വർഷങ്ങൾക്കുശേഷം രജനീകാന്തുമായി ഒരു പുനസ്സമാഗമം; ആദം അയൂബ്
ഞാൻ ഒരു കൈയ്യിൽ ബ്രീഫ് കേസുമായി പോയി തിയേറ്ററിന്റെ വാതിൽ തുറന്നു. അകത്തു മൈക്കിന് മുന്നിൽ നിന്ന് രജനീകാന്ത് തുടരെത്തുടരെ പുകവലിച്ചു വിടുന്നതിനൊപ്പം ഡയലോഗുകളും പറയുന്നുണ്ടായിരുന്നു. തുറന്ന വാതിലിലൂടെ വെളിച്ച൦ അകത്തു കയറിയപ്പോൾ, അദ്ദേഹം ഡബ്ബിങ് നിർത്തി, രൂക്ഷമായി വാതിൽക്കലേക്കു നോക്കി | MediaOne Shelf |
കണ്മണി ഫിലിംസിന്റെ ‘അസ്തി’എന്ന സിനിമ എറണാകുളത്തു വെച്ച് ഒരു ഷെഡ്യൂൾ ഷൂട്ടിംഗ് കഴിഞ്ഞതോടെ, പല കാരണങ്ങളാൽ മുടങ്ങിപ്പോയി. പിന്നെ അത് പുനരാരംഭിക്കുന്നത് രണ്ടു വർഷം കഴിഞ്ഞാണ്. ഈ ഇടവേളയിലാണ് ഞാൻ പി.എ. ബക്കറിന്റെ പ്രേം നസീർ നായകനായ ‘ചാരം’ എന്ന സിനിമ ചെയ്തത്. ചാരത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനു മുൻപ് അസ്തിയുടെ ജോലികൾ തുടങ്ങി. പല ഷെഡ്യൂളുകളിൽ പല ലൊക്കേഷനുകളിൽ ആയാണ് ആ സിനിമയുടെ ചിത്രീകരണം നടന്നത്. ഭരത് ഗോപി, റോണി വിൻസെന്റ്, രാജ്കുമാർ, അംബിക, ശ്രീനിവാസൻ, തിലകൻ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. നിർമ്മാതാവ് ബാബു സേട്ടിന്റെ കസിൻ ആയ ബദറുദ്ദീൻ ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. മദ്രാസിലെ ഒരു ഷെഡ്യൂൾ ഷൂട്ടിംഗ് കഴിഞ്ഞു കിട്ടിയ ഒരു ഇടവേളയിൽ ഞാൻ നാട്ടിലേക്ക് പോയി.
ഞാൻ നാട്ടിലെത്തിയപ്പോൾ എന്റെ ബന്ധുവും കവിത തിയേറ്ററിന്റെ മാനേജരുമായിരുന്ന ഹാരിസ്, ബാബു സേട്ടിനെ അദ്ദേഹത്തിന്റെ വീട്ടിൽചെന്നു കാണാൻ എന്നോട് പറഞ്ഞു. അങ്ങിനെ പറഞ്ഞ സമയത്തു ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. അദ്ദേഹം മുഖവുരയൊന്നും കൂടാതെ പറഞ്ഞു.
‘ബദറുദ്ദീൻ പോയത് അറിഞ്ഞു കാണുമല്ലോ’
ഞാൻ തലകുലുക്കി .
‘അയൂബ് ആ ജോലിയും കൂടി ഏറ്റെടുക്കണം’.
ഈ ബദറുദ്ദീൻ കൊല്ലത്തുകാരനാണ്. ബാബു സേട്ട് നിർമ്മാതാവാണെങ്കിലും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള പണം എത്തിക്കുക എന്നതിൽ കവിഞ്ഞു ഒരു ഉത്തരവാദിത്വവും അദ്ദേഹത്തിനില്ല. അദ്ദേഹം പകൽ മുഴുവൻ ഉറങ്ങുകയും രാത്രി ഉണർന്നിരിക്കുകയും ചെയ്യുന്ന ആളാണ്. എല്ലാ അർത്ഥത്തിലും അദ്ദേഹം ഒരു സ്ലീപ്പിങ് പ്രൊഡ്യൂസർ ആണെന്ന് പറയാം. നിർമ്മാണത്തിന്റെ സകല ഉത്തരവാദിത്വങ്ങളും പ്രൊഡക്ഷൻ കൺട്രോളർ ആയ ബദറുദ്ദീന് ആണ്. സിനിമയിൽ പ്രവർത്തിക്കുന്ന അഭിനേതാക്കളോ സാങ്കേതിക പ്രവർത്തകര, ആരും തന്നെ നിർമ്മാതാവ് ബാബു സേട്ടിനെ നേരിൽ കണ്ടിട്ടില്ല. അവരുമായിട്ട് ഇടപഴകുന്നതും ഇടപാടുകൾ നടത്തുന്നതും
പ്രൊഡക്ഷൻ കൺട്രോളർ ആയ ബദറുദ്ദീൻ ആണ്. ആ ബദറുദ്ദീൻ ആണ് ഇപ്പോൾ, ബാബു സേട്ടുമായുള്ള അഭിപ്രായ വ്യത്യാസം മൂലം പിണങ്ങിപ്പോയത്. ആ ജോലി കൂടി ഏറ്റെടുക്കുവാനാണ് ബാബു സേട്ട് ഇപ്പോൾ എന്നോട് ആവശ്യപ്പെടുന്നത്.
‘പക്ഷേ ഞാൻ അസ്സോസിയേറ്റ് ഡയറക്ടർ അല്ലെ, അത് തന്നെ ഭാരിച്ച ജോലിയാണ്’ഞാൻ പറഞ്ഞു.
‘എനിക്ക് മറ്റാരെയും വിശ്വാസമില്ല. അയൂബിന് എല്ലാം മാനേജ് ചെയ്യാൻ പറ്റും. പിന്നെ സഹായിക്കാൻ പ്രൊഡക്ഷൻ മാനേജർമാർ ഉണ്ടാവുമല്ലോ’
അദ്ദേഹത്തിന് ‘നോ’ കേട്ട് ശീലമില്ലാത്ത കൊണ്ട് അദ്ദേഹം എന്റെ എതിർപ്പുകൾ കേൾക്കാൻ തയ്യാറല്ലായിരുന്നു.
‘അയൂബ് നാളെ തന്നെ മദ്രാസിലേക്ക് പുറപ്പെട്ടോളൂ. ടിക്കറ്റ് ഹാരിസ് അറേഞ്ച് ചെയ്യും. സൈദാപ്പേട്ടിലുള്ള ഞങ്ങളുടെ ഓഫിസിൽ ആയിരിക്കും അയൂബിന്റെ താമസം. പടത്തിന്റെ ബാക്കി വർക്ക് ഉടനെ തുടങ്ങണം. രവിയുമായി ആലോചിച്ച് എല്ലാ കാര്യങ്ങളും തീരുമാനിച്ചോളൂ. പോകുമ്പോൾ ആവശ്യമുള്ള പണം ഹാരിസ് തരും. പിന്നെ സമയാസമയങ്ങളിൽ പണം എത്തിക്കും’അദ്ദേഹം പെട്ടെന്ന് കൂടിക്കാഴ്ച അവസാനിപ്പിച്ചു.
ഞാൻ മദ്രാസിൽ എത്തി പുതിയ ചുമതലകൾ ഏറ്റെടുത്തു. സൈദാപ്പേട്ടിൽ, ഹോട്ടൽ ചോളാ ഷെറാട്ടണിന് എതിർവശത്തുള്ള വഴിയിലായിരുന്നു കൺമണി ഫിലിംസിന്റെ ഓഫിസ്. ഈ രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ബെഡ്റൂം,അടുക്കള, ഹാൾ എന്നിവയും മുകളിലത്തെ നിലയിൽ ഓഫിസുമായിരുന്നു. ഭക്ഷണം പാകം ചെയ്യാൻ ഒരു തമിഴൻ പയ്യൻ ഉണ്ടായിരുന്നു. സുപ്രസിദ്ധ കർണാടിക് സംഗീതജ്ഞനായ ഡോക്ടർ ബാലമുരളീകൃഷ്ണ ആയിരുന്നു തൊട്ടടുത്ത അയൽവാസി. എന്റെ താമസം മുകളിലത്തെ മുറിയിൽ ആയതുകൊണ്ട്, നേരെ എതിർവശത്തുള്ള അദ്ദേഹത്തിന്റെ മുറിയിൽ ഇരുന്ന് രാവിലെ അദ്ദേഹം സാധകം ചെയ്യുന്നത് പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്യുകയും കുശലങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.
പ്രൊഡക്ഷൻ കൺട്രോളറുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തതോടെ എനിക്ക് ഭയങ്കര തിരക്കായി. നിർമ്മാണത്തിൽ ഇടപെടാത്ത സെറ്റിൽ ഒരിക്കലും വരാത്ത നിർമ്മാതാവിനെപ്പോലെ തന്നെ ആയിരുന്നു ഏകദേശം സംവിധായകന്റെയും സ്ഥിതി. ഓരോ ദിവസത്തേയും ഷെഡ്യൂൾ ഉണ്ടാക്കുക, അതിനാവശ്യമായ ലൊക്കേഷൻ നിർണ്ണയിക്കുക, അഭിനേതാക്കളെ എത്തിക്കുക, തുടങ്ങി എല്ലാ സന്നാഹങ്ങളും തയാറാക്കി, എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞാൽ, അദ്ദേഹം സെറ്റിൽ എത്തി ഷോട്ട് ഡിവൈഡ് ചെയ്തു ഷൂട്ട് ചെയ്യും. അങ്ങിനെ പ്രൊഡക്ഷൻ കൺട്രോളറുടെയും അസോസിയേറ്റ് ഡയറക്ടറുടെയും ഉത്തരവാദിത്വങ്ങൾ സമന്വയിപ്പിച്ച് ഷൂട്ടിംഗ് കഴിഞ്ഞു രാത്രി വൈകി റൂമിൽ എത്തി, കണക്കുകൾ എഴുതി പിറ്റേ ദിവസത്തെ ഷൂട്ടിങ്ങിനു ആവശ്യമായ നിർദേശങ്ങൾ പ്രൊഡക്ഷൻ മാനേജർമാർക്കും, എന്റെ സംവിധാന സഹായികൾക്കും നൽകി കഴിഞ്ഞു, അർധരാത്രി കഴിഞ്ഞു ഉറങ്ങാൻ തയാറെടുക്കുമ്പോഴാണ് ബാബു സേട്ടിന്റെ ഫോൺ വരിക. അദ്ദേഹം നേരെ എതിർവശത്തുള്ള ഹോട്ടൽ ചോളാ ഷെറാട്ടണിലാണ് താമസിക്കുന്നത്.
‘അയൂബ് ഇങ്ങോട്ടു വാ’
ഇത് പറഞ്ഞു അദ്ദേഹം ഫോൺ കട്ട് ചെയ്യും. രാത്രി രണ്ട് മണി ആയെങ്കിലും അദ്ദേഹം കുളിച്ചു ഫ്രഷ് ആയി ഇരിപ്പുണ്ടാവും.
‘പോകാം’
മുറി പൂട്ടി പുറത്തിറങ്ങിക്കൊണ്ടു അദ്ദേഹം പറയും. ഡ്രൈവറും കാറും എപ്പോഴും റെഡി ആണ്.
‘മറീന ബീച്ച്’
കാറിൽ കയറി ഇരുന്നു കൊണ്ട് അദ്ദേഹം ഡ്രൈവറോട് പറയും. മറീന ബീച്ചിൽ എത്തിയാൽ, പൂഴി മണലിൽ ഇരുന്നു കൊണ്ട് ,പ്രക്ഷുബ്ധമായ കടലിനെ നോക്കിക്കൊണ്ടു അദ്ദേഹം തത്വശാസ്ത്രം പറയും. അകമ്പടിക്കു അദ്ദേഹത്തിന്റെ സ്ഥിരം പാനീയവും ഉണ്ടാകും. ബംഗാൾ ഉൾക്കടലിന്റെ അടിത്തട്ടിൽ നിന്ന് സൂര്യൻ എത്തിനോക്കാൻ തുടങ്ങുന്നതിനു മുൻപ് അദ്ദേഹം എഴുന്നേൽക്കും. സൂര്യനെ അദ്ദേഹത്തിന് ഇഷ്ടമല്ലാത്തതുപോലെ. എനിക്ക് പിന്നെ റൂമിലെത്തി കുളിച്ചു റെഡി ആവാനുള്ള സമയമേ ഉണ്ടാവുകയുള്ളു. തിരക്കും ഉത്തരവാദിത്വങ്ങളും ഏറിയ മറ്റൊരു ദിവസത്തിന്റെ തുടക്കം.
അങ്ങിനെ ഷൂട്ടിംഗ് കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടു പോയി. മദ്രാസ്, എറണാകുളം, മൂന്നാർ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഉദ്ദേശിച്ച സമയത്തു തന്നെ ഷൂട്ടിംഗ് പൂർത്തിയായി. സംവിധായകൻ തന്നെ എഡിറ്റർ ആയിരുന്നത് കൊണ്ടു പോസ്റ്റ് പ്രൊഡക്ഷനും സുഗമമായി മുന്നോട്ടു നീങ്ങി. നടനും നിർമ്മാതാവും ഒക്കെ ആയിരുന്ന കെ. ബാലാജിയുടെ (പിന്നീട് മോഹൻ ലാലിൻറെ അമ്മായിയപ്പൻ) ഉടമസ്ഥതയിലുള്ള സുജാത തിയേറ്ററിൽ ആയിരുന്നു ഡബ്ബിങ്. ഒരു ദിവസം ഭരത് ഗോപിയുടെ ഡബ്ബിങ് നടന്നു കൊണ്ടിരിക്കുമ്പോൾ, റെക്കോർഡിസ്റ്റ് ഒരു അപേക്ഷയുമായി എന്നെ സമീപിച്ചു.
‘‘സത്യാ മൂവീസിന്റെ, രജനീകാന്ത് മൂന്നു വേഷങ്ങളിൽ അഭിനയിക്കുന്ന ‘മൂൻറു മുഖം’ എന്ന സിനിമയിൽ രജനീകാന്ത് സാറിന്റെ ചില ശബ്ദങ്ങൾ വിട്ടുപോയിട്ടുണ്ട് . പടം അടുത്ത ആഴ്ച സെൻസറിങ് ആണ്. ഇവിടെ ഡബ് ചെയ്ത പടം ആണ്. ഒരു മണിക്കൂർ രജനീകാന്ത് സാറിന് വേണ്ടി സ്റ്റുഡിയോ ഫ്രീ ആക്കിത്തരണം.”
‘അയ്യോ, ഭരത് ഗോപിയുടെ ഡബ്ബിങ് തീർത്തിട്ട് ഇന്ന് വൈകുന്നേര൦ അഞ്ചു മണിയുടെ ഫ്ലൈറ്റിനു അദ്ദേഹത്തെ തിരുവന്തപുരത്തേക്കു അയക്കാനുള്ളതാണ്’ഞാൻ പറഞ്ഞു.
‘രജനീ സാർ , സാറിന്റെ ക്ലാസ്സ്മേറ്റ് അല്ലെ. സാർ ഇങ്ങനെ ഒരു സഹായം ചെയ്താൽ രജനീകാന്ത് സാറിനും സന്തോഷമാകും’
‘പക്ഷെ…’
അദ്ദേഹം എന്നെ പറയാൻ സമ്മതിക്കാതെ ഇടയ്ക്കു കയറി പറഞ്ഞു,
‘ബ്രേക്ക് ടൈമിൽ മതി. അദ്ദേഹവും ഇപ്പോൾ എ വി എമ്മിൽ ഷൂട്ടിലാണ്. ബ്രേക്കിനേ അദ്ദേഹത്തിനും വരൻ പറ്റുകയുള്ളു’.
‘ശരി ബ്രേക്കിന് ആണെങ്കിൽ കുഴപ്പമില്ല’ ഞാൻ സമ്മതിച്ചു.
അവരുടെ അവശ്യപ്രകാരം ഒരു മണിക്ക് പത്തു മിനിട്ടു മുൻപേ ഡബ്ബിങ് നിർത്തി. ഉടനെ അവർ വാക്യും ക്ലീനർ കൊണ്ട് വന്നു സ്റ്റുഡിയോ കാർപെറ്റ് മുഴുവൻ ക്ലീൻ ചെയ്തു. പെർഫ്യൂം സ്പ്രേ ചെയ്തു ഡബ്ബിങ് തിയേറ്റർ മുഴുവനും സുഗന്ധപൂരിതമാക്കി. പുകവലി നിരോധനമുള്ള തിയേറ്ററിനുള്ളിൽ പോഡിയത്തിനു മുകളിൽ ആഷ് ട്രേ കൊണ്ടുവന്നു വെച്ചു. ( അന്ന് രജനീകാന്ത് ചെയിൻ സ്മോക്കർ ആയിരുന്നു). അങ്ങിനെ രജനീകാന്ത് എന്ന സൂപ്പർസ്റ്റാറിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ, ഞാൻ തിയേറ്ററിന്റെ ഇടതു വശത്തുള്ള ഡൈനിങ് ഹാളിലേക്ക് പിൻവലിഞ്ഞു. ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു..,
ഞാൻ പിന്നെ സ്ക്രിപ്റ്റ് എടുത്തു എന്റെ ജോലികളിൽ മുഴുകി. ഇനി ബാക്കിയുള്ള അഭിനേതാക്കളുടെ ഡബ്ബിങ് ഷെഡ്യൂൾ തയാറാക്കി. ഗോപി അവിടെ കിടന്നു ഒന്ന് മയങ്ങി. അകത്തു രജനീകാന്തിന്റെ ഡബ്ബിങ് നടക്കുന്നതിന്റെ ശബ്ദങ്ങൾ കേൾക്കാമായിരുന്നു. പക്ഷെ ഞാൻ അങ്ങോട്ട് പോയില്ല. ഒന്നാമതായി, ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിന് ഡബ്ബിങ് തീർത്തു പോകാനുള്ളതാണ്. രണ്ടാമതായി, ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പാസ്സായിട്ടു (1975 ൽ ) ഏഴു വർഷത്തിലധികമായി..
തുടക്കത്തിൽ കുറച്ചു നാൾ ഞങ്ങൾ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. പക്ഷെ അന്ന് അദ്ദേഹം സൂപ്പർ സ്റ്റാർ ആയിട്ടില്ല. ഇപ്പോൾ1982 ൽ, തീരെ കാണാതായിട്ട് ഏഴു വർഷമായി. ഇതിനിടയ്ക്ക് അദ്ദേഹം വലിയ താരമാവുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ സമീപനം എങ്ങിനെ ആയിരിക്കും എന്ന സംശയവും ഉണ്ടായിരുന്നു. മാത്രമല്ല, ഞാനും രജനീകാന്തും സഹപാഠികൾ ആയിരുന്നു എന്ന് തിയേറ്ററിലെ റെക്കോർഡിസ്റ്റിനും മറ്റു സ്റ്റാഫിനും അറിയാം. അദ്ദേഹം എന്നോട് പരിചയം നടിച്ചില്ലെങ്കിൽ നാണക്കേടാവും. അതുകൊണ്ടു ഞാൻ തിയേറ്ററിലേക്ക് പോകാതെ ഡൈനിങ്ങ് ഹാളിൽ തന്നെ ഇരുന്നു. മണി രണ്ടു കഴിഞ്ഞു. ഗോപി ഉറക്കമാണ്. ഞാൻ അൽപ നേരം കൂടി കാത്തിരുന്നു. അകത്തുനിന്നും അട്ടഹാസങ്ങളും ആക്രോശങ്ങളുമൊക്കെ കേൾക്കുന്നുണ്ടായിരുന്നു. ഏതോ സ്റ്റണ്ട് സീനിന്റെ ഡബ്ബിങ് ആണ് നടക്കുന്നത്. ഞാൻ കുറച്ചു നേരം കൂടി കാത്തിരുന്നു.. മണി രണ്ടര ആയിട്ടും അകത്തു ഡബ്ബിങ് കഴിഞ്ഞിട്ടില്ല. ഇനിയും കാത്തിരുന്നാൽ ഗോപിയുടെ ഫ്ലൈറ്റ് മിസ് ആവും. ഉറക്കമായതു കൊണ്ട് ഗോപി ഇതൊന്നും അറിയുന്നില്ല. ഞാൻ ഇടപെടാൻ തന്നെ തീരുമാനിച്ചു.
ഞാൻ ഒരു കൈയ്യിൽ ബ്രീഫ് കേസുമായി പോയി തിയേറ്ററിന്റെ വാതിൽ തുറന്നു. അകത്തു മൈക്കിന് മുന്നിൽ നിന്ന് രജനീകാന്ത് തുടരെത്തുടരെ പുകവലിച്ചു വിടുന്നതിനൊപ്പം ഡയലോഗുകളും പറയുന്നുണ്ടായിരുന്നു. തുറന്ന വാതിലിലൂടെ വെളിച്ച൦ അകത്തു കയറിയപ്പോൾ, അദ്ദേഹം ഡബ്ബിങ് നിർത്തി, രൂക്ഷമായി വാതിൽക്കലേക്കു നോക്കി. പുറത്തെ ശക്തമായ വെളിച്ചം കാരണം അദ്ദേഹം എന്റെ മുഖം വ്യക്തമായി കണ്ടുകാണുമോ എന്നറിയില്ല, പോരാത്തതിന്, പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ എനിക്ക് ഒരു ബുൾഗാൻ താടിയുമുണ്ടായിരുന്നു. ഒരു നിമിഷം അദ്ദേഹം എന്നെ നോക്കി നിന്നു. പിന്നെ..
‘ഡായ് , അയൂബാ..’ എന്ന് പറഞ്ഞു കൊണ്ടു അദ്ദേഹം ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. എ
ന്നെ പിടിച്ചു കൊണ്ട് പോയി സോഫയിൽ ഇരുത്തി. വിശേഷങ്ങൾ ഒക്കെ ചോദിച്ചു പുറകിൽ ഗ്ലാസ് സ്ക്രീനിലൂടെ തിയേറ്റർ സ്റ്റാഫ് മുഴുവൻ ഈ ദൃശ്യം കാണുകയായിരുന്നു. അദ്ദേഹം പ്രൊഡക്ഷൻ ബോയിയെ വിളിച്ചു പറഞ്ഞു :-
‘അന്ത ജൂസ് രണ്ടു ഗ്ലാസിലെ പോഡ്’
അയാൾ രണ്ടു ഗ്ലാസ്സിലായി ജൂസ് ഒഴിച്ച് ഞങ്ങളുടെ മുന്നിൽ വെച്ചു.
‘നീ ഇപ്പൊ ഫുൾ ടൈം ഡയറക്ഷനിലെ താനാ ? നടിപ്പു എല്ലാം വുട്ടാച്ചാ ?”
അദ്ദേഹം ജൂസ് കുടിച്ചു കൊണ്ട് ചോദിച്ചു.
‘അഭിനയിക്കാൻ അവസരം തേടി അലയുന്നതിനേക്കാൾ നല്ലതു ഇതാണ്,. അസ്സോസിയേറ്റ് ചെയ്യാൻ ധാരാളം ഓഫറുകൾ ഉണ്ട്’
ഞങ്ങൾ തമ്മിൽ സാധാരണ സംസാരിക്കുന്നതു തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എല്ലാം കൂടി കൂട്ടിക്കുഴച്ച ഒരു അവിയൽ ഭാഷയിലാണ്. ഇവിടെ ഞാൻ വായനക്കാരുടെ സൗകര്യത്തിനായി എല്ലാം മലയാളത്തിൽ തന്നെ റിപ്പോർട്ട് ചെയ്യുന്നു.
‘ശരി, ഏതായാലും നീ ബിസി ആണല്ലോ, അതുമതി’
‘ഇതെനിക്ക് ഇഷ്ടപ്പെട്ട ജോലി കൂടിയാണ്. ഞാൻ പറഞ്ഞു.
‘നിന്നെ ഇന്ന് കണ്ടുമുട്ടിയതു യാദൃശ്ചികമാണ്. ഇപ്പൊ ഞാൻ എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വഴിത്തിരിവിലാണ്’
‘എന്താണത്?’
‘ഏഴു വര്ഷം മുൻപ് നീ എന്നെ നിർബന്ധിച്ചു് , കണ്ടക്ടർ ജോലിയിൽ നിന്ന് റിസൈൻ ചെയ്യിച്ചത് ഓർമ്മയുണ്ടോ ?’
‘ഉണ്ട്. അതിനു ശേഷം നിനക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലല്ലോ’
‘അതെ അതുപോലൊരു പ്രതിസന്ധി ഘട്ടത്തിലാണ് ഞാനിപ്പോൾ’
‘ഇനി എന്ത് പ്രതിസന്ധി ? നീയിപ്പോൾ തമിഴിലെ സൂപ്പർസ്റ്റാർ അല്ലെ’ ഞാൻ ചോദിച്ചു.
‘അതെ പക്ഷെ, അടുത്ത മാസം ‘അന്ധാ കാനൂൻ’ എന്ന എന്റെ ആദ്യ ഹിന്ദി സിനിമ റിലീസ് ആവുകയാണ്.. അത് ഹിറ്റ് ആയാൽ ഞാൻ ഒരു ഓൾ ഇന്ത്യാ സ്റ്റാർ ആകും, ഇല്ലെങ്കിൽ എന്റെ തമിഴിലെ മാർക്കറ്റും ഇടിയും’
‘നീ ഭയപ്പെടേണ്ട. ആ പടവും ഹിറ്റാകും. നിനക്ക് ഇനിയും ഉയരങ്ങൾ താണ്ടനുണ്ട്’
അവൻ എന്ന കെട്ടിപ്പിടിച്ചു. താമസിയാതെ അവൻ ഡബ്ബിങ് മുഴുമിപ്പിച്ചു പോയി. പോകുന്നതിനു മുൻപ് എന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണ് പോയത്. ഏതു ദിവസവും രാവിലെ എട്ടു മണിക്ക് മുൻപ് വന്നാൽ കാണാമെന്നു പറഞ്ഞു. പക്ഷെ ഞാൻ ഒരിക്കലും പോയില്ല. രാവിലെ എട്ടു മണിക്ക് മുൻപ് അവൻ ഷൂട്ടിങ്ങിനു പോകാനുള്ള തിരക്കിനിടയിൽ എന്ത് സംസാരിക്കാനാണ്. കൂടാതെ എനിക്ക് അവനെ കാണേണ്ട പ്രത്യേകിച്ച് കാര്യവും ഒന്നുമില്ല.
ഏതായാലും ‘മൂൻറു മുഖം’ ഒരു ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു. അത് രജനീകാന്തിന് ഏറ്റവും നല്ല നടനുള്ള തമിഴ് നാട് സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. കൂടാതെ ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലേക്കും അതു റീമേക് ചെയ്യപ്പെട്ടു. എല്ലാ ഭാഷകളിലും രജനീകാന്ത് അഭിനയിച്ചു. മാത്രമല്ല അമിതാഭ് ബച്ചനോടൊപ്പം,രജനി അഭിനയിച്ച അന്ധാ കാനൂനും സൂപ്പർ ഹിറ്റായിരുന്നു. അങ്ങിനെ രജനീകാന്ത് അഖിലേന്ത്യ തലത്തിൽ മാത്രമല്ല, ആഗോള തലത്തിലും ശ്രദ്ധിക്കപ്പെടുന്ന, ഒരു താരമായി.
ഞാൻ എന്റെ പ്രിയ സുഹൃത്തിനെ പിന്നെ ഒരിക്കലും കണ്ടിട്ടില്ല, കാണാൻ ശ്രമിച്ചിട്ടുമില്ല. അദ്ദേഹം പലരോടും എന്നെക്കുറിച്ചു അന്വേഷിക്കാറുണ്ട് എന്ന് അറിഞ്ഞു.. വർഷങ്ങൾക്ക് മുൻപ് ഒരു തമിഴ് സിനിമാ മാസികയിലെ ഒരു ഇന്റർവ്യൂവിൽ അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞത്, തിരുവനപുരത്തു വെച്ച് ഒരാൾ എനിക്ക് കാണിച്ചു തന്നു.