ഫേസ്ബുക്ക് ആളുകൾക്ക് മടുത്തോ?
ആദ്യമായാണ് സോഷ്യൽ നെറ്റ്വർക്ക് ഭീമന്റെ വളർച്ച താഴോട്ടു പോകുന്നത്
ഓഹരികൾ കുത്തനെ ഇടിയുന്നു, ഉപയോക്താക്കളിലും കുറവുണ്ടാകുന്നു, പരസ്യദാതാക്കൾ പതിയെ പിൻവാങ്ങുന്നു... ലോകത്തെ ഏറ്റവും വലിയ സമൂഹമാധ്യമ കമ്പനി ഫേസ്ബുക്ക് മെറ്റ അനുഭവിക്കുന്ന പ്രതിസന്ധികൾ ചെറുതല്ല. ഒരുപക്ഷേ, അവരുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന വെല്ലുവിളിയാണ് മാർക്ക് സക്കർബർഗിന്റെ കമ്പനി നേരിടുന്നത്. വിവിധ മേഖലകളിലെ ഇടിവുകൾക്ക് പുറമേ, ഉപയോക്താവിന്റെ ഭാവുകത്വങ്ങളെ പുതുക്കപ്പണിയുന്നതിൽ കമ്പനി പരാജയപ്പെടുന്നു എന്ന വിമർശനങ്ങളും നിലനിൽക്കുന്നു.
നഷ്ടമായത് 20 ലക്ഷം കോടി
ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് പ്രകാരം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ കമ്പനികളുടെ ഉടമസ്ഥരായ മെറ്റ(നേരത്തെ ഫേസ്ബുക്ക്)യ്ക്ക് 267 ബില്യൺ ഡോളറാണ് ഫെബ്രുവരി ആദ്യവാരം വിപണിയിൽ നിന്ന് നഷ്ടമായത്. ഏകദേശം 20 ലക്ഷം കോടി ഇന്ത്യൻ രൂപ. നിക്ഷേപകർ കൂട്ടത്തോടെ പിൻവലിഞ്ഞതോടെ 30 ശതമാനം നഷ്ടമാണ് മെറ്റയ്ക്ക് വിപണിയിലുണ്ടായത്. "ബ്ലൂംബർഗിന്റെ റിപ്പോർട്ടു പ്രകാരം 670 ബില്യൻ ഡോളറാണ് ഇപ്പോൾ മെറ്റയുടെ വിപണി മൂല്യം.
മാർക്ക് സക്കർബർഗിന്റെ വ്യക്തിഗത ആസ്തിയിൽ 31 ബില്യൺ ഡോളറിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. വടക്കൻ യൂറോപ്യൻ രാഷ്ട്രമായ എസ്തോണിയയുടെ വാർഷിക ജിഡിപിയുടെ അത്രയും വരുമിത്. ഇത്രയും തുക നഷ്ടമായിട്ടും ഫോബ്സിന്റെ കണക്കു പ്രകാരം 90 ബില്യൺ ഡോളറാണ് സക്കർബർഗിന്റെ ആസ്തി. മെറ്റയിലെ 13 ശതമാനം ഒാഹരിയാണ് ഇദ്ദേഹത്തിൻറെ കൈവശമുള്ളത്.
ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതൽ പണം നഷ്ടമാകുന്ന ലോകത്തെ രണ്ടാമത്തെ അതിസമ്പന്നനാണ് 37കാരൻ. ആദ്യത്തെയാൾ ടെസ്ല സ്ഥാപകൻ ഇലോ മസ്കാണ്. 35 ബില്യൺ ഡോളറാണ് കഴിഞ്ഞ നവംബറിൽ മസ്കിന്റെ വ്യക്തിഗത ആസ്തിയിൽ നിന്ന് നഷ്ടമായത്.
ആളുകൾക്ക് മടുത്തോ?
പതിനെട്ടു വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്ലി ആക്ടീവ് യൂസേഴ്സ്-ഡിഎയു) കുറവുണ്ടായി. ഡിസംബറിൽ അവസാനിച്ച ത്രൈമാസ പാദത്തിൽ 1.929 ബില്യൺ ഉപഭോക്താക്കളാണ് ഫേസ്ബുക്കിന്റെ ഡിഎയു. മുൻപാദത്തിൽ ഇത് 1.930 ബില്യണായിരുന്നു. ആദ്യമായാണ് സോഷ്യൽ നെറ്റ്വർക്ക് ഭീമന്റെ വളർച്ച താഴോട്ടു പോകുന്നത്. പ്രതിവർഷം ശരാശരി 6.89 ശതമാനം വളർച്ചയാണ് ഫേസ്ബുക്ക് കാണിച്ചിരുന്നത്.
ഇന്ത്യയാണ് ഫേസ്ബുക്കിന്റെ വിളനിലം. രാജ്യത്ത് 260 ദശലക്ഷം പേരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. തൊട്ടുപിന്നിൽ അമേരിക്ക. 180 ദശലക്ഷം പേർ. ഇന്തൊനേഷ്യയിൽ 130 ദശലക്ഷവും ബ്രസീലിൽ 120 ദശലക്ഷവും ആളുകൾ എഫ്ബി ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളുടെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രമാക്കി സങ്കൽപ്പിച്ചാൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാകും ഫേസ്ബുക്ക്.
2021 മൂന്നാം പാദത്തിലെ കണക്കുപ്രകാരം കമ്പനിക്കു കീഴിലെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ 350 കോടി ഉപയോക്താക്കളാണുള്ളത്. ഇതിൽ 260 കോടിയും ഫേസ്ബുക്കിലാണ്. വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന് 230 കോടി ഉപയോക്താക്കളുണ്ട്. വാട്സാപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, വി ചാറ്റ്, ഇൻസ്റ്റഗ്രാം എിവയ്ക്ക് നൂറു കോടിയിലേറെ ഉപഭോക്താക്കളുമുണ്ട്.
വെല്ലുവിളി എവിടെ നിന്ന്?
ഡിജിറ്റൽ കൺസ്യൂമർ ഇന്റലിജൻസ് കമ്പനി ബ്രാൻഡ്വാച്ചിന്റെ കണക്കു പ്രകാരം 2011-12 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 41.4 ശതമാനമായിരുന്നു ഫേസ്ബുക്കിന്റെ ദിനംപ്രതി വളർച്ച (ഡെയ്ലി ഗ്രോത്ത് റേറ്റ്). 2021ലെ രണ്ടാം പാദത്തിൽ ദിനംപ്രതി വളർച്ച 11.7 ശതമാനമാണ്. തുടർച്ചയായ വർഷങ്ങളിൽ വളർച്ച താഴോട്ടാണെന്ന് കാണാം. ഉപഭോക്താക്കളുടെ ഭാവുകത്വം വികസിപ്പിക്കുന്നതിൽ മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്ന് മെറ്റ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പ്രത്യേകിച്ച്, യൂട്യൂബ്, ടിക് ടോക് എന്നിവയിൽ നിന്ന്. ഇൗയിടെ സക്കർബർഗ് തന്നെ അതു തുറന്നു പറഞ്ഞിരുന്നു. ഉപഭോക്താക്കൾ, പ്രത്യേകിച്ചും യുവാക്കൾ എതിരാളികളായ മാധ്യമങ്ങളിലേക്ക് ചേക്കേറിയതാണ് വളർച്ചയെ ബാധിച്ചത് എ്ന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
പതിനെട്ട"ു വർഷം മുമ്പ് ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയ പതിനെട്ടുകാരന് ഇപ്പോൾ 36 വയസ്സാണ് പ്രായം. ശരാശരി 20-25 കണക്കാക്കിയാൽ ഇവർക്ക് പ്രായം നാൽപ്പതോ അതിൽക്കൂടുതലോ ആയി. ചെറുപ്പക്കാർ ഫേസ്ബുക്കിനെ അമ്മാവൻ പ്ലാറ്റ്ഫോം എന്നു വിളിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. യുവത്വം കൂടുതൽ പ്രസരിപ്പോടെ ഇൻസ്റ്റഗ്രാമിന് പുറമേ, ടിക് ടോകിലും സ്നാപ് ചാറ്റിലും ഇതര പാറ്റ്ഫോമുകളിലും പടർന്നത് സ്വാഭാവികമായേ കണക്കാക്കാനാകൂ. പുതിയ അഭിരുചികളോട് ഫേസ്ബുക്ക് റീൽസ് വഴിയൊക്കെ ഫേസ്ബുക്ക് സംവദിക്കാൻ നോക്കിയെങ്കിലും അതൊന്നും കൂടുതൽ ഫലവത്തായില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു.
യുവാക്കൾ കൂട്ടത്തോടെ ഇതര പ്ലാറ്റ്ഫോമിലേക്ക് കൂടുമാറുന്നത് സംബന്ധിച്ച് 2021 ഒക്ടോബറിൽ ഫേസ്ബുക്ക് തന്നെ ആഭ്യന്തര മെമ്മോയിൽ ജീവനക്കാരെ അറിയിച്ചിരുന്നു. 'യുഎസിലെ കൗമാരക്കാർക്കിടയിൽ സ്വാധീനം നഷ്ടപ്പെട്ടാൽ പൈപ്പ്ലൈൻ (വിവരങ്ങൾ എത്തിക്കാനുള്ള മാർഗം) തന്നെ നഷ്ടപ്പെടും' എന്നായിരുന്നു കമ്പനിയുടെ മുന്നറിയിപ്പ്.
ബാധിച്ചു, വരുമാനത്തെയും
ഉപയോക്താക്കളുടെ എണ്ണത്തിൽ മാത്രമല്ല, പരസ്യവരുമാനത്തിലും കമ്പനിക്ക് തിരിച്ചടിയുണ്ടായി എാണ് കണക്കുകൾ. ആപ്പിളിന്റെ സ്വകാര്യതാ നയത്തിലുണ്ടായ മാറ്റമാണ് മെറ്റയെ കാര്യമായി ബാധിച്ചത്. ആപ്പിളിന്റെ ഒാപ്പറേറ്റിങ് സിസ്റ്റങ്ങൾ പരസ്യ വിതരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആപ്പിളിലെ മാറ്റം വരുംവർഷം 10 ബില്യൺ ഡോളറിന്റെ വരുമാനമിടിവാണ് മെറ്റയ്ക്ക് ഉണ്ടാക്കുകയെന്ന് വിദഗ്ധർ പറയുന്നു.
ഏതു തരത്തിലുള്ള ഡാറ്റകൾ ഉപയോക്താവിന് ലഭിക്കണമെന്നതിൽ ഉപഭോക്താവിനല്ല, ഡെവലപ്പർക്കാണ് കൂടുതൽ അധികാരം വേണ്ടത് എന്നാണ് ആപ്പിൾ പറയുത്. ആപ്പ് ട്രാക്കിങ് ട്രാൻസ്പാരൻസി എന്നാണ് ഇൗ സംവിധാനത്തിന്റെ പേര്. മിക്ക ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്ന എെഡന്റിഫേഴ്സ് ഫോർ അഡ്വർടൈസേഴ്സ് (എെഡിഎഫ്എ) സംവിധാനത്തെ ഇതിലൂടെ നിയന്ത്രിക്കാം. ഏതെങ്കിലും ഉത്പന്നമോ സേവനമോ സെർച്ച് ചെയ്താൽ ഉപഭോക്താവിന് കിട്ടുന്ന പരസ്യങ്ങൾ എെഡിഎഫ്എ വഴി ലഭിക്കുന്നതാണ്. ഇതാണ് ഉപഭോക്താവിനും ആപ്പിനും വരുമാനം നൽകിക്കൊണ്ടിരിക്കുന്നത്.
മെറ്റാവേഴ്സ് രക്ഷിക്കുമോ?
ഇങ്ങനെയൊക്കെ ആണെങ്കിലും വിപണിയിൽ നേരിട്ട തിരിച്ചടി കാര്യമാക്കേണ്ടതില്ലെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മെറ്റ, മെറ്റാവേഴ്സ് എന്ന വിപ്ലവകരമായ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിന്റെ മുമ്പോടിയായുള്ള ചില അനുരണനങ്ങൾ മാത്രമാണ് ഇപ്പോഴത്തേത് എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഫേസ്ബുക്കിന്റെ പേര് മെറ്റ എന്നതിലേക്ക് മാറ്റിയതും ഇങ്ങനെയൊരു വമ്പൻ ട്രാൻസ്ഫോമേഷൻ മുമ്പിൽകണ്ടാണ്. സോഷ്യൽ മീഡിയയുടെ ഭാവി മെറ്റാവേഴ്സിലാണ് എന്നാണ് മെറ്റ പറയുന്നത്. വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഇന്റർനെറ്റ് ലോകമാണ് മെറ്റാവേഴ്സ്. ത്രീഡി, ഒാഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സങ്കേതങ്ങൾ ഒരുമിക്കുന്ന ലോകം. ഗെയിമിങ്, എന്റർടൈൻമെന്റ്, സോഷ്യൽ മീഡിയ, സോഷ്യൽ നെറ്റ്വർക്ക് തുടങ്ങി ഇന്റർനെറ്റിന്റെ മിക്കവാറും എല്ലാ മേഖലകളും ഉൾക്കൊള്ളുന്നതാകും മെറ്റാവേഴ്സ്.