പതിവു പോലെ കങ്കണ, ആര്യൻ ഖാൻ, രാജ് കുന്ദ്ര; വിവാദങ്ങൾക്ക് പഞ്ഞമില്ലാതെ ബോളിവുഡ്

ഭരണകൂട നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച ചലച്ചിത്ര പ്രവർത്തകർ ടാർഗറ്റ് ചെയ്യപ്പെട്ട വർഷം കൂടിയാണ് കടന്നുപോയത്

Update: 2022-01-01 11:27 GMT
Advertising

ബോളിവുഡിൽ വിവാദങ്ങളും ആഘോഷങ്ങളും ഒരുപോലെ കടന്നുപോയ വർഷമാണ് 2021. കിങ് ഖാൻ ഷാറൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്നു കേസിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്തത് അക്ഷരാർത്ഥത്തിൽ ബോളിവുഡിനെ പിടിച്ചുകുലുക്കി. അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ പറയപ്പെട്ടെങ്കിലും അതിന്‍റെ ആഘാതം സിനിമാ മേഖലയിൽ നിന്ന് ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഭരണകൂട നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച ചലച്ചിത്ര പ്രവർത്തകർ ടാർഗറ്റ് ചെയ്യപ്പെട്ട വർഷം കൂടിയാണ് കടന്നുപോയത്. ആര്യൻ ഖാൻ സംഭവത്തിനൊപ്പം എടുത്തു പറയേണ്ടത് ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ഇടപെട്ട അശ്ലീലചിത്ര നിർമാണ വിവാദമാണ്. വിക്കി കൗശൽ-കത്രീന കൈഫ് വിവാഹം ആഘോഷങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. കങ്കണ റണാവത്തിന്‍റെ നാക്കിന് എന്നത്തെയും പോലെ പോയ വർഷവും നിയന്ത്രണങ്ങളേതുമുണ്ടായിരുന്നില്ല.

ബോളിവുഡിലെ പ്രധാന സംഭവങ്ങൾ ഇങ്ങനെ;

ആര്യൻ ഖാന്‍റെ അറസ്റ്റ്

ബോളിവുഡിനെ മുൾമുനയിൽ നിർത്തിയ വിവാദങ്ങളിൽ ഒന്നാണ് മുംബൈയിലെ കോർഡീലിയ ഇംപ്രസ് ക്രൂയിസ് എന്ന ആഡംബര കപ്പലിൽ നിന്ന് ആര്യൻ ഖാൻ അടക്കം എട്ട് പേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്ത സംഭവം. മുംബൈയിൽ നിന്നും ഗോവയിലേക്ക് തിരിച്ച കപ്പലിൽ ലഹരി പാർട്ടി നടന്നതായിട്ടുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ തലവൻ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ 2021 ഒക്ടോബർ രണ്ടിനാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ ആര്യൻ ഖാൻ, അർബാസ് മെർച്ചന്‍റ്, മുൺമുൺ ധമാച്ചെ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. ഒക്ടോബർ മൂന്നിന് പുറത്തായ വാർത്ത ബോളിവുഡിനെയാകെ പിടിച്ചുകുലുക്കി. സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ബോളിവുഡിലെ ലഹരി ഇടപാടുകൾ അന്വേഷിച്ചിരുന്ന സമീർ വാങ്കഡെ തന്നെയാണ് കോർഡീലിയയിലെ ലഹരി ഇടപാടും പിടികൂടിയത്. ഇതും ആര്യൻഖാന്‍റെ വാർത്തക്ക് അതീവ പ്രാധാന്യം നൽകി.

ആര്യന്‍ ഖാനെ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നു

അറസ്റ്റിന് രണ്ടാഴ്ച മുമ്പ് മാത്രം ഉദ്ഘാടനം ചെയ്യപ്പെട്ട കപ്പലാണ് കോർഡീലിയ ഇംപ്രസ. മുംബൈയിൽ നിന്നും ഗോവയിലേക്ക് സംഗീതയാത്ര എന്ന പരസ്യത്തോടെ ഫാഷൻ ടി.വിയും നമാസ് ക്രൈയുമാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറിയ എൻ.സി.ബി ഉദ്യോഗസ്ഥരാണ് ആര്യൻ ഉൾപ്പെടുന്ന സംഘത്തെ കസ്റ്റഡിയിലെടുക്കുന്നതും പിന്നീട് അറസ്റ്റ് ചെയ്യുന്നതും. ദിവസങ്ങൾ നീണ്ട വാർത്തകൾക്കും വിവാദങ്ങൾക്കും ശേഷം ഒക്ടോബർ 28ന് മുംബൈ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചു.

മകന്‍റെ അറസ്റ്റിന് പിന്നാലെ വ്യക്തിപരമായ മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് ഷാരൂഖ് ഖാൻ കടുന്നുപോയിരുന്നത്. അറസ്റ്റിന് പിന്നാലെ ഷൂട്ടിങ് മതിയാക്കിയ താരം മുംബൈയിലെ മന്നത്ത് വസതിയിൽ തിരിച്ചെത്തുകയും ജാമ്യം ലഭിക്കുന്നത് വരെയുള്ള നിയമവഴികളിൽ സജീവമാവുകയും ചെയ്തു. ബോളിവുഡും കിങ് ഖാന്‍റെ കൂടെ ഉറച്ചുനിന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം പത്താനിലൂടെയാണ് ഷാരൂഖ് ഖാൻ അഭിനയവഴിയിലേക്ക് മടങ്ങിവന്നത്.

ഒടുങ്ങാത്ത രാഷ്ട്രീയ വിവാദം

ആര്യൻഖാന്‍റെ അറസ്റ്റ് സമാനതകളില്ലാത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് കൂടിയാണ് വഴിവെച്ചത്. മുംബൈയിൽ വെച്ച് നടന്ന അറസ്റ്റിനെ മഹാരാഷ്ട്രയിലെ എൻ.സി.പി, ശിവസേന നേതാക്കൻമാരിൽ നിന്നും രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്. മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി വക്താവുമായ നവാബ് മാലിക് ആര്യൻ ഖാന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ് എന്നും ബോളിവുഡ് താരങ്ങളെ മാത്രമല്ല മഹാരാഷ്ട്രയെയും അപമാനിക്കാൻ എൻ.സിബി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ആരോപിച്ചു. ആര്യൻ ഖാനിൽ നിന്നും നേരിട്ട് ലഹരി പിടികൂടിയില്ലെന്ന എൻ.സി.ബി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു നവാബ് മാലികിന്‍റെ പരാമർശം. ആര്യനോടൊപ്പം പിടികൂടിയ അർബാസ് മെർച്ചന്‍റിനെ പിടികൂടി കൊണ്ടുവരുന്ന ആൾ ബി.ജെ.പി പ്രവർത്തകനായ ഭാനുശാലിയാണെന്നും നവാബ് ആരോപിച്ചു.

ഷാരൂഖ് ഖാന്‍ അഭിഭാഷകര്‍ക്കൊപ്പം

ആര്യന്‍റെ അറസ്റ്റിന് ശേഷം കേസിലെ സാക്ഷിയായ പ്രഭാകർ സെയിലിന്‍റെ വെളിപ്പെടുത്തലും നിർണായകമായി. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിലൂടെ സമീർ വാങ്കഡെ ഷാരൂഖ് ഖാനിൽ നിന്നും പണം തട്ടാൻ ശ്രമം നടത്തുകയായിരുന്നുവെന്നാണ് പ്രഭാകർ സെയിൽ വെളിപ്പെടുത്തിയത്. കിരൺ ഗോസാവിയെന്ന മറ്റൊരു സാക്ഷി ആര്യൻ ഖാനെ കൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോ തെളിവും പ്രഭാകർ സെയിൽ പുറത്തുവിട്ടു. ആര്യന്‍റെ അറസ്റ്റിന് ശേഷം കിരൺ ഗോസാവിക്ക് അരക്കോടി രൂപ കിട്ടിയിരുന്നതായും തന്നെ ഭീഷണിപ്പെടുത്തി സമീർ വാങ്കഡെ ചില പേപ്പറുകളിൽ ഒപ്പിടുവിപ്പിച്ചതായും പ്രഭാകർ സെയിൽ ആരോപിച്ചു. ആരോപണങ്ങൾ സമീർ വാങ്കഡെ നിഷേധിച്ചെങ്കിലും മഹാരാഷ്ട്ര പൊലീസ് വിടാൻ ഒരുക്കമല്ലായിരുന്നു. മുംബൈ പൊലീസ് സമീർ വാങ്കഡെക്കെതിരെ അന്വേഷണം ആരംഭിച്ചു. എൻ.സി.ബി വിജിലൻസ് സംഘവും സമീർ വാങ്കഡെയെ ചോദ്യം ചെയ്തു. നവംബർ 5ന് കേസിന്‍റെ അന്വേഷണ ചുമതലയിൽ നിന്നും സമീർ വാങ്കഡെയെ നീക്കി. സഞ്ജയ് സിംഗ് ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസന്വേഷിക്കുന്നത്.

രാജ് കുന്ദ്രയുടെ അശ്ലീല വീഡിയോ നിർമാണം

2021ൽ വലിയ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ അശ്ലീല വീഡിയോ നിർമാണവും തുടർന്നു നടന്ന സംഭവങ്ങളും. വീഡിയോകൾ, ഫോട്ടോകൾ, ഹോട്ട് ഫോട്ടോ ഷൂട്ടുകൾ എന്നിവ ലക്ഷ്യമാക്കി നടത്തിയിരുന്ന 'ഹോട്ട് ഷോട്ട്‌സ്' എന്ന മൊബൈൽ ആപ്പും അതിന് പിന്നിലെ അണിയറ രഹസ്യങ്ങളുമാണ് രാജ് കുന്ദ്രയുടെ അറസ്റ്റോടെ പുറത്തായത്. ഇതിനെല്ലാം പുറകിൽ നടന്ന അശ്ലീല വീഡിയോ നിർമാണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.

നടി ശിൽപ്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും

2021 ഫെബ്രുവരി 4ന് മുംബൈയിലെ മഡ് ഐലൻഡിലെ വലിയ ബംഗ്ലാവിൽ നടന്ന പരിശോധനയാണ് രാജ് കുന്ദ്രയുടെയും ശിൽപ്പ ഷെട്ടിയുടെയും ജീവിതത്തിൽ ഇടിത്തീയായി മാറിയത്. പരിശോധനയുടെ ആദ്യഘട്ടത്തിൽ അഞ്ച് പേരെ അറസ്റ്റു ചെയ്തു. പിന്നീട് ഗെഹന വസിഷ്ഠ് എന്ന നടിയെ അറസ്റ്റു ചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമേഷ് കാമത്ത് എന്നയാൾ പിടിയിലായതോടെയാണ് കേസ് രാജ് കുന്ദ്രയിലേക്കെത്തുന്നത്. രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ ഉമേഷ് ആയിരുന്നു ഹോട്ട് ഷോട്ട്‌സിന്‍റെ ചുമതല വഹിച്ചിരുന്നത്. ഇരുവരും ചേർന്നാണ് അശ്ലീല വീഡിയോ നിർമാണം നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ജൂലൈ 19ന് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റു ചെയ്തു. അശ്ലീല വീഡിയോ നിർമാണത്തിൽ കോടികൾ നിക്ഷേപം നടത്തിയതായും തെളിവുകൾ പുറത്തുവന്നു. അറസ്റ്റിന്‍റെ കൂടുതൽ വാർത്തകളും തെളിവുകളും പുറത്തുവന്നതോടെ ശിൽപ്പ ഷെട്ടി പ്രതിരോധത്തിലായി.

വലിയ മാധ്യമ വിചാരണകൾക്കൊടുവിൽ ജൂലൈ 23ന് ശിൽപ്പ ഷെട്ടി ആദ്യമായി ഇൻസ്റ്റാഗ്രാമിൽ തൻറെ പ്രതികരണം അറിയിച്ചു. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിൻറെ വരികളാണ് ശിൽപ്പ പങ്കുവെച്ചത്. 'ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം, ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തിൽ ഇതുവരെയുണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതിജീവിക്കും. എൻറെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാവില്ല', എന്നായിരുന്നു ആ വരികൾ.

ശില്‍പ്പ ഷെട്ടിയും മക്കളായ വിയാനും ഷമീഷയും മുംബൈ എയര്‍പോര്‍ട്ടില്‍ 

കേസിൽ വൈകാതെ തന്നെ ശിൽപ്പ ഷെട്ടിയിലേക്കും അന്വേഷണ സംഘമെത്തി. കഴിഞ്ഞ ജൂലൈ 24ന് ആറു മണിക്കൂറാണ് ശിൽപ്പയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ശിൽപ്പയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്പ് കണ്ടെത്തിയിരുന്നു. അശ്ലീല വീഡിയോ നിർമാണത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പറഞ്ഞ ശിൽപ്പ ബന്ധുവായ പ്രദീപ് ബക്ഷിയാണ് ആപ്പിന് പിന്നിലെന്നും പൊലീസിന് മൊഴി നൽകി. ഭർത്താവ് രാജ് കുന്ദ്ര നിരപരാധിയാണെന്നും ശിൽപ്പ പറഞ്ഞു.

ഈ വാർത്തകൾക്കിടയിൽ തന്നെ ശിൽപ്പ വിവാഹ മോചനത്തിന് ഒരുങ്ങുന്നതായും രാജ് കുന്ദ്രയുടെ സ്ഥാപനമായ വിയാൻ ഇൻഡസ്ട്രീസിന്‍റെ ഡയക്ടർ സ്ഥാനം ശിൽപ്പ രാജിവെച്ചതായും റിപ്പോർട്ടുകൾ വന്നു. അതിനിടയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് കേസിൽ രാജ് കുന്ദ്രക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ ജാമ്യത്തിലാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.

വിക്കി-കത്രീന വിവാഹം

ബോളിവുഡിലെ ഏറ്റവും വലിയ വിവാഹത്തിനും 2021 സാക്ഷ്യം വഹിച്ചു. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാകാൻ തീരുമാനിച്ചത്. ഡിസംബർ ഒമ്പതിന് ജയ്പൂരിലെ ഫോർട്ട് ബർവാരയിലെ സിക്‌സ് സെൻസസ് റിസോർട്ടിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. മൂന്നു ദിവസങ്ങളിലായി സംഗീത്, മെഹന്ദി ആഘോഷങ്ങളോടെ താരകുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. ഏറ്റവുമടുപ്പമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രഹസ്യ സ്വഭാവത്തിലായിരുന്നു വിവാഹം.

വിക്കി കൗശലും കത്രീന കൈഫും വിവാഹ ദിവസം 

വിവാഹത്തിൽ പങ്കെടുക്കാൻ രഹസ്യ കോഡ്! നാല് ലക്ഷത്തിന്‍റെ കേക്ക്!

അതീവ രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ടാണ് വിക്കി-കത്രീന വിവാഹ ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. ക്ഷണം ലഭിച്ച വിശിഷ്ടാതിഥികൾക്കെല്ലാം രഹസ്യ കോഡ് കൈമാറി. ഈ കോഡ് മറ്റാരുമായും പങ്കുവെയ്ക്കരുതെന്ന ഉടമ്പടിയിൽ ഒപ്പുവെപ്പിച്ചു. ചടങ്ങുകളിൽ മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിക്കാനും അനുവാദം നൽകിയിരുന്നില്ല. സൽമാൻ ഖാന്‍റെ ബോഡി ഗാർഡ് ഗുർമീത് സിങ്ങും സംഘവുമാണ് വേദിക്ക് സുരക്ഷയൊരുക്കിയിരുന്നത്. ഏറ്റവും ഒടുവിൽ കത്രീന കൈഫും വിക്കി കൗശലും ഔദ്യോഗികമായി തന്നെ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ വിവാഹ ഫോട്ടോകൾ പങ്കുവെച്ചു.

വിക്കി-കത്രീന വിവാഹത്തിന് കേക്ക് മുറിച്ചതും പാപ്പരാസികൾ ആഘോഷമാക്കി. അഞ്ചുതട്ടുകളുള്ള സ്‌പെഷൽ കേക്ക് നാൽപ്പത്തിയെട്ട് മണിക്കൂറെടുത്താണ് നിർമ്മിച്ചത്. പ്രശസ്ത പേസ്ട്രി ഷെഫായ മൈറാ ജുൻജുൻവാലയാണ് കേക്ക് ഡിസൈൻ ചെയ്തത്. വനിലാ ഫ്‌ളേവറുള്ള കേക്ക് പലവിധ ബെറികളാൽ അലങ്കരിച്ചിരുന്നു. പന്ത്രണ്ടു കിലോയുള്ള കേക്കിന്‍റെ വില കേട്ടാലാണ് ഞെട്ടുക! നാല് ലക്ഷം! കേക്കിനായി അറുപത് ബോക്‌സ് ഇറക്കുമതി ചെയ്ത ബെറികളാണ് ഉപയോഗിച്ചത്. ഇതിനുപുറമേ കത്രീനയുടെ ഇഷ്ചങ്ങൾക്ക് മുൻഗണന നൽകിയുമാണ് കേക്ക് തയ്യാറാക്കിയത്. വിവാഹത്തിലെ ഇന്ത്യൻ-വെസ്റ്റേൺ രുചികളുടെ ഫ്യൂഷനും ഇരുവരുടെയും തെരഞ്ഞെടുപ്പ് തന്നെയായിരുന്നു.

അതിനിടയിൽ വിവാഹചടങ്ങുകൾ ആരാധകർക്ക് കാണാൻ അവസരം നൽകുക എന്ന ഉദ്ദേശത്തിൽ ആമസോൺ പ്രൈമുമായി വിവാഹ ചടങ്ങുകൾ സ്ട്രീം ചെയ്യാൻ കരാർ ആയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. സംപ്രേക്ഷണാവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയതായും 80 കോടി രൂപ ഇതിലൂടെ വിക്കി-കത്രീന താരജോഡികൾക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹം കഴിഞ്ഞ് വരുന്ന വർഷമായിരിക്കും സംപ്രേക്ഷണം നടക്കുകയെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.



അനുരാഗ് കശ്യപിനും തപ്‌സി പന്നുവിനുമെതിരെ ആദായ നികുതി വകുപ്പ്

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്‍റെയും നടി തപ്‌സി പന്നുവിന്‍റെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതും ഇക്കഴിഞ്ഞ വർഷത്തെ സംഭവബഹുലമാക്കി. മാർച്ച് മൂന്നിനാണ് അനുരാഗ് കശ്യപിന്‍റെയും അദ്ദേഹത്തിന്‍റെ നിർമാണ പങ്കാളികളുടെയും മുംബൈയിലെയും പൂനെയിലെയും 30ഓളം കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. 2018ൽ നിർമാണം അവസാനിപ്പിച്ച അനുരാഗ് കശ്യപും സുഹൃത്തുക്കളും നടത്തിയിരുന്ന ഫാന്‍റം ഫിലിംസിന്‍റെ ചുവടുപിടിച്ചാണ് ആദായനികുതി വകുപ്പ് രംഗത്തുവന്നത്. ഫാന്‍റം ഫിലിംസിൽ പങ്കാളികളായ വിക്രമാദിത്യ മോട്വാന, മധു മാൻഡേന, വികാത് ബാഹൽ എന്നിവരും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടു.

അനുരാഗ് കശ്യപും തപ്‌സി പന്നുവും

കേന്ദ്ര സർക്കാരിനെതിരെയും ബി.ജെ.പിക്കുമെതിരെ പരസ്യ വിമർശനം നടത്തിയിരുന്ന ഇരുവരുടെയും വീടുകളിൽ നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണം ഉയർന്നു. സി.എ.എക്കെതിരെയും കർഷക പ്രക്ഷോഭത്തെ പിന്തുണച്ചും ഇരുവരും പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു. അതെ സമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ രംഗത്തുവന്നു. രാജ്യതാൽപര്യം മുൻനിർത്തിയാണ് റെയ്ഡ് സംഘടിപ്പിച്ചതെന്നും 2013ൽ ഇതേ രീതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോൾ ആരും ഇത്തരത്തിൽ ആരോപണം ഉയർത്തിയില്ലല്ലോയെന്നും നിർമലാ സീതാരാമൻ ന്യായീകരിച്ചു.

കങ്കണക്ക് ട്വിറ്ററിന്‍റെ പൂട്ട്

ബോളിവുഡിലെ വിവാദ താരമായ കങ്കണ റണാവത്തിന്‍റെ വിവാദ പരാമർശങ്ങൾക്ക് 2021ലും അവസാനമായിരുന്നില്ല. എന്നാൽ തുടർച്ചയായ വിവാദ പരാമർശങ്ങൾ ട്വിറ്ററിന്‍റെ ഹിറ്റ് ലിസ്റ്റിൽ താരത്തെ ഇടം പിടിപ്പിച്ചു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വിവാദ പരാമർശങ്ങളാണ് ട്വിറ്ററിനെ ചൊടുപ്പിച്ചത്. അതോടെ ട്വിറ്ററിൽ നിന്നും എന്നന്നേക്കുമായി താരത്തിന് വിട പറയേണ്ടി വന്നു. ട്വിറ്റർ ഉപേക്ഷിച്ച താരം പിന്നീട് ഇൻസ്റ്റാഗ്രാമിലൂടെയാണ് തന്‍റെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നത്. ട്വിറ്റർ പോസ്റ്റുകൾക്ക് സമാനമായി ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകളും വിവാദ വിഷയം തന്നെയായി മാറി.

കങ്കണ റണാവത്ത്

നേരത്തെ കങ്കണയുടെ സഹോദരി രങ്കോലി ചണ്ഡലിന്‍റെയും ട്വിറ്റർ അക്കൗണ്ട് കമ്പനി അധികൃതർ മരവിപ്പിച്ചിരുന്നു. ട്വിറ്ററിന്‍റെ നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരുന്നത്. നേരത്തെ ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ താണ്ടവ് സീരീസിനെതിരായ വിവാദ പരാമർശത്തിൽ കങ്കണയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് വിവാദ പരാമർശം അടങ്ങിയ ട്വീറ്റ് ട്വിറ്റർ തന്നെ ഡിലീറ്റ് ചെയ്യുകയുണ്ടായി. 2014ലാണ് ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയത് എന്ന കങ്കണയുടെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വെച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - ഇജാസുല്‍ ഹഖ്

contributor

Similar News