നോട്ട് നിരോധനം: ഫാസിസത്തോട് ഒരു ജനത പൊരുത്തപ്പെടുന്നതിന്റെ അഞ്ച് വര്‍ഷങ്ങള്‍
നോട്ടുനിരോധനം ഉണ്ടാക്കിയ സര്‍വത്ര തകര്‍ച്ചയ്ക്ക് ശേഷമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയ്ക്ക് വലിയ വിജയമാണ് ആ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്. തങ്ങളുടെ ജീവിതം പൂര്‍ണമായും നശിപ്പിച്ച സാമ്പത്തിക നടപടികള്‍ അല്ല ജനങ്ങളെ സ്വാധീനിച്ചതെന്ന് ആദ്യം തെളിയിച്ചത് ഉത്തര്‍പ്രദേശില്‍ ആദിത്യനാഥിനെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പായിരുന്നു.
ഒരു രാജ്യത്തെ ജനാധിപത്യ സംവിധാനം വിജയിച്ചതാണ്, അല്ലെങ്കില്‍ ഫലപ്രദമാണ് എന്ന് വിലയിരുത്താനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാവും? പലതും കാണും. ഭരണഘടനയിലെ വ്യവസ്ഥകള്‍ എത്രത്തോളം ജനാധിപത്യത്തെ സംരക്ഷിച്ചുനിര്‍ത്തുന്നുവെന്നത് അക്കാര്യത്തില്‍ പ്രധാനമാണ്. പിന്നെ ജനാധിപത്യത്തെ സാധ്യമാക്കുന്ന സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവയൊക്കെയും ഇതില്‍ പ്രധാനമാണ്. എന്നാല്‍ ഇതൊക്കെയും ഘടനാപരമായ കാര്യങ്ങളാണെന്ന് പറയാം. ഭരണകൂടത്തിന്റെ അമിതാധികാര പ്രവണതകളെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് എത്രമാത്രം സാധ്യമാകുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ വിജയത്തില്‍ പ്രധാനം. ഈ മാനദണ്ഡം വെച്ചുനോക്കിയാല്‍ ഇന്ത്യന്‍ ജനാധിപത്യം നിരവധി തവണ പരാജയപ്പെട്ടതായി കാണാം. നാല് മണിക്കൂറിന്റെ മുന്നറിയിപ്പില്‍ നോട്ടു നിരോധനം നടപ്പിലാക്കിയതിനോട് രാജ്യം എങ്ങനെ പിന്നീട് പ്രതികരിച്ചുവെന്നതാണ് അവസാനമായി നമ്മുടെ ജനാധിപത്യത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. അമിതാധികാരത്തോട് രാജിയാവുന്ന ഒരു ജനാധിപത്യ ബോധമാണ് ഇന്ത്യയിലെ ഒരു വലിയ വിഭാഗത്തിനുളളതെന്ന് നോട്ടുനിരോധനവും വ്യക്തമാക്കുന്നുണ്ട്.
നോട്ടുനിരോധനം സാമ്പത്തികമായി ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ചുളള നിരവധി പഠനങ്ങള്‍ പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. നോട്ടുനിരോധനത്തിന്റെ ലക്ഷ്യങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞത് മൂന്ന് കാര്യങ്ങളായിരുന്നു. ഒന്ന് അഴിമതിയും കണക്കില്‍പ്പെടാത്ത പണവും തടയുക, വ്യാജ നോട്ട് ഇല്ലാതാക്കുക അതുപോലെ, ഭീകരര്‍ക്ക് ലഭിക്കുന്ന ഫണ്ട് തടയുക എന്നിവയായിരുന്നു പ്രധാനമന്ത്രിയും പിന്നീട് ഗസറ്റ് നോട്ടിഫിക്കേഷനായും വ്യക്തമാക്കപ്പെട്ട കാര്യങ്ങള്‍. സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് നിര്‍വീര്യമാക്കപ്പെട്ട 15 ലക്ഷം കോടി രൂപയുടെ നോട്ടില്‍ നാല് മുതല്‍ അഞ്ച് ലക്ഷം കോടി രൂപ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചുവരില്ലെന്നുമായിരുന്നു. അതായത് അത്രയും പണം കള്ളപണമെന്നായിരുന്നു സര്‍ക്കാര്‍ കണക്കാക്കിയത്. എന്നാല്‍ സംഭവിച്ചത് വ്യത്യസ്തമായിട്ടായിരുന്നു.
നോട്ടു നിരോധനം നടപ്പിലാക്കി കഴിഞ്ഞ് 35 ദിവസത്തിനുള്ളില്‍ തന്നെ 80 ശതമാനം നോട്ടുകളും തിരിച്ച് സമ്പദ് വ്യവസ്ഥയിലെത്തി. പിന്നീടാണ് റിസര്‍വ് ബാങ്ക് 99.3 ശതമാനം കറന്‍സികളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് വ്യക്തമാക്കിയത്. അതായത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം തന്നെ പാളി. ഭീകരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഇതു തന്നെ സ്ഥിതി. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഡിജിറ്റലൈസേഷനും കറന്‍സി രഹിത സമ്പദ് വ്യവസ്ഥയുമാണ് നോട്ടുനിരോധനത്തിലൂടെ ലക്ഷ്യമിട്ടതെന്ന വാദവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ലോകബാങ്കിന്റെ കണക്കനുസരിച്ച് അസംഘടിത മേഖല ശക്തമായ ജില്ലകളില്‍ ഉത്പാദനത്തില്‍ ഏഴര ശതമാനത്തിന്റെ കുറവെങ്കിലും ഉണ്ടായി എന്നാണ്. ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം അസംഘടിത മേഖലയിലെക്ക് മാറ്റപ്പെട്ട തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായ കാര്യം പല സാമ്പത്തികശാസ്ത്രജ്ഞരും ചൂണ്ടികാണിച്ചിട്ടുണ്ട്. അതുകൊണ്ട് ആഘാതം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്നത് യാതൊരു തൊഴില്‍ സുരക്ഷിതത്വവുമില്ലാത്ത അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായിരുന്നു.
നോട്ടുനിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത് നഗര പ്രദേശങ്ങളെക്കാള്‍ ഗ്രാമീണ മേഖലയാണെന്ന കാര്യം ഇതിനകം പുറത്തുവന്ന നിരവധി പഠനങ്ങളില്‍ തെളിഞ്ഞതാണ്. നഗര പ്രദേശങ്ങളിലെ അസംഘടിത മേഖലയും നോട്ടുനിരോധനത്തില്‍ തകര്‍ന്നു. രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി. നാഷണല്‍ സാപിംള്‍ സര്‍വെ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമീണ മേഖലയില്‍ 15നും 39 നും ഇടയില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ 2011-12 ല്‍ അഞ്ച് ശതമാനമായിരുന്നത് 2017-18 ല്‍ 17.5 ശതമാനമായി വര്‍ധിച്ചു. ഇക്കാര്യങ്ങളൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും സമ്പദ് വ്യവസ്ഥയില്‍ നോട്ടുനിരോധനം ഏല്‍പ്പിച്ച ആഘാതം പ്രതിഫലിപ്പിക്കുന്ന റിപ്പോര്‍ട്ടുകളായിരുന്നു തുടര്‍ച്ചയായി പുറത്തുവന്നത്. എന്തിന് നോട്ടുനിരോധന കാലത്ത് കേന്ദ്ര സര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്‌മണ്യന്‍ നോട്ടുനിരോധനത്തെ അദ്ദേഹം പിന്നീട് എഴുതിയ പുസ്തകത്തില്‍ വ്യക്തമാക്കിയത് നോട്ടു നിരോധനം ഏറ്റവും മാരകവും ശക്തവുമായ ധനകാര്യ പ്രഹരം എന്നായിരുന്നു.
അതായത് ഇന്ത്യന്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഒരു തരത്തിലുള്ള ചര്‍ച്ചകളോ, റിസര്‍വ് ബാങ്കിനെ പോലും വിശ്വാസത്തില്‍ എടുക്കാതെയുമുള്ള നീക്കത്തിലൂടെ നരേന്ദ്ര മോദി തകർത്തത്. എടിഎമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് ആളുകള്‍ കുഴഞ്ഞുവീണ് മരിച്ചപ്പോള്‍ എല്ലാം നാടിന് വേണ്ടിയെന്ന് പറഞ്ഞ് നരേന്ദ്ര മോദി രംഗത്തെത്തി. എല്ലാം 50 ദിവസത്തിനുള്ളില്‍ ശരിയാക്കിയിട്ടില്ലെങ്കില്‍ ജീവനോടെ കത്തിക്കാനായിരുന്നു പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞത്. എന്നാല്‍ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. മോദിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും സ്വീകാര്യത കൂടുകയായിരുന്നു. ഇത്രയും ഭീകരമായി ജനജീവിതത്തെ ബാധിച്ചിട്ടും അതിനോടുള്ള പ്രതികരണം എന്തായിരുന്നുവെന്നത് തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. മര്‍ദക സംവിധാനത്തോടുള്ള പൊരുത്തപ്പെടലിന്റെ മറ്റൊരു ഉദാഹരണമായിരുന്നു അത്.
ജനാധിപത്യത്തെ ഭരണഘടന തന്നെ ഉപയോഗിച്ച് ആദ്യമായി അട്ടിമറിച്ചത് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെയായിരുന്നു. ആ ഭരണത്തെ അധികാരത്തില്‍നിന്ന് നീക്കാനുള്ള ഇന്ത്യന്‍ ജനതയുടെ തീരുമാനത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ചത് ഗ്രാമീണ ജനതയായിരുന്നു. പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ജനങ്ങള്‍. എന്നാല്‍ പിന്നീട് ഒരിക്കലും ജനങ്ങളുടെ മേല്‍ നടത്തിയ ഭരണകൂട കൈയേറ്റങ്ങളോട് ഇത്തരത്തിലൊരു പ്രതികരണം ജനങ്ങള്‍ ഇന്ത്യയില്‍ നടത്തിയിട്ടില്ലെന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഉദാഹരണത്തിന് സിഖ് വിരുദ്ധ കലാപത്തിന് ശേഷം കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റം, ഗുജറാത്തില്‍ നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴില്‍ അരങ്ങേറിയ മുസ്ലീം വംശഹത്യയ്ക്ക് ശേഷം ബിജെപിയ്ക്കുണ്ടായ വിജയങ്ങള്‍, തുടങ്ങിയവ തെളിയിക്കുന്നത് സ്വന്തം ജീവിതത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ല, മറിച്ച് അധികാരികളും സ്ഥാപിത താല്‍പര്യക്കാരും നിര്‍മ്മിച്ച് നല്‍കുന്ന വൈകാരികതകളാണ് ജനങ്ങളെ കൂടുതല്‍ സ്വാധീനിക്കുന്നത് എന്നതാണ്. മര്‍ദ്ദക സംവിധാനങ്ങളോട് പൊരുത്തപെടാനുളള രാഷട്രീയ വിധേയത്വമാണ് ജനാധിപത്യത്തിന്റെതെന്ന മട്ടില്‍ ഇന്ത്യയില്‍ വളര്‍ന്നുവന്നതെന്നതാണ്.
നോട്ടുനിരോധനം ഉണ്ടാക്കിയ സര്‍വത്ര തകര്‍ച്ചയ്ക്ക് ശേഷമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയ്ക്ക് വലിയ വിജയമാണ് ആ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്. തങ്ങളുടെ ജീവിതം പൂര്‍ണമായും നശിപ്പിച്ച സാമ്പത്തിക നടപടികള്‍ അല്ല ജനങ്ങളെ സ്വാധീനിച്ചതെന്ന് ആദ്യം തെളിയിച്ചത് ഉത്തര്‍പ്രദേശില്‍ ആദിത്യനാഥിനെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പായിരുന്നു
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മാത്രമല്ല, പിന്നീട് നടന്ന പല തെരഞ്ഞെടുപ്പുകളിലും സ്ഥിതി ഇതുതന്നെയാണ്. ജി എസ് ടി കൂടി നടപ്പിലായതോടെ സാമ്പത്തിക മേഖല കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് കടന്നു. ചെറുകിട മേഖലയിലേക്ക് കൂടി പ്രതിസന്ധി വ്യാപിച്ചു. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഇതും ജനങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളെ മാത്രം സ്വാധീനിച്ചില്ല. 2019 ലെ പൊതു തെരഞ്ഞെടുപ്പും ഇതു തന്നെ തെളിയിച്ചു.
നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയ ഗുണം അങ്ങനെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉലച്ചുകളഞ്ഞവര്‍ക്ക് തന്നെ കിട്ടി. അതുമാത്രമല്ല, ഇക്കാലത്താണ് ബിജെപിയുടെ സമ്പത്തില്‍ വര്‍ധന വന്‍ തോതില്‍ ഉണ്ടായതും. ഇലക്ടറല്‍ ബോണ്ട് എന്ന ദൂരുഹമായ സംഭാവന രീതിയിലൂടെ മാത്രമല്ല, അല്ലാതെയും ഭരണ പാര്‍ട്ടിയുടെ സമ്പത്ത് കുമിഞ്ഞുകൂടി. 2015-16, 2016-17 കാലത്ത് ബിജെപിയുടെ സമ്പത്തില്‍ 81.18 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. 570.86 കോടിയില്‍നിന്നും ബിജെപിയുടെ സ്വത്ത് 1,034.27 കോടി രൂപയായി ഈ കാലയളവില്‍ വര്‍ധിച്ചു. കോണ്‍ഗ്രസിന്റെ വരുമാനം ഇതേ കാലയളവില്‍ 14 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ബിജെപിയുടെ സമ്പത്തില്‍ 96 ശതമാനവും പേര് വെളിപ്പെടുത്താത്തവരുടെ സംഭാവനയായാണ് ലഭിച്ചതെന്നും ഡല്‍ഹി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതയാത് രാഷ്ട്രീയമായും സാമ്പത്തികമായും നോട്ടുനിരോധനം സഹായിച്ചത് ബിജെപിയെ ആണെന്നാണ് പിന്നിടുള്ള സംഭവങ്ങള്‍ തെളിയിച്ചത്. കള്ളപണത്തിന് എതിരായ പ്രധാനമന്ത്രിയുടെ 'യുദ്ധം' സാമ്പത്തികമായും രാഷ്ട്രീയമായും സഹായിച്ചത് ബിജെപിയെയാണെന്ന്. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നോട്ടുനിരോധനം പ്രഖ്യാപിച്ചത് തന്നെ അവിടുത്ത മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സാമ്പത്തികമായി തകര്‍ക്കാൻ വേണ്ടിയാണെന്ന ആരോപണവും ഉണ്ടായിരുന്നു
എന്തുകൊണ്ടാവും ഇത്രയേറെ ദുരിതങ്ങള്‍ നല്‍കിയിട്ടും നോട്ട് നിരോധനത്തിന് ശേഷം ബിജെപിയ്ക്ക് തുടര്‍ച്ചയായി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ കഴിയുന്നത്. ജനങ്ങളെ പല രീതിയിൽ അടിച്ചമര്‍ത്തുന്ന ഭരണ സംവിധാനത്തോട് അവര്‍ സഹിഷ്ണുത കാണിക്കുകയെന്നത് നേരത്തെ ചൂണ്ടിക്കാണിച്ചത് പോലെ ഒരു പുതിയ പ്രതിഭാസമല്ല. റിപ്രസീവ് ടോളറന്‍സ് എന്നത് ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് ഫാസിസത്തിന്റെ ലക്ഷണങ്ങളിലൊന്നായി കണ്ടെത്തുന്നുണ്ട്. എന്തിനോടും പൊരുത്തപ്പെടുന്ന ഒരു അവസ്ഥ. അതാണ് നോട്ട് നിരോധനത്തിന് ശേഷവും ഇന്ത്യ കണ്ടത്. ഫാസിസത്തോട് പൊരുത്തപ്പെടുന്ന ഒരു ജനതയെയാണ് നോട്ടുനിരോധനത്തിന് ശേഷമുള്ള ദേശീയ രാഷ്ട്രീയവും വെളിപ്പെടുത്തിയതെന്നാണ് യാഥാര്‍ത്ഥ്യം.