പണംകൊണ്ടല്ല, ആ യാത്രകൾ മനസ്സു കൊണ്ടായിരുന്നു

ഞങ്ങൾ ഒരുമിച്ചിരുന്നു യാത്രയെക്കുറിച്ച് പുസ്തകം എഴുതണം എന്ന് വിജയൻ ആഗ്രഹിച്ച സമയത്താണ് ന്യൂഡൽഹി ബ്യൂറോയിലേക്ക് എനിക്ക് ട്രാൻസ്ഫർ.

Update: 2021-11-19 08:46 GMT
Advertising

കാലം 2005. മംഗളം ദിനപത്രത്തിന്റെ കൊച്ചിബ്യൂറോയിൽ ജോലി ചെയ്യുന്ന സമയമാണ്. ബാലാജിയുടെ ചായക്കടയിലിരുന്നു പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ കടയുടെ മുന്നിലെത്തി.

ഇഡ്ഡലി ഉണ്ടോ എന്ന അയാളുടെ ചോദ്യത്തിന് ഇല്ലെന്ന് ബാലാജിയുടെ മറുപടി. വട, പൂരി, ചപ്പാത്തി എല്ലാം തീർന്നുപോയി എന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു കൊണ്ടേയിരിക്കുന്നു. പുറമേ നിന്ന് കാണാൻ കഴിയില്ലെങ്കിലും ഡെസ്കിന് താഴെ വലിയ പാത്രം നിറയെ ഇഡ്ഡലിയും വടയും ഇരിക്കുന്നത് ഞാൻ കണ്ടു. കടയുടെ പുറമേ നിന്നു നോക്കിയാൽ ഇവയൊന്നും കാണില്ല. കൊടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അയാൾ പോയ്ക്കഴിഞ്ഞപ്പോൾ ചോദിച്ചു. ഉത്തരമായിരുന്നു രസകരം. തലേദിവസം അയാൾ രണ്ട് ഇഡ്ഡലി കഴിക്കാതെ കളഞ്ഞത്രേ. പൈസ നൽകിയില്ലേ എന്ന ചോദ്യത്തിന് പൈസയല്ല അന്നം ദൈവമാണ് എന്ന ഉത്തരമാണ് ബാലാജി എന്ന് വിളിക്കുന്ന വിജയേട്ടൻ നൽകിയത്.

ഭക്ഷണമില്ലാതെ ലോകത്തിന്റെ എത്രയോ സ്ഥലങ്ങളിൽ എത്രയോ ലക്ഷങ്ങൾ മരിക്കുന്നു. ഈ കട ഞങ്ങളുടെ ഉപജീവനമാണ്. കച്ചവടത്തിൽ നിന്നും ലഭിക്കുന്ന തുകയും, തികയാതെ വരുമ്പോൾ കടം വാങ്ങിയും ലോൺ എടുത്തും ലോകം ചുറ്റിക്കാണും. തിരുപ്പതി ക്ഷേത്രത്തിൽ ഇതിനകം 88 തവണ പോയിവന്നു. കച്ചവടം നടത്തുന്നത് യാത്രയ്ക്ക് വേണ്ടിയാണെന്ന് അന്നേ മനസിലായി.

നൂറാം തവണ തിരുപ്പതി പോയി വരുമ്പോൾ പത്രത്തിൽ ഒരു വാർത്ത കൊടുക്കാം എന്ന് ചിരിച്ചു അന്ന് പിരിഞ്ഞു.

ഇടയ്ക്കിടെ ബാലാജി ടീ ഷോപ്പിന്റെ ഷട്ടർ വീഴും. ബാലാജിയും ഭാര്യ മോഹനയും എവിടെയോ യാത്രയിലാണ് എന്ന് ഞങ്ങൾ കസ്റ്റമർമാർ കരുതും. ഒരാഴ്ച അടഞ്ഞു കിടന്നാലും വീണ്ടും തുറക്കുമ്പോൾ കച്ചവടത്തിന് ഒരു കുറവുമുണ്ടാകില്ല. ഇരുവരുടേയും കൈപ്പുണ്യം അത്രയ്ക്കുണ്ട്.

ഒരിയ്ക്കൽ പതിവ് ഇടവേളയിൽ കൂടുതൽ കട അടഞ്ഞു കിടന്നു. എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടായോ എന്ന് അടുത്ത കടക്കാരോട് തിരക്കിയപ്പോൾ ഇരുവരും വിദേശയാത്രയിലാണ് എന്ന മറുപടി ലഭിച്ചപ്പോൾ ആശ്വാസവും ഒപ്പം കൗതുകവുമായി.

ബത്‌ലഹേം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിച്ച ശേഷം വീണ്ടും കടതുറന്നു. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ സലിം രാജൻ റോഡിലെ സമോവറിന് വിജയൻ തീകൊളുത്തി ചായ ഉണ്ടാക്കികൊണ്ടേയിരുന്നു. പൂരിക്ക് മോഹന മാവ് പരത്തുന്നു. വിദേശയാത്രയെകുറിച്ച് ചോദിച്ച എന്നോട് ആവേശത്തോടെ സംസാരിച്ചു.

വിമാനയാത്രയെക്കുറിച്ചെല്ലാം പറയുമ്പോൾ അവർ മേഘങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നത് പോലെ തോന്നി.

നമ്മുടെ ജീവിതം എത്രയോ ചെറുതാണ്. ബാല്യവും കൗമാരവും വിദ്യാഭ്യാസത്തിനായി ചിലവഴിക്കും. വാർദ്ധക്യം പിടിമുറുക്കിയാൽ മനസ് എത്തുന്നിടത്ത് ശരീരം എത്തുകയില്ല അതിനിടയിലെ സമയം യാത്ര ചെയ്യണം.

നൂറ് പുസ്തകത്തിനു തുല്യം ഒരു പ്രസംഗം, നൂറ് പ്രസംഗത്തിന് തുല്യം ഒരു യാത്ര എന്നൊക്കെ വായിച്ചെങ്കിലും പല ജീവിതതിരക്കുകൾക്കിടയിൽ പെട്ട് മനസ്സിനിഷ്ടപ്പെട്ട യാത്ര മാറ്റി വയ്ക്കുന്ന എനിക്ക് വലിയ പ്രചോദനമായിരുന്നു വിജയന്റെയും മോഹനയുടെയും യാത്രാനുഭവങ്ങൾ. എല്ലാ ബാധ്യതകളും തീർത്തശേഷം യാത്ര തുടങ്ങാനാവില്ല.

സാധാരണ ആളുകൾ വയനാടും മൂന്നാറും ഊട്ടിയുമൊക്കെ സഞ്ചാരത്തിനു തെരഞ്ഞെടുക്കുമ്പോൾ ലോകഭൂപടം മന:പാഠമാക്കിയ വിജയന്റെ മനസിൽ ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള യാത്രയാണ് ലക്ഷ്യം വയ്ക്കുന്നത്. ഭാര്യ മോഹനയ്ക്ക് അസുഖപ്പേടിയുണ്ടാകുമ്പോൾ, മരിക്കുമെങ്കിൽ യാത്രക്കിടയിൽ മരിക്കട്ടെയെന്നും ഇഷ്ടയാത്രകൾ നമ്മെ കൂടുതൽ ചെറുപ്പമാക്കുമെന്നൊക്കെ വിജയൻ ധൈര്യം നൽകും. യാത്രയെ പ്രണയിക്കുന്നവർക്കായി ഇവരുടെ കഥ മംഗളം പത്രത്തിന്റെ സൻഡേ സപ്ലിമെന്റിൽ എഴുതാൻ റിപ്പോർട്ടർ ടി. അഭിജിത്തിനോട് പറഞ്ഞു. 'ഉലകം ചുറ്റും ബാലാജി' എന്നപേരിൽ വിജയനെയും മോഹനയെയുംകുറിച്ചുള്ള ആദ്യലേഖനം പ്രസിദ്ധീകരിച്ചു. ഇവരുടെ കഥ അച്ചടിച്ചു കാണാൻ ഏറെ ആഗ്രഹിച്ച ഒരാൾ ഫോട്ടോഗ്രാഫർ പി ആർ രാജേഷ് ആയിരുന്നു. രാജേഷിനു വേണ്ടി ഒരു ചായ വിജയൻ നീട്ടിഅടിച്ചു.

ഈ ദമ്പതിമാരെ മലയാളികൾ കൈനീട്ടി സ്വീകരിച്ചു. പത്രം വിട്ട് ഇന്ത്യവിഷനിൽ ജോയിൻ ചെയ്തപ്പോൾ ഇരുവരെയും ദൃശ്യമാധ്യമത്തിലും വാർത്തയാക്കി.

യാത്രയ്ക്ക് പണത്തിലേറെ മനസാണ് വേണ്ടതെന്നും ഇവർ ജീവിതം കൊണ്ട് പറഞ്ഞു നൽകി. കോട്ടും സ്യൂട്ടുമിട്ട വിജയനും കൂളിംഗ് ഗ്ലാസ് വച്ച മോഹനയും വിദേശത്ത് നിന്ന് പടങ്ങൾ അയച്ചുതരുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ്. ഞങ്ങൾ ഒരുമിച്ചിരുന്നു യാത്രയെക്കുറിച്ച് പുസ്തകം എഴുതണം എന്ന് വിജയൻ ആഗ്രഹിച്ച സമയത്താണ് ന്യൂഡൽഹി ബ്യൂറോയിലേക്ക് എനിക്ക് ട്രാൻസ്ഫർ. അന്ന് പുസ്തകമെഴുത്ത് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇവരുടെ യാത്രാവിശേഷം പുസ്തകമായി ഇറങ്ങുന്നത്തോടെ ആ വിഷമവും മാറി. വിജയന്റെയും മോഹനയുടെയും ഓരോ യാത്രയും അവസാനിക്കുമ്പോൾ അടുത്തയാത്രയ്ക്കായുള്ള തയാറെടുപ്പ് ആരംഭിക്കും. ഭാര്യയെ വീട്ടിലിരുത്തി ടൂർപോകുന്നവരോട് ബാലാജിക്ക് മതിപ്പ് കുറവാണ്. യാത്രയിലെ അനുഭവങ്ങൾ ജീവിതത്തിലേത് പോലെ ഒരുമിച്ചു പങ്കിടണമെന്നാണ് അദ്ദേഹത്തിന്റെ ഫിലോസഫി.

യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് ഈ ദമ്പതികളെ മറക്കാനാവില്ല. ഇനിയുമേറെ ദൂരം താണ്ടാൻ വിജയനും മോഹനയ്ക്കും കഴിയട്ടെ.

(ചായവിറ്റ് വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങൾ എന്ന പുസ്തകത്തിനു മീഡിയവൺ ഡൽഹി ബ്യൂറോചീഫ് ഡി.ധനസുമോദ് എഴുതിയ ആമുഖം)

Tags:    

Writer - André

contributor

Editor - André

contributor

By - ഡോ. ഡി. ധനസുമോദ്

contributor

Similar News