ചാഞ്ചാടിയാടി മണിപ്പൂർ രാഷ്ട്രീയം: ആര് വാഴും... ആര് വീഴും?
ജയിച്ച് വന്ന എം.എൽ.എമാരുടെ കൂടുമാറ്റം കൊണ്ടാണ് സംസ്ഥാന രാഷ്ട്രീയം ചർച്ചയായത്. ഭരണം തിരിച്ചു പിടിക്കാൻ ആറ് പാർട്ടികൾ ചേർന്ന മുന്നണിയായാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം ഇത്തവണ ഒറ്റയ്ക്കാണ് ബി.ജെ.പി കളത്തിലിറങ്ങിയിരിക്കുന്നത്.
പ്രവചനാതീതമായ മത്സരം നടക്കുന്ന സംസ്ഥാനമാണ് മണിപ്പൂർ. 'ഇന്ത്യയുടെ രത്‌നം' എന്ന് അറിയപ്പെടുന്ന സംസ്ഥാനം. ജയിച്ച് വന്ന എം.എൽ.എമാരുടെ കൂടുമാറ്റം കൊണ്ടാണ് സംസ്ഥാന രാഷ്ട്രീയം ചർച്ചയായത്. ഭരണം തിരിച്ചു പിടിക്കാൻ ആറ് പാർട്ടികൾ ചേർന്ന മുന്നണിയായാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം ഇത്തവണ ഒറ്റയ്ക്കാണ് ബി.ജെ.പി കളത്തിലിറങ്ങിയിരിക്കുന്നത്. നാഗാ ഗോത്രക്കാർക്കിടയിൽ സ്വാധീനമുള്ള എൻ.പി.എഫ് ഇത്തവണ അംഗബലം പത്താക്കി ഉയർത്താമെന്ന് പ്രതീക്ഷ വയ്ക്കുമ്പോൾ എൻ.പി.പിയാകട്ടെ 15 സീറ്റുകൾ നേടുമെന്ന പ്രതീക്ഷയിലാണ്.
പ്രചാരണം കൊഴുപ്പിച്ച് പാർട്ടികൾ
സ്ഥാനാർഥി പട്ടിക പുറത്തുവിട്ട പാർട്ടികൾ പ്രചാരണ ചൂടിലേക്ക് കടന്നുകഴിഞ്ഞു. ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസും ഏത് വിധേനയും അധികാരം നിലനിർത്താൻ ബി.ജെ.പിയും ശ്രമിക്കുമ്പോൾ പ്രചാരണം ഉച്ചസ്ഥായിലാണ്. മണിപ്പൂരിനെ അശാന്തമായ കടൽ പോലെയാക്കി ബി.ജെ.പി മാറ്റിയെന്ന് കോൺഗ്രസ് ആരോപിക്കുന്നു. നാഗാലാൻഡിലെ മോൺ ജില്ലയിൽ പാരാ സ്‌പെഷ്യൽ ഫോഴ്‌സസ് കമാൻഡോകളുടെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം കോൺഗ്രസ് പ്രധാന തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു.
റോഡ്, മൈബൈൽ കണക്ടിവിറ്റി, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലായി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത പദ്ധതികളാണ് ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധം. എന്നാൽ ഇതെല്ലാം വെറും ഇലക്ഷൻ ഗിമ്മിക്കുകൾ മാത്രമാണെന്നാണ് എതിരാളികളുടെ ആക്ഷേപം. ഉയർന്നുവരുന്ന ഭരണ വിരുദ്ധ വികാരം ഉദ്ഘാടനം ചെയ്ത പദ്ധതികൾ കൊണ്ട് മറികടക്കാനാവുമെന്ന് ബി.ജെ.പി ക്യാംപ് കരുതുന്നു.
ആർ.എസ്.എസിന്റെ ഇഷ്ടക്കാരനും പഞ്ചായത്ത്-ഗ്രാമവികസന മന്ത്രിയുമായ തോങ്കാം ബിശ്വജത്തിനെ ഉയർത്തിക്കാണിച്ചാണ് സംസ്ഥാനത്ത് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത് അസമിൽ ബി.ജെ.പി പുറത്തെടുത്ത തന്ത്രമായിരുന്നു. 2016ൽ അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയുടെ മുഖമായിരുന്നു സർബാനന്ദ സോനോവാൾ. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്ത്രം മാറ്റി. ഹിമന്ത ബിശ്വ ശർമയ്ക്ക് ബാറ്റൺ കൈമാറി. അതേ രീതിയാകും മണിപ്പൂരിലും പയറ്റുന്നത്. കഴിഞ്ഞ തവണ 1000 വോട്ടുകൾക്ക് സ്ഥാനാർഥികൾ പരാജയപ്പെട്ട 12 സീറ്റുകൾ ആയിരുന്നു സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായിരുന്നത്. 500 വോട്ടുകൾക്ക് നഷ്ടപ്പെട്ട ആറ് മണ്ഡലങ്ങളും ഉണ്ടായിരുന്നു. ഇതടക്കം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
സർവേകൾ കോൺഗ്രസ് മുന്നണിക്ക് തോൽവി പ്രവചിക്കുമ്പോഴും 73കാരനായ ഒക്രം ഇബോബ് സിങിന്റെ ജനകീയതയിൽ ഭരണം പിടിക്കാനാവുമെന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം. 2002നും 2017നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ സംസ്ഥാനം ഭരിച്ച ഇബോബ് സർക്കാർ കൊണ്ടുവന്ന വികസന പദ്ധതികൾ ഉയർത്തിക്കാണിച്ചാണ് പ്രചാരണം. നിലവിലുള്ള പ്രത്യേക സൈനികാധികാര നിയമമായ അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം നിരന്തരം ഉയർത്തിയാണ് കോൺഗ്രസ് ചിത്രത്തിൽ തെളിയുന്നത്.
ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ തവണത്തെ എൻ.ഡി.എ ഘടക കക്ഷികളായ എൻ.പി.പിയും എൻ.പി.എഫും പ്രചാരണത്തിൽ സജീവമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 'തുറന്ന സഖ്യം' ഇല്ലെങ്കിലും രണ്ട് പാർട്ടികളുമായി ബി.ജെ.പിക്ക് 'ചില ധാരണ' ഉള്ളതിനാൽ, തെരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ച് അത് തുടരാൻ സാധ്യതയുണ്ട്. മണിപ്പൂരിലെ ഒരു രാഷ്ട്രീയ പാർട്ടിയുമായും എൻ.പി.എഫിന് ശത്രുതയില്ലെങ്കിലും ബി.ജെ.പിയുമായാണ് തങ്ങളുടെ ധാരണയെന്ന് എൻപിഎഫ് ജനറൽ സെക്രട്ടറി അച്ചുംബെമോ കിക്കോൺ പറയുന്നു. മണിപ്പൂർ മലനിരകളിലെ ജനങ്ങളോടുള്ള കോൺഗ്രസിന്റെ നയങ്ങളും മനോഭാവവും സൗഹൃദപരമല്ലെന്നാണ് കിക്കോണിന്റെ വിമർശനം.
10 സീറ്റിലേ മത്സരിക്കൂ എന്ന് നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) നേരത്തേ പ്രഖ്യാപിച്ചിരുന്നു. നാഗാ രാഷ്ട്രീയ പ്രശ്നത്തിന് ശാശ്വത പരിഹാരം കൊണ്ടുവരുന്നതിലും വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ നാഗാ ആധിപത്യമുള്ള പ്രദേശങ്ങളിൽ മാത്രമേ പാർട്ടി മത്സരിക്കൂവെന്നാണ് കിക്കോൺ പറഞ്ഞത്. കൊഹിമയിലെ എൻ.പി.എഫ് സെൻട്രൽ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, ടിക്കറ്റ് സെലക്ഷൻ കമ്മിറ്റി ശിപാർശകൾ സമർപ്പിച്ചതിന് ശേഷം പാർട്ടി വർക്കിംഗ് കമ്മിറ്റി (ഡബ്ല്യുസി) സ്ഥാനാർഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്തിരുന്നു. 40 അപേക്ഷകരിൽ നിന്നാണ് 10 സ്ഥാനാർഥികളെ കണ്ടെത്തിയത്. നാല് സിറ്റിംഗ് എം.എൽ.എമാർ ലിസ്റ്റിലുണ്ട്.
നാഷനൽ പീപ്പിൾസ് പാർട്ടി 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് ലക്ഷ്യമിടുന്നത്. ഇത് മുന്നിൽ കണ്ടാണ് പ്രചാരണം. 2020ലെ അധികാരത്തർക്കത്തിനിടെ എൻ.പി.പി, ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിച്ചെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് പിന്നീട് സഖ്യത്തിൽ തിരിച്ചെത്തുകയായിരുന്നു. നാഷണൽ പീപ്പിൾസ് പാർട്ടി 20 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതിൽ ഉപമുഖ്യമന്ത്രി വൈ ജോയ്കുമാർ സിംഗ് ഉൾപ്പെടെ മൂന്ന് സിറ്റിംഗ് എം.എൽ.എമാർ അവരുടെ സീറ്റുകളിൽ മത്സരിക്കുന്നു.
ബിജെപിക്ക് അഭിപ്രായ സർവേയുടെ ആത്മാവിശ്വാസവും പാളയത്തിൽ പടയും
ബി.ജെ.പിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന സർവേ ഫലങ്ങൾ പുറത്തുവരുമ്പോഴും കടുത്ത ഭരണ വിരുദ്ധ വികാരവും പാളയത്തിലെ പടയുമാണ് ആശങ്കയ്ക്ക് വഴിവെക്കുന്നത്. 33 മുതൽ 37 സീറ്റുകൾ വരെ നേടി ബി.ജെ.പി നേടുമെന്നാണ് സീ ഫോർ ന്യൂസ് സർവേ പ്രവചിക്കുന്നത്. 41 ശതമാനം വോട്ടുവിഹിതം നേടാൻ ബി.ജെ.പിക്ക് കഴിയുമെന്ന് സർവേ പ്രവചിക്കുന്നുണ്ട്. 30 ശതമാനം വോട്ട് വിഹിതം നേടി കോൺഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ പറയുന്നു. കോൺഗ്രസിന് 13 മുതൽ 17 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. സർവേ അനുസരിച്ച് എൻ.പി.എഫിന് എട്ട് ശതമാനവും എൻ.പി.പിക്ക് അഞ്ച് ശതമാനവും വോട്ട് നേടാനാകും. മറ്റുള്ളവർക്ക് 16 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്.
അതേസമയം ബി.ജെ.പി പ്രഖ്യാപിച്ച 60 സീറ്റുകളിൽ മൂന്നിടത്ത് മാത്രമാണ് വനിതകൾ മത്സരിക്കുന്നത്. മുഖ്യമന്ത്രി ബീരൻ സിങ്, ഹെയ്ങാങ് മണ്ഡലത്തിൽ നിന്നും ബിസ്വജത് സിങ് തോങ്യു മണ്ഡലത്തിൽ നിന്നും ജനവിധി തേടും. മുൻ ഫുട്‌ബോൾ താരവും ചർച്ചിൽ ബ്രദേഴ്‌സ് ക്യാപ്റ്റനുമായിരുന്ന സോമതായ് ഷായ്‌സ ഉഖ്‌റുവിൽ മത്സരിക്കും. മുഖ്യമന്ത്രിയുടെ വിശ്വസ്തരിൽ മിക്കവർക്കും സീറ്റ് ലഭിച്ചതും പ്രതിഷേധത്തിന് കാരണമായി. സ്ഥാനാർഥി പട്ടികയിൽ ഇടം നേടാനാകാതെ വന്നതോടെ മുൻ മന്ത്രിമാരടക്കം പാർട്ടി വിടുകയാണ്.
കോൺഗ്രസിൽ നിന്നെത്തിയ നേതാക്കന്മാരെ ചൊല്ലി ബി.ജെ.പി ആശ്വസിക്കുമ്പോൾ മറുവശത്ത് ഇതു തന്നെ ബി.ജെ.പിയെ തിരിഞ്ഞ് കൊത്തുകയാണ്. സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് വിട്ട് വന്നവർക്ക് കൂടുതൽ പ്രാധാന്യം നൽകി എന്നാരോപിച്ച് പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയ 10 പേർ ഈയിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയവരാണ്. സംസ്ഥാന തലസ്ഥാനത്തിന് പുറമേ ഇംഫാൽ വെസ്റ്റ്, തമെങ്‌ലോങ് മേഖലകളിലും വ്യാപക പ്രതിഷേധമാണ് പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബീരൻ സിങ് എന്നിവരുടെ കോലം കത്തിച്ചും പാർട്ടി ഓഫീസുകൾ തകർത്തുമായിരുന്നു പ്രതിഷേധം.
കൂടുമാറ്റ പ്രതിസന്ധിയിലും ഇടതുപക്ഷ സഖ്യവുമായി കോൺഗ്രസ്
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടമായതിന് പിന്നാലെ സംസ്ഥാനത്ത് കോൺഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. പ്രമുഖരായ നിരവധി നേതാക്കളാണ് കഴിഞ്ഞ 5 വർഷത്തിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറിയത്. ഇതോടെ ഹൈക്കമാന്റും സംസ്ഥാനത്തോട് മുഖം തിരിച്ചു. ഇത്തവണ ബി.ജെ.പിയെ വീഴ്ത്തി ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. 2017ൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും വോട്ട് വ്യത്യാസം ഒരു ശതമാനം മാത്രമായിരുന്നു. അതിനാൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് കോൺഗ്രസ് കരുതുന്നു. എൻ. ബിരെൻ സിങ് സർക്കാരിനെതിരെയുളള കടുത്ത ഭരണവിരുദ്ധ വികാരത്തിലാണ് കോൺഗ്രസ് കണ്ണ് വയ്ക്കുന്നത്. ഒപ്പം ടിക്കറ്റ് കിട്ടാതെ പാർട്ടി വിടുന്ന ബി.ജെ.പി നേതാക്കൻമാരെ സ്വാഗതം ചെയ്തും കോൺഗ്രസ് കളം നിറയുന്നു.
അതേസമയം, ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പുറത്തു വിട്ടത് മുതൽ പാർട്ടിക്കുളളിൽ കലാപക്കൊടി ഉയർന്നു. 40 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക വന്നതോടെ പുതുമുഖങ്ങളെ അവഗണിച്ചെന്ന് ആരോപിച്ച് പ്രവർത്തകർ രംഗത്തെത്തി. ഹിയാങ്ലാം മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്വന്തം കൊടികളും ബാനറുകളും നശിപ്പിച്ചു. ദേശീയ നേതാക്കളെ സ്വാഗതം ചെയ്യുന്ന ബോർഡുകളും നശിപ്പിക്കപ്പെട്ടു. ആഭ്യന്തര കലഹങ്ങൾ കാരണം കുംബി മണ്ഡലത്തിലെ കോൺഗ്രസ് ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു. സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ച പലർക്കും അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ടതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പ്രാമുഖ്യം പതിവു മുഖങ്ങൾക്കു തന്നെയായിരുന്നു. 11 സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് അനുവദിച്ചു. 15 വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസ് നേതാവ് ഒക്രം ഇബോബി സിംഗ് തന്നെയാണ് ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാർഥി. തൗബുൽ നിയമസഭാ മണ്ഡലത്തിൽ നിന്നാകും ഇബോബി ജനവിധി തേടുക. മകൻ സുർജകുമാർ ഒക്രം, ഖാങ്ബോക്ക് മണ്ഡലത്തിൽ മത്സരിക്കും. മുൻ ഉപമുഖ്യമന്ത്രി ഗൈഖംഗം നുങ്ബ യിൽ നിന്നും ലോകെൻ സിംഗ് നിമ്പോളിൽ നിന്നും ജനവിധി തേടും.
സി.പി.എം, സി.പി.ഐ, ആർ.എസ്.പി, ജനതാദൾ എസ്, ഫോർവേർഡ് ബ്ലോക്ക് എന്നിവരാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിലുള്ളത്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ ഈ പാർട്ടികളുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് എം.പി.സി.സി പ്രസിഡന്റ് എൻ ലോകൻ പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യവുമായാണ് പാർട്ടികൾ കൈകോർത്തത്. സി.പി.ഐയുമായി സൗഹൃദമത്സരം നടത്താൻ സാധ്യതയുള്ള കാക്കിങ് ഒഴികെ ബാക്കിയുള്ള 59 നിയമസഭാ സീറ്റുകളിലും പൊതുസ്ഥാനാർഥികളെ നിർത്തുകയാണ് മുന്നണി.
'സംസ്ഥാന തെരഞ്ഞെടുപ്പിനായി ഞങ്ങൾ ഒരു സഖ്യം രൂപീകരിച്ചു, ഈ മണ്ണിൽ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും വർഗീയവുമായ ഒരു പാർട്ടി അധികാരത്തിലുണ്ട്... അതിന്റെ നവലിബറൽ രാഷ്ട്രീയത്തിലൂടെ തൊഴിലാളിവർഗത്തിനെതിരെ നിരന്തരം പ്രവർത്തിക്കുന്നു. അതിനാൽ മതേതര പാർട്ടികൾ ഒന്നിക്കേണ്ട സമയമാണിത്. ബിജെപിയെ തോൽപ്പിക്കാൻ സഖ്യത്തിന് കഴിയും'- സി.പി.ഐ സംസ്ഥാന സെക്രട്ടറി സോതിൻ കുമാർ പറഞ്ഞു.
കൂറുമാറില്ല... സത്യം സത്യം
കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള ചാട്ടം തുടരുകയാണ്. കോൺഗ്രസ് നേതാവ് ഇബോബി സിങ്ങിന്റെ അനന്തരവനും ഇപ്പോൾ ബി.ജെ.പി പാളയത്തിലാണ്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മണിപ്പൂർ പിസിസി ഉപാധ്യക്ഷനുമായ ചൽട്ടോൺലിൻ അമോ ബി.ജെ.പിയിൽ ചേർന്നിരുന്നു. അഞ്ചു വർഷത്തെ ബി.ജെ.പി ഭരണത്തിനിടയിൽ പാർട്ടി വിട്ടത് അമോ അടക്കം 15 എം.എൽ.എമാരാണ്.
രാജ്യത്തൊട്ടാകെ കോൺഗ്രസിന്റെ തളർച്ചയുടെ പ്രധാന കാരണം നേതാക്കൻമാരുടെ കൂടുമാറ്റമാണ്. നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണം കൈവിട്ടുപോയതിന്റെ കാരണവും ഇതുതന്നെയായിരുന്നു. ഇത് മറികടക്കാൻ ഗോവയിൽ ഇറക്കിയ തന്ത്രം മണിപ്പൂരിലും പയറ്റുകയാണ് കോൺഗ്രസ്. പാർട്ടിയിൽ നിന്ന് കൂറുമാറില്ല എന്ന് ഗോവ മാതൃകയിൽ നേതാക്കളെക്കൊണ്ടു മണിപ്പൂരിലും പ്രതിജ്ഞയെടുപ്പിച്ചു. അതേസമയം ഇക്കാര്യം നേതാക്കളിൽ നിന്ന് രേഖയായി എഴുതിവാങ്ങാനാണ് ബി.ജെ.പിയുടെ തീരുമാനം.
2017ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. ബി.ജെ.പിക്ക് 21 അംഗങ്ങളായിരുന്നു. നാഗാ പീപ്പിൾസ് ഫ്രണ്ടും നാഷണൽ പീപ്പിൾസ് പാർട്ടിയും നാല് സീറ്റുകൾ വീതം പങ്കിട്ടു. ഇവർക്കൊപ്പം തൃണമൂൽ കോൺഗ്രസ്, ലോക് ജൻ ശക്തി പാർട്ടി, ഒരു സ്വതന്ത്രൻ എന്നിവരും നിലവിലെ നിയമസഭയിൽ അംഗങ്ങളാണ്.
ഫെബ്രുവരി 27ന് സംസ്ഥാനത്തെ ആകെയുള്ള 60 നിയമസഭാ സീറ്റുകളിൽ 38 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും. മാർച്ച് 3ന് രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 22 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുക്കുക. സംസ്ഥാനത്ത് ആകെ 20,56,901 വോട്ടർമാരാണുള്ളത്. 9,85,119 പുരുഷന്മാരും 10,49,639 സ്ത്രീകളുമാണ്. 208 പേർ ഭിന്നലിംഗക്കാരാണ്. നിയമസഭയിലെ 60 സീറ്റുകളിൽ ഒരെണ്ണം പട്ടികജാതിക്കും 19 എണ്ണം പട്ടികവർഗത്തിനുമാണ്.