കോവിഡും ഐപിഎല്ലും; ക്രിക്കറ്റിൽ 'ഷാ സുൽത്താനേറ്റ്' പിടിമുറുക്കുന്നത് ഇങ്ങനെയൊക്കെയാണ്

കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിന്‍രെ പരാജയം രാജ്യം ചർച്ച ചെയ്യുമ്പോൾ തന്നെ മഹാമാരിയെക്കുറിച്ച് ഒരൊറ്റ പരാമർശം പോലും ആ കുറിപ്പിൽ വരാതിരിക്കാൻ ജയ് ഷാ ശ്രമിച്ചത് വെറുതെയായിരിക്കുമോ!?

Update: 2024-08-26 15:17 GMT
Advertising

കോവിഡ് വ്യാപനത്തെ തുടർന്ന് പാതിവഴിയിൽ നിർത്തിവച്ച ഐപിഎല്ലിന്റെ ബാക്കി മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്ന് കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മത്സരം ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് മാറ്റിയതിന്റെ കാരണം വിശദീകരിച്ച് ഇന്നലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഒരു വാർത്താകുറിപ്പ് പുറത്തിയിരുന്നു. വിചിത്ര ന്യായങ്ങൾ അവതരിപ്പിക്കുന്ന വാർത്താകുറിപ്പ് ആർക്കുവേണ്ടി തയാറാക്കിയതാണെന്ന ചോദ്യം കായികരംഗത്തുനിന്നും രാഷ്ട്രീയരംഗത്തുനിന്നും ഉയർന്നുകഴിഞ്ഞു. ഈ സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന് ഇന്ത്യൻ ക്രിക്കറ്റിൽ എന്താണു കാര്യമെന്നു ഒന്നു പരിശോധിക്കുന്നത് നല്ലതാണ്.

കളിമാറ്റാൻ കാരണം കോവിഡല്ല, കാലാവസ്ഥ!

ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് മത്സരങ്ങൾ മാറ്റാൻ കാരണം പ്രതികൂല കാലാവസ്ഥയാണെന്നാണ് ജയ് ഷായുടെ വിശദീകരണം. സെപ്റ്റംബറിൽ മുംബൈ, അഹ്മദാബാദ് നഗരങ്ങളിലെല്ലാം മഴക്കാലമായതിനാൽ അവിടെ മത്സരങ്ങൾ നടത്തുക പ്രായോഗികമല്ല എന്നും വിശദീകരിക്കുന്നു. എന്നാൽ, പ്രസ്താവനയിൽ ഒറ്റയിടത്തു പോലും കോവിഡ് എന്ന വാക്ക് വരാതിരിക്കാൻ പുലർത്തിയ സൂക്ഷ്മതയാണ് ശ്രദ്ധിക്കേണ്ടത്.

കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു സംഭവിച്ച കനത്ത പാളിച്ചയും പരാജയവും രാജ്യം ചർച്ച ചെയ്യുമ്പോൾ തന്നെ മഹാമാരിയെക്കുറിച്ച് ഒരൊറ്റ പരാമർശം പോലും ആ കുറിപ്പിൽ വരാതിരിക്കാൻ ജയ് ഷാ ശ്രമിച്ചത് വെറുതെയായിരിക്കുമോ!?

തെരുവിൽ പൗരന്മാർ മരിച്ചുവീഴുമ്പോൾ മൈതാനത്ത് കോടികൾ പൊടിച്ചു മാമാങ്കം

പിആർ ഏജൻസികിളുടെ സഹായത്തോടെ കെട്ടിപ്പൊക്കിയുണ്ടാക്കിയ ബിജെപി ഭരണകൂടത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എല്ലാ വ്യാജ പ്രതിച്ഛായകളും കോവിഡ് മഹാമാരിക്കുമുൻപിൽ തകർന്നുവീഴുന്നതാണ് ഏതാനും മാസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ രാജ്യത്തെ അപകടകരമായ സ്ഥിതിയും കേന്ദ്ര ഭരണകൂടത്തിന്റെ കൊടിയ അനാസ്ഥയും ചർച്ച ചെയ്യുകയാണ്.

കോവിഡ് വ്യാപനം രാജ്യത്ത് തീവ്രമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഏപ്രിൽ ഒൻപതിന് ഐപിൽ 14-ാം പതിപ്പിന് തുടക്കമാകുന്നത്. ടൂർണമെന്റ് ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ തെരുവിൽ മരിച്ചുവീഴാൻ തുടങ്ങി. അപ്പോഴും കോടികൾ വാരിവിതറി ഐപിഎൽ പൂരം വൻ ആഘോഷത്തോടെ തുടരുകയായിരുന്നു. ഇതിനിടയിൽ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പ്രതിഷേധങ്ങൾ ഉയർന്നുതുടങ്ങി. ടൂർണമെന്റ് നിർത്തിവയ്ക്കണമെന്ന് രാഷ്ട്രീയ, സാമൂഹിക, കായിക രംഗങ്ങളിൽനിന്നുള്ളവരെല്ലാം ആവശ്യപ്പെട്ടു.

വിദേശമാധ്യമങ്ങളും കായികതാരങ്ങളും വിമർശനവുമായി രംഗത്തെത്തി. ഇന്ത്യയിൽ തന്നെ ഇന്ത്യൻ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങൾ ഐപിഎൽ റിപ്പോർട്ടിങ് അവസാനിപ്പിക്കാൻ തീരുമാനിച്ചു. അപ്പൊഴൊന്നും ബിസിസിഐയോ ഐപിഎൽ സംഘാടക സമിതിയോ ഒരക്ഷരം പോലും മിണ്ടിയില്ല. ഇതിനിടെ വിദേശതാരങ്ങൾ വിവിധ ടീമുകളിൽനിന്നു പിൻവാങ്ങിത്തുടങ്ങി. താരങ്ങൾക്കു പുറമെ സപ്പോർട്ടിങ് സ്റ്റാഫും ലോകത്തെ ഏറ്റവും മികച്ചവരെന്ന് പേരുള്ള പോൾ റൈഫലും നിതിൻ മേനോനും പോലുള്ള അംപയർമാർ വരെ പാതിവഴിയിൽ നാട്ടിലേക്കു മടങ്ങി. ഇതോടെ സമ്മർദം ശക്തമായപ്പോൾ ബിസിസിഐ പ്രതികരിച്ചു; പോകുന്നവർക്ക് പോകാം, കളി മുടക്കമില്ലാതെ തുടരുമെന്ന്! ഒടുവിൽ കളിക്കാരിലേക്കും കോവിഡ് പടർന്നുപിടിച്ചതോടെ പാതിവഴിയിൽ ടൂർണമെന്റ് നിർത്തിവയ്ക്കാൻ സംഘാടകർ നിർബന്ധിതരാകുകയായിരുന്നു.

ഭരണകൂടം ഒരു മഹാമാരിയെ നേരിടുന്നതിൽ അമ്പേ പരാജയപ്പെടുമ്പോൾ ആ പരാജയം മറച്ചുവയ്ക്കാനാണ് ഇത്ര പിടിവാശിയോടെ ബിസിസിഐ ടൂർണമെന്റ് മുന്നോട്ടുകൊണ്ടുപോയതെന്ന് പല കോണുകളിൽനിന്നും വിമർശനങ്ങൾ ഉയർന്നതാണ്. സമാന ആശയത്തിൽ വിദേശതാരങ്ങളും മാധ്യമങ്ങളും പ്രതികരിക്കുകയും ചെയ്തു. അപ്പോഴും ബിസിസിഐ അധ്യക്ഷൻ പറഞ്ഞത്, താരങ്ങൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിൽ കളി തുടരുമായിരുന്നുവെന്നാണ്. ജനങ്ങൾക്ക് ദുരിതക്കാലത്ത് അൽപമെങ്കിലും ആശ്വാസം നൽകാനായത് ഐപിഎല്ലിലൂടെയാണെന്നും ന്യായീകരണം വന്നു.

കർഷകർക്കെതിരെ ഒന്നിച്ച താരങ്ങൾ

മാസങ്ങൾക്കുമുൻപ് ഡൽഹിയിൽ രൂക്ഷമായ കർഷക പ്രക്ഷോഭം നടക്കുന്ന സമയം. ഭരണകൂടം തീർത്ത എല്ലാ പ്രതിരോധങ്ങളെയും ഭേദിച്ചുകൊണ്ട് കർഷകലക്ഷങ്ങൾ രാജ്യതലസ്ഥാനത്ത് തമ്പടിച്ചപ്പോൾ അതു ലോകം മുഴുവൻ ലൈവായി കണ്ടു. ഒരു രാജ്യം തങ്ങളുടെ അന്നദാതാക്കളോട് കാണിച്ച അനീതി ലോകം ചർച്ച ചെയ്തു. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് തുടങ്ങിയ സെലിബ്രിറ്റികൾ ട്വിറ്ററിലൂടെ ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് ക്ഷണിച്ചു.

അപ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വ്യത്യസ്തമായ അഭിപ്രായവുമായി രംഗത്തെത്തുന്നത്. ''രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച പാടില്ല. പുറത്തുനിന്നുള്ള ശക്തികൾക്ക് കാഴ്ചക്കാരാകാം. ഇവിടിത്തെ കാര്യത്തിൽ ഇടപെടേണ്ട. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്കാർ രാജ്യത്തിനു വേണ്ടി തീരുമാനമെടുക്കുകയും ചെയ്യും. നമുക്ക് ഒന്നിച്ച് ഒരു രാജ്യമായി നിൽക്കാം.'' ഇതായിരുന്നു സച്ചിന്റെ ഏറെ കോളിളക്കം സൃഷ്ടിച്ച ട്വീറ്റ്.

തൊട്ടുപിറകെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ വിരാട് കോഹ്ലിയും ഇതിനെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റുമായി രംഗത്തെത്തി. ''അഭിപ്രായ വ്യത്യാസങ്ങളുടെ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാം. കർഷകർ രാജ്യത്തിൻരെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ചു മുന്നോട്ടുപോകാനുമായി എല്ലാ കക്ഷികൾക്കുമിടയിൽ ചർച്ച ചെയ്ത് സൗഹാർദപരമായ പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.'' ഇങ്ങനെയായിരുന്നു കോഹ്ലിയുടെ ട്വീറ്റ്.

ഇതിനെ ചുവടുപിടിച്ച് മുതിർന്ന താരങ്ങളായ രോഹിത് ശർമ, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, ഹർദിക് പാണ്ഡ്യ, കോച്ച് രവി ശാസ്ത്രി, മുൻ താരങ്ങളായ അനിൽ കുംബ്ലെ, പ്രഗ്യാൻ ഓജ തുടങ്ങിയവരെല്ലാം രംഗത്തെത്തി. എല്ലാവരും കോഹ്ലി പങ്കുവച്ച അതേ വാചകങ്ങൾ അപ്പടി തങ്ങളുടെ ഹാൻഡിലുകളിലും പകർത്തുകയാണു ചെയ്തത്. കൃത്യമായി പ്ലാൻ്‌റ് ചെയ്ത ഒരു നീക്കമായിരുന്നു അതെന്നു മനസിലാക്കാൻ കൂടുതൽ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. ഒരുപക്ഷെ, തങ്ങളുടെ കരിയർ ആലോചിച്ച് ഈ പ്രൊപഗണ്ടയുടെ ഭാഗമായവരായിരിക്കാം ഇവരിൽ ഭൂരിഭാഗം പേരും.

മൈതാനത്തേക്ക് പടരുന്ന രാഷ്ട്രീയം

ഇതിനുമുൻപും രാഷ്ട്രീയ നേതാക്കൾ ബിസിസിഐ നേതൃത്വം വഹിച്ചിട്ടുണ്ടെങ്കിലും ഭരണകൂടത്തിന്റെ ഉപകരണമായി ഒരിക്കലും ക്രിക്കറ്റ് മാറിയിരുന്നില്ല. കോൺഗ്രസ് നേതാക്കളായിരുന്ന എൻകെപി സാൽവെ, മാധവറാവു സിന്ധ്യ മുതൽ എൻസിപി നേതാവ് ശരത് പവാറും ബിജെപി നേതാക്കളായ അരുൺ ജെയ്റ്റ്‌ലി വരെ ബിസിസിഐയുടെ തലപ്പത്ത് വന്നിട്ടുണ്ട്. എന്നാൽ, ഇവരുടെ കാലത്തൊന്നും ക്രിക്കറ്റ് ബോർഡിലോ മത്സരങ്ങളിലോ ഭരണകൂടത്തിന്റെ രാഷ്ട്രീയം കലർത്തിയിരുന്നില്ല.

രാജ്യത്തെ ഒന്നിപ്പിക്കുന്ന കളി, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക ഇനം, ലോകത്തു തന്നെ ഏറ്റവും കൂടുതൽ ആസ്തിയുള്ള ഒരു സ്‌പോർട്‌സ് മാനേജ്‌മെന്റ്.. അങ്ങനെ പല ഘടകങ്ങൾ കൊണ്ടും ബിസിസിഐ എല്ലാ കാലത്തും രാജ്യം ഭരിക്കുന്ന കക്ഷികളുടെ ആകർഷണകേന്ദ്രമായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പലപ്പോഴും ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്ത് രാഷ്ട്രീയ നേതൃത്വത്തെ കണ്ടുവരുന്നത്. തങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ പൂർത്തീകരിക്കുക, സാമൂഹിക പ്രിവിലേജ് അനുഭവിക്കുക എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങൾ പയറ്റാനുള്ള ഒരു വേദിയായി ഇവരൊന്നും ക്രിക്കറ്റ് ബോർഡിനെ ഉപയോഗിച്ചിട്ടില്ല.

എന്നാൽ, ഇപ്പോഴത്തെ സ്ഥിതി അതല്ല. ജയ് ഷാ ബോർഡിൻരെ നേതൃത്വത്തിൽ വന്ന ശേഷം കളിയും താരങ്ങളും കളി മൈതാനം വരെ രാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അഹ്മദാബാദിനെ ക്രിക്കറ്റിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹ്മദാബാദ് മൊട്ടേരയുടെ പേരുമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരുനൽകിയായിരുന്നു തുടക്കം. അദാനിയുടെയും അംബാനിയുടെയും പേര് രണ്ട് പവലിയൻ എൻഡുകൾക്കും നൽകി ഇതിന്റെ തുടർച്ച കാണിച്ചു. കൃത്യമായ ലക്ഷ്യത്തോടെയും പദ്ധതികളോടെയുമാണ് ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നതിന് ഇതുവരെയുള്ള സംഭവവികാസങ്ങൾ സാക്ഷിയാണ്.

പരിചയം കൊണ്ടും പദവി കൊണ്ടും ഏറെ മുകളിലുള്ള ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി പോലും ജയ് ഷായ്ക്കു മുൻപിൽ വിനീത വിധേയനായി നിൽക്കുന്ന കാഴ്ച ലജ്ജിപ്പിക്കുന്നതാണ്. ക്രിക്കറ്റിൻരെ മക്കയായ ലോർഡ്‌സിൽ ചെന്ന് ഇംഗ്ലീഷ് പടയെ കീഴടക്കിയ ശേഷം ജഴ്‌സി ഊരിവീശി 'വീരപൗരുഷം' പ്രകടപ്പിച്ച ആ പഴയ ഇന്ത്യൻ നായകൻ, ബംഗാൾ ക്രിക്കറ്റ് ബോർഡിന്റെ അധ്യക്ഷനായിരിക്കെ സംഘ്പരിവാർ അജണ്ടകൾക്കെതിരെയടക്കം ശക്തമായ നിലപാടെടുത്തിരുന്ന അതേ സൗരവ് ഗാംഗുലി ഇപ്പോൾ ജയ് ഷായ്ക്കു പിറകിൽ ഒരു ദാസനെപ്പോലെ നിൽക്കുന്ന ആ നിർത്തം തന്നെ എല്ലാം പറയുന്നുണ്ട്!

Tags:    

Editor - Shaheer

contributor

By - മുഹമ്മദ് ശഹീര്‍

Web Journalist

Web Journalist at MediaOne

Similar News