മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കാന്‍ പൊലീസിന്‍റെ എണ്ണം കൂട്ടിയിട്ട് കാര്യമുണ്ടോ?
ഏറ്റവും കൂടുതൽ രോഗികളും രോഗവ്യാപനവുമുള്ള മലപ്പുറം ജില്ലയിൽ ഏറ്റവും കുറവ് വാക്സിനേഷനെന്നത് ബോധപൂർവം സംഭവിക്കുന്നതാണെന്ന് ജില്ലയിലുള്ളവർ സംശയിച്ചാൽ സർക്കാർ എന്ത് മറുപടി നല്‍കും?
കേരളത്തിൽ ഇപ്പോൾ ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന ഏക ജില്ല മലപ്പുറമാണ്. സംസ്ഥാന ശരാശരിയെക്കാൾ കോവിഡ് പോസിറ്റിവിറ്റി നിലനിൽക്കുന്ന പ്രദേശമായതിനാലാണല്ലോ ഇവിടെ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്. മലപ്പുറത്ത് പോലീസിനെ ഉപയോഗിച്ച് കോവിഡ് പ്രോട്ടോക്കാളും ലോക്ഡൗൺ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നതിലാണിപ്പോൾ സർക്കാർ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ചികിത്സാ സൗകര്യങ്ങൾ ഏറ്റവും കുറവുള്ള ജില്ലയാണ് മലപ്പുറം. കാസർകോട് മാത്രമാണ് ഇക്കാര്യത്തിൽ മലപ്പുറത്തേക്കാൾ സൗകര്യം കുറഞ്ഞ ഏക ജില്ല. 650 രോഗികൾക്ക് ഒരു കിടക്ക എന്നതാണ് ചികിത്സാരംഗത്ത് കേരളത്തിൽ നിലവിലുള്ള സൗകര്യത്തിന്‍റെ സംസ്ഥാന ശരാശരി. എന്നാൽ മലപ്പുറത്ത് 1317 പേർക്ക് ഒരു കിടക്ക എന്നതാണവസ്ഥ. കോവിഡ് പോസിറ്റീവായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ബാധിക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ അധിക സൗകര്യങ്ങളൊരുക്കിയപ്പോഴും മലപ്പുറം ജില്ലയിലത് ജനസംഖ്യാനുപാതികമായി ലഭിച്ചിട്ടില്ല. ഇത്ര ജനസംഖ്യയും കോവിഡ് പോസിറ്റീവായവരും ഇല്ലാത്ത ജില്ലകളിൽ പോലും മലപ്പുറത്തുള്ളതിനേക്കാൾ ഐസിയു ബെഡ്ഡുകളും വെന്‍റിലേറ്ററുകളും മറ്റു ചികിത്സാ സൗകര്യങ്ങളുമുണ്ട്. രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിൽ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല. പകരം പോലീസ് വകുപ്പിനെ ഉപയോഗിച്ച് ആരോഗ്യമേഖലയുടെ കുറവും വീഴ്ചകളും പരിഹരിക്കാനാണിവിടെ ശ്രമം നടത്തുന്നത്.
കോവിഡ് വ്യാപനം ചെറുക്കാനുള്ള പ്രതിരോധ മാർഗമിപ്പോൾ വാക്സിനേഷൻ നൽകലാണല്ലോ. നിലവിലെ സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് തന്നെ വാക്സിനേഷൻ ശതമാനം പരിശോധിക്കുമ്പോൾ ഏറ്റവും കുറവ് വാക്സിനേഷൻ നൽകിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കൂടുതൽ രോഗികളും രോഗവ്യാപനവുമുള്ള മലപ്പുറം ജില്ലയിൽ ഏറ്റവും കുറവ് വാക്സിനേഷനെന്നത് ബോധപൂർവം സംഭവിക്കുന്നതാണെന്ന് ജില്ലയിലുള്ളവർ സംശയിച്ചാൽ സർക്കാർ എന്ത് മറുപടി നൽകിയാണതിനെ മറികടക്കുക? അത്തരം സംശയങ്ങളിപ്പോൾ ഇവിടെ ദിനംപ്രതി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നെങ്കിലും സർക്കാർ എത്രയും പെട്ടെന്ന് തിരിച്ചറിഞാൽ അത്രയും നല്ലത്.
മലപ്പുറത്തേക്കാൾ കോവിഡ് പോസിറ്റീവായവർ കുറവുള്ള മറ്റ് ജില്ലകളിലെ വാക്സിനേഷൻ കണക്കുകൾ കാണുമ്പോൾ ഇത്തരം സംശയങ്ങൾ വർധിക്കുക സ്വാഭാവികവുമാണ്. തിരുവനന്തപുരത്ത് 30 ശതമാനവും പത്തനംതിട്ടയിൽ 42 ശതമാനവും ജനങ്ങൾക്ക് വാക്സിനേഷൻ ലഭ്യമാക്കിയപ്പോൾ മലപ്പുറം ജില്ലയിൽ വെറും 16 ശതമാനം ജനങ്ങൾക്ക് മാത്രമാണ് വാക്സിനേഷൻ നൽകിയിരിക്കുന്നത്. ഇരുപത് ശതമാനത്തിന് താഴെ വാക്സിനേഷൻ നൽകപ്പെട്ട ഏക ജില്ലയും മലപ്പുറമാണ്.
മെയ് 25ലെ കണക്കനുസരിച്ച് 43 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് ഇതുവരെ വാക്സിനേഷൻ ചെയ്തത് - 6,66,870 (16%). ആക്ടീവ് രോഗികൾ - 43,902. 33ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് ഇതുവരെ വാക്സിനേഷൻ ചെയ്തത് - 10,44,614 (30%), ആക്ടീവ് രോഗികൾ - 17,423.
ഒരു ദിവസത്തെ വാക്സിനേഷൻ കണക്കറിയാൻ മെയ് 26 ലേത് മാത്രം നോക്കാം. മലപ്പുറത്തെ വാക്സിനേഷൻ - 1361. തിരുവനന്തപുരത്തെ വാക്സിനേഷൻ - 7391. കേരളത്തിലേറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റീവിറ്റി കൂടുതലുള്ള ജില്ല മലപ്പുറമായിരിക്കുമ്പോഴാണ് വാക്സിനേഷനിലെ ഈ വിവേചന ഭീകരത നടക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ കണക്കെടുത്തു പരിശോധിച്ചാലും ഈ കുറവ് കാണാം.
മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം കുറയ്ക്കുവാൻ സർക്കാർ ആത്മാർത്ഥമായി ഉദ്ദേശിക്കുന്നുവെങ്കിൽ പോലീസ് സേനയുടെ എണ്ണവും ഇടപ്പെടലും വർധിപ്പിക്കാൻ കാട്ടുന്ന ഉത്സാഹത്തിന്‍റെ പകുതിയെങ്കിലും ചികിത്സാ സൗകര്യങ്ങളും വാക്സിനേഷനും വർധിപ്പിക്കുന്നതിലും കാണിക്കേണ്ടതുണ്ട്.