പ്രണയം, പക, കൊല; മാഫിയാ ബോസായ ബ്യൂട്ടി ക്വീൻ; ഇത് അസുന്ത മരെസ്‌കയുടെ കഥ

പത്തൊമ്പതാം വയസ്സിൽ ഭർത്താവിന്റെ കൊലപാതകിയെ നേപ്പ്ൾസ് നഗരമധ്യത്തിലിട്ട് വെടിവച്ചു കൊന്നതോടെയാണ് മരസ്‌ക ശ്രദ്ധ നേടുന്നത്. അന്ന് ആറു മാസം ഗർഭിണിയായിരുന്നു അവർ.

Update: 2022-01-01 14:37 GMT
Advertising

ഇരുളും വെളിച്ചവും പിണഞ്ഞുകിടക്കുന്ന ഇറ്റാലിയൻ മാഫിയാ ലോകത്തെ സൗന്ദര്യറാണിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അസുന്ത മരെസ്‌ക. പ്രണയവും പകയും പ്രതികാരവും ഉൾച്ചേർന്നുനിന്ന ബ്യൂട്ടി ക്വീൻ. ഒരു സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഒത്തുചേർന്ന ജീവിതം. അധോലോകം അവരെ ഇഷ്ടത്തോടെ ലിറ്റിൾ ഡോൾ (പാവക്കുട്ടി) എന്നു വിളിച്ചു. ആ വിളിയിൽ മാത്രമേ സ്‌നേഹക്കൂടുതൽ ഉണ്ടായിരുന്നുള്ളൂ. അവരുടെ ജീവിതം തീർത്തും വ്യത്യസ്തമായിരുന്നു. സിനിമാക്കഥയെ വെല്ലുന്ന മരെസ്‌കയുടെ ജീവിതം.

പത്തൊമ്പതാം വയസ്സിൽ ഭർത്താവിന്റെ കൊലപാതകിയെ നേപ്പ്ൾസ് നഗരമധ്യത്തിലിട്ട് വെടിവച്ചു കൊന്നതോടെയാണ് മരസ്‌ക ശ്രദ്ധ നേടുന്നത്. അന്ന് ആറു മാസം ഗർഭിണിയായിരുന്നു അവർ. കൊന്നത് കൊടുംകുറ്റവാളി സംഘമായ കമോറയുടെ തവൻ അന്റോണിയോ എസ്‌പോസിറ്റോയെ!

പതിനെട്ടാം വയസ്സിൽ ബ്യൂട്ടി ക്വീൻ

ദക്ഷിണ നേപ്പ്ൾസിൽ കമോറിസ്റ്റുകളുടെ നേതാവായിരുന്ന വിൻസെൻസോ മരസ്‌കയുടെ കുടുംബത്തിൽ 1935 ജനുവരി 19നാണ് അസുന്തയുടെ ജനനം. അച്ഛൻ കള്ളക്കടത്തുകാരനായ ആൽബർട്ടോ മരെസ്‌ക. നാലു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു അവർ. അതുകൊണ്ടു തന്നെ ലാളനയേറെ കിട്ടിയാണ് കൊച്ചു അസുന്ത വളർന്നത്.

അതിസുന്ദരിയായ അവർ പതിനെട്ടാം വയസ്സിൽ നേപ്പ്ൾസ് നഗരത്തിലെ പ്രാദേശിക സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി. ഇക്കാലത്താണ് നഗരത്തിലെ ഗുണ്ടാത്തലവനായിരുന്ന പസ്‌ക്വേൽ സിമോണെറ്റിയുമായി ഇവർ പ്രണയത്തിലാകുന്നത്. നഗരച്ചന്തയിലെ പഴംപച്ചക്കറി വ്യാപാരിയായിരുന്നു ആദ്യം സിമോണെറ്റി. പിന്നീട് കള്ളക്കടത്തിലേക്ക് നീങ്ങി. ഒരു കേസിൽ ജയിലിലായിരുന്ന ഇയാൾ പുറത്തിറങ്ങിയതിന് പിന്നാലെ അസന്തയെ മിന്നുകെട്ടി. അത്യാഡംബരത്തോടെയായിരുന്നു വിവാഹമെങ്കിലും ആ സന്തോഷം ഏറെ നാൾ നീണ്ടില്ല. 

അസുന്ത മരെസ്‌ക

നഗരത്തിലെ മാഫിയാ സംഘങ്ങൾക്കിടയിൽ വളർന്ന കുടിപ്പക സിമോണെറ്റിയുടെ ജീവനെടുത്തു. മാഫിയാ സംഘത്തലവനായിരുന്ന അന്റോണിയോ എസ്‌പോസിറ്റോ വാടകക്കെടുത്ത ഗെയ്റ്റാനോ ഒർലാൻഡോയാണ് ഇയാളെ വെടിവച്ചു കൊന്നത്. അന്ന് ആറു മാസം ഗർഭിണിയായിരുന്നു അസുന്തോ.

പട്ടാപ്പകൽ കൊലപാതകം

വെടിവെപ്പ് നടന്നിട്ടും പൊലീസ് അനങ്ങിയില്ല. എസ്‌പോസിറ്റോയിൽ നിന്ന് പണം പറ്റിയ പൊലീസുകാർ അതിൽ ഇടപെടില്ല എന്നായിരുന്നു അസുന്തോ വിശ്വസിച്ചിരുന്നത്. അയാളിൽനിന്ന് അവർ ഭീഷണയും നേരിട്ടു. ഇതോടെ സ്വന്തം നിലയ്ക്ക് തന്നെ അവർ കൊലയാളിയെ നേരിടാനൊരുങ്ങി. 1955 ഓഗസ്റ്റ് നാലിന് ഇളയ സഹോദരനൊപ്പം നേപ്പ്ൾസിലേക്ക് വണ്ടി കയറി.

നഗരച്ചന്തയിൽ വച്ചു തന്നെയാണ് അവർ എസ്‌പോസിറ്റോയെ കണ്ടുമുട്ടിയത്. അസുന്തയെ കണ്ടയുടൻ, ഒരുപാട് നാളായി നിങ്ങളെന്നെ അന്വേഷിച്ചു നടക്കുകയാണ് എന്നറിഞ്ഞു എന്നു പറഞ്ഞ്, തുറന്നു കിടന്ന ഗ്ലാസ് വിൻഡോയിലൂടെ കാറിന് അകത്തേക്ക് തലയിട്ടു. ആ സുന്ദരിയുടെ കവിളിൽ തലോടി. 'ഞാനിതാ ഇവിടെ, കാറിന് പുറത്തേക്കു വരൂ' - അയാൾ ആവശ്യപ്പെട്ടു. 

1993 ജനുവരി 31ന് അസുന്തോയെ പൊലീസ് അറസ്റ്റു ചെയ്യുന്നു. ചിത്രത്തിന് കടപ്പാട്- സുമ പ്രസ്/ഐവെയ്ൻ

അസുന്ത സമയമൊട്ടും പാഴാക്കിയില്ല. ഹാൻഡ് ബാഗിലിരുന്ന സ്മിത് ആൻഡ് വെസൻ 38 റിവോൾവർ കൈയിലെടുത്തു. ഉന്നം തെറ്റാതിരിക്കാനായി രണ്ട് കൈകൾ കൊണ്ടും അമർത്തിപ്പിടിച്ച് പോയിന്റ് ബ്ലാങ്കിൽ നിന്ന് അയാൾക്കെതിരെ വെടിയുതിർത്തു. ആ മാഫിയാ തലവൻ പട്ടാപ്പകൽ നേപ്പ്ൾസ് നഗരത്തിൽ വീണു പിടഞ്ഞു മരിച്ചു. തോക്ക് കൈയിലെടുത്ത നിമിഷം ഉന്നം തെറ്റിപ്പോയെങ്കിലോ എന്ന് താൻ ഭയപ്പെട്ടിരുന്നതായി അവർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

കുറ്റകൃത്യങ്ങളുടെ ദേവത

1955 ഒക്ടോബർ 14ന് അസുന്ത അറസ്റ്റിലായി. കൊലപാതകം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. അന്വേഷണങ്ങൾക്കൊടുവിൽ 1955 ആഗസ്ത് നാലിന് നേപ്പ്ൾസിലെ അസിസെസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചു. വിചാരണയ്ക്കിടെ ഒരുഘട്ടത്തിൽ ഭർത്താവിന്റെ കൊലയാളിയെ വകവരുത്തിയതിൽ പശ്ചാത്താപമില്ലെന്നും വേണ്ടി വന്നാൽ ഇനിയും ചെയ്യുമെന്നും അവർ പ്രതിക്കൂട്ടിൽ നിന്നു വിളിച്ചു പറഞ്ഞു. ആർപ്പുവിളിയോടെയാണ് കോടതി മുറി വാക്കുകളെ സ്വീകരിച്ചത്.

കുറ്റകൃത്യങ്ങളുടെ ദേവത- ദ ദിവ ഓഫ് ക്രൈം- എന്നാണ് ഒരു പത്രം അസന്തയെ വിശേഷിപ്പിച്ചത്. വലിയ ആൾക്കൂട്ടമാണ് വിചാരണ നടപടികൾ നേരിട്ടു കാണാനായി കോടതി മുറിയിൽ ഇരച്ചെത്തിയത്. വാദങ്ങൾ ജനങ്ങൾക്ക് നേരിട്ടു കേൾക്കാനായി കോടതിക്ക് പുറത്ത് ഉച്ചഭാഷിണികൾ തയ്യാറാക്കിയിരുന്നു. നേപ്പ്ൾസ് കോടതിയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു ഇത്തരത്തിലൊരു വിചാരണ. 

അസുന്ത മരെസ്‌ക

ഒടുവിൽ കോടതി അസന്തയെ 18 വർഷത്തെ തടവിനു വിധിച്ചു. ജയിലിൽ വച്ചാണ് അവർ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. പതിനാലു വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് അവർ കുഞ്ഞായ പസ്‌ക്വാലിനോയുമായി സമാഗമിച്ചത്. ജയിലിൽ നിന്നെത്തിയ ശേഷം അവർ ചില സിനിമകളിൽ അഭിനയിച്ചു. നിരവധി ചെറുപ്പക്കാരാണ് അവരോട് പ്രണയാഭ്യർത്ഥന നടത്തിയത്. നായികാ പരിവേഷം കിട്ടിയ അവർ നേപ്പ്ൾസിൽ രണ്ട് തുണിക്കടകൾ ആരംഭിക്കുകയും ചെയ്തു.

കാണാതായ മകനെത്തേടി 

പിന്നീട് ആയുധക്കടത്തുകാരനും മറ്റൊരു കമോറ സംഘത്തലവനുമായ ഉമ്പർട്ടോ അമ്മാതുറോയുടെ ജീവിതപങ്കാളിയായി. ആ ബന്ധത്തിൽ അവർ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. എന്നാൽ കമോറകൾക്കിടയിൽ പുതിയ നേതാവായി ഉയർന്നുവന്നിരുന്ന പസ്‌ക്വാലിനോയോട് അമ്മാതുറെയ്ക്ക് അസൂയയുണ്ടായിരുന്നു.

പതിനെട്ടാം വയസ്സിൽ, 1974 ജനുവരിയിൽ നേപ്പ്ൾസിലെ ഫ്‌ളൈ ഓവറിൽ വച്ച് അമ്മാതുറോയെ കാണാൻ പോയ പാസ്‌ക്വലിനോ പിന്നീട് തിരിച്ചുവന്നില്ല. തന്റെ കാമുകൻ മകനെ കൊന്ന് സിമന്റിനുള്ളിൽ മറവു ചെയ്തു എന്ന് അസുന്തോ വിശ്വസിച്ചു. അതേക്കുറിച്ച് അമ്മാതുറോയോട് താൻ ചോദിച്ചിരുന്നുവെന്ന് 1955ൽ ഗാർഡിയന് നൽകിയ ഇന്റർവ്യൂവിൽ അവർ വെളിപ്പെടുത്തിയിരുന്നു. ഇരുവരും രൂക്ഷമായ വഴക്കുണ്ടായെങ്കിലും പാസ്‌ക്വലിനോ എവിടെയെന്ന ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. 1982ൽ അവർ വേർപിരിഞ്ഞു. 

Full View

ഇതികനം ക്രിമിനൽ സംഘങ്ങളിൽ മാഡം കമോറയായി മാറിക്കഴിഞ്ഞിരുന്നു അസുന്തോ. നവോ കമോറ അംഗമായ സിറോ ഗാലിയെ കൊന്നതിന് പിന്നിൽ ഇവരാണെന്ന ആരോപണമുയർന്നു. 1982ൽ ഇറ്റാലിയൻ ക്രൈം ബോസ് എന്നറിയപ്പെടുന്ന മാഫിയാ തലവൻ റഫേൽ കുടോളയെ വാർത്താ സമ്മേളനത്തിൽ പരസ്യമായി വെല്ലുവിളിച്ചു. അതേ വർഷം ഫോറൻസിക് സയന്റിസ്റ്റും നിയോ ഫാസിസ്റ്റുമായ അൽഡോ സെമെറാറി കൊല്ലപ്പെട്ട കേസിൽ അസന്തോയും അമ്മാതുറോയും അറസ്റ്റിലായി. നാലു വർഷമാണ് ഈ കേസിൽ ജയിലിൽ കഴിഞ്ഞത്. പിന്നീട് വടക്കൻ ഇറ്റാലിയൻ നഗരമായ പോംപിയിൽ ഏകയായി താമസിച്ചു വരികയായിരുന്നു. നിരവധി ചലചിത്രങ്ങൾക്ക് പ്രമേയമായ ജീവിതം കൂടിയായിരുന്നു ഈ മാഫിയാ രാജ്ഞിയുടേത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - എം അബ്ബാസ്‌

contributor

Similar News