നിയമ പുസ്തകത്തിനും നികത്താനാവാത്ത ചിലതുണ്ട്
ജീവിതം ഇല്ലാതായ ആ പെണ്‍കുട്ടിയുടെ നഷ്ടം നിയമ പുസ്തകത്തിന് നികത്താനാകുന്നില്ല.
ഒരിക്കല്‍ ഹൈക്കോടതി മുറിക്കുള്ളില്‍ ഒരു പെൺകുട്ടി ശബ്ദമുയര്‍ത്തി കേസ് വാദിക്കുന്നത് കേട്ടാണ് അവളെ ശ്രദ്ധിച്ചത്. ബാംഗ്ലൂരില്‍ പഠിച്ച ഡോക്ടറാണ്. സമ്പന്ന കുടുംബത്തിലേതാണ്. സൗന്ദര്യമുള്ള മിടുക്കിയായ ഒഴുക്കോടെ ഇംഗ്ലിഷ് പറയുന്ന പെണ്‍കുട്ടി. കോടതിക്ക് മുന്നില്‍ അഭിഭാഷകനില്ലാതെ സ്വന്തമായി കേസ് നടത്താനാണവള്‍ എത്തിയതെന്നറിഞ്ഞു. ഹൈക്കോടതിയുടെ വെബ്സൈറ്റില്‍ അവളുടെ പേരും അഡ്രസ്സും ഉള്‍പ്പെട്ടുവെന്നതായിരുന്നു പരാതി. താനൊരു ബലാല്‍സംഗ കേസിലെ ഇരയാണെന്നും തന്‍റെ പേരെങ്ങനെ പബ്ലിക്കായി എന്നുമായിരുന്നു അവള്‍ കോടതിയോട് ചോദിച്ചത്.
അഭിഭാഷകരേക്കാള്‍ കൂടുതുല്‍ നിയമപരിഞ്ജാനത്തോടെയാണ് അവളന്ന് സംസാരിച്ചത്. ഹൈക്കോടതി ഉടന്‍ തന്നെ അവളെ സംബന്ധിച്ച വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. പിന്നീട് പലപ്പോഴും ആ പെണ്‍കുട്ടിയെ കോടതിയുടെ വരാന്തകളില്‍ കണ്ടുമുട്ടി. തന്‍റെ ജീവിതം നശിപ്പിച്ചവനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയതായിരുന്നു അവള്‍. ഇക്കഴിഞ്ഞ ദിവസം അവളുടെ കേസില്‍ വിചാരണ കോടതി വിധി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുൻപ് ഞാന്‍ കണ്ട പെൺകുട്ടിയായിരുന്നില്ല അവള്‍. അവളുടെ മാനസിക നില പാടെ തകര്‍ന്നപോലെ. രൂപത്തിലും മാറ്റം വന്നു. ആ കോടതി വിധി കേട്ടവള്‍ പൊട്ടിക്കരഞ്ഞു. പിന്നീട് കോടതിക്ക് മുന്നില്‍ ക്ഷുഭിതയായി " എനിക്ക് നഷ്ടപ്പെട്ടത് എന്‍റെ ജീവിതമാണ്, പത്ത് വര്‍ഷമായി ഞാന്‍ നീതിക്ക് വേണ്ടിയുളള പോരാട്ടത്തിലാണ്. അവന് വെറും മൂന്ന് വര്‍ഷം തടവാണ് ലഭിച്ചത്. മൂന്ന് വര്‍ഷം മാത്രം തടവായതിനാല്‍ ഉടന്‍ കോടതി ജാമ്യവും നല്‍കി. എന്‍റെ മുന്നിലൂടെ ഒന്നും സംഭവിക്കാത്തവനെ പോലെ അവന്‍ പോയി. ഞാന്‍ തളര്‍ന്നു'' ..ഈ പെൺകുട്ടിയുടെ പത്ത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ഫലം കണ്ടോ?
2011-12 കാലയളവില്‍ വിവാഹ വാഗ്ദാനം നല്‍കി അഞ്ച് തവണ തന്നെ പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ബാംഗ്ലൂരില്‍ ബി.ഡി. എസിന് ശേഷം ഉന്നത പഠനത്തിന് ശ്രമിച്ചുകൊണ്ടിരിക്കെയാണ് ചങ്ങനാശ്ശേരിക്കാരനെ പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയമായി. വിവാഹം കഴിക്കുമെന്ന് ഉറപ്പ് പറഞ്ഞു. വീട്ടില്‍ കൊണ്ടുപോയി എല്ലാവരേയും പരിചയപ്പെടുത്തി. പിന്നീടൊരു ദിവസം ഇയാള്‍ അവള്‍ താമസിക്കുന്ന റൂമിലെത്തി. ഒരു ദിവസം പുലര്‍ച്ചെയാണ്. അവളെ നിര്‍ബന്ധിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. അന്നയാള്‍ വീഡിയോ എടുത്തിരുന്നതായി അവള്‍ പരാതിയില്‍ പറയുന്നുണ്ട്. ഇത് കാണിച്ച് പലപ്പോഴായി വീണ്ടും ശാരീരിക ബന്ധം പുലര്‍ത്തി. വിവാഹം ചെയ്യാനിരിക്കുന്ന വ്യക്തിയായതിനാല്‍ അന്നവളത് ക്ഷമിച്ചു. പിന്നീട് ഇവന്‍ പതിയെ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി മനസ്സിലായതോടെയാണ് പരാതിയുമായി രംഗത്തെത്തുന്നത്. തന്‍റെ ജീവിതം നശിപ്പിച്ചവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ഉറച്ച നിലപാടായിരുന്നു അവളുടേത്. ആദ്യം ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കുന്നു. പിന്നീട് ആ പരാതി ഉന്നത ഉദ്യോഗസ്ഥരെയെല്ലാം നേരിട്ട് പോയി കണ്ട് നല്‍കുന്നു. ഹൈക്കോടതിയില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കി.
കോടതി നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചു. ഇതിനിടെ കോടതി രേഖകളില്‍ പേര് ഉള്‍പ്പെട്ടതിനെതിരെയുള്ള ശക്തമായ നിയമപോരാട്ടം. അതും കുടുംബത്തിന്‍റെയോ മറ്റാരുടേയോ പിന്‍തുണയില്ലാതെ. അവസാനം കോടതിയില്‍ നിന്ന് വിധി വന്നപ്പോള്‍ മൂന്ന് വര്‍ഷം തടവ്. കോടതി ഐ.പി.സി 376 അനുസരിച്ചാണ് പ്രതിയെ ശിക്ഷിച്ചത്. 376 വകുപ്പ് പ്രകാരം ഏഴു വര്‍ഷം തടവിന് ശിക്ഷിക്കാം. എന്നാല്‍, ഈ കേസില്‍ ആദ്യ തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് മാത്രമാണ് ബലാല്‍സംഗത്തിന്‍റെ പരിധിയില്‍ വരൂവെന്നാണ് കോടതി നീരീക്ഷിച്ചത്. കാരണം, ഈ പെൺകുട്ടിയുടെ അനുമതിയോടെയാണ് പിന്നീട് നടന്നതൊക്കെയുമെന്ന് കോടതിയും വിലയിരുത്തി. കോടതിക്ക് മുന്നിലുള്ള പരിഹാരം ഇത് മാത്രമാണ്. ഈ പെൺകുട്ടിയുടെ മാനസിക നില തന്നെ തകരാറിലാവും വിധം ജീവിതം കൈവിട്ടുപോയതിന് ശിക്ഷ വിധിക്കാന്‍ കോടതിക്കാവില്ലല്ലോ. പ്രതിക്ക് കിട്ടിയ മൂന്നുവര്‍ഷം തടവെന്നത് നിയമപ്രകാരം ജാമ്യം കിട്ടാവുന്ന ശിക്ഷയാണ്. ചങ്ങനാശ്ശേരി പെരുമണ്ണ സ്വദേശിക്കാണ് എറണാകുളം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ മൂന്ന് വര്‍ഷമായതിനാല്‍ പ്രതിക്ക് ഉടന്‍ തന്നെ ജാമ്യം ലഭിച്ചു. ഇനി പ്രതിക്ക് അപ്പീല്‍ സമര്‍പിക്കാം. അപ്പീല്‍ നല്‍കി കോടതി ശിക്ഷ ശരിവെച്ചാല്‍ മാത്രമേ തടവനുഭവിക്കേണ്ടി വരൂ.
പ്രതിക്ക് കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്നാരോപിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പിക്കുമെന്നാണ് ആ പെൺകുട്ടി പറയുന്നത്. അവളിനിയും നിയമപോരാട്ടവുമായി മുന്നോട്ട് പോകും. മാനസിക നിലതന്നെ തകരാറിലായി. ജീവിതം ഇല്ലാതായ ആ പെണ്‍കുട്ടിയുടെ നഷ്ടം നിയമ പുസ്തകത്തിന് നികത്താനാകുന്നില്ല.