മഹാമാരിയുടെ ഭീതി, കളിയുടെ പ്രത്യാശ; 2021ൽ ഇന്ത്യ ഇന്റർനെറ്റിൽ ജീവിച്ചതിങ്ങനെ

2021 നിരവധി കാര്യങ്ങൾ കൊണ്ട് സംഭവബഹുലമായിരുന്നെങ്കിലും അവയ്ക്കെല്ലാം മീതെ കോവിഡും കളികളും ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ചിറകുകൾ വിരിച്ചുനിന്നു

Update: 2022-01-02 07:14 GMT
Editor : abs | By : André
Advertising

കോവിഡ് മഹാമാരി വിതച്ച ജീവഭയവും ആശങ്കയും. അവയിൽ നിന്നു തൽക്കാലത്തേക്കങ്കിലും മുക്തിനേടാൻ അഭയം തേടിയ കായികമത്സരങ്ങൾ... പോയ വർഷത്തിൽ ഇന്ത്യക്കാർ ഗൂഗിളിൽ കൂടുതലായി തെരഞ്ഞ കാര്യങ്ങൾ പരിശോധിക്കുമ്പോഴാണ് ഒരേസമയം വേദനയും സന്തോഷവും പകരുന്ന ഈ തരംഗം കാണാനാകുന്നത്. 2021 നിരവധി കാര്യങ്ങൾ കൊണ്ട് സംഭവബഹുലമായിരുന്നെങ്കിലും അവയ്ക്കെല്ലാം മീതെ കോവിഡും കളികളും ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ചിറകുകൾ വിരിച്ചുനിന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ രാഷ്ട്രീയത്തിന്റെ സ്ഥാനംകൂടി ഇന്ത്യക്കാർ സ്പോർട്സിന് വിട്ടുകൊടുത്തുവെന്ന കൗതുകവുമുണ്ട്.

ആഞ്ഞുവീശിയ ഐ.പി.എൽ കാറ്റ്

2021-ൽ ഇന്ത്യക്കാർ ഗൂഗിൾ സെർച്ച് നടത്തിയ മൊത്തം കാര്യങ്ങളിലെ ആദ്യ പത്തിൽ ഒമ്പതും കളികളോ അവയുമായി ബന്ധപ്പെട്ടതോ ആയിരുന്നു. 2020-ലേതിൽ നിന്നു വ്യത്യാസമില്ലാതെ Indian Premier League ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുവന്നു. ഐ.പി.എൽ ഷെഡ്യൂൾ, പോയിന്റ് ടേബിൾ, ടൈം ടേബിൾ, ലൈവ് സ്‌കോർ, വാർത്തകൾ എന്നിവയായിരുന്നു ആളുകൾക്കറിയേണ്ടിയിരുന്നത്.

ഐപിഎല്‍ ടീം നായകന്മാര്‍

രണ്ട് ഘട്ടങ്ങളിലായി ഐ.പി.എൽ നടന്ന ഏപ്രിൽ - മെയ്, സെപ്തംബർ - ഒക്ടോബർ മാസങ്ങളിലായിരുന്നു ഇതിൽ കൂടുതലും. ഐ.പി.എല്ലിൽ ഏറ്റവുമധികം താൽപര്യം കാണിച്ചത് ത്രിപുര, ഒഡിഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലുള്ളവരായിരുന്നെങ്കിൽ തീരേ താൽപര്യം കാണിക്കാതിരുന്നത് ലക്ഷദ്വീപുകാരായിരുന്നു. ശരാശരിയിലും താഴെയുള്ള ഐ.പി.എൽ താൽപര്യക്കാരുടെ ലിസ്റ്റിലായിരുന്നു കേരളം. കൂടെയുള്ളത് ഹരിയാന, നാഗാലാന്റ്, ഡൽഹി, മിസോറം, മണിപ്പൂർ തുടങ്ങിയവയും.

കോവിനും വാക്സിനും: ആരോഗ്യം ശ്രദ്ധിച്ച് കേരളം

തെരച്ചിലിൽ രണ്ടാം സ്ഥാനത്തുള്ളത് കോവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യാൻ കേന്ദ്ര സർക്കാർ ഒരുക്കിയ Cowin ആണ്. ഏപ്രിലിൽ തുടങ്ങിയ ഈ തെരച്ചിൽ സ്വാഭാവികമായും വർഷം അവസാനിക്കുമ്പോഴും വീഴ്ചയില്ലാതെ തുടരുന്നു.

കോവിൻ സർട്ടിഫിക്കറ്റ്, വാക്സിനേഷൻ, രജിസ്ട്രേഷൻ, ലോഗിൻ, അപ്ലിക്കേഷൻ, വെബ്സൈറ്റ്, കൊവിഷീൽഡ് തുടങ്ങിയവയാണ് കോവിനുമായി ബന്ധപ്പെട്ടു നടത്തിയ തെരച്ചിലുകൾ. ഈ സെർച്ചിൽ ഒഡിഷയും കേരളവും അസമും പശ്ചിമബംഗാളും ആദ്യ സ്ഥാനങ്ങളിൽ വന്നപ്പോൾ ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങൾ അത്ര താൽപര്യം കാണിച്ചില്ലെന്നു കാണാം.

ഇന്ത്യക്കാരുടെ സർച്ച് ലിസ്റ്റിൽ ആറാം സ്ഥാനത്ത് കോവിഡ് വാക്സിൻ ആണുള്ളത്. വാക്സിനു വേണ്ടി ഏറ്റവും കൂടുതൽ തെരഞ്ഞത് കേരളവും കുറവ് ഛത്തിസ്ഗഡും.

ലോകകപ്പ് ആരവം

ക്രിക്കറ്റ് ലോകകപ്പ് വർഷമായതിനാൽ 2021-ൽ ഇന്ത്യക്കാരുടെ തെരച്ചിലിൽ മൂന്നാമത് വന്നത് ICC World Cup തന്നെ. ലോകകപ്പ് ലൈവ്, ലൈവ് സ്‌കോർ, റാങ്കിങ്, ഷെഡ്യൂൾ, വാം അപ്പ് മത്സരങ്ങൾ, ഇന്ത്യ - അഫ്ഗാനിസ്താൻ, സ്‌കാട്ട്ലാന്റ് - ഇന്ത്യ, ഗ്രൂപ്പ് ബി പോയിന്റ് ടേബിൾ, ഗ്രൂപ്പുകൾ, ക്വാളിഫയർ എന്നിങ്ങനെ പോയി തെരച്ചിൽ വിവരങ്ങൾ. ത്രിപുര, ബംഗാൾ, അസം, ഒഡിഷ, അരുണാചൽ തുടങ്ങിയ സംസ്ഥാനങ്ങൾ ലോകകപ്പ് ആരവത്തിൽ മുന്നിൽ നിന്നപ്പോൾ കേരളം ഇതിലും അവസാന ഭാഗത്തായിരുന്നു.

യൂറോ കപ്പും കോപ്പയും

യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഫുട്ബോൾ മാമാങ്കമായ യൂറോകപ്പ് ആഗോള ഗൂഗിൾ സെർച്ചിൽ ആദ്യപത്തിൽ പോലും ഇടം പിടിച്ചിരുന്നില്ല. പക്ഷേ, ഇന്ത്യയിൽ ഈ വർഷത്തെ തെരച്ചിലിൽ അത് നാലാം സ്ഥാനത്തുവന്നു.

യൂറോ കപ്പ് നേടിയ ഇറ്റലി

മെയ് അവസാനം മുതൽ ജൂലൈ പകുതി വരെ യൂറോകപ്പ് തരംഗമായത് നാഗാലാന്റ്, മേഘാലയ, മണിപ്പൂർ, കേരളം, സിക്കിം, ബംഗാൾ തുടങ്ങിയ ഫുട്ബോൾ തൽപര പ്രദേശങ്ങളിലായിരുന്നു. യൂറോ കപ്പിനൊപ്പം നടന്ന കോപ അമേരിക്ക തെരച്ചിൽ ലിസ്റ്റിൽ എട്ടാമതുണ്ടായിരുന്നു. കോപ 2021, യൂറോ കപ്പ് ഷെഡ്യൂൾ, യൂറോകപ്പ് ഫിക്സ്ചർ, ലൈവ്, ഫൈനൽ, ടേബിൾ, കോപ അമേരിക്ക മാച്ച് തുടങ്ങിയ കീവേഡുകളാണ് മുന്നിട്ടുനിന്നത്. യൂറോകപ്പിലും കോപ്പയിലും ഒരു താല്പര്യവും കാണിക്കാതിരുന്നത് ഉത്തർ പ്രദേശ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളായിരുന്നു.

ഒളിംപിക്സും നീരജ് ചോപ്രയും

ഈ വർഷത്തെ ഏറ്റവും വലിയ കായികമേളയായ ടോക്യോ ഒളിംപിക്സ് ഇന്ത്യൻ ഗൂഗിൾ സർച്ചിൽ അഞ്ചാം സ്ഥാനത്തുവന്നപ്പോൾ ജാവലിൻ ത്രോയിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ നീരജ് ചോപ്ര ഒൻപതാമതുമെത്തി. അരുണാചൽ, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, ഒഡിഷ തുടങ്ങിയവ ഒളിംപിക്സിൽ താൽപര്യം കാണിച്ചപ്പോൾ കേരളം, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് അത്ര താൽപര്യം കണ്ടില്ല. മെഡൽ ടാലി, ബാഡ്മിന്റൺ, ഹോക്കി, ഇന്ത്യയുടെ മത്സരങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന തെരച്ചിൽ വിഭവങ്ങൾ. നീരജ് ചോപ്രയുടെ മത്സര സമയമറിയാനും അദ്ദേഹത്തെക്കുറിച്ചുള്ള വ്യക്തിവിവരങ്ങൾ അന്വേഷിക്കാനും ഇന്ത്യക്കാർ ഗൂഗിളിനെ ഉപയോഗപ്പെടുത്തി.

ഫ്രീഫയറും തെരച്ചിൽ യുദ്ധവും

മഹാമാരി പോലെ പടർന്നുപിടിച്ച ഫ്രീ ഫയർ എന്ന മൊബൈൽ ഗെയിമുമായി ബന്ധപ്പെട്ട 'ഫ്രീ ഫയർ റിഡീം കോഡ്' ആയിരുന്നു തെരച്ചിലിലെ ഏഴാം സ്ഥാനക്കാരൻ.

ഇന്ത്യ സർവറിൽ ഫ്രീഫയർ കളിക്കാൻ ആവശ്യമായ റിഡീം കോഡിനു വേണ്ടിയായിരുന്നു ഏറെക്കുറെ വർഷമുടനീളവും തെരച്ചിൽ നടന്നത്.

ബംഗാൾ, ഒഡിഷ, അസം, ത്രിപുര, ഛത്തിസ്ഗഡ് സംസ്ഥാനങ്ങൾ ഇതിൽ മുന്നിൽ നിന്നപ്പോൾ കേരളം നാഗാലാന്റിനും മിസോറമിനുമൊപ്പം അവസാനമാണ്.  

ആര്യൻ ഖാന്റെ പോരാട്ടങ്ങൾ

മയക്കുമരുന്നു പാർട്ടിയും നിയമ പോരാട്ടങ്ങളുമായി വാർത്തകളിൽ നിറഞ്ഞ ബോളിവുഡ് കിങ് ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനാണ് ഒരുപക്ഷേ, ആദ്യ പത്ത് തെരച്ചിലുകളിൽ ഉൾപ്പെട്ട കോവിഡും കളിയുമല്ലാത്ത ഒരേയൊരാൾ. സെപ്തംബർ അവസാനം മുതൽ നവംബർ പകുതിയോളം വാർത്തകളിലെന്ന പോലെ തെരച്ചിലിലും ആര്യൻ ഖാൻ നിറഞ്ഞുനിന്നു. ഗോവ, മഹാരാഷ്ട്ര, ഡൽഹി, അരുണാചൽ, ചണ്ഡിഗഡ് പ്രദേശക്കാർക്കായിരുന്നു ആര്യന്റെ കേസ്, ഡ്രഗ്സ്, അറസ്റ്റ്, ജയിൽവാസം, ഹിയറിംഗ്, ജാമ്യം തുടങ്ങിയ വിശേഷങ്ങളറിയാൻ കൂടുതൽ താൽപര്യം. കേരളം ഈ ലിസ്റ്റിലും അവസാന സ്ഥാനങ്ങളിലായിരുന്നു. 


ഗൂഗിളിലെ ജനപ്രിയ കീവേഡുകളായ Near Me, How to എന്നിവയിൽ കോവിഡ് അനുബന്ധ കാര്യങ്ങൾക്കാണ് ഈ വർഷം മുൻതൂക്കം ലഭിച്ചത്. Covid Vaccine near me, Covid test near me, Food delivery near me, Oxygen cylinder near me, Covid hospital near me എന്നിവയായിരുന്നു Near Me വിഭാഗത്തിലെ ആദ്യ അഞ്ച് തെരച്ചിൽ പദങ്ങൾ. How to register for Covid vaccine, How to download vaccination certificate, How to increase oxygen level, How to link PAN with AADHAAR, How to make oxygen at home എന്നിവയാണ് ഈ ഗണത്തിൽ മുന്നിട്ടു നിന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - André

contributor

Similar News