ആത്മസൗഹൃദം വഴിമാറുന്ന ഘട്ടങ്ങൾ
സ്വകാര്യമായി ആസ്വദിച്ചിരുന്ന സൗഹൃദത്തിന്റെ സന്തോഷ നിമിഷങ്ങളിൽനിന്ന് പെട്ടെന്ന് വിട്ടുപോകേണ്ടി വന്നത് അയാളുടെ മനോനിലയെയും ശാരീകാവസ്ഥകളെയും ഒരുപോലെ ബാധിച്ചു
കോവിഡ് മൂലം കലഹം പലവിധം: ആറ്
ജീവിതത്തെ പെട്ടെന്ന് മാറ്റിമറിക്കുന്ന ചില സൗഹൃദങ്ങൾ ആർക്കുമുണ്ടാകും. ജീവിതത്തിന്റെ ഏതെങ്കിലും അപ്രതീക്ഷിത സന്ദർഭത്തിലായിരിക്കും അതുനമ്മെ വരിഞ്ഞുമുറുക്കുക. സോഷ്യൽമീഡിയ കാലമായതോടെ ഗൃഹാതുരസ്മരണകളാൽ സമ്പന്നമായ പല പൂർവകാല ബന്ധങ്ങളും പുനസ്ഥാപിക്കപ്പെടുന്നത് പതിവായിട്ടുമുണ്ട്. അത്തരമൊരു ബന്ധത്തിന്റെ ആശ്വാസവും സന്തോഷവും ലോക്ക്ഡൗൺ ഇല്ലാതാക്കിയത് പലരുടെയും മനോനില തന്നെ തെറ്റിച്ചിട്ടുണ്ട്. കോട്ടയത്തെ വസ്ത്ര വ്യാപാരിയായ നാൽപതുകാരൻ അത്തരമൊരാളാണ്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഏറെ അടുപ്പമുണ്ടായിരുന്ന പെൺസുഹൃത്തിനെ 25 കൊല്ലത്തിന് ശേഷം അയാൾ കണ്ടുമുട്ടിയത് പൂർവ വിദ്യാർഥി സംഗമത്തിലൂടെയാണ്. അയാൾ വലിയ സാമൂഹിക ബന്ധങ്ങളുള്ള വ്യാപാരിയും അവർ സാധാരണ വീട്ടമ്മയുമായി ഇതിനകം മാറിയിരുന്നെങ്കിലും അവർ വളരെ വേഗം പഴയ സുഹൃത്തുക്കളായി മാറി. അതിവേഗം അത് ആത്മബന്ധമായി മാറി. രണ്ടുപേരും രണ്ടിടത്ത് കുടുംബമായി സന്തോഷത്തോടെ കഴിയുന്നവർ. സ്‌കൂൾ പഠനകാലത്ത് പ്രണയിച്ചിരുന്നെങ്കിലും ഇപ്പോൾ അത് അടുത്ത സുഹൃദ്ബന്ധം മാത്രമായി അവർ സൂക്ഷിച്ചു. ആഴമേറിയ സൗഹൃദത്തിനിടയിലും അവർ പരസ്പം സ്ത്രീ-പുരുഷ ബന്ധത്തിന്റെ അതിരുകൾ പാലിച്ചു. വിദേശത്തായിരുന്ന സ്ത്രീയുടെ ഭർത്താവ് ഇതിനിടെ നാട്ടിൽ വന്നു. ഇതോടെ അവർ പഴയസുഹൃത്തുമായുള്ള ആശയവിനിമയം സ്വയം നിയന്ത്രിച്ചു. സദാസമയവും നടന്നിരുന്ന ചാറ്റിങ് ഇടക്കിടെ ആയി മാറി. എങ്കിലും ബന്ധം തുടരുനായത് ഇരുവരക്കും ആശ്വാസവുമായി.
ഇതിനിടെയാണ് ലോക്ക്‌ഡൌൺ വന്നത്. ഇതോടെ ആശയിനിമയം പെട്ടെന്ന് നിലച്ചു. തത്ക്കാലം വ്യക്തിപരമായി സന്ദേശം അയക്കരുതെന്ന അറിയിപ്പോടെ അവർ അയാളുമായുള്ള ഓൺലൈൻ ബന്ധങ്ങളെല്ലാം മുറിച്ചു. പൊടുന്നനെ വന്ന ഈ മാറ്റം അയാൾക്ക് ഉൾകൊള്ളാനായില്ല. വലിയൊരു സൗഹൃദം അറ്റുപോയത് അസമയത്തുണ്ടായ ആഘാതമായി മാറി. അയാൾ സംസാരം കുറച്ചു. ഭക്ഷണം ഉപേക്ഷിച്ചു. ദേഷ്യം വർധിച്ചു. ഭാര്യയോട് ഇടക്കിടെ ക്ഷുഭിതനായി. ഫോണും കൈയ്യിലെടുത്ത് മുറിയിലിരിപ്പായി. ലോക്ക്‌ഡൌൺ ഓരാഴ്ച പിന്നിട്ടതോടെ ഇയാളുടെ വിഷാദാവസ്ഥ കൂടുതൽ രൂക്ഷമായി. ഉറക്കമില്ലാതായി. രാത്രി ഉണർന്നിരുന്ന് കരയുക പതിവായി. ആകർഷണീയമായി വസ്ത്രം ധരിച്ച് എല്ലാവരോടും ഉന്മേഷവാനായി ഇടപഴകിയിരുന്നയാൾ നിശ്ശബ്ദനും നിരാശാഭരിതനുമായിത്തീർന്നു.
സ്വകാര്യമായി ആസ്വദിച്ചിരുന്ന സൗഹൃദത്തിന്റെ സന്തോഷ നിമിഷങ്ങളിൽനിന്ന് പെട്ടെന്ന് വിട്ടുപോകേണ്ടി വന്നത് അയാളുടെ മനോനിലയെയും ശാരീകാവസ്ഥകളെയും ഒരുപോലെ ബാധിച്ചു. പഴയ സുഹൃത്തുമായുള്ള ബന്ധം വിവേഹതര പ്രണയമായി മാറാതിരിക്കാൻ ഇരുവരും അതീവ ശ്രദ്ധ പുലർത്തിയിരുന്നു. എന്നാൽ ഇക്കാര്യം ഭാര്യയോട് പറയാനുള്ള ആത്മവിശ്വാസം അയാൾക്കില്ലായിരുന്നു. ഭാര്യ അവിശ്വസിക്കുമോയെന്ന ഭയം. ആത്മസൗഹൃദമാണെന്ന് പറഞ്ഞാലും ഭാര്യക്ക് ഉൾകൊള്ളാനാകുമോ എന്ന ആശങ്ക. സമൂഹത്തിലെ തന്റെ പ്രതിച്ഛായക്ക് ഭംഗം വരുമോയെന്ന ആധി. ഒപ്പം താനയച്ച സന്ദേശങ്ങൽ അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയോ എന്ന സ്വയംസൃഷ്ടിച്ച കുറ്റബോധവും. ഇതാണയാളെ പെട്ടെന്ന് നിരാശനാക്കിയത്. അസമയത്തെന്ന പോലെ അയാളിൽ സൃഷ്ടിക്കപ്പെട്ട അത്യാഹ്ലാദങ്ങളെ അത് ഇല്ലാതാക്കി.
പ്രണയമോ സന്തോഷം നിറഞ്ഞ സൗഹൃദമോ ഉണ്ടാകുമ്പോൾ ഒരു വ്യക്തിയിൽ ചില ഹോർമോൺ മാറ്റങ്ങൾ സംഭവിക്കും. ഹാപ്പി ഹോർമോൺസ് എന്നറിയപ്പെടുന്ന ഹോർമാണുകളാണ് ഈ മാറ്റങ്ങളുടെ ഉൽപാദകർ. ഇത്തരം ഹോർമോണുകളുടെ അളവിൽ ശരീരത്തിൽ പെട്ടെന്ന് മാറ്റങ്ങളുണ്ടാകുന്നതും അത് അസന്തുലിതമായ തരത്തിൽ ആകുന്നതും ഒരാളെ ചിത്തഭ്രമത്തിലേക്കോ ഞരമ്പ് രോഗങ്ങളിലേക്കോ നയിച്ചേക്കാം. ഇത് ക്ലിനിക്കൽ ഡിപ്രഷനാണ്. മരുന്നുകളുണ്ട്. എന്നാൽ ലോക്ക്‌ഡൌണായതിനാൽ നേരിട്ടുള്ള ചികിത്സയും മറ്റും പ്രയാസകരവുമാണ്. അതിനാൽ ഫാമിലി കൌൺസിലിങ് മാത്രമാണ് സാധ്യമാകുക. അതിന് അടുത്ത ബന്ധുക്കളുടെ സഹായം അനിവാര്യമാണ്. ചിലപ്പോൾ അടുത്തബന്ധുക്കളോട് ഇവർ ദേഷ്യത്തോടെ പെരുമാറിയേക്കാം. അവരെ ആട്ടിയോടിക്കുക വരെ ചെയ്‌തേക്കാം. എന്നാലും അതെല്ലാം അവഗണിച്ച് ഇത്തരം ആളുകൾക്കൊപ്പം നിൽക്കണം. ഇവരുമായി ഇടപഴകി അവരെ പഴയ സന്തോഷ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. തത്ക്കാലം അവരെ സന്തോഷവാന്മാരാക്കി മാറ്റുക എന്നതാണ് ചെയ്യാനാവുക.