സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡറുകളും ശബരിമലയില്‍ പൂജാരികളാകണം: ആദിമാര്‍ഗ മഹാ ചണ്ഡാല ബാബ
അയ്യപ്പന്റെ ധ്യാനമോ ശബരിമല ശാസ്താവിന്റെ ധ്യാനമോ എടുത്താല്‍ തന്നെ അവിടെ എവിടേയും നൈഷ്ഠിക ബ്രഹ്മചാരിയെന്ന് പറയുന്നില്ല. മന്ത്രങ്ങളിലുമില്ല.
രാജ്യത്തെ ഏക ദലിത് തന്ത്രിയും വൈദിക-താന്ത്രിക-ഗോത്രാരാധന ആചാര്യനുമാണ് ആദിമാര്‍ഗ ശൈവാവധൂതന്‍ മഹാ ചണ്ഡാല ബാബ മലവാരി. മാതൃകുലധര്‍മ്മരക്ഷാ ആശ്രമത്തില്‍ 2013 മുതല്‍ താന്ത്രിക വിദ്യ പരിശീലിപ്പിക്കുന്ന ഗുരുവുമാണ് ഈ ആത്മീയാചാര്യന്‍. ദലിതനായതുകൊണ്ട് ക്ഷേത്ര പൂജകളില്‍ നിന്ന് ഇദ്ദേഹം അകറ്റിനിര്‍ത്തപ്പെടുന്നു. ശ്രീകോവിലില്‍ പ്രവേശിച്ചതിന് സവര്‍ണരുടെ ആസിഡ് ആക്രമണത്തിനും ഒരിക്കല്‍ ഇരയായി. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ട് ഇദ്ദേഹത്തിന്. പലരും പറയാന്‍ മടിക്കുന്ന അപ്രിയ സത്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുന്നു.
എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനമാകാം എന്ന സുപ്രിംകോടതി വിധിയെ കുറിച്ച് ?
ശബരിമല ഒരു മലയാചാരം പിന്തുടരുന്ന ക്ഷേത്രമാണെന്നാണ് കരുതുന്നത്. അവിടെ സ്ത്രീകള്‍ക്ക് വിവേചനമില്ല. അതിനാല്‍ തന്നെ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. നമ്പൂതിരിമാരും രാജാക്കന്മാരും മലകളില്‍ താമസിക്കാറില്ല. അവിടെയുള്ളത് മല അരചന്മാരാണ്. ചാത്തനാണ് അവരുടെ സങ്കല്‍പം. ബുദ്ധമതത്തിന്റെ വരവോടെയാണ് ബുദ്ധന്‍ ചാത്തന്റെ അവതാരമാണെന്ന തരത്തിലൊരു സങ്കല്‍പമൊക്കെയുണ്ടാകുന്നതാണ്. ക്ഷേത്രം കത്തിയതിന് ശേഷമാണ് തന്ത്രിയെന്ന സങ്കല്‍പ്പമൊക്കെ ഉണ്ടായത്. ഹൈന്ദവ ആചാരത്തില്‍ സവര്‍ണ്ണരുടെ ആചാരങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടണമെന്ന കാഴ്ചപ്പാട് മാറണം. ശബരിമലയില്‍ മാളികപ്പുറത്ത് നായന്മാര്‍ക്കാണ് ഗുരുതി നടത്താന്‍ അവകാശം. ബലി നടത്തുക എന്നത് ഒഴിവാക്കിയാലും മദ്യം കൊണ്ടുള്ള ആചാരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡിന് ഒരുപക്ഷേ അറിവുണ്ടാകണം എന്നില്ല. ആചാരപരമായ ബലി നിരോധിക്കാന്‍ ആവില്ല എന്ന് 2013 ല്‍ സുപ്രിംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. പണ്ടുകാലത്ത് കറുപ്പസ്വാമിക്ക് നിവേദ്യമായി കറുപ്പും ചാരായവുമൊക്കെ ഇരുമുടിക്കെട്ടില്‍ വച്ച് കൊണ്ടുപോയിരുന്നു.
ശബരിമലയില്‍ സവര്‍ണ ആധിപത്യമുണ്ടോ?
തീര്‍ച്ചയായും ഉണ്ട്, ദേവസ്വം ബോര്‍ഡിന് സവര്‍ണ താല്‍പര്യമുണ്ട്. ദേവസ്വം ബോര്‍ഡ് വന്നതിന് ശേഷമാണ് മലയന്മാരെ ശബരിമലയിലെ ആചാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയത്. മകരവിളക്ക് തെളിയിക്കുന്നതൊക്കെ മലയന്മാരുടെ അവകാശവും ആചാരവുമായിരുന്നു. വെടി പൊട്ടിക്കുന്നത് ഈഴവരുടെ അവകാശമായിരുന്നു. അതൊക്കെ നിര്‍ത്തലാക്കിയത് ദേവസ്വം ബോര്‍ഡ് വന്നതിന് ശേഷമാണ്. വെളിച്ചപ്പാടായി അവസാനമുണ്ടായിരുന്നത് ഒരു അയ്യരായിരുന്നു.
അദ്ദേഹം മരിച്ചപ്പോള്‍ അതും ഇല്ലാതായി. വെളിച്ചപ്പാടുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നിര്‍ത്തലാക്കിയപ്പോള്‍ അവിടെ കണ്ഠരര് (തന്ത്രി)രുടെ മൗനാനുവാദം ഉണ്ടായിരുന്നു. കൊട്ടാരത്തിന്റേയും തന്ത്രിമാരുടേയും അനുവാദമില്ലാതെ ദേവസ്വം ബോര്‍ഡിന് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ല.
തന്ത്രിമാരുടേയും കൊട്ടാരത്തിന്റേയും കുത്തക തകരും എന്നതിനാലാണ് ഇപ്പോഴത്തെ സുപ്രിംകോടതി വിധിയെ അവര്‍ എതിര്‍ക്കുന്നത്. ഇങ്ങനെ പോയാല്‍ അവര്‍ക്ക് അവിടെ നിന്ന് ഇറങ്ങേണ്ടതായി വരും. പുത്രപാരമ്പര്യ തന്ത്രമൊക്കെ ഇല്ലാണ്ടാവും. കൊട്ടാരത്തിന്റെ അധികാരം പൂര്‍ണ്ണമായും നഷ്ടപ്പെടും.
ദേവനും ദേവിയും ബന്ധപ്പെട്ടപ്പോള്‍ കുട്ടിയുണ്ടായി എന്ന് സാമാന്യബുദ്ധിയുള്ള മനുഷ്യന്‍ വിശ്വസിക്കില്ല.
ആരാണ് അയ്യപ്പൻ ?
അയ്യപ്പന്‍ എന്ന മൂര്‍ത്തിക്ക് മുന്നേ മലയാചാരത്തില്‍ ചാത്തന്‍, കരിനീലി എന്നീ സങ്കല്‍പങ്ങളുണ്ട്. ഈ ചാത്തനെ ആരാധിച്ചിരുന്ന മനുഷ്യനാണ് അയ്യപ്പന്‍. അദ്ദേഹം കുറച്ച് മുതിര്‍ന്ന കുട്ടിയാണ്. ചാത്തനെ ഉപാസിച്ച് സിദ്ധിനേടിയ വ്യക്തിയാണ് അയ്യപ്പന്‍. തോറ്റങ്ങളിലും മറ്റും ചാത്തനെക്കുറിച്ചും നീലിയെക്കുറിച്ചും മലയാചാരങ്ങളെക്കുറിച്ചുമെല്ലാം പരാമര്‍ശങ്ങളുണ്ട്. വൈദികന്മാര്‍ യാഗയജ്ഞാദികളാണ് കുടുതലും ചെയ്തിരുന്നത്. ബുദ്ധമതത്തിലാണ് വിഗ്രഹാരാധന തുടങ്ങുന്നത്. അല്ലാതെ ഹിന്ദുക്കള്‍ക്ക് ബിംബാരാധന ഉണ്ടായിരുന്നില്ല. ആദിവാസി സമൂഹത്തെ ബുദ്ധന്മാര്‍ക്ക് സ്വാധീനിക്കാന്‍ സാധിച്ചു.
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം ?
നൈഷ്ഠിക ബ്രഹ്മചര്യം എന്ന് പ്രതിഷ്ഠയില്‍ എവിടെയാണ് ചേര്‍ത്തുവച്ചിരിക്കുന്നതെന്ന് തന്ത്രശാസ്ത്രത്തില്‍ വ്യക്തമാക്കണം. മൂര്‍ത്തിയുടെ ഭാവം നിശ്ചയിക്കുന്നത് അതിന്റെ ധ്യാനത്തില്‍ നിന്നാണ്.
അയ്യപ്പന്റെ ധ്യാനമോ ശബരിമല ശാസ്താവിന്റെ ധ്യാനമോ എടുത്താല്‍ തന്നെ അവിടെ എവിടേയും നൈഷ്ഠിക ബ്രഹ്മചാരിയെന്ന് പറയുന്നില്ല. മന്ത്രങ്ങളിലുമില്ല.
2006 മുതല്‍ 2018 വരെ കോടതിയുടെ പരിണനയില്‍ ഇരുന്ന ഒരു കേസില്‍ എവിടേയും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് സമര്‍ത്ഥിക്കാന്‍ സാധിച്ചിട്ടില്ല.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് തന്ത്രിക്ക് മാത്രമേ അറിയൂ. യുവതികള്‍ കയറിയതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നതാണല്ലോ. അന്ന് എന്തുകൊണ്ട് തടഞ്ഞില്ല. കുറേപ്പേര്‍ കയറിയാല്‍ മാത്രമേ ഇവര്‍ക്ക് പ്രശ്നമുള്ളൂ. തന്ത്രി കുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റേയും കുത്തക തകരും. ദേവസ്വത്തിന്റെ ധനം രുചിക്കുന്നത് ബ്രാഹ്മണരും ഏതാനും ചില നായന്മാരുമാണ്. അതുകൊണ്ട് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മകരവിളക്കിന്റെ സമയത്താണ് അവിടെ ആരാധന നിത്യമായി ഉണ്ടായിരുന്നത്.
ഇതര മതസംഘടനകളുടെ പരിപാടികളിലും മറ്റും പങ്കെടുക്കുകയും ജാതിയുടെ പേരിൽ ഹിന്ദുസമൂഹത്തിൽ ഭിന്നത ഉണ്ടാക്കുകയും ചെയ്യുന്നു എന്ന രീതിയിലുള്ള ആരോപണമുണ്ടല്ലോ ?
ഞാന്‍ ഒരു ആശ്രമത്തിന്റെ മഠാധിപതിയാണ്. എന്നെ ക്ഷണിക്കുന്ന പരിപാടികളില്‍, നമുക്ക് സംരക്ഷണം ഉറപ്പ് നല്‍കുന്ന ഏത് പരിപാടികളിലും ആശ്രമ നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ പങ്കെടുക്കും. പോയിട്ട് എന്ത് സംസാരിക്കുന്നു എന്നതാണ് വിഷയം. എവിടെ പോയാലും സംസാരിക്കുന്നത് ഹിന്ദുത്വമാണ്. സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ പോയതുകൊണ്ടാണ് ഇന്ത്യയെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ അറിഞ്ഞത്. ഇന്ന് എല്ലാ മതസംഘടനകള്‍ക്കും നമ്മളെ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്.
ദലിതര്‍ക്ക് ക്ഷേത്രങ്ങളില്‍ അംഗീകാരം കിട്ടുന്നുണ്ടോ?
ഈ വിഭാഗത്തില്‍ തന്ത്രം എന്ന വിഷയം പഠിച്ചിറങ്ങിയ ആരുമില്ല. മേല്‍ശാന്തി കോഴ്‌സ് പഠിച്ചിറങ്ങിയവരാണ് അധികവും. ഇവര്‍ക്കൊന്നും കൃത്യമായി ജോലിയില്ല. ദേവസ്വം ബോര്‍ഡില്‍ ആണെങ്കിലും ആളുകളെ തിരഞ്ഞെടുക്കുന്നത് രണ്ട് നമ്പൂതിരിമാരും ഒരു ഈഴവനും ചേര്‍ന്നാണ്. അവര്‍ സ്വാഭാവികമായും സ്വജാതിയില്‍ ഉള്ളവരെയാണ് പരിഗണിക്കുക.
കേരളത്തില്‍ ജാതിരഹിത വ്യവസ്ഥയൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ശബരിമല മേല്‍ശാന്തിയായിരുന്ന ബാലമുരളി തന്ത്രവിദ്യാപീഠത്തിന്റെ സെക്രട്ടറിയാണ്. നമ്പൂതിരിമാരുടെ തന്ത്രിമണ്ഡലത്തിന്റെ ജന.സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റിയും ബാലമുരളിയും എന്നോട് ചോദിച്ചത് മത്സ്യമാംസാദികള്‍ കഴിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ ക്ഷേത്രത്തില്‍ കയറിയാല്‍ അശുദ്ധിയാവില്ലെ എന്നാണ്. പൂജാവിധികളില്‍ മത്സ്യമാംസാദികള്‍ക്ക് വിവേചനം ഇല്ല എന്നിരിക്കെ ഞങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പൂജയ്ക്ക് അവകാശമില്ല എന്ന് വിലക്കുകയാണ് അവര്‍ ചെയ്യുന്നത്.
കേരളത്തില്‍ മത്സ്യവും മാംസവും ഉപയോഗിക്കാത്ത എത്ര നമ്പൂതിരിമാരുണ്ട്?. അതൊന്നും അവര്‍ ചിന്തിക്കുന്നില്ല. തന്ത്രവിദ്യ അറിയാത്ത എത്രപേരാണുള്ളത്. അതൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പോലും പ്രകടമായ വിവേചനമുണ്ട്.
തന്ത്രശാസ്ത്രത്തില്‍ ബലി ദുരാചാരമാണോ ?
തന്ത്രശാസ്ത്രത്തില്‍ ബലിയെക്കുറിച്ച് പറയുന്നുണ്ട്. അത് അംഗീകരിക്കാന്‍ ഇവിടുത്തെ തന്ത്രിമാര്‍ തയ്യാറല്ല. ബലി അവര്‍ ദുരാചാരമായി കണക്കാക്കുന്നു. അവര്‍ ചെയ്യാത്തതൊക്കെ മറ്റുള്ളവര്‍ ചെയ്താല്‍ അത് ദുരാചാരമാണ്. ഇവരുടെ ഗ്രന്ഥത്തില്‍ ഇല്ലാത്ത മൂര്‍ത്തിയാണ് ചാത്തനും നീലിയും കരിങ്കുട്ടിയുമൊക്കെ. ഹിന്ദുമതത്തിലുള്ളവര്‍ക്ക് ഹിന്ദുമതത്തെക്കുറിച്ച് അറിയില്ല. ശിവനേയും ശക്തിയേയും ആരാധിക്കുന്നിടത്തും കള്ളും കോഴിയുമൊക്കെയുണ്ട്.
ഹിന്ദുക്കള്‍ക്ക് ഹിന്ദുത്വം അറിയില്ല എന്നതാണ് ഇവിടുത്തെ പ്രധാനപ്രശ്‌നം. രാഷ്ട്രീയക്കാര്‍ ഇവരെ മുതലെടുക്കുന്നതും ഇതുകൊണ്ടാണ്. ഒരുവിഭാഗത്തെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുന്നതിനെതിരെ ഞാന്‍ ശക്തമായി നിലകൊള്ളും. പൂണൂലിട്ട് വേണം ശ്രീകോവിലിലേക്ക് ഒരാളെ പൂജയ്ക്ക് കയറ്റാന്‍ എന്ന നിലപാട് മാറണം.
പാലിയംവിളംബരം എന്നതിനെ ഞാന്‍ അംഗീകരിക്കുന്നില്ല. അവിടെവച്ചാണ് പൂണൂല്‍ ഇടണം എന്ന നിയമം ഉണ്ടാക്കിയത്. തന്ത്രശാസ്ത്രവുമായി പൂണൂലിന് ബന്ധമില്ല. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഹിന്ദുത്വവും ബ്രാഹ്മണ്യം ഉയര്‍ന്നുനില്‍ക്കുന്ന ഒരു വ്യവസ്ഥയാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതൊരു ഗൂഢപദ്ധതിയുടെ ഭാഗമാണ്. അതുകൊണ്ടാണ് ചില ആചാരങ്ങള്‍ അവര്‍ ബോധപൂര്‍വ്വം നീക്കം ചെയ്തത്. കോഴിയിറച്ചി കൂടാതെ ആഹാരം ഇറങ്ങാത്തവരൊക്കെയാണ് സവര്‍ണ്ണരുടെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്നത്. ആചാരത്തിന്റെ ഭാഗമായി നടത്തുന്ന ബലിയുടെ ശിഷ്ടം അഥവ യജ്ഞശിഷ്ടം ഭുജിക്കാമെന്ന് തന്ത്രത്തിലും വേദത്തിലും പറയുന്നുണ്ട് എന്നും ഓര്‍ക്കണം. അയ്യപ്പന്റേതായുള്ള പ്രകൃതി ആരാധന നിലച്ചതുകൊണ്ടാണ് അയ്യപ്പന്‍ കോപിച്ചത്. അതിന് യുവതി പ്രവേശനവുമായി ബന്ധമൊന്നുമില്ല.
ആര്‍ത്തവവും അശുദ്ധിയും ?
തന്ത്രവും ആര്‍ത്തവവും പരിശോധിച്ചാല്‍ തന്ത്രത്തില്‍ ആര്‍ത്തവത്തിന് അശുദ്ധിയില്ല. ക്ഷേത്രത്തിലും ഋതുമതികള്‍ പ്രവേശിച്ചാല്‍ അശുദ്ധിയില്ല. സ്വാമി ചിദാനന്ദപുരി പറയുന്നത് ആര്‍ത്തവ അശുദ്ധി എന്നത് സ്ത്രീക്ക് അശുദ്ധിയാണെന്ന് തോന്നുകയും ശാരീരികമായി താന്‍ ക്ഷീണിതയാണെന്ന് കരുതുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അശുദ്ധിയാണെന്നാണ്. ഇല്ലെങ്കില്‍ അശുദ്ധിയില്ല. എന്നപ്പോലുള്ളവര്‍
ആര്‍ത്തവത്തെ അശുദ്ധിയായി എടുക്കുന്നില്ല. എന്റെ ആശ്രമത്തിലെ ശ്രീകോവിലില്‍ വരെ രജസ്വലകള്‍ക്ക് പ്രവേശനമുണ്ട്.
ശബരിമലയിലെ മാറ്റത്തോടുള്ള കാഴ്ചപ്പാട് ?
എല്ലാം മാറ്റത്തിന് വിധേയമാകണം. മാറ്റം മാത്രമല്ല ഇവിടെ വിഷയം. ശബരിമല ക്ഷേത്രത്തില്‍ പണ്ട് സ്ത്രീകള്‍ പ്രവേശിച്ചിരുന്നു. ഒരു ആചാരത്തിലേക്ക് മടങ്ങുന്നു എന്ന് മാത്രം. മുമ്പുണ്ടായിരുന്ന ആ മലയാചാരങ്ങള്‍ക്കൂടി ഭാവിയില്‍ അവിടെ കൊണ്ടുവരണമെന്നാണ് ആഗ്രഹം.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഇത്തരം വേഷം തിരഞ്ഞെടുക്കാൻ കാരണം ?
ഇതിൽ ചിരട്ടയാണ് പ്രധാനം. ചണ്ഡാളൻ കഴുത്തിൽ ചിരട്ടകെട്ടണം എന്നാണ് ഹിന്ദുമതത്തിൽ. ചണ്ഡാളൻ എന്നാൽ ആധ്യാത്മികതയുടെ മാറുകരകണ്ടവരാണ് മോശക്കാരൻ എന്നല്ല അതുകൊണ്ട് അർത്ഥമാക്കുന്നത്. അവധൂതന്മാരാണ് അവർ. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം വേഷങ്ങൾ ഉപയോഗിക്കുന്നവരെ നീചജാതി ആയിട്ടായിരുന്നു കണ്ടിരുന്നത്, നികൃഷ്ടരായിട്ട്. ആ ജ്ഞാനികളോട്ചെയ്ത ക്രൂരതകൾക്ക് സമൂഹം മാപ്പ് പറയേണ്ടതുണ്ട്. ഇവരെ അടയാളപ്പെടുത്താനാണ് ഞാൻ ഈ വേഷം തിരഞ്ഞെടുത്തത്.
ശബരിമല യുവതി പ്രവേശനത്തില്‍ ആര്‍.എസ്.എസിന്റെ നിലപാട് ?
ഈ കാര്യത്തിൽ ഇരട്ടതാപ്പാണ് അവർക്കുള്ളത്. കോടതിവിധിയെ ആദ്യം സ്വാഗതം ചെയ്ത അവര്‍ ഇപ്പോൾ നിലപാട് മാറ്റിയല്ലോ. കേരളത്തിലെ പട്ടികജാതിക്കാരുള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ നടക്കുന്ന സമരത്തിന് എതിരാണ്. ഹിന്ദുസംഘടനകള്‍ ആരും ചര്‍ച്ചയ്ക്ക് തയ്യാറായി വന്നിട്ടില്ല. ഈ കാര്യത്തില്‍ എന്റെ അഭിപ്രായം ആരും അന്വേഷിച്ചിട്ടില്ല. പ്രത്യക്ഷമായ അവഗണന തന്നെയാണിത്. എന്റെ പ്രതികരണശേഷിയെ അവര്‍ ഭയപ്പെടുന്നു. വൈദിക മേഖലയിലുള്ളവര്‍ ഞങ്ങളെപ്പോലുള്ളവരെ അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മലയാചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് എന്നെപ്പോലുള്ളവര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. അത് അംഗീകരിക്കാന്‍ സവര്‍ണ്ണമേലാളന്മാര്‍ തയ്യാറല്ല.
ഇടതുസര്‍ക്കാരിന്റെ നിലപാട് ?
മുത്തലാക്ക് വന്നപ്പോള്‍ മുസ്‍ലിംകളുടെ ആചാരത്തെ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് പറയുന്നവര്‍ തന്നെയാണ് ശബരിമല വിഷയത്തില്‍ കടുംപിടുത്തം പിടിക്കുന്നത്. ഇത്തരത്തിലുള്ള വിഭാഗീയതയെ അംഗീകരിക്കുന്നില്ല. എല്ലാകാര്യത്തിലും സര്‍ക്കാര്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ജനം സര്‍ക്കാരിനൊപ്പം നില്‍ക്കുമായിരുന്നു.
ഇപ്പോൾ നടക്കുന്ന സ്ത്രീകളുടെ പ്രതിഷേധത്തെക്കുറിച്ച് ?
ഹിന്ദുസമൂഹത്തിലുള്ള മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാത്തവരാണ് ഇപ്പോള്‍ നാമജപയാത്രയുമായി ഇറങ്ങിയിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട ഹിന്ദു സ്ത്രീകള്‍ക്ക് വേണ്ടി എത്രപേര്‍ പ്രതിഷേധിച്ചു ?. ഇത്തരം പ്രശ്‌നങ്ങളില്‍ എത്ര ഹിന്ദുക്കള്‍ പ്രതിഷേധിച്ച് നിരത്തിലിറങ്ങിയിട്ടുണ്ട് ?. നിഷ്‌കളങ്ക ഭക്തിയെ ചിലര്‍ രാഷ്ട്രീയമായി മുതലെടുക്കുകയാണ്. അത് അവര്‍ മനസിലാക്കുന്നില്ല. ഹിന്ദു സ്ത്രീകള്‍ തന്ത്രം പഠിക്കണം. അവര്‍ തന്ത്രം എന്തെന്ന് മനസിലാക്കണം.
വേദാന്തികളുടെ പ്രഭാഷണങ്ങള്‍ അല്ല അവര്‍ കേള്‍ക്കേണ്ടത്, താന്ത്രികന്മാര്‍ പറയുന്ന തന്ത്രത്തിന്റെ അര്‍ത്ഥബോധത്തെ സ്ത്രീകള്‍ മനസിലാക്കണം. തത്വമസി എന്നതൊക്കെ ശബരിമലയില്‍ പിന്നീട് കൊത്തിവച്ചതാണ്. അത് ചാന്ദോഗ്യ ഉപനിഷത്തിലുള്ളതാണ്. അതൊന്നുമല്ല തന്ത്രം. തന്ത്രശാസ്ത്രത്തില്‍ രജസ്വലയായിരിക്കുന്ന സ്ത്രീക്ക് എങ്ങനെ ആധ്യാത്മികമായി ഉയരാം എന്നൊക്കെ വ്യക്തമായി പറയുന്നുണ്ട്. വേദാന്തികളുടെ പ്രഭാഷണം കേള്‍ക്കുന്നവര്‍ക്ക് ഒന്നിനെപ്പറ്റിയും ധാരണയില്ല. വേദാന്തവും തന്ത്രവും ഒരു തൊഴുത്തില്‍ കെട്ടുന്ന പശുക്കളെപ്പോലെയല്ല.
മൈഥുന തത്വമനുസരിച്ചാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശ്രീകോവില്‍ എന്നതു തന്നെ യോനീ സങ്കല്‍പമാണ്. ധ്വജം എന്നത് ലിംഗ സങ്കല്‍പമാണ്. കൊടിയേറ്റ് എന്നതപ്പോള്‍ ഉദ്ധാരണമാണ്. ഇങ്ങനെയൊക്കെ വരുമ്പോള്‍ യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്തിന്?. ക്ഷേത്രവിശ്വാസികള്‍ പഠിക്കേണ്ടത് തന്ത്രമാണ്.
ഹിന്ദുക്കള്‍ക്ക് ഹിന്ദുത്വം പഠിക്കാന്‍ കഴിയില്ല. അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡറുകളും ക്ഷേത്ര പൂജാരികളായി വരണമെന്നാണ് എന്റെ ആഗ്രഹം. ശബരിമലയില്‍ വരെ അവര്‍ പൂജാരികളായി എത്തണം.
ശബരിമല പോലെ വൈകാരികമായ ഒരു വിഷയത്തില്‍ ഇന്ന് ഒന്ന് പറയുകയും നാളെ മാറ്റിപ്പറയുകയും ചെയ്യുന്നവര്‍ക്ക് മുന്നില്‍ സ്വന്തം നിലപാടില്‍ അടിയുറച്ചുനില്‍ക്കുകയാണ് ഇദ്ദേഹം. എന്തുകൊണ്ട് ഇത്തരത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്നു എന്നതിനും അദ്ദേഹത്തിന് വ്യക്തമായ ഉത്തരമുണ്ട്. സവര്‍ണമേല്‍ക്കോയ്മയാല്‍ സമൂഹത്തിലെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുമ്പോഴും ക്ഷേത്രം എന്തെന്നും ആചാരങ്ങള്‍ എന്തെന്നും സ്ത്രീകള്‍ക്ക് തന്ത്രവിദ്യയില്‍ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണയുണ്ട് ഇദ്ദേഹത്തിന്. ആചാരത്തിന്റെ പേരില്‍ യുവതികളെ മാറ്റിനിര്‍ത്തുന്നതിനെ ചോദ്യം ചെയ്യുകയാണ് ആദിമാര്‍ഗ ശൈവാവധൂതന്‍ മഹാ ചണ്ഡാല ബാബ മലവാരി.