മെസ്സിയുടെ ആനന്ദക്കണ്ണീർ, ടോക്യോവിലെ ഹീറോകൾ ; 2021 ൽ കായികലോകത്തെ അവിസ്മരണീയ മുഹൂർത്തങ്ങൾ

മഹാമാരിക്കാലം നിശ്ചലമാക്കിയ കായികലോകം ഉണർവോടെ ഉയിർത്തെഴുന്നേറ്റ വർഷമായിരുന്നു 2021

Update: 2022-01-01 12:15 GMT
Advertising

മഹാമാരിക്കാലം നിശ്ചലമാക്കിയ കായികലോകം ഉണർവോടെ ഉയിർത്തെഴുന്നേറ്റ വർഷമായിരുന്നു 2021. കളിമുറ്റങ്ങളിൽ പതിവു പോലെ മനോഹരമായ നിരവധി മുഹൂർത്തങ്ങളുണ്ടായി. മാറ്റിവച്ച ഒളിമ്പിക്‌സും കോപ്പ അമേരിക്കയും യൂറോ കപ്പും ടി 20 വേൾഡ് കപ്പുമൊക്കെ വലിയ ആവേശത്തിൽ തിരിച്ചെത്തി. ഇടവേളയ്ക്ക് ശേഷം ഗാലറികളിൽ ആരവങ്ങളുടെ അലമാലകളുയർന്നു. ഒഴിഞ്ഞ ഗ്യാലറികൾക്ക് മുൻപിലാണെങ്കിലും ഒളിമ്പിക്‌സും കോപ്പയും യൂറോയും അടക്കമുള്ള കായിക മാമാങ്കങ്ങളെ ഒക്കെ ഒട്ടും ആവേശം ചോരാതെയാണ് കായികപ്രേമികൾ ഏറ്റെടുത്തത്. അങ്ങിനെ അവിസ്മരണീയമായ നിരവധി ഓർമ്മകൾ പോയ വർഷം കായികലോകം കളി പ്രേമികൾക്കു സമ്മാനിച്ചു.


2021 ൽ കായിക ലോകം മറക്കാനാഗ്രഹിക്കാത്ത അഞ്ച് മനോഹര മുഹൂർത്തങ്ങൾ

1 മരക്കാനയിൽ മിശിഹ



ഒരു ജനതയുടെ 28 വർഷം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് അർജന്റീന കോപ്പ അമേരിക്കയുടെ കിരീടത്തിൽ മുത്തമിട്ടത് 2021 ലാണ്. രണ്ടരപ്പതിറ്റാണ്ടിലേറെ ക്കാലം നീണ്ടുനിന്ന അർജന്റീനയുടെ കിരീടവരൾച്ചക്ക് ഒടുക്കം തിരശീല വീണു. കോപ്പയുടെ കലാശപ്പോരിൽ ചിരവൈരികളായ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുമെന്ന് അറിഞ്ഞ നാൾ മുതൽ ആവേശത്തിലായിരുന്നു ഫുട്ബോൾ ലോകം. ഇരു ടീമുകൾക്കും ആരാധകർക്കും അഭിമാനപ്പോരാട്ടമായിരുന്നു. ഒടുക്കം കലാശപ്പോരിൽ കാനറികളെ അവരുടെ തട്ടകത്തിൽ കശക്കിയെറിഞ്ഞ് അർജന്റീനയുടെ അവസാന ചിരി.

കലാശപ്പോരിന്റെ 28 ാം മിനിറ്റിൽ റോഡ്രിഗോ ഡീ പോൾ നീട്ടിനൽകിയ പന്തിനെ കാനറികളുടെ ഗോൾവലയിലേക്ക് കോരിയിട്ട് എയ്ഞ്ചൽ ഡീ മരിയ അർജന്റീനയുടെ മാലാഖയായി അവതരിച്ചു. പിന്നീട് കളിയിൽ ഒരു നിമിഷം പോലും പതറാതിരുന്ന പ്രതിരോധനിര അർജന്റീനയെ വിജയതീരമണച്ചു. ടൂർണമെന്റിൽ നേടാനാവുന്ന എല്ലാ വ്യക്തിഗത ട്രോഫികളും നേടി ആധികാരികമായാണ് അർജന്റീന കിരീടനേട്ടം ആഘോഷിച്ചത്. ഫുട്ബോളിന്റെ ദൈവം പരിശീലകവേഷത്തിലെത്തിയിട്ടും രക്ഷിക്കാനാവാത്ത അർജന്റീനിയൻ ഫുട്ബോളിനെ ലോകഫുട്ബോൾ ഭൂപടത്തിലേക്ക് കൈപിടിച്ചുയർത്തിയ ലിയോണൽ സ്‌കലോണി എന്ന പരിശീലകനും ലോകഫുട്ബോളിന്റെ മിശിഹ ലയണൽ മെസ്സിക്കും ആരാധകർ നന്ദി പറഞ്ഞു.

2 വെൽഡൺ വെഴ്സ്റ്റപ്പൻ


ഫോർമുല വണ്ണിൽ എട്ടാം കിരീടവുമായി ഇതിഹാസ താരം മെക്കൽ ഷുമാക്കറിന്റെ റെക്കോർഡ് തകർക്കാനെത്തിയ ലൂയിസ് ഹാമിൽട്ടന്റെ സ്വപ്നങ്ങളെ അവസാനലാപ്പിൽ തല്ലിക്കെടുത്തി ഫോർമുല വൺ ലോകകിരീടത്തിൽ റെഡ്ബുള്ളിന്റെ മാക്സ് വെഴ്സ്റ്റപ്പൻ മുത്തമിട്ടു. അബുദാബി ഗ്രാന്റ് പ്രീയിൽ ഹാമിൽട്ടൺ-വെഴ്സ്റ്റപ്പൻ പോരാട്ടം നടക്കുന്നതിന് മുമ്പേ തന്നെ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. കലാശപ്പോരിന് മുമ്പ് ഹാമിൽട്ടണും വെഴ്സ്റ്റപ്പനും 369.5 പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്. ഫൈനൽ റേസിലെ വിജയി ഗ്രാന്റ് പ്രീ കിരീടത്തിൽ മുത്തമിടും എന്ന് അറിഞ്ഞത് മുതൽ ആരാധകർ മുഴുവൻ ഈ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.

ഫൈനൽ റേസിൽ പോൾ പൊസിഷന്റെ മുൻതൂക്കം വെഴ്സ്റ്റപ്പനുണ്ടായിരുന്നു. എന്നാൽ തന്റെ താരപ്രഭക്കൊത്ത പ്രകടനം പുറത്തെടുത്ത ഹാമിൽട്ടൺ അവസാനലാപ്പ് വരെ മുന്നിൽ കുതിച്ചു. പക്ഷെ നാടകീയമായി അവസാനലാപ്പിൽ വെഴ്സ്റ്റപ്പൻ ഹാമിൽട്ടണെ മറികടന്ന് ഫിനിഷ് ചെയ്യുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് ആരാധകർ നോക്കിനിന്നത്. ഇതോടെ എട്ടാം കിരീടനേട്ടമെന്ന ഹാമിൽട്ടന്റെ സ്വപ്നം പൊലിഞ്ഞു. ഫോർമുല വൺ ലോകചാമ്പ്യനാകുന്ന ആദ്യ ഡച്ചുകാരനാണ് വെഴ്സ്റ്റപ്പൻ.

3 പത്തരമാറ്റ് പട്ടേൽ


ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഇന്നിംഗ്സിൽ എതിർടീമിലെ പത്ത് താരങ്ങളേയും പുറത്താക്കുന്ന അപൂർവനേട്ടം ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേലിനെ തേടിയെത്തി. ലോകക്രിക്കറ്റിൽ അജാസിന് മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയത് രണ്ട് പേർ മാത്രമാണ്. ഇംഗ്ലണ്ടിന്റെ ജിം ലോക്കറും ഇന്ത്യയുടെ അനിൽ കുംബ്ലെയും.

ഇന്ത്യൻ വംശജനായ അജാസ് പട്ടേൽ തന്റെ ജന്മനാടായ മുംബൈയിൽ വച്ച് ഇന്ത്യക്കെതിരെയാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നാണ് ഈ റെക്കോർഡ് നേട്ടത്തിന്റെ അപൂർവത. 47.5 ഓവറിൽ നിന്ന് 119 റൺസ് വിട്ട് കൊടുത്താണ് അജാസ് പത്ത് ഇന്ത്യൻ ബാറ്റർമാരെ കൂടാരം കയറ്റിയത്. ആദ്യമായി ഈ നേട്ടം കരസ്ഥമാക്കിയ ഇംഗ്ലണ്ടിന്റെ ജിം ലോക്കറും ഇന്ത്യക്കെതിരെ തന്നെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. അനിൽ കുംബ്ലെ പാക്കിസ്താനെതിരെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

4 ബർഷിമും ടംബേരിയും; ടോക്യോവിന്റെ ഹീറോകൾ


ഖത്തറിന്റെ മുഅ്തസ് ഈസാ ബർഷിമും ഇറ്റലിയുടെ മാർക്കോ ടംബേരിയും, 2021 ടോക്യോ ഒളിംബിക്സിനെ അവിസ്മരണീയമാക്കിയ രണ്ട് പേരുകൾ. കായികലോകത്തെ ഒരപൂർവ സൗഹൃദത്തിന്റെ കഥ ഒളിംപിക്സിന്റെ ചരിത്രപുസ്തകത്തിൽ തങ്കലിപികളിലാണ് ഇരുവരും എഴുതിച്ചേർത്തത്. അതും ഒരു സൗഹൃദദിനത്തിൽ.

ടോക്യോ ഒളിംബിക്സിന്റെ ഹൈജംബ് പിറ്റാണ് രംഗം. മത്സരത്തിൽ ഇരുവരും താണ്ടിയത് ഒരേ ഉയരം. 2.37 മീറ്റർ. പിന്നീട് മൂന്ന് തവണ ചാടിയിട്ടും ഇരുവർക്കും ഈ ഉയരം മറികടക്കാനായില്ല. ടൈ ഒഴിവാക്കാൻ ജംപ് ഓഫ് നോക്കുകയല്ലേ എന്ന് ഒഫീഷ്യൽ ഇരുവരോടും ചോദിച്ചു. എന്നാൽ ബർഷിമിന്റെ മറു ചോദ്യം ഇതായിരുന്നു. 'ഞങ്ങൾക്ക് രണ്ട് പേർക്കും സ്വർണം പങ്കുവക്കാൻ കഴിയുമോ ?'. പറ്റുമെന്ന് ഒഫീഷ്യൽ അറിയിച്ചതോടെ 29 കാരൻ ടംബേരി ബർഷിമിനെ കെട്ടിപ്പിടിച്ച് ആനന്ദ നൃത്തം ചവിട്ടി. സൗഹൃദത്തിന് രാജ്യാതിർത്തികളും അതിർവരമ്പുകളുമില്ലെന്ന് തെളിയിച്ച മനോഹരമുഹൂർത്തം. പോഡിയത്തിൽ ഇരുവരും പരസ്പരം മെഡലുകളണിയിച്ചു. ടോക്യോ ഓർമിക്കപ്പെടുന്നത് ബർഷിമിന്റേയും ടംബേരിയുടെയും പേരിൽ കൂടെയാവും.

5 പടിയിറക്കം, പുതിയ തുടക്കം


ലോകഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങൾ തങ്ങളുടെ ക്ലബ്ബുകളിൽ നിന്ന് പടിയിറങ്ങി പുതിയ കൂടാരത്തിലേക്ക് ചേക്കേറിയ വർഷമായിരുന്നു 2021. ലയണൽ മെസ്സിയുടെ ബാഴ്സലോണയിൽ നിന്നുള്ള പടിയിറക്കം അത്യന്തം വൈകാരികമായിരുന്നു എങ്കിൽ ഓൾഡ് ട്രാഫോഡിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ മടങ്ങി വരവ് അങ്ങേയറ്റം ആവേശകരമായിരുന്നു. ട്രാൻസ്ഫർ ജാലകത്തെ പിടിച്ചുകിലുക്കിയ രണ്ട് ട്രാൻസ്ഫറുകൾ.

ബാഴ്സയിൽ നിന്നുള്ള മെസ്സിയുടെ പടിയിറക്കം അക്ഷരാർത്ഥത്തിൽ ഒരു യുഗത്തിന് തിരശീലയിടുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെക്കാലം നൗകാമ്പിൽ ബാഴ്സയുടെ നീലയും വെള്ളയും കലർന്ന ജേഴ്സിയിൽ മെസ്സിയുണ്ടായിരുന്നു.ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാമാസിയയിൽ നിന്നാണ് ലിയോ കളിപടിച്ചത്. പിന്നീട് ബാഴ്സ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഓടിക്കയറി. 778 മത്സരങ്ങളിൽ നിന്ന് ബാഴ്സക്കായി 672 ഗോളുകളും 305 അസിസ്റ്റുകളും നേടിയ താരം 10 ലാലീഗ കിരീടവും 4 ചാമ്പ്യൻസ് ലീഗ് കിരീടവുമടക്കം ബാഴ്സയുടെ 34 മേജർ ടൂർണമെന്റ് വിജയങ്ങളിൽ നിർണ്ണായക സാന്നിധ്യമായി. ആറ് തവണ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുമ്പോഴും മെസ്സി ബാഴ്സാ കുപ്പായത്തിലായിരുന്നു ഉണ്ടായിരുന്നത്. ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പി.എസ്.ജി യിലേക്കാണ് ലിയോ കൂടുമാറിയത്. പി.എസ്.ജിയിൽ അത്ര മികച്ച പ്രകടനം കാഴ്ച്ച വക്കാൻ മെസ്സിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.

യുവന്റസിൽ നിന്നുള്ള റോണോയുടെ പടിയിറക്കം ആരാധകർ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. പക്ഷെ പടിയിറക്കത്തിന് ശേഷം റോണോ എങ്ങോട്ട് എന്ന കാര്യത്തിൽ അനിശ്ചിതത്വങ്ങൾ ഒരുപാടുണ്ടായിരുന്നു. എന്നാൽ എല്ലാ അനിശ്ചിതത്വങ്ങളെയും കാറ്റിൽ പറത്തി തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങാനുള്ള തീരുമാനം റോണോ പ്രഖ്യാപിച്ചു. ഫുട്‌ബോൾ ലോകവും ഓൾഡ് ട്രാഫോഡും ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. റോണോ വീണ്ടും തന്റെ പഴയ തട്ടകത്തിൽ പന്ത് തട്ടി ത്തുടങ്ങി. എവിടേക്ക് ചേക്കേറിയാലും ഗോളടി മറക്കാത്ത റോണോ മാഞ്ചസ്റ്ററിലും തന്റെ ഗോളടി മികവ് തുടരുകയാണ്.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News