർത്തകരും വിദഗ്ദ്ധരുമൊക്കെ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, സിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വാർത്തകളൊക്കെ നിഷേധിച്ചിരിക്കുകയാണ് ചൈന. തങ്ങൾ അത്തരം റീ എജുക്കേഷൻ ക്യാമ്പുകൾ ഒന്നും നടത്തുന്നില്ലെന്നും ആളുകൾക്ക് തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രങ്ങളാണ് അവയൊക്കെയും എന്നാണ് കഴിഞ്ഞ മാസം ജനീവയിൽ വെച്ച് നടന്ന ഐക്യരാഷ്ട്ര സഭയുടെ ഒരു യോഗത്തിൽ ചൈന വിശദീകരിച്ചത്. എത്ര ആളുകളെ തടവിൽ പാർപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും അവരെയെല്ലാം മോചിപ്പിക്കുകയും ചെയ്യണമെന്ന കമ്മിറ്റിയുടെ ആവശ്യം 'അടിസ്ഥാനമില്ലാത്തതാണെന്ന' വാദമുയർത്തി ചൈന അതിനെ നിരാകരിച്ചു. മറ്റേതു രാജ്യവും ചെയ്യുന്ന സുരക്ഷാ മുൻകരുതൽ മാത്രമേ തങ്ങളും സ്വീകരിക്കുന്നുള്ളൂ എന്നും ചൈനയുടെ പ്രതിനിധി അവകാശപ്പെട്ടു.
എന്നാൽ, ഭരണകൂടത്തിന്റെ അവകാശ വാദത്തിന് കടക വിരുദ്ധമാണ് ചൈനയിൽ നിന്നും പുറത്തു വരുന്ന വാർത്തകളും പഠനങ്ങളും ഔദ്യോഗിക നിർദേശങ്ങളും ഓൺലൈനിൽ ലഭ്യമായ നിർമ്മാണ പ്ലാനുകളും ഉൾപ്പെടെയുള്ള തെളിവുകളും തുർക്കിയിലേക്കും കസാക്കിസ്ഥാനിലേക്കുമൊക്കെ രക്ഷപ്പെട്ട ഉയിഗൂറുകളുടെ ദൃക്‌സാക്ഷി വിവരണങ്ങളും. വിദ്യാഭ്യാസത്തിലൂടെ പരിവർത്തനം നടത്തുന്ന ക്യാമ്പുകളെന്ന് ചൈന വിളിക്കുന്ന നിരവധി ക്യാമ്പുകളെ സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക രേഖകൾ തന്നെ പരാമർശിക്കുന്നുണ്ട്. യാതൊരുവിധ നിയമനിർമ്മാണ സംവിധാനമോ പൊതു സംവാദമോ തടവിലാക്കപ്പെടുന്നവർക്ക് നിയമപരമായി അപ്പീൽ സമർപ്പിക്കാനോ ഉള്ള ഒരു സംവിധാനവും ഇല്ലാതെയാണ് ബെയ്‍ജിങ് ഇത്തരം ക്യാമ്പുകൾ നിർമ്മിക്കുന്നതും നടത്തി കൊണ്ടുപോകുന്നതും.
സിൻജിയാങ്ങിലെ ക്യാമ്പിൽ അടക്കപ്പെട്ടിരുന്ന ഉയിഗൂർ മുസ്‌ലിംകളിൽ നാലു പേർ ദ ന്യൂയോർക്ക് ടൈംസ്നോട് പറഞ്ഞത് തങ്ങൾക്ക് ക്യാമ്പിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു എന്നാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്ത്തി പാട്ടുപാടിയും പ്രസംഗങ്ങൾ കേട്ടും സ്വത്വത്തെ വിമർശിക്കേണ്ടി വന്നും എന്ന് മോചനം ലഭിക്കുമെന്നറിയാതെ ക്യാമ്പുകളിൽ കഴിയേണ്ടി വന്ന കഥകളാണ് അവർക്ക് പറയാനുണ്ടായിരുന്നത്. ന്യൂയോർക് ടൈംസ് ഇന്റർവ്യൂ ചെയ്ത മറ്റു ഉയിഗൂറുകൾക്കും സമാനമായ കഥകൾ തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്. ക്യാമ്പുകളിൽ പാർപ്പിച്ചവരുടെ കുടുംബങ്ങളെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തപ്പെട്ട ചൈനീസ് ഉദ്യോഗസ്ഥന്മാർ എഴുതിയ റിപ്പോർട്ടുകളും ഇന്റർനെറ്റിൽ നിന്നും ടൈംസ് കണ്ടെടുത്തിട്ടുണ്ട്.
രാവിലെ ഒരു ജോഗിങ്ങോട് കൂടിയാണ് ക്യാമ്പുകളിലെ നീണ്ട ദിനങ്ങൾ ആരംഭിക്കുന്നത്. മുഹമ്മദ് ഓർക്കുന്നു- ഓരോ പ്രഭാതത്തിലും തന്നോടും തന്റെ കൂടെയുള്ള കോളേജ് ബിരുദധാരികളും വ്യവസായികളും കൃഷിക്കാരുമൊക്കെയായ മറ്റുള്ളവരോടും ഒരു അസംബ്ലി മൈതാനത്തിനു ചുറ്റും ഓടാൻ ആവശ്യപ്പെടും അധികൃതർ. പ്രായമേറിയവരും ഓടാൻ കഴിയാത്തവരുമായ അന്തേവാസികളെ ഉദ്യോഗസ്ഥർ ചിലപ്പോൾ അടിക്കുകയും തള്ളുകയും ചെയ്യും, അദ്ദേഹം പറയുന്നു.
പിന്നെ അവരെക്കൊണ്ട് ചൈനീസ് ഭാഷയിലുള്ള ദേശഭക്തി ഗാനങ്ങൾ ഉറക്കെ ചൊല്ലിക്കും. പാട്ട് പഠിക്കാത്തവർക്ക് പ്രാതൽ നൽകില്ല, അതുകൊണ്ട് അവർ പെട്ടെന്ന് തന്നെ പാട്ടിന്റെ വരികൾ കാണാതെ പഠിക്കും. ചൈനയിൽ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് ഹോട്ടാനിൽ റെസ്റ്റോറന്റ് നടത്തിയിരുന്ന മുഹമ്മദ് പറയുന്നത് 2015 ൽ അദ്ദേഹം ഒരു കുറ്റവും ചെയ്യാതെ തന്നെ ഏഴു മാസം പൊലീസ് തടവിലും രണ്ടു മാസത്തോളം ക്യാമ്പിലും അടക്കപ്പെട്ടു എന്നാണ്. ഇസ്‌ലാമിക മത മൗലികവാദത്തിൽ പെട്ടുപോകരുതെന്നും ഉയിഗൂർ സ്വാതന്ത്ര്യത്തെ പിന്തുണക്കരുതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ വഞ്ചിക്കരുതെന്നും പറഞ്ഞുള്ള ഉദ്യോഗസ്ഥരുടെ നീണ്ട പ്രസംഗങ്ങളും ക്യാമ്പുകളിലെ അന്തേവാസികൾക്ക് കേൾക്കേണ്ടി വന്നു എന്നും അദ്ദേഹം പറയുന്നു.
എനിക്കവരോടൊന്നും സംസാരിക്കാൻ സാധിച്ചില്ല. ഞാനെന്റെ ഭാര്യയെയും രണ്ടു മക്കളെയും ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു
ഇസ്‌ലാമിനെ പൂർണ്ണമായി നിരോധിച്ചിട്ടില്ലെങ്കിലും വിശ്വാസികൾക്ക് ശക്തമായ നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. സുഹൃത്തുക്കളോ അതിഥികളോ ഉള്ള സമയത്ത് വീട്ടിൽ വെച്ച് നമസ്കാരം നിർവ്വഹിക്കാൻ പാടില്ല എന്നാണ് തങ്ങൾക്ക് കിട്ടിയ നിർദേശം, മുഹമ്മദ് പറയുന്നു. ഒടുക്കം എല്ലാ ഉദ്യോഗസ്ഥർക്കും പ്രധാനമായും പറയാനുണ്ടായിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വത്തെ കുറിച്ചും ഉയിഗൂർ സംസ്കാരത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ചും ചൈനീസ് സംസ്കാരത്തിന്റെ ഔന്നത്യത്തെ കുറിച്ചും ഒക്കെയാണ്, അദ്ദേഹം ഓർക്കുന്നു. രണ്ടു മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ ക്യാമ്പിൽ സന്ദർശിക്കാൻ ചൈനീസ് അധികൃതർ അദ്ദേഹത്തിന്റെ കുടുംബത്തിന് അനുവാദം നൽകിയത്. "എനിക്കവരോടൊന്നും സംസാരിക്കാൻ സാധിച്ചില്ല. ഞാനെന്റെ ഭാര്യയെയും രണ്ടു മക്കളെയും ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു," മുഹമ്മദ് പറയുന്നു.
കഴിഞ്ഞ വർഷമാണ് സിൻജിയാങ് ഭരണകൂടം മത മൗലികവാദത്തിനെതിരെയുള്ള നിയമങ്ങൾ പാസ്സാക്കിയത്. അതിന്റെ ഭാഗമായാണ് പല പ്രവിശ്യകളിലും ഇത്തരത്തിലുള്ള റീഎജുക്കേഷൻ ക്യാമ്പുകൾ നിർമ്മിക്കപ്പെട്ടത്. ചില ക്യാമ്പുകളിലെ അന്തേവാസികൾക്ക് രാത്രിയിൽ വീട്ടിലേക്ക് പോകാനുള്ള അനുവാദമുണ്ട്. എന്നാൽ, പല ക്യാമ്പുകളിലും അടക്കപ്പെട്ടവർ മുഴുവൻ സമയവും അവക്കുള്ളിൽ തന്നെ ചിലവഴിക്കാൻ നിർബന്ധിക്കപ്പെടുന്നു. ഹോട്ടാൻ പ്രവിശ്യയിലുള്ള ഒരു ക്യാമ്പ് വികസിച്ച് വികസിച്ച് 36 ഏക്കറോളം വിസ്തൃതിയായിട്ടുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത്.
ക്യാമ്പുകളിൽ അടക്കപ്പെട്ട ഉയിഗൂറുകളുടെയും കസാക്കുകളുടെയും മറ്റു മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും കൃത്യമായ എണ്ണം ലഭ്യമല്ല. ദശലക്ഷക്കണക്കിന് ആളുകൾ ക്യാമ്പുകളിൽ ഉണ്ടെന്നാണ് രാജ്യം വിട്ട ഉയിഗൂറുകൾ സാക്ഷ്യപ്പെടുത്തുന്നത്
ക്യാമ്പുകളിൽ അടക്കപ്പെട്ട ഉയിഗൂറുകളുടെയും കസാക്കുകളുടെയും മറ്റു മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും കൃത്യമായ എണ്ണം ലഭ്യമല്ല. ദശലക്ഷക്കണക്കിന് ആളുകൾ ക്യാമ്പുകളിൽ ഉണ്ടെന്നാണ് രാജ്യം വിട്ട ഉയിഗൂറുകൾ സാക്ഷ്യപ്പെടുത്തുന്നത്. ചൈനയുടെ മൊത്തം ജനസംഖ്യയിൽ 1.5 ശതമാനം മാത്രമെ സിൻജിയാങിലുള്ളു. എന്നാൽ, കഴിഞ്ഞ വർഷം 20 ശതമാനത്തിലധികം അറസ്റ്റുകൾ നടന്നത് ഇവിടെയാണെന്നാണ് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത്. വിദേശത്തുള്ള ബന്ധുക്കളെ സന്ദർശിച്ചതിനും, മതത്തെയും ഉയിഗൂർ സംസ്കാരത്തെയും കുറിച്ചുള്ള പുസ്തകങ്ങൾ കയ്യിൽ വെച്ചതിനും ചന്ദ്രക്കലയുള്ള ടി-ഷർട്ട് ധരിച്ചതിനുമൊക്കെ തങ്ങൾ അറസ്റ്റ് ചെയ്യപ്പെടുന്നു എന്നാണ് ഉയിഗൂറുകൾ സാക്ഷ്യപ്പെടുത്തുന്നത്.
വിവർത്തനം: ഇർഫാൻ ആമയൂർ