തുപ്രന്‍ എന്ന തോണിക്കാരന്‍

തുപ്രന്‍ വേഗം മണ്ണ് കോരിയെറിയാന്‍ തുടങ്ങി. ഞാനാകട്ടെ രണ്ടുമൂന്ന് തൂമ്പ കോരിയെറിഞ്ഞപ്പോഴേക്കും തളര്‍ന്നു വീണു. തുപ്രന്‍ എന്നെ കോരിയെടുത്ത് തൊട്ടടുത്തുള്ള ഷെഡ്ഡില്‍ കൊണ്ടു വന്നു കിടത്തി. അയാളുടെ പണി കഴിയുവോളം ഞാന്‍ അവിടെ കിടന്നു. പണി കഴിഞ്ഞപ്പോള്‍ എന്നെ തോളിലേറ്റി അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി.

Update: 2022-09-22 11:42 GMT
Click the Play button to listen to article

തുപ്രന്‍ എന്ന തോണിക്കാരനെ ഞാന്‍ സ്‌നേഹിതനാക്കുന്നത് എന്റെ പതിനെട്ടാം വയസ്സിലാണ്. അപ്പോള്‍ അയാള്‍ക്ക് മുപ്പത് കഴിഞ്ഞിരിക്കും. രണ്ടു കുട്ടികളുടെ പിതാവും ആയിരുന്നു അയാള്‍ അപ്പോള്‍. തുപ്രന്‍ പുഴയിലെ എല്ലാ പണികളും ചെയ്യും. തോണിയില്‍ നിന്ന് വലവീശി കണമ്പ്, കരിമീന്‍, കൂരി മുതലായ മീനുകള്‍ പിടിക്കും. പുഴയുടെ അടിത്തട്ടില്‍ നിന്നും ഇത്തള്‍ കോരും, ചെളിയെടുക്കും. ബോട്ടില്‍ മത്സ്യബന്ധനത്തിനായി പോകും.

ഞങ്ങളുടെ ഗ്രാമത്തിലൂടെ ഒഴുകുന്ന പെരിയാര്‍ അയാളുടെ ഉപജീവനത്തിന്റെ സ്രോതസ്സായിരുന്നു. ഞാനാകട്ടെ ഏകാകിയായി ആ നദിയുടെ കരയില്‍ ചെന്നിരുന്നു. ആ കാലത്ത് തീക്ഷ്ണമായ വായനയിലും വിചിത്രമായ ചിന്താലോകത്തുമായിരുന്നു ഞാന്‍. പുസ്തകങ്ങളുമായി രാവിലെ പെരിയാറിന്റെ കരയിലേയക്ക് പോകും. അവിടെ ഇരുന്ന് സ്വപ്നാടകനായി ചിന്തയും, വായനയും തുടരും. അങ്ങനെ സമപ്രായക്കാരായ കൂട്ടുകാരില്‍ നിന്നകന്ന് ഉന്മാദകരമായ ഒരു ലോകത്തു ജീവിച്ചു. പ്രപഞ്ചത്തിന്റെ ആദിയെന്ത്? ജീവിതത്തിന്റെ അര്‍ഥമെന്ത് തുടങ്ങിയ ഘടാഘടിയന്‍ ചോദ്യങ്ങളുമായി പ്രായോഗിക ലോകത്തു നിന്നും അകന്നു ജീവിച്ചു.

വിചിത്ര സ്വപ്നങ്ങളും കാഴ്ച്ചകളും നിറഞ്ഞ എന്റെ മാനസിക ലോകത്ത് പ്രവാചകരും തത്വഞ്ജാനികളും ദര്‍ശനം തന്ന് കടന്നുപോയി. ഒരു സൈക്കഡലിക്ക് ഓപ്പറ അരങ്ങ് തന്നെയായിരുന്നു എന്റെ മനസ്സ്. പുഴക്കരയിലെ പാവപ്പെട്ടവരും പണിക്കാരുമായ ആളുകളുമായി എനിക്കന്ന് ബന്ധമുണ്ടായിരുന്നു. പുഴക്കരയില്‍ ഞങ്ങള്‍ക്ക് സ്വന്തമായി ഭുമിയുണ്ടായിരുന്നു. പറമ്പില്‍ തേങ്ങ പെറുക്കാനും പണിയെടുപ്പിക്കാനും ഞാന്‍ പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു പ്രഭാതത്തില്‍ പുഴക്കരയിലിരുന്ന് വായിച്ചുകൊണ്ടിരിക്കെ തുപ്രന്‍ ചെറിയ വള്ളം കൈക്കോല്‍ കൊണ്ട് ഊന്നിക്കൊണ്ട് വന്നു. എങ്ങോട്ടാ? ഞാന്‍ ചോദിച്ചു, ചെളിയെടുക്കാന്‍ പോകുന്നു. പോരുന്നോ? തുപ്രന്‍ തിരികെ ചോദിച്ചു. ഞാന്‍ തലകുലുക്കി. തുപ്രന്‍ പ്രതേക രീതിയില്‍ കൈക്കോലൂന്നി വള്ളം കരക്കടുപ്പിച്ചു. ഞാന്‍ അതിലേക്ക് മെല്ലെ കാല്‍ വെച്ച് ഒറ്റ ചാട്ടം. തുപ്രന്‍ പെരിയാറിന്റെ വിരിമാറിലൂടെ വള്ളം തുഴഞ്ഞു. പുഴയുടെ മധ്യഭാഗവും കഴിഞ്ഞ് ചെളിയെടുക്കാറുള്ള ഇടത്തെത്തി, എവിടെയാണ് കൂടുതല്‍ ചെളി എന്ന് ജന്മവാസനയിലെന്ന പോലെ അയാള്‍ക്കറിയാം.


ഇപ്പോള്‍ ഞാന്‍ ഇരുന്ന പുഴക്കര വിദൂരതയില്‍ കാണാം. പുഴയില്‍ അയാളുടെ രണ്ടു കൂട്ടാളികള്‍ നേരത്തെ തോണിയില്‍ വന്നു കിടന്നിരുന്നു. അവര്‍ തോര്‍ത്ത് ധരിച്ച് പുഴയുടെ അടിത്തട്ടിലേക്ക് ഡൈവ് ചെയ്ത് വലിയ ചെളിക്കൂന കയ്യിലേന്തി പൊന്തി വരുന്നു. അത് അവരുടെ വഞ്ചിയില്‍ ഇടുന്നു. അവര്‍ ചെളിക്കൂനയുമായി പൊങ്ങി വരുമ്പോള്‍ പര്‍വതം കയ്യിലേന്തിയ ഹനുമാനെ ഓര്‍മ വരും. തുപ്രന്‍ വള്ളം അവരുടെ വള്ളത്തോട് ചേര്‍ത്ത് കെട്ടി. അയാളും തോര്‍ത്ത് ധരിച്ച് പുഴക്കടിയിലേക്ക് ഡൈവ് ചെയ്ത് വലിയ ചെളിക്കൂനയുമായി പൊങ്ങി വന്നു. അത് അയാളുടെ വള്ളത്തിലേക്കിട്ടു. മറ്റു രണ്ടുപേരില്‍ ഒരാള്‍ വെള്ളത്തിലേക്ക് ഡൈവ് ചെയ്യും മുന്‍പ് തന്റെ വള്ളത്തില്‍ വെച്ചിരിക്കുന്ന കുപ്പിയിലെ ദ്രാവകം മൊത്തുന്നുണ്ട്. തലകറക്കി എന്നു പേരുള്ള നാടന്‍ ചാരായം. ആ വീര്യത്തിലാണ് അടിത്തണുപ്പുള്ള വെള്ളത്തിലേക്ക് കൂപ്പു കുത്തുന്നത്.

പത്തുമണിയാവാറായി സൂര്യന്റെ ചൂട് കടുത്തു. ഇതിനകം രണ്ട് മണിക്കൂറുകൊണ്ട് മൂന്ന് കൊച്ചു വള്ളങ്ങളും നിറഞ്ഞിരുന്നു. തുപ്രന്‍ വള്ളം കൈക്കോല്‍ കൊണ്ട് ഊന്നി, ഞങ്ങള്‍ പുറപ്പെട്ടേടത്തേക്ക്.... ഞാന്‍ ചെളിനിറഞ്ഞ വള്ളത്തിന്റെ തുഞ്ചത്തു കൂനിയിരുന്നു. വള്ളം ഒഴുക്കിനൊപ്പം മുന്നോട്ട് നീങ്ങി. രാവിലെ ഞാന്‍ ഇരുന്ന സ്ഥലത്തെത്തിയപ്പോള്‍ തുപ്രന്‍ വള്ളം കരയിലേക്കടുപ്പിച്ചു. ഞാന്‍ കരയിലേക്ക് കയറി. വള്ളം മുന്നോട്ട് പോകുന്നത് ഞാന്‍ നോക്കി നിന്നു.

ഈ തോണിയാത്രകള്‍ കൂടാതെ ഞാനും തുപ്രനും എല്ലാ ദിവസവും കാണുകയും ഞങ്ങള്‍ തമ്മില്‍ ആത്മബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. ചെറിയ ഒരു ഓലപ്പുരയായിരുന്നു അയാളുടേത്. മുകളില്‍ ഓല മേഞ്ഞിരിക്കുന്നു. ഭിത്തികളും ഓലകൊണ്ട് തന്നെ. നിലം ചാണകം മെഴുകിയത്. അതിന്റെ ഇറയത്തിരുന്ന് ഞങ്ങള്‍ സംസാരിക്കും. വര്‍ഷകാലത്ത് അവിടെ ഇരുന്ന് മഴ കാണുന്നത് രസമാണ്. മഴത്തുള്ളികള്‍ മേല്‍ക്കൂരയില്‍ മദ്ദളം കൊട്ടുന്ന സ്വരത്തില്‍... കൂടാതെ മഴ വെള്ളം മുറ്റത്ത് ഓടിക്കളിക്കും. കൂലിപ്പണികൊണ്ട് കിട്ടുന്ന തുച്ഛമായ തുകകൊണ്ടായിരുന്നു അയാള്‍ കുടുംബം പുലര്‍ത്തിയിരുന്നത്. ജീവിതം നിലനിര്‍ത്താനുള്ള അരി മുതല്‍ കുട്ടികളുടെ പഠനാവശ്യങ്ങള്‍ വരെ അതുകൊണ്ട് വേണമായിരുന്നു. എങ്ങനെ അയാള്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. റേഷനരി വാങ്ങാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. എല്ലാ നേരത്തേക്കുമായി ഒരുനേരം വെക്കും. ഉച്ചയ്ക്ക് കഞ്ഞി. രാത്രിയും കഞ്ഞി. പിറ്റേന്നത്തേക്ക് രാവിലെ പഴങ്കഞ്ഞി. തൊട്ടു കൂട്ടാന്‍ ഉപ്പും മുളകും അരച്ചത്. 'എനിക്ക് ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളില്ല. കാശുണ്ടെങ്കില്‍ ബിരിയാണി കഴിക്കും അല്ലെങ്കില്‍ ഇതു പോലെ കഞ്ഞിയും മുളകും'', തുപ്രന്‍ പറയും.


പല ജീവിതാവശ്യങ്ങളും അയാള്‍ക്ക് നിറവേറ്റാന്‍ കഴിഞ്ഞിരുന്നില്ല. ദരിദ്ര ദേവതയുടെ താണ്ഡവം ഞാന്‍ കണ്ടത് തുപ്രന്റെ വീട്ടില്‍ ചെന്നപ്പോഴാണ്. എന്നാല്‍, ഒരു പരാതിയും പറയാതെ തുപ്രന്‍ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ നേരിട്ടു. തന്റെ അധ്വാനം കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ ജീവിച്ചു. അയാള്‍ ഇങ്ങനെ ജീവിതത്തെ പ്രായോഗികമായി നേരിട്ടപ്പോള്‍ ഞാനാകട്ടെ ജീവിതവുമായി ബന്ധമില്ലാത്ത സ്വപ്നലോകത്തായിരുന്നു. ലോകത്തിലെ എല്ലാ ജ്ഞാനവും വലിച്ചുകുടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. നിരന്തരമായ ജിജ്ഞാസയോടെ അനേകം പുസ്തകങ്ങള്‍ വായിച്ചു. വായനയുടെ ഉന്മാദത്തില്‍ അനിര്‍വചനീയ സന്തോഷം കണ്ടെത്തി. എന്നാല്‍, അവ യഥാര്‍ഥ്യ ലോകത്തു നിന്നും എന്നെ അകറ്റിക്കൊണ്ടു പോയി. ഫെഡറിക്ക് നീത്‌ഷെയുടെ ഓവര്‍മാന്‍, മാര്‍ക്‌സിന്റെ പൂര്‍ണമനുഷ്യന്‍, പലതരം സിദ്ധികളുള്ള ഇന്ത്യന്‍ യോഗികള്‍, വായുവിലൂടെ പറക്കുന്ന സൂഫികള്‍ ഇവരെല്ലാം എന്നെ വശീകരിച്ചു. അവരെ പോലെയാകാന്‍ ഞാന്‍ മോഹിച്ചു. അതിനൊപ്പം അഭൗമമായ ചിന്തകളും പ്രപഞ്ച സമസ്യകള്‍ക്ക് ഉത്തരങ്ങള്‍ തേടിയുള്ള മാനസിക യത്‌നങ്ങളും എന്റെ തലച്ചോറിനെ ക്ഷീണിപ്പിച്ചു. കടുത്ത ആശയക്കുഴപ്പങ്ങള്‍ കൊണ്ട് ആകെ തകര്‍ന്ന നിലയിലായി. ഞാന്‍ അനുഭവിച്ചിരുന്ന വ്യത്യസ്ത ലോകം മറ്റൊരാളോട് തുറന്നു കാട്ടി അല്‍പ്പം ആശ്വസിക്കാന്‍ പോലും എനിക്കായില്ല. കാരണം, അതെല്ലാം എനിക്കു തന്നെ മുഴുവന്‍ മനസ്സിലാകുമായിരുന്നില്ല. അസ്വസ്ഥതകള്‍ പെരുകിയപ്പോള്‍ ഞാന്‍ എറണാംകുളത്തുള്ള ഒരു മനോരോഗവിദഗ്ധനെ പോയിക്കണ്ടു. അയാള്‍ എനിക്ക് തലമരവിപ്പിക്കുന്ന ഗുളികകള്‍ തന്നു . ഞാന്‍ ഡോക്ടറെ കണ്ടതും ഗുളികകള്‍ കഴിക്കുന്നതും തുപ്രന്‍ ഉച്ചത്തില്‍ പൊട്ടിപ്പൊട്ടി ചിരിച്ചു ' നല്ല തമാശ മനക്കരുത്തില്ലാഞ്ഞിട്ടാണ് ' തുടര്‍ന്നയാള്‍ മനക്കരുത്തിന്റെ പ്രധാന്യത്തെ പറ്റിയറിയാന്‍ ജീവിതത്തിലെ ഒരു സംഭവകഥ വിവരിച്ചു. തുപ്രന്റെ കൂട്ടുകാരന്റെ പെങ്ങള്‍ക്ക് ഏതോ ഒരാളില്‍ നിന്ന് ഗര്‍ഭമായി. അവളുടെ കല്യാണം നിശ്ചയിച്ചിരുന്നു. എന്നാല്‍, അവള്‍ ഈ കാര്യം രഹസ്യമായ് സൂക്ഷിച്ചിരിക്കുകയായിരുന്നു. കൂട്ടുകാരന്‍ കയ്യില്‍ തലവെച്ചുകൊണ്ട് തുപ്രന്റെ മുമ്പില്‍ കരഞ്ഞുകൊണ്ടിരുന്നു. ' നമുക്ക് വഴിയുണ്ടാക്കാം'. തുപ്രന്‍ പറഞ്ഞു. അന്ന് അബോര്‍ഷന്‍ ഒക്കെ നടക്കുന്നത് വലിയ ആശുപത്രികളിലാണ്. അതിനുള്ള സാമ്പത്തികം കൂട്ടുകാരനില്ല. ഒരൊറ്റമൂലി വൈദ്യനുണ്ട്. അയാള്‍ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള എളുപ്പ വഴിയറിയാം. പക്ഷെ, ഒരാള്‍ പെണ്ണിനെ അവളുടെ കരച്ചില്‍ പുറത്തു വരാത്ത രീതിയില്‍ കെട്ടിപ്പിടിച്ചു കിടക്കണം. ക്രിയ കഴിയും വരെ വിടരുത്. തുപ്രന്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. വിജയകരമായി ഗര്‍ഭം അലസിപ്പിച്ചു. കല്യാണവും കെങ്കേമമായി നടന്നു. ' ഇതാണ് മനക്കരുത്തിന്റെ പവറ്. മനക്കരുത്തുണ്ടെങ്കില്‍ ഒരു ഡോക്ടറെയും കാണേണ്ട''. തുടര്‍ന്ന് ഒരു പരിഹാരമാര്‍ഗവും നിര്‍ദ്ദേശിച്ചു, 'നാളെ ലോറിയില്‍ മണ്ണുകേറ്റാന്‍ എന്റെ കൂടെ വാ, വിയര്‍ക്കുമ്പോള്‍ എല്ലാ പ്രശ്‌നവും മാറും. ആ വിഷഗുളികകള്‍ വേഗം വലിച്ചെറിഞ്ഞോളു'.

പിറ്റേന്ന് പുഴക്കരയില്‍ തുപ്രനൊപ്പം ഞാനുമുണ്ടായിരുന്നു. വലിയ ലോറിയിലേക്ക് അനേകം തൊഴിലാളികള്‍ മണ്ണ് അതിശീഘ്രം കോരിയെറിയുന്ന കാഴ്ച്ച നയനാനന്ദകരം തന്നെ. തുപ്രന്‍ വേഗം മണ്ണ് കോരിയെറിയാന്‍ തുടങ്ങി. ഞാനാകട്ടെ രണ്ടുമൂന്ന് തൂമ്പ കോരിയെറിഞ്ഞപ്പോഴേക്കും തളര്‍ന്നു വീണു. തുപ്രന്‍ എന്നെ കോരിയെടുത്ത് തൊട്ടടുത്തുള്ള ഷെഡ്ഡില്‍ കൊണ്ടു വന്നു കിടത്തി. അയാളുടെ പണി കഴിയുവോളം ഞാന്‍ അവിടെ കിടന്നു. പണി കഴിഞ്ഞപ്പോള്‍ എന്നെ തോളിലേറ്റി അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ ഒരു പായയില്‍ കിടത്തി ഉപ്പിട്ട കഞ്ഞിവെള്ളം തന്നു. തളര്‍ച്ചമാറുവോളം ഞാനവിടെ കിടന്നു. പിന്നീടൊരിക്കലും എന്നോട് ഇങ്ങനത്തെ പണികള്‍ ചെയ്യാന്‍ പറഞ്ഞില്ല.

നക്‌സലൈറ്റുകള്‍ക്ക് പ്രാമുഖ്യമുള്ള നാടായിരുന്നു ഞങ്ങളുടെ ഗ്രാമം. ജനങ്ങള്‍ക്കിടയില്‍ അവരുടെ തുറന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലം. തുപ്രന്‍ പാര്‍ട്ടിയുടെ അനുഭാവിയായിരുന്നു. രഹസ്യ യോഗങ്ങള്‍ പലതും നടന്നിരുന്നത് തുപ്രന്റെ വീട്ടില്‍വെച്ചായിരുന്നു. ഒരു ദിവസം തുപ്രന്‍ പറഞ്ഞു, ഇന്നു രാത്രി പാര്‍ട്ടിയുടെ യോഗം വീട്ടിലുണ്ട്. പാര്‍ട്ടിയുടെ ആശാന്‍ വീട്ടില്‍ വരും. അങ്ങോര്‍ ഒരു ബുദ്ധിരാക്ഷസന്‍ തന്നെയാണ്. ഒരുപാട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. തന്റെ മാനസിക പ്രശ്‌നങ്ങള്‍ അയാളോട് പറയാം. അയാള്‍ പരിഹാരം പറഞ്ഞു തരും. രാവിലെ എത്തിയാല്‍ മതി. പിറ്റേ ദിവസം ഞാന്‍ ചെല്ലുമ്പോള്‍ ഓലപ്പുരയില്‍ ഒരു പുല്‍പ്പായയില്‍ തുപ്രന്‍ പറഞ്ഞ 'ആശാന്‍' ഇരിക്കുന്നുണ്ടായിരുന്നു. പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ളയാള്‍. എന്നെ കണ്ടപാടെ അദ്ദേഹം മനോഹരമായി ചിരിച്ചു. എന്റെ പ്രശ്‌നങ്ങള്‍ തുപ്രന്‍ കുറേയൊക്കെ അയാളോട് പറഞ്ഞിട്ടുണ്ടാവും എന്നു ഞാന്‍ ഊഹിച്ചു. എന്റെ അമൂര്‍ത്തമായ ചിന്തകള്‍ അദ്ദേഹത്തിനു മുന്നില്‍ കെട്ടഴിക്കാന്‍ ഏറെ ക്ലേശിച്ചു. ' ഇത് ചിന്തിക്കുന്നവര്‍ക്കെല്ലാവര്‍ക്കുമുള്ള പ്രശ്‌നങ്ങളാണ്, മനോരോഗമല്ല. പാര്‍ട്ടിയിലെ ഒരുപാട് യുവാക്കള്‍ക്ക് ഇതേ പ്രശ്‌നങ്ങളുണ്ട്. അസ്തിത്വവാദത്തിന്റെ സ്വാധീനം കുറച്ച് നിങ്ങളിലുണ്ട് എന്ന് പറയുമ്പോള്‍ വിഷമിക്കരുത്. എല്ലാറ്റിനോടും ശാസ്ത്രീയമായ സമീപനമാണ് എന്റെ രീതി. ചെറിയ ആയുര്‍വേദ ചികിത്സ നല്ലതാണ്. എനിക്കറിയാവുന്ന ഒരു നാട്ടുവൈദ്യന്റെ വിലാസം തുപ്രന്റെ കയ്യില്‍ കൊടുക്കാം''. നേതാവ് മറുപടി പറഞ്ഞു.

പിറ്റേ ദിവസം ഞാനും തുപ്രനും കൂടി വൈദ്യരുടെ അടുത്തേക്ക് പോയി. തത്ക്കാലം മനസ്സിന് അല്‍പ്പം ആശ്വാസം തോന്നി. പിന്നീട് ജീവിതത്തിന്റെ യാദൃശ്ചിതകളില്‍ പെട്ട് പലപല ഇടങ്ങളിലേക്ക് ഞാന്‍ ഒഴുകിപ്പോയി. ദേശങ്ങള്‍ വിട്ട് ദേശങ്ങളിലേക്ക് കൂടുമാറി. നഗരത്തിലെ കവികളും സമ്പന്നരും എന്റെ സുഹൃത്തുക്കളായി. തുപ്രനെ കാണുന്നത് കുറവായി. വര്‍ഷങ്ങള്‍ കഴിഞ്ഞ് കോഴിക്കോട് എഡിറ്ററായി വന്നപ്പോള്‍ തുപ്രനെ കാണാന്‍ മോഹമുദിച്ചു. തുപ്രന് മൊബൈല്‍ ഉണ്ടായിരുന്നില്ല. തുപ്രന്റെ വീടിനടുത്തുള്ള ഒരാളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ വരുന്ന കാര്യം തുപ്രനോട് പറയാന്‍ പറഞ്ഞു.

നീണ്ട മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തുപ്രന്റെ വീട്ടിലെത്തി. പഴയ ഓലപ്പുരയുടെ സ്ഥാനത്ത് ചെറിയ വാര്‍ക്കവീട്. മക്കള്‍ രണ്ടു പേരും നല്ല സാമ്പത്തിക സ്ഥിതിയിലാണ്. തുപ്രന്‍ പണിക്കു പോകാറില്ല. പ്രായത്തിന്റെ അസ്വസ്ഥതകളുണ്ട്. എന്നെ സല്‍ക്കരിക്കാന്‍ നല്ല ഇളം കള്ളും ഞണ്ടു കറിയും കപ്പയും ടേബിളില്‍ നിരന്നു. 'തുപ്രാ ഈയിടെയായി ഞാന്‍ കുടിക്കാറില്ല ശാരീരിക പ്രശ്‌നമുണ്ട്'. തുപ്രന്റെ മറുപടി, 'താങ്കള്‍ക്ക് വേണ്ടി കൂടി ഞാന്‍ കുടിച്ചോളാം ചിയേര്‍സ് മാത്രം പറഞ്ഞാല്‍ മതി''. തുപ്രനു മൂഡായപ്പോള്‍ പരുക്കന്‍ ശബ്ദത്തില്‍ പാടാന്‍ തുടങ്ങി .. ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങും തീരം ... ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ... ഈ മനോഹര തീരത്തു തരുമോ ... ഇനിയൊരു ജന്മം കൂടി .. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ച. ഇപ്പോള്‍ തുപ്രന്റെ വിവരങ്ങളൊന്നും അറിയാറില്ല. അയാളെ വിളിക്കാന്‍ അയാള്‍ക്ക് മൊബൈല്‍ ഇല്ല, അയാളെ ഓര്‍ക്കുമ്പോഴെല്ലാം പരുക്കന്‍ സ്വരത്തില്‍ അയാള്‍ പാടിയ ഈരടികള്‍ മനസ്സിലേക്ക് കേറി വരും, ഈ മനോഹര തീരത്തു തരുമോ .. ഇനിയൊരു ജന്മം കൂടി.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - പി.എ നാസിമുദ്ദീന്‍

Writer

Similar News