മുപ്പതു രൂപയുമായ് ഗുരു നിത്യചൈതന്യയതിയെ തേടി

കുറച്ചധികം വര്‍ഷങ്ങളായി ഗുരു നിത്യചൈതന്യയതിക്ക് തുടരേ കത്ത് എഴുതാറുണ്ടായിരുന്നു. എന്നാല്‍, മറുപടിയൊന്നും കിട്ടിയില്ല. കടുത്ത നിരാശ എന്നെ മാനസികമായി ബാധിച്ചിരുന്നു. അങ്ങിനെയിരിക്കേ, സത്യനേശന്‍ സ്വാമികളുടെ യോഗ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ് കാര്‍ഡ് എന്നെ തേടിയെത്തിയത്. 'മകനേ, നിന്റെ സുന്ദരമുഖം എനിക്കൊന്ന് കാണണം. ഉടന്‍ വരൂ' എന്ന് അതില്‍ എഴുതിയിരുന്നു. | ലൈഫ് സക്രാപ്

Update: 2022-09-23 05:57 GMT
Click the Play button to listen to article

യാത്രകള്‍ മലയാളികള്‍ക്ക് ഇപ്പോള്‍ ഹരമാണ്. വീട്ടിലെയും തൊഴിലിടങ്ങളിലെയും യാന്ത്രികതയില്‍നിന്ന് മോചനമാണ് അവര്‍ക്ക് ഇത്തരം യാത്രകള്‍. സിനിമയിലും സാഹിത്യത്തിലുമൊക്കെ യാത്രകള്‍ കൂടിക്കൂടി വരുന്നു. യാത്രയെ കേന്ദ്രീകരിച്ചുള്ള മാഗസിനുകള്‍ വരെ ഇറങ്ങുന്നു. ടൂര്‍ കമ്പനികളും നാട്ടില്‍ യഥേഷ്ടം. ഇവര്‍ ചെന്നെയും മുംബൈയും തൊട്ട് അന്റാര്‍ട്ടിക്കയിലേക്കും അന്യഗ്രഹങ്ങളിലേക്കു വരെ ടൂര്‍ കണക്റ്റു ചെയ്യുന്നു. സൈക്കിളിലും ബൈക്കിലുമൊക്കെയായ് ഇന്ത്യ മുഴുവന്‍ കറങ്ങുന്ന ചുള്ളന്‍ പിള്ളേരും അനവധി! പയ്യന്‍മാര്‍ മാത്രമല്ല സൈക്കിളില്‍ ഉലകം ചുറ്റുന്ന പെണ്‍കുട്ടികളുടെ ഫോട്ടോകളും നാം ഫെയ്‌സ്ബുക്കില്‍ നിത്യം കാണുന്നു. ഇന്ത്യന്‍ റെയില്‍വെയും ജനങ്ങളുടെ അഭിരുചിക്കൊത്ത് ഒട്ടേറെ പിക്‌നിക് ട്രെയിനുകള്‍ ഓടിക്കുന്നു.

ടിക്കറ്റ് ബുക്ക് ചെയ്ത്, താമസിക്കുന്ന സ്ഥലം നേരത്തെ ബുക്ക് ചെയ്ത് ക്രെഡിറ്റ് കാര്‍ഡില്‍ വേണ്ടത്ര പണം ഇട്ട് കൃത്യമായ സമയപരിധിക്കനുസരിച്ച് ചെയ്യുന്ന യാത്രകളെ യഥാര്‍ഥത്തില്‍ യാത്രകളെന്ന് പറയാമോ? യഥാര്‍ഥ യാത്രകള്‍ക്ക് അല്പം സാഹസികതയും അതിനൊപ്പം അനിശ്ചിതത്വവും വേണം. മുന്‍കൂര്‍ ധാരണകളില്ലാതെ അനിശ്ചിതത്വങ്ങളെ ഇഷ്ടപ്പെട്ടു കൊണ്ടുള്ള യാത്ര നിങ്ങളെ പലതും പഠിപ്പിക്കും. അനുഭൂതികള്‍ കൊണ്ട് നിങ്ങളുടെ ഇന്ദ്രിയങ്ങളെ നിറക്കും. ഇത്തരം യാത്രകള്‍ ചെയ്യണമെങ്കില്‍ ആദ്യം വേണ്ടത് സാമാന്യ ബോധമില്ലായ്മയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ലേശം ഉന്മാദം വേണം. ഉന്മാദം!

ഗുരുനിത്യചൈതന്യയതിയുടെ ഊട്ടി ഫേണ്‍ഹില്ലിലുള്ള ആശ്രമത്തിലേക്ക് ഞാന്‍ നടത്തിയത് ഇത്തരം ഒരു യാത്രയായിരുന്നു. ആ കാലത്ത് എനിക്ക് ഉന്മാദം ആവശ്യത്തില്‍ കൂടുതലുണ്ടായിരുന്നു. 1993ലായിരുന്നു ആ യാത്ര. ആ കാലത്ത് എന്റെ ഉന്മാദം ജ്വലിച്ചു നില്‍ക്കുകയായിരുന്നു. കുട്ടിക്കാലം തൊട്ടേ സാമ്പ്രദായിക വിദ്യാഭ്യാസത്തിന് പകരം വായനയും മൗലികമായ അന്വേഷണങ്ങളുമായിരുന്നു എന്നെ ആകര്‍ഷിച്ചിരുന്നത്. ഒരു കത്തിമുനയില്‍ നടക്കുന്ന പോലെയാണ് സമൂഹത്തിന്റെ വ്യവസ്ഥാപിത മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ ജീവിതസഞ്ചലനം. ഇത്തരം ജീവിതങ്ങളെ ചിലപ്പോള്‍ പൊതുജനം അസാധാരണമായോ വട്ടുകേസായോ നിരീക്ഷിക്കാം. എന്നാല്‍, 1992 ന്റെ അവസാനം എനിക്ക് എന്റെ ഇത്തരം മാനസികാവസ്ഥ അല്‍പം പിടിവിട്ട പോലെയായി. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്നുണ്ടായ രാജ്യത്തെ ദാരുണ സംഭവങ്ങളും വര്‍ഗീയ ധ്രുവീകരണവും എന്നെ കടുത്ത വിഷാദത്തിലേക്ക് നയിച്ചു. പക്ഷേ, ആ കാലത്ത് എനിക്ക് തുണയായത് എന്റെ നാട്ടില്‍നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള വടക്കന്‍ പറവൂരിനടുത്ത രാഘവാചാര്യ ആശ്രമത്തിലെ മംലാധിപതി സത്യനേശന്‍ സ്വാമികള്‍ ആയിരുന്നു. (ബാബരി മസ്ജിദ് തകര്‍ച്ചയുടെ സമയമായിരുന്നിട്ടും ഫാഷിസ്റ്റുകള്‍ എത്ര വിഭജനം നടത്താന്‍ ശ്രമിച്ചിട്ടു പോലും എത്ര ശക്തമായ മതസൗഹാര്‍ദവും പരസ്പരസ്‌നേഹവും സമൂഹത്തില്‍ നിലനിന്നു എന്നതിന് തെളിവ് കൂടിയാണിത്.) അദ്ദേഹത്തിന്റെ യോഗചികിത്സയും പച്ചമരുന്നുപ്രയോഗവും എന്നെ രക്ഷിച്ചു. അദ്ദേഹത്തിന്റെ ചികിത്സയെ തുടര്‍ന്ന് മനസിന്റെ ഉന്മാദാവസ്ഥകള്‍ വിട്ടുമാറുന്ന സമയത്താണ് ഗുരു നിത്യചൈതന്യയതിയുടെ ഒരു പോസ്റ്റ്കാര്‍ഡ് എന്നെ തേടിയെത്തിയത്.


ഗുരു നിത്യചൈതന്യയതി അന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മഹാനാണ്. അത്ഭുതസിദ്ധികളുള്ള മനുഷ്യനെന്ന് ചിലര്‍ അദ്ദേഹത്തെപ്പറ്റി വിശ്വസിച്ചു. എല്ലാ വിജ്ഞാനങ്ങളും തലച്ചോറിലടക്കിയ ഒരു സര്‍വവിജ്ഞാനകോശം! അതിനാല്‍ എന്റെ വ്യക്തിപരവും ചിന്താപരവുമായ ആശയക്കുഴപ്പങ്ങള്‍ അദ്ദേഹത്തിനേ ഈ ഭൂമിയില്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് ഞാന്‍ വിശ്വസിച്ചു. വ്യവഹാരിക ലോകത്ത് നിന്നകന്ന് ചിന്തകളുടെ വിചിത്രലോകത്ത് പെട്ടുപോയതിന്റെ സംഘര്‍ഷം അന്ന് ഞാന്‍ തീവ്രമായി അനുഭവിച്ചിരുന്നു. അതിനാല്‍ കുറച്ചധികം വര്‍ഷങ്ങളായി അദ്ദേഹത്തിന് തുടരേ കത്ത് എഴുതാറുണ്ടായിരുന്നു. എന്നാല്‍, മറുപടിയൊന്നും കിട്ടിയില്ല. കടുത്ത നിരാശ എന്നെ മാനസികമായി ബാധിച്ചിരുന്നു. എന്നാല്‍, സത്യനേശന്‍ സ്വാമികളുടെ യോഗ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ് കാര്‍ഡ് എന്നെ തേടിയെത്തിയത്. 'മകനേ, നിന്റെ സുന്ദരമുഖം എനിക്കൊന്ന് കാണണം. ഉടന്‍ വരൂ' എന്ന് അതില്‍ എഴുതിയിരുന്നു. ഈ കാര്‍ഡ് കിട്ടിയ ഉടനെ ഊട്ടിയിലെ ഫേണ്‍ഹില്ലിലെ ആശ്രമത്തിലേക്ക് പോകാന്‍ എനിക്ക് ധൃതിയായി. നിര്‍ധനനായ എനിക്ക് വണ്ടിക്കൂലി പോലും ഉണ്ടായിരുന്നില്ല. എല്ലാവരും എന്നെ ഉപേക്ഷിച്ച കാലം! ഞാന്‍ ആ കാര്‍ഡുമായി ഒരു സുഹൃത്തിനെ സമീപിച്ചു. അവന്‍ മുപ്പതു രൂപ തന്നു. പിറ്റേന്ന് വെളുപ്പിന് യാത്രയാകാന്‍ ഞാന്‍ നിശ്ചയിച്ചു. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍ അറിയാതെ യാത്ര പുറപ്പെടുക. മധുരമായ പ്രതികാരം.

വെളുപ്പിന് നാലു മണിക്ക് എണീറ്റ് മുമ്പേ തയാറാക്കി വെച്ചിരുന്ന പഴയ ബാഗില്‍ ഒരു ജോഡി വസ്ത്രവും പ്രിയപ്പെട്ട രണ്ടു പുസ്തകങ്ങളും വെച്ചു. ഇരുട്ട് കട്ട കുത്തിക്കിടക്കുകയാണ്. റോഡിലൂടെ നടക്കുമ്പോള്‍ ഞങ്ങളുടെ പ്രദേശത്തെ തെങ്ങുകയറ്റക്കാര്‍ കൊടുങ്ങല്ലൂര്‍ ടൗണിലേക്ക് പോകുന്നതു കണ്ടു. ഞാനവര്‍ക്കൊപ്പം കൂടി. കൊടുങ്ങല്ലൂര്‍ ടൗണ്‍ എത്തിയപ്പോള്‍ നേരം പരപരാന്ന് വെളുത്തിരുന്നു. ഞാന്‍ അവിടെ നിന്ന് തൃശൂര്‍ക്ക് വണ്ടി കേറി. അവിടെനിന്ന് പാലക്കാട്ടേക്കും. പാലക്കാട് സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ വല്ലാതെ വിശന്നു. കൈയിലെ കാശു കൊണ്ട് നന്നായി ഭക്ഷണം കഴിച്ചാല്‍ അവിടെ നിന്ന് ഊട്ടിയിലേക്കുള്ള പണം ബുദ്ധിമുട്ടാകും. അതിനാല്‍ ചെറിയ രണ്ടു വട മാത്രം വാങ്ങിക്കഴിച്ച് വശപ്പടക്കി, പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്ക് വണ്ടി കയറി.

കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ വിശപ്പ് കലശലായി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കോയമ്പത്തൂര്‍ സ്റ്റാന്‍ഡില്‍ നിന്നിരുന്ന മലയാളിയോട് മാന്യമായി യാചിച്ചു. അയാള്‍ ഇരുപതു രൂപ തന്നു. അതുകൊണ്ട് വേഗം പോയി രണ്ടു വട കൂടി കഴിച്ചു. ചൂടുള്ള ചായയും. ഊട്ടിയിലേക്കുള്ള വണ്ടി സ്റ്റാന്‍ഡില്‍ നിരന്നുകിടക്കുന്നുണ്ട്. അതിലൊന്നില്‍ കേറിയിരുന്നു. അങ്ങോട്ടേക്കുള്ള ടിക്കറ്റിന്റെ കൃത്യം പണം. ഊട്ടിയിലേക്കുള്ള ചേരന്‍ ട്രാന്‍സ്‌പോര്‍ട്ട് കുത്തനെയുള്ള കയറ്റങ്ങളും വളവുകളും പിന്നിട്ട് ഓടിക്കൊണ്ടിരുന്നു. നവംബറിന്റെ തുടക്കമാണ്. കോടമഞ്ഞ് ബസിന്റെ ഇരുവശത്തുനിന്നും ഉള്ളിലേക്ക് പാഞ്ഞുവന്നു. എല്ലാവരും സ്വെറ്റര്‍ ഇട്ടിട്ടുണ്ട്. എനിക്ക് വെറും പഴങ്കുപ്പായം മാത്രം.


ഊട്ടി സ്റ്റാന്‍ഡില്‍ ബസ്സ് നിറുത്തി. അപ്പോള്‍ വൈകുന്നേരം ആറു മണിയായിക്കാണും. എന്നാലും ഇരുള്‍വന്ന് മൊത്തം മൂടിയിട്ടില്ല. ഞാന്‍ ബസ്സില്‍ നിന്നിറങ്ങി ഇത്തിരി നടന്നു. റോഡില്‍ കണ്ട രണ്ട് വൃദ്ധരോട് ചോദിച്ചു. 'നാരായണ ഗുരുകുലം എവിടെയാണ്?'

'ഞങ്ങള്‍ ആ വഴിക്കാണ് പോകുന്നത്. കൂടെ പോന്നോളൂ.' അവരിലൊരാള്‍ പറഞ്ഞു. പറഞ്ഞയാള്‍ അന്ധനായിരുന്നു. മറ്റെയാള്‍ ബധിരനും. ഞാനവര്‍ക്ക് പിന്നാലെ നടന്നു. ഊട്ടിയിലെ പ്രകൃതി രമണീയത എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ക്യാരറ്റ് ചെടികളും കാബേജ് ചെടികളും റോഡിന് ഇരുവശവും. വൃത്തിയുള്ള റോഡുകളും പാതകളും.

'ദാ.. ഗുരുകുലത്തിന്റെ അടുത്തെത്തി.' കുറേ നേരം കഴിഞ്ഞപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. 'അങ്ങോട്ട് പൊക്കോ.. അതാണ് ആശ്രമം.' വലിയ മുള്‍ഗേറ്റിനുള്ളില്‍ ചെറിയ ഒരു കെട്ടിടം. കെട്ടിടത്തിലേക്കുള്ള വഴി ഞാന്‍ ഓടിതീര്‍ത്തു. എന്റെ ഓട്ടം ഉന്മാദാവസ്ഥയിലായിരുന്നു. കടുത്ത അരക്ഷിതത്വവും വേദനയും എന്റെയുള്ളിലുണ്ടായിരുന്നു. 'എവിടെ ഗുരു' എന്ന് ഞാന്‍ ഓര്‍മയില്ലാതെ അലറി വിളിച്ചു.

ആശ്രമത്തില്‍നിന്ന് ഒച്ച കേട്ട് ഒരു വെളുത്ത സുമുഖനായ യുവാവ് പുറത്തേക്ക് വന്നു. ഞാന്‍ വിവരങ്ങള്‍ ഗദ്ഗദത്തില്‍ പറഞ്ഞു. 'എന്തെങ്കിലും രേഖകളുണ്ടോ കൈയില്‍?' അയാള്‍ ചോദിച്ചു. ഞാന്‍ ഗുരു അയച്ച പോസ്റ്റ് കാര്‍ഡ് അയാള്‍ക്ക് നേരെ നീട്ടി. 'ഗുരു ഇവിടെയില്ല. കേരളത്തിലുടനീളം സ്‌നേഹസംവാദങ്ങള്‍ സംഘടിപ്പിക്കുകയാണ്. നിങ്ങളെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കാം.' രാമകൃഷ്ണന്‍ പറഞ്ഞു. പെട്ടെന്ന് പ്രാര്‍ഥനക്കുള്ള മണി മുഴങ്ങി. രാമകൃഷ്ണന്‍ എന്നെ അകത്തേക്ക് വിളിച്ചു. അവിടെ താമസക്കാരായ രണ്ടു മദാമ്മമാരും നാലഞ്ചു ചെറുപ്പക്കാരും നിലത്തു വിരിച്ച ഷീറ്റില്‍ ചമ്രം പടിഞ്ഞിരുന്നു. രാമകൃഷ്ണന്‍ നാരായണ ഗുരുവിന്റെ ആത്മോപദേശകം ചൊല്ലി. യതി അന്ന് തര്‍ജുമ ചെയ്തുകൊണ്ടിരുന്ന ഭഗവത്ഗീത സ്വാസ്വാധ്യായത്തിലെ ചില ഭാഗങ്ങളും.


ഞാന്‍ ഒരു കവിയാണെന്ന് മനസ്സിലാക്കിയതിനാല്‍ രാമകൃഷ്ണന്‍ ആ ചെറിയ സദസ്സില്‍ എന്നോട് ഒരു കവിത ചൊല്ലാന്‍ പറഞ്ഞു. മദാമ്മമാര്‍ക്ക് കഴിയുംവിധം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ചൊല്ലിയാല്‍ നന്നായിരിക്കും എന്നും പറഞ്ഞു. 'നഷ്ടം' എന്ന വെറും പന്ത്രണ്ടു വരിയുള്ള ഒരു കവിതയുടെ ഇംഗ്ലീഷ് വിവര്‍ത്തനം എന്റെ കൈയിലുണ്ടായിരുന്നു. ഞാനതു ചൊല്ലിയപാടെ മദാമ്മ 'വെരി നൈസ്' എന്ന് പറഞ്ഞു. പക്ഷേ, അതെന്റെ ഉള്ളില്‍ കൊണ്ടില്ല. കാരണം വെളുപ്പിന് നാലു മണിക്ക് പോന്നതാണ്. അതിനിടെ കഴിച്ചത് കൊച്ചു ഗുളികകള്‍ പോലുള്ള ഭക്ഷണം മാത്രം. ഈ ആശ്രമത്തില്‍ എപ്പോഴാണാവോ അത്താഴം. ഈ ചിന്ത എന്റെ മനസില്‍ വട്ടമിട്ടുകൊണ്ടിരുന്നു. പ്രാര്‍ഥനയ്ക്കു ശേഷം രാമകൃഷ്ണനും മറ്റു ശിഷ്യഗണങ്ങളും കൂടി അടുക്കളയിലേക്ക് നീങ്ങി. സമയമിപ്പോള്‍ രാത്രി പതിനൊന്ന് മണി കഴിഞ്ഞിരിക്കും. രാമകൃഷ്ണന്‍ ഗോതമ്പുപൊടിയെടുത്ത് കുഴക്കാന്‍ തുടങ്ങി. എനിക്ക് മൂക്കത്ത് അരിശം ഇരമ്പിയാര്‍ത്തു. ചപ്പാത്തിയുണ്ടാക്കാനുള്ള പ്രാരംഭ ചടങ്ങുകള്‍ ആരംഭിക്കുന്നേയുള്ളൂ. അയാള്‍ പതുക്കെപ്പതുക്കെ ഗോതമ്പ് ഉണ്ടകള്‍ എടുത്ത് നിരാശ്രയനായും നിര്‍മമനായും പരത്താന്‍ തുടങ്ങി. ഞാനയാളെ ആയിരം വട്ടം മനസില്‍ പിരാകി. വിശപ്പുകൊണ്ട് എന്റെ കുടലു കത്തുന്ന ഗന്ധം വരുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. താഴത്തെ അടുപ്പിലേക്ക് നോക്കിയപ്പോഴാണ് ബഹുരസം. എനിക്ക് ചിരിപൊട്ടി. താഴത്തെ അടുപ്പില്‍ ഒരു വലിയ കലം കേറ്റിവച്ചു മറ്റു ശിഷ്യര്‍ വെള്ളം ചൂടാക്കാന്‍ തുടങ്ങുകയായിരുന്നു. ഊട്ടിയിലെ കോച്ചുന്ന തണുപ്പില്‍ കൈകഴുകാനും കുളിക്കാനും ചൂടുവെള്ളം വേണം. അടുപ്പിലേക്ക് അവര്‍ എടുത്തിടുന്ന ഇന്ധനം മൂലയില്‍ വലിയ കുന്നുപോലെ കൂട്ടിയിട്ട പോസ്റ്റല്‍ കത്തുകളാണ്. യതിക്ക് കേരളത്തിലെ യുവത്വം അയക്കുന്ന കത്തുകള്‍ വായനയ്ക്കു ശേഷം അവിടെ അടുപ്പെരിക്കാനുള്ള വിറകായി മാറുന്നു.

സത്യാന്വേഷകരായ കേരളീയ യുവാക്കളുടെ ധര്‍മസങ്കടങ്ങളും സ്വകാര്യ വേദനകളും അടുപ്പില്‍ ആളിക്കത്തുന്നതും വെള്ളം വെട്ടിത്തിളച്ചു വരുന്നതും ഞാന്‍ കണ്ടു. കുറേ കഴിഞ്ഞപ്പോള്‍ ഗോതമ്പു ചപ്പാത്തിയും കാബേജ് കറിയും റെഡിയായി, കൂടാതെ ഓരോ ഗ്ലാസ് പാലും. 'നിങ്ങള്‍ക്കുള്ള മുറി ഇയാള്‍ കാണിച്ചുതരും. രാത്രി ഇടാനുള്ള സ്വെറ്ററും തരും.' ഒരാളെ എന്റെയൊപ്പം വിട്ടിട്ട് രാമകൃഷ്ണന്‍ പറഞ്ഞു. 'നാളെ യതിയുടെ അടുത്തേക്ക് പോകാം. അദ്ദേഹം നാളെ കോഴിക്കോട് ജില്ലയിലായിരിക്കും.' ഞാനും എന്നോടൊപ്പം പറഞ്ഞയച്ചയാളും ഔട്ട് ഹൗസിലെത്തി. അയാള്‍ ഒരു കമ്പിളി സ്വെറ്റര്‍ തന്നശേഷം പറഞ്ഞു. 'ഇന്നലെ ഒരു ജപ്പാന്‍കാരി കിടന്ന സ്ഥലമാണ്. അവര്‍ ടൂര്‍ പോയിരിക്കുകയാണ്. അവിടെ പലതും കാണും. ഒന്നും അനക്കരുത്.' ഞാന്‍ നോക്കിയപ്പോള്‍ ഒരു വലിയ ബാഗും അതില്‍ നിറയെ ഡോളറുകളും കണ്ടു. പഞ്ചനക്ഷത്ര സുഖങ്ങള്‍ക്കിടയില്‍ തെണ്ടിയായ ഞാന്‍ വേഗം ഉറങ്ങിപ്പോയി.

പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ പ്രാര്‍ഥനാമുറിയില്‍വെച്ച് രാമകൃഷ്ണന്‍ പറഞ്ഞു. 'ജോര്‍ജ് എന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ ഇന്നലെ രാത്രി എത്തിയിട്ടുണ്ട്. അദ്ദേഹത്തിനും യതിയെ കാണണം. നിങ്ങള്‍ ഒരുമിച്ച് ഇന്നുതന്നെ യാത്രയാരംഭിച്ചോളൂ.' അദ്ദേഹം കുറച്ചു നോട്ടുകള്‍ എന്റെ കൈയില്‍ വെച്ചുതന്നു. യതിയെ വടകരയിലുള്ള കനകമല ആശ്രമത്തില്‍ വച്ച് അങ്ങനെ ഞാന്‍ സന്ധിക്കുകയും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച പിന്നീട് എന്റെ ജീവിതത്തെ മൊത്തം മാറ്റിത്തീര്‍ത്തു.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - പി.എ നാസിമുദ്ദീന്‍

Writer

Similar News