നനഞ്ഞ പടക്കങ്ങള്‍

എ.കെ.ജി സെന്ററിന് നേരേ ആരോ എന്തോ എറിഞ്ഞു. പതിവുപോലെ ഇ.പി ജയരാജന്‍ അവിടെ പാഞ്ഞെത്തി ആകാശത്തുമാത്രമല്ല ഭൂമിയിലും തനിക്ക് സാന്നിധ്യമുണ്ടെന്ന് തെളിയിച്ചു. എറിഞ്ഞത് സ്റ്റീല്‍ ബോംബാണെന്നും അതിന്റെ പുറകില്‍ കോണ്‍ഗ്രസ്സാണെന്നും പ്രഖ്യാപിച്ചു. സംഭവസ്ഥലത്ത് മണം പിടിച്ച ഇ.പി വെടിമരുന്നിന്റെ ഗന്ധം അവിടെയുണ്ടായാതായി മാധ്യമങ്ങളെ അറിയിച്ചു.. | പൊളിറ്റിക്കല്‍ പാര്‍ലര്‍

Update: 2022-09-23 05:57 GMT
Click the Play button to listen to article

രാവിലെ സ്വപ്ന ഒരു പ്രസ്താവനയുമായി വരും. വൈകുന്നേരം സരിതയും. ഉടനെ വടക്കു നിന്നും തെക്കുനിന്നും ജാഥകള്‍ ആരംഭിക്കും. അടിയും പടയും വെടിയും പുകയും സമരങ്ങളിലരങ്ങേറും. കൈവെട്ടും കാല്‍ വെട്ടും തലവെട്ടി ചെങ്കൊടി നാട്ടും എന്നീ മുദ്രാവാക്യങ്ങളുയരും. പൊലീസുകാര്‍ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കും. ഓഫീസുകള്‍ ആക്രമിക്കപ്പെടും. ഇതെല്ലാം കണ്ട് കുലുങ്ങിച്ചിരിച്ചുകൊണ്ട് പുതിയ തിരക്കഥയുമായി അവര്‍ അടുത്തദിവസം അവതരിക്കും.

കേരളത്തില്‍ അടുത്തകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണിത്. ആര്‍ക്കും എന്തും സംഭവിക്കുമെന്ന് ചുരുക്കം. അല്ലെങ്കില്‍ കഴിഞ്ഞ ആഴ്ച്ചവരെ ചക്കരയും പീരയുമായി നടന്നിരുന്ന രണ്ടു ചങ്കുകളില്‍, ഒരാളുടെ പരാതിയില്‍ എത്ര പെട്ടെന്നാണ് ജോര്‍ജാശാന്‍ അറസ്റ്റിലായത്. പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി എഴുതിത്തീരേണ്ട സമയമേ വേണ്ടിവന്നുള്ളൂ, പി.സിക്ക് പൂട്ടുവീഴാന്‍.. പക്ഷെ, ഒരു കവാടത്തിലൂടെ കോടതി കയറിയ ആശാന്‍ മറുകവാടത്തിലൂടെ പുറത്തിറങ്ങി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു. ഇക്കുറി ഫാരിസ് അബൂബക്കറിനെ ചേര്‍ത്തുപറഞ്ഞാണ് കാടിളക്കിയത്. ഇടക്കിടക്ക് അമേരിക്കയില്‍ പോകുന്നത് ചികിത്സക്കല്ലെന്നും ഫാരിസിനെ കാണാനാണെന്നും വിളിച്ചു പറഞ്ഞു. വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെ പൊലീസ് തടിതപ്പി. ആശാന്റെ ഭാര്യ ഉഷയാകട്ടെ അപ്പനായിട്ട് തന്ന കൈതോക്ക് വീട്ടിലുണ്ടെന്ന് മുഖ്യനെ ഓര്‍മിപ്പിച്ചു.

നുപൂല്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദയെ അനുകൂലിച്ച കനയ്യലാലിനെ, രണ്ടുപേര്‍ കടയില്‍ കയറി കൊലപ്പെടുത്തി. സംഭവത്തില്‍ നിന്ന് മുതലെടുക്കാനുള്ള പ്രസ്താവനകളും കോപ്രായങ്ങളുമായി ബി.ജെ.പി പതിവു പോലെ രംഗത്തിറങ്ങി. പ്രതികള്‍ക്ക് പാക് സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്, തത്ത പറയുന്നത് പോലെ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് പ്രതിക്ക്, ഇന്ത്യ ഭരിക്കുന്ന സംഘടനയോടാണ് ബന്ധമെന്ന കാര്യം പുറത്തുവന്നത്. പ്രതി ബി.ജെ.പി നേതാക്കള്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ശരവേഗം പുറത്തുവന്നു. മുഖ്യപ്രതി ബി.ജെ.പിയുടെ ആത്മാര്‍ഥതയുള്ള മുഖ്യ പ്രവര്‍ത്തകനാണത്രെ. സംഭവത്തില്‍ നിന്ന് തടിയൂരാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇപ്രകാരം വെറുപ്പും വിദ്വേഷവും രാജ്യത്ത് പടര്‍ത്തുന്നതിന്റെ ഗുണഫലമനഭവിച്ച്, അടുത്ത നാല്‍പ്പത് വര്‍ഷം ഇന്ത്യ ബി.ജെ.പി ഭരിക്കുമെന്നാണ് അമിത്ഷാ, ദേശീയനിര്‍വാഹകസമിതിയുടെ സമ്മേളനത്തില്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞത്. ദക്ഷിണേന്ത്യ പിടിക്കുമെന്നും വാട്സാപ് ഗ്രൂപ്പുകള്‍ നാടൊട്ടാകെ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഓരോ ബൂത്തിലും സമാധാനത്തില്‍ കഴിയുന്ന അയല്‍ക്കാരെ തമ്മില്‍ അകറ്റാനും അടിപ്പിക്കാനുമുള്ള പടപുറപ്പാടിലാണ് മോദിയും യോഗിയും കൂട്ടരുമെന്ന് ചുരുക്കം.

മഹാരാഷ്ട്രയില്‍ നാടകങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഭൂരിപക്ഷം വോട്ടിലൂടെ കിട്ടിയില്ലെങ്കില്‍, നോട്ടിലൂടെ പാട്ടിലാക്കുന്ന പരിപാടി തല്‍ക്കാലം വിജയം കണ്ടു. ഉദ്ധവ് വീണു. ഏക്നാഥ് ഷിന്‍ഡെ ഏകനായി നയിച്ച കസേരകളിയില്‍ ഫഡ്നാവിസിനെ സ്തബ്ധനാക്കി ഷിന്‍ഡെ തന്നെ കയറിയിരുന്നു. തനിക്ക് ഒരു കസേരയും വേണ്ടെന്ന് പറഞ്ഞ് ഓടിയകലാന്‍ ശ്രമിച്ച ഫഡ്നാവിസിനെ കേന്ദ്രം തല്‍ക്കാലം ശാന്തനാക്കി അടക്കി ഉപമുഖ്യമന്ത്രി കസേരയിലിരുത്തി. അടുത്ത കലാപം വരെ രംഗം ശാന്തമായിരുക്കും എന്ന് പ്രതീക്ഷിക്കാം. വിലയേറിയ ഈ ജനാധിപത്യത്തിന് റിസോര്‍ട്ടില്‍ ചെലവായത് 70 ലക്ഷം രൂപയാണ്. ഭക്ഷണത്തിന് മാത്രം 22 ലക്ഷം രൂപ. ദാലിനും ആലിനും പാവ്ബജിക്കുമായി ചെലവഴിച്ച ഈ കണക്ക്, എങ്ങിനെ ഗുണിച്ചും ഗണിച്ചും നോക്കിയിട്ടും കൂട്ടിമുട്ടുന്നില്ല കേട്ടോ.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത അവശിഷ്ടങ്ങള്‍ക്കിടയില്‍ മഹാത്മഗാന്ധിയുടെ ചിത്രം കിടപ്പുണ്ടായിരുന്നു. അത് തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി അര്‍ഥശങ്കക്കിടയില്ലാത്തവിധം ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോയെന്നും മുഖ്യമന്ത്രി ആശ്ചര്യപ്പെട്ടു. പൊലീസ് അതിനെകുറിച്ച് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ധേഹം ഗാന്ധിശിഷ്യരെ ഓര്‍മിപ്പിച്ചിരുന്നു. ഇപ്പോള്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ വാക്കുകളെ അക്ഷരം പ്രതി അംഗീകരിച്ചു പുറത്തുവന്നിരിക്കുകയാണ്. അങ്ങിനെ പൊലീസ്, അനുസരണയും അടിമത്തവും ഒരുമിച്ചുള്ള കുഞ്ഞാടുകളാണ് തങ്ങളെന്ന ചങ്കൂറ്റത്തോടെ തെളിയിച്ചു.

അതിനിടിയിലാരോ എ.കെ.ജി സെന്ററിന് നേരേ എന്തോ എറിഞ്ഞു. പതിവുപോലെ ഇ.പി ജയരാജന്‍ അവിടെ പാഞ്ഞെത്തി ആകാശത്തുമാത്രമല്ല ഭൂമിയിലും തനിക്ക് സാന്നിധ്യമുണ്ടെന്ന് തെളിയിച്ചു. എറിഞ്ഞത് സ്റ്റീല്‍ ബോംബാണെന്നും അതിന്റെ പുറകില്‍ കോണ്‍ഗ്രസ്സാണെന്നും പ്രഖ്യാപിച്ചു. സംഭവസ്ഥലത്ത് മണം പിടിച്ച ഇ.പി വെടിമരുന്നിന്റെ ഗന്ധം അവിടെയുണ്ടായാതായി മാധ്യമങ്ങളെ അറിയിച്ചു. കെട്ടിടം കുലുങ്ങുന്ന അവസ്ഥയിലായിരുന്നുവെന്ന് പി.കെ ശ്രീമതിയും മൊഴി നല്‍കി. പക്ഷെ, എറിഞ്ഞത് ബോംബല്ല, പടക്കം പോലുള്ള വസ്തുവാണെന്ന് പൊലീസ് അന്വേഷണത്തിലൂടെ വ്യക്തമാക്കി. എറിഞ്ഞത് ചുവന്ന സ്‌കൂട്ടറില്‍ വന്ന ഒരാളായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായി. അയാള്‍ ഒന്നു രണ്ടു പ്രാവശ്യം എ.കെ.ജി സെന്ററിന് മുന്നിലൂടെ പോകുന്നത് കണ്ടുവത്രെ. അയാളെ ചുറ്റപ്പറ്റി പൊലീസ് വലവീശി. പിന്നെയാണറിഞ്ഞത് ചുവന്ന സ്‌കൂട്ടറില്‍ പോയ ആള്‍ അവിടെ തട്ടുകട നടത്തുന്ന പാവം യുവാവാണന്നും, പൊറോട്ടക്ക് മൈദ വാങ്ങാന്‍ പോകുന്നത് എ.കെ.ജി സെന്ററിന്റെ മുന്നിലൂടെയാണെന്നും. സഖാവ് ഇ.പി പറഞ്ഞ, എറിഞ്ഞ കോണ്‍ഗ്രസ്സുകാരനെ പിടിക്കാന്‍ പൊലീസ് പരക്കം പായുകയാണ്. ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയുമാണ്. തല്‍ക്കാലം സെന്ററിലേക്ക് കല്ലെറിയണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ചെറുപ്പക്കാരനെ അകത്താക്കി വീര്യം കാണിച്ചിട്ടുണ്ട് ഏമാന്മാര്‍.

ഇന്ത്യന്‍ ഭരണഘടന കൊള്ളക്കാരുടേതാണെന്നും അതിലധികവും കുന്തവും കുടചക്രവുമാണെന്ന, വീരശൂരപ്രസംഗവുമായി സാസ്‌കാരികമന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നിരിക്കുകയാണ്. ഭരണഘടന തൊട്ടുമുത്തി സത്യപ്രസ്താവന സഗൌരവം ചെയ്ത മന്ത്രിയാണ് ഈ കസര്‍ത്തു നടത്തുന്നത്. ഇതെന്തു പ്രഹസനാണ് സജീയെന്ന് പത്രക്കാര് ചോദിച്ചപ്പോള്‍ താന്‍ കുട്ടനാടന്‍ ശൈലിയിലാണ് സംസാരിച്ചതെന്നായി വിശദീകരണം. മന്ത്രിയുടെ പ്രസ്താവന എന്തായാലും ഒരു നനഞ്ഞ പടക്കമാകാന്‍ സാധ്യതയില്ല. അത് പൊട്ടുന്നതിന് മുമ്പ് പാര്‍ലര്‍ പിരിച്ചിവിടട്ടെ. സംസ്‌കാരമുള്ള എല്ലാവര്‍ക്കും നമസ്‌കാരം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നയതന്ത്ര

contributor

Similar News