കുട്ടികള്‍ക്കൊപ്പം നടക്കാം, അവധിക്കാലത്ത്
മഹാമാരിയില്‍ പെട്ട് 'ലോക്ക്' ആയ കാലത്തുനിന്ന് ഏറെക്കുറെ അണ്‍ലോക്ക് ചെയ്യപ്പെട്ട കുട്ടികള്‍ക്ക് ഇത്തവണത്തെ അവധിക്കാലം സവിശേഷമാണ്. അവധിക്കാലത്ത് കുട്ടികളെ എങ്ങനെ സന്തോഷത്തോടെ സജീവമാക്കി നിര്‍ത്താമെന്നത് പ്രധാനമാണ്.
കുട്ടികള്‍ വീണ്ടും അവധിക്കാലത്തേക്ക് കടക്കുകയാണ്. രക്ഷിതാക്കള്‍ക്കാകട്ടെ ഇത് ആധിയുടെ കാലമാണ്. ക്ലാസ് മുറികള്‍, പുസ്തകങ്ങള്‍, പരീക്ഷകള്‍, ഉത്തരക്കടലാസുകള്‍, ട്യൂഷനുകള്‍, ഗൃഹപാഠങ്ങള്‍ തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള വിരസമായ ജീവിതത്തില്‍ നിന്നുള്ള നീണ്ട ഇടവേളയാണ് കുട്ടികള്‍ക്ക് വേനല്‍ക്കാല അവധി. മഹാമാരിയില്‍ പെട്ട് 'ലോക്ക്' ആയ കാലത്തുനിന്ന് ഏറെക്കുറെ അണ്‍ലോക്ക് ചെയ്യപ്പെട്ട കുട്ടികള്‍ക്ക് ഇത്തവണത്തെ അവധിക്കാലം സവിശേഷമാണ്. അവധിക്കാലത്ത് കുട്ടികളെ എങ്ങനെ സന്തോഷത്തോടെ സജീവമാക്കി നിര്‍ത്താമെന്നത് പ്രധാനമാണ്.
നീണ്ട രണ്ടുവര്‍ഷക്കാലം പൂര്‍ണമായും വീടുകളില്‍ അടച്ചിടപ്പെട്ട കുട്ടികളാണ് പുറത്തിറങ്ങുന്നത്. വേനല്‍ക്കാല ക്ലാസുകള്‍, വിവിധ പ്രോജക്ടുകള്‍ തുടങ്ങിയവയിലൂടെ കുട്ടികള്‍ക്ക് ജീവിതത്തില്‍ പുതിയ ശ്രദ്ധ നല്‍കേണ്ടതുണ്ട്. വേനല്‍ക്കാല പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അവരുടെ പൊതുവിജ്ഞാനം വികസിപ്പിക്കാന്‍ സഹായിക്കും. അവരുടെ ആത്മവിശ്വാസവും വിജ്ഞാന നിലവാരവും ഉയര്‍ത്തുന്നതോടൊപ്പം ഭാവി ജീവിതത്തിലേക്ക് വഴികാട്ടിയുമാകും.
കുട്ടികള്‍ പുതിയ ഹോബികള്‍ പഠിക്കേണ്ടതുണ്ട്. അത് അവരുടെ വ്യക്തിത്വത്തിന് മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളിലെ പ്രശ്‌ന പരിഹാര ശേഷി വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയ പങ്ക് വഹിക്കും. അവധിക്കാല ക്യാമ്പുകളും വര്‍ക്ഷോപ്പുകളും സ്‌കൂള്‍സംഘങ്ങള്‍ അല്ലാത്ത സമപ്രായക്കാരുമായി കൂടുതല്‍ ഇടപെടുന്നതിനും കൂടുതല്‍ സമയം പങ്കിടുന്നതിനും അവരില്‍നിന്ന് പുതിയ അറിവുകള്‍ നേടുന്നതിനും പുതിയ കലകള്‍ പഠിക്കുന്നതിനും ഉള്ള അവസരങ്ങള്‍ കുട്ടികള്‍ക്കു നല്‍കും. ഇത്തരം വര്‍ക്ഷോപ്പുകളും ക്യാമ്പുകളും കുട്ടികള്‍ ഇഷ്ട്ടപെടുന്ന മേഖലകള്‍ കണ്ടെത്തുന്നതിനും ഭാവിയില്‍ അവ പിന്തുടരുന്നതിനും സഹായിക്കുന്നു. ഏതെങ്കിലും കായിക ഇനം പരിശീലിക്കുന്നതിലൂടെ അവരെ വീറും വാശിയും ഉള്ളവരുമാക്കാം.
അവധികാലത്തും കുട്ടികളുടെ ദൈനംദിന ജീവിതത്തിന് ക്രമീകരണം ഏര്‍പെടുത്തുന്നത് നല്ലതായിരിക്കും. വൈകാരികമോ വികാസപരമോ ആയ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് ഇത് കൂടുതല്‍ നല്ലതാണ്. വേനല്‍ക്കാല അവധി ഈ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വെല്ലുവിളിക്കാലം കൂടിയാണ്. പെരുമാറ്റവൈകല്യം, ഉത്കണ്ഠ, എഡിഎച്ച്ഡി അല്ലെങ്കില്‍ ഓട്ടിസം ഉള്ള കുട്ടികള്‍ക്ക് അവധികാലത്തും സുരക്ഷിതമായും ഫലപ്രദമായും മുന്നോട്ട് പോകാന്‍ ഇത്തരം ക്രമീകരണങ്ങള്‍ സഹായിക്കും. ഉറക്കമുണരുക, ഭക്ഷണം കഴിക്കുക പോലുള്ളവയില്‍ ചില അടിസ്ഥാന പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നത് വേനല്‍ക്കാലം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും. രാവിലെ ഉറക്കമെഴുന്നേറ്റാല്‍ എല്ലാവര്‍ക്കും ഗുഡ്‌മോണിങ് പറയാന്‍ പരിശീലിപ്പിക്കുക, പ്രാര്‍ഥനാ സമയം നിശ്ചയിക്കുക പോലുള്ളവ ഉദാഹരണം. കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താനും നിത്യജീവിതം ആസ്വാദ്യകരമാക്കാനും ഇതിലൂടെ കഴിയും.
കുട്ടിയുടെ സാധാരണ ഉറക്ക സമയത്തിലും ഭക്ഷണ സമയത്തിലും സമയനിഷ്ട പാലിക്കുന്നത് പ്രധാനമാണ്. ദിവസവും കളിസ്ഥലത്തേക്കോ നീന്തല്‍ കുളത്തിലേക്കോ പോകുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി ആസൂത്രണം ചെയ്താല്‍ കുട്ടികള്‍ക്ക് അത് സ്വയം പിന്തുടരാന്‍ കഴിയുന്ന ക്രമീകരണം ആയി മാറും. ചുറ്റുമുള്ള ഏതുപ്രവര്‍ത്തനവും ഇങ്ങിനെ ഷെഡ്യൂള്‍ ചെയ്യാം. പെരുമാറ്റ നിയമങ്ങളും പ്രധാനമാണ്. നിങ്ങളുടെ കുട്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന കുറച്ച് 'നല്ല' പെരുമാറ്റങ്ങള്‍ തിരഞ്ഞെടുക്കാം. ഈ ശീലങ്ങള്‍ ആര്‍ജിച്ചാല്‍ സമ്മാനങ്ങള്‍ കൊടുത്തും വിനോദയാത്രക്ക് കൊണ്ടുപോയുമൊക്കെ അവരെ പ്രോത്സാഹിപ്പിക്കണം. ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പ്രധാനമാണ്. ഡേ ക്യാമ്പുകളും വര്‍ക്ഷോപ്പുകളും ഇതിന് പരിഗണിക്കാം. കുട്ടികളെ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ നിന്ന് തടയാന്‍ പുറം പരിപാടികളിലൂടെ കഴിയും.
അവധികാലത്ത് ആവശ്യമായ തോതില്‍ പഠനവും നടത്താം. അതുപക്ഷെ മിതമായ അളവിലായിരിക്കണം. പരീക്ഷകളെ മുന്‍നിര്‍ത്തിയുള്ള പഠനം അല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം പഠനങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ രസകരമാക്കി മാറ്റാന്‍ കഴിയും. അവധിക്കാലത്ത് വായനാശീലവും എഴുത്തും ഗണിതവും ഒക്കെ മറന്നു പോകാനുള്ള സാദ്ധ്യതകള്‍ ഏറെ ആണ്. ഇത് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ ചെറിയ തോതില്‍ പഠനമാകാം. പഠനത്തിലെ പോരായ്മകള്‍ നികത്തുന്നതിനും വായനയും എഴുത്തും മെച്ചപ്പെടുത്താനും അവധിക്കാല പഠനം ഉപയോഗിക്കാം.
അവധിക്കാല ക്യാമ്പില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന് രക്ഷിതാക്കള്‍ തെറ്റിദ്ധരിക്കേണ്ട. കഴിയുന്നത്ര സമയം കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ ശ്രമിക്കുകയും അവരോടൊപ്പം അവധിക്കാലം ആസ്വദിക്കുകയും ചെയ്യണം. കുട്ടികള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സമയം കണ്ടെത്തണം. ഒരുമിച്ച് കളിക്കുക, ടീവി കാണുക, വിജയവും പരാജയവും ആവേശത്തോടെ പങ്കിടുക. പൊതുവിടങ്ങളില്‍ കുട്ടികളെ കുറ്റപ്പെടുത്താനോ താഴ്ത്തിക്കെട്ടാനോ ശ്രമിക്കരുത്. തെറ്റുകളെ പോസിറ്റീവ് ആയി സമീപിക്കുകയും ക്രിയാത്മകമായി വിമര്‍ശിക്കുകയും ചെയ്യണം. കുട്ടികളുടെ പ്രായത്തിനും കഴിവിനും അപ്പുറത്തുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുത്. കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ നടത്തിയെടുക്കുന്ന രീതി പിന്തുടരരുത്. കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേകശ്രദ്ധ വയ്ക്കുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വേനല്‍ക്കാലം അനുയോജ്യമാണ്.
കുട്ടികള്‍ക്ക് ആവശ്യമായ സ്വകാര്യത അനുവദിക്കണം. ദിവസത്തില്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും ഒരുമിച്ചിരുന്നു കഴിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം. ആവശ്യമായ സമയങ്ങളില്‍ അവരെ ലാളിക്കുകയോ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യാന്‍ മറക്കരുത്. വെല്ലുവിളികള്‍ നിറഞ്ഞ പെരുമാറ്റങ്ങള്‍ കുട്ടികള്‍ കാണിക്കുമ്പോള്‍ യുക്തിപൂര്‍വവും സമചിത്തതയോടെയും അവയെ സമീപിക്കണം. ഒരു കുട്ടിയുടെ മോശം പെരുമാറ്റതിനര്‍ത്ഥം ആ കുട്ടി മോശം കുട്ടിയാണ് എന്നല്ല. പകരം ആ മോശം പെരുമാറ്റത്തിന് പിറകില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കാരണമുണ്ട് എന്നതാണ്. ആ കാരണം തിരിച്ചറിഞ്ഞ് അത് പരിഹരിക്കണം.