നൂറ്റാണ്ടിന്‍റെ ചരിത്രം, റെക്കോര്‍ഡുകള്‍; വെല്ലിങ്ടണിലെ കിവി ഹീറോയിസം

146 വർഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇതു രണ്ടാമത്തെ മാത്രം ടീമാണ് ഒറ്റ റണ്ണിനു മത്സരം ജയിക്കുന്നത്

Update: 2023-02-28 07:16 GMT
Editor : Shaheer | By : Web Desk
Advertising

വെല്ലിങ്ടൺ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരുപിടി റെക്കോർഡുകൾ കൂടിയാണ് വെല്ലിങ്ടണിൽ ടിം സൗത്തിയുടെ കിവി സംഘം തിരുത്തിക്കുറിച്ചത്. ഫോളോഓൺ നേരിട്ട ശേഷമുള്ള നാലാമത്തെ ജയം, ഏറ്റവും കുറഞ്ഞ മാർജിനിലുള്ള വിജയം. ഏറ്റവും കുറഞ്ഞ റൺസിനുള്ള രണ്ടാമത്തെ ടെസ്റ്റ് വിജയം, അതും നൂറ്റാണ്ടിന്റെ ചരിത്രം. അങ്ങനെ നീളുന്നതാണ് ഇന്ന് തിരുത്തിക്കുറിക്കപ്പെട്ട റെക്കോർഡുകൾ.

ഫോളോഓൺ വഴങ്ങി ടെസ്റ്റ് മത്സരം ജയിക്കുന്ന ചരിത്രത്തിലെ നാലാമത്തെ ടീമായിരിക്കുകയാണ് ന്യൂസിലൻഡ്. ഇത്രയും ചെറിയ മാർജിനിൽ ജയിക്കുന്ന ആദ്യത്തെ ടീമും. ഒറ്റ റണ്ണിനു ടെസ്റ്റ് മത്സരം ജയിക്കുന്ന രണ്ടാമത്തെ ടീമെന്ന വിശേഷണവും സ്വന്തമാക്കി ടിം സൗത്തിയുടെ സംഘം; അതും 146 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ 2,494 മത്സരങ്ങളിൽ ഇതു രണ്ടാമത്തെ മാത്രം വിജയം!

2001ലാണ് ഫോളോഓൺ വഴങ്ങിയ ഒരു ടീം അവസാനമായി വിജയിക്കുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടേതായിരുന്നു ആ അവിസ്മരണീയ ജയം. അതിനുമുൻപുള്ള രണ്ടു ജയവും ഇംഗ്ലണ്ടിന്റെ പേരിലാണ്, രണ്ടും ഓസീസിനെതിരെയും; 1981ലും 1894ലും.

1993ലാണ് ചരിത്രത്തിലാദ്യമായി ടെസ്റ്റ് മത്സരത്തിൽ ഒറ്റ റൺസിന് ഒരു ടീം വിജയിക്കുന്നത്. കോട്‌നി വാൽഷും കേട്‌ലി ആംബ്രോസും ഇയാൻ ബിഷപ്പും ബ്രയൻ ലാറയും അടങ്ങുന്ന റിച്ചി റിച്ചാർഡ്‌സൻരെ വെസ്റ്റിൻഡീസ് സംഘമാണ് അന്നു ചരിത്രം കുറിച്ചത്. അഡലെയ്ഡിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ആസ്‌ട്രേലിയയെയായിരുന്നു അന്ന് വിൻഡീസ് സംഘം തോൽപിച്ചത്.

സർവം നാടകീയം; നാടകാന്തം കിവീസ്

ഫോളോഓൺ വഴങ്ങിയ രണ്ടാം ഇന്നിങ്‌സിലെ ഗംഭീര കംബാക്കിൽ കിവികൾ ഇംഗ്ലണ്ടിനുമുന്നിൽ ഉയർത്തിയത് 258 റൺസ് എന്ന വിജയലക്ഷ്യമായിരുന്നു. എന്നാൽ, നീൽ വാഗ്നറും ടിം സൗത്തിയും ചേർന്ന് ഇംഗ്ലീഷുകാരുടെ 'ബേസ്ബാൾ' ഹുങ്കിന്റെ കൊമ്പൊടിച്ചു. അഞ്ചിന് 80 എന്ന നിലയിൽ നിലവിട്ടു തകർന്ന് ഇംഗ്ലണ്ട്.

കാര്യങ്ങൾ അവിടെ തീർന്നിരുന്നില്ല. ജോ റൂട്ടും ബെൻ സ്‌റ്റോക്‌സും ചേർന്ന് തുടർന്ന് നടത്തിയത് വമ്പൻ ചെറുത്തുനിൽപ്പ്. വീണ്ടും വിജയലക്ഷ്യത്തിലേക്ക് കണ്ണുവച്ചു സന്ദർശകർ. വീണ്ടും വില്ലന്മാരായി വാഗ്നറും സൗത്തിയും. ഒടുവിൽ ഒരു വിക്കറ്റകലെ കിവികളും രണ്ട് റൺസകലെ ഇംഗ്ലീഷുകാരും വിജയം മുന്നിൽകണ്ടപ്പോഴായിരുന്നു ആ നാടകീയനിമിഷം.

ക്രീസിൽ ജിമ്മി ആൻഡേഴ്‌സൻ. പന്തെറിയുന്നത് നീൽ വാഗ്നർ. ആദ്യ പന്ത് ലെഗ് സൈഡ് ഷോർട്ട് പിച്ച് പന്ത്. വൈഡാണെന്നു തോന്നിപ്പിച്ചെങ്കിലും അംപയർ അനുവദിച്ചില്ല. വീണ്ടും ആൻഡേഴ്‌സന്റെ ദേഹം ലക്ഷ്യമിട്ട് ലെഗ് സൈഡിലേക്ക് കുത്തിപ്പൊന്തിച്ച് വാഗ്നർ. ഇത്തവണ പ്രതിരോധിക്കാൻ നോക്കി ആൻഡേഴ്‌സൻ. വിജയത്തിലേക്ക് ഒരു റൺദൂരത്തിൽ ആൻഡേഴ്‌സനെപ്പോലൊരു പരിചയസമ്പന്നനായ ക്രിക്കറ്ററിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കം. കിവി വിക്കറ്റ് കീപ്പർ ടോം ബ്ലൻഡൽ വലതുവശത്തേക്ക് ഡൈവ് ചെയ്‌തെടുത്ത മനോഹരമായ ക്യാച്ചിൽ പിറന്നത് ചരിത്രം.

ഫോളോഓൺ നാണക്കേട്; കിവി തിരിച്ചടി

ആദ്യ ഇന്നിങ്‌സിൽ ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിൻരെയും മിന്നും സെഞ്ച്വറികളുടെ കരുത്തിൽ ഇംഗ്ലണ്ട് പടുത്തുയർത്തിയത് 435 എന്ന മികച്ച ടോട്ടൽ. ഒൻപതാം ടെസ്റ്റ് കളിക്കുന്ന ഹാരി ബ്രൂക്ക് എന്ന യുവതാരം അടിച്ചെടുത്തത് 186 റൺസ്. ഏകദിനശൈലിയിൽ കളിച്ച താരം 24 ഫോറും അഞ്ചു സിക്‌സും സഹിതം വെറും 176 പന്തിൽനിന്നാണ് കൂറ്റൻ സ്‌കോർ ഉയർത്തിയത്. അപ്പുറത്ത് ഉറച്ച പിന്തുണയുമായി കാവലൊരുക്കിയ മുൻ നായകൻ ജോ റൂട്ട് പുറത്താകാതെ 153 റൺസും നേടി.

വമ്പൻ ടോട്ടൽ പിന്തുടർന്ന് ഇറങ്ങിയ ആതിഥേയർ പക്ഷെ അടപടലം തകർന്നടിഞ്ഞു; വെറും 209 റൺസിന്. നായകൻ ടിം സൗത്തി വാലറ്റത്തിൽ നടത്തിയ വെടിക്കെട്ട് കൗണ്ടർ അറ്റാക്ക് ഇല്ലെങ്കിൽ അതിലും ചെറിയ സ്‌കോറിൽ നാണംകെട്ടു തകർന്നേനെ കിവികൾ. 49 പന്തിൽ അഞ്ച് ഫോറും ആറ് സിക്‌സറും പറത്തി 73 റൺസാണ് സൗത്തി അടിച്ചെടുത്തത്. നായകനു പുറമെ ടോം ലാഥം(35), ഹെന്റി നിക്കോൾസ്(30), ടോം ബ്ലൻഡൽ(38), ഡാരിൽ മിച്ചൽ(16) എന്നിവർക്കു മാത്രമാണ് കിവി നിരയിൽ രണ്ടക്കം കാണാനായത്.

226 റൺസിന്റെ വമ്പൻ കടവുമായി കിവീസിനു വീണ്ടും ബാറ്റിങ്ങിനിറങ്ങേണ്ടിവന്നു. എന്നാൽ, ഇത്തവണ കളി മാറി. ലാഥവും ഡേവൻ കോൺവേയും ചേർന്ന് ഗംഭീര തുടക്കമാണ് കിവികൾക്കുനൽകിയത്. ഇരുവരും അർധസെഞ്ച്വറികളുമായി 149 റൺസ് കൂട്ടുകെട്ട് ഉയർത്തിയാണ് പിരിഞ്ഞത്. കോൺവേ(61) ആദ്യം മടങ്ങി, പിന്നാലെ ലാഥവും(83).

എന്നാൽ, മുൻ നായകൻ കെയിൻ വില്യംസ് നിർണായക ഘട്ടത്തിൽ ടീമിന്റെ രക്ഷാദൗത്യം ഏറ്റെടുത്തു മുന്നിൽനിന്നു നയിച്ചു. മറുവശത്ത് ബാറ്റർമാർ കൊഴിഞ്ഞുകൊണ്ടിരുന്നപ്പോഴും സ്‌കോർനില ഉയർത്തി ഒരറ്റം കാത്തു കെയിൻ. ഡാരിൽ മിച്ചലുമായും(54) ടോം ബ്ലൻഡലുമായും(90) മികച്ച കൂട്ടുകെട്ടുകളുമായി കിവികളെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചാണ് താരം മടങ്ങിയത്. 132 റൺസെടുത്തായിരുന്നു വില്യംസൻരെ മടക്കം.

നാലാം ഇന്നിങ്‌സിൽ 258 എന്ന 'ട്രിക്കി' സ്‌കോർ പിന്തുടർന്നാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. 'ബേസ്ബാൾ' കണ്ടുപിടിച്ചവർ അതങ്ങ് പുഷ്പം പോലെ നേടുമെന്ന് ഉറപ്പിച്ചവരെ ഇന്ന് നീൽ വാഗ്നർ എന്ന കിവി പേസർ ഞെട്ടിച്ചു. സാക്ക് ക്രൗളി(24), ബെൻ ഡക്കറ്റ്(33), ഒലി റോബിൻസൻ(രണ്ട്), ഒലി പോപ്പ്(14), ഹാരി ബ്രൂക്ക്(പൂജ്യം) ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയപ്പോൾ ഇംഗ്ലീഷ് പട ശരിക്കും പരിഭ്രമിച്ചു.

പിന്നീടാണ് ജോ റൂട്ട്-ബെൻ സ്‌റ്റോക്‌സ് കൂട്ടുകെട്ട്. റൂട്ട് റൺവേഗം കൂട്ടി ഇന്നിങ്‌സ് ഉയർത്തിയപ്പോൾ ബേസ്‌ബോൾ ക്രിക്കറ്റ് മാറ്റിവച്ച് നങ്കൂരമിട്ടു കളിച്ചു നായകൻ സ്‌റ്റോക്‌സ്. ഇരുവരും ചേർന്ന് 121 റൺസ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവിടെ അന്തകനായി വാഗ്നർ അവതരിച്ചു. ആദ്യം സ്‌റ്റോക്‌സിനെ(116 പന്തിൽ 33) പറഞ്ഞയച്ചു; പിന്നാലെ റൂട്ടിനെയും(113 പന്തിൽ 95). അവസാന പ്രതീക്ഷയായ ബെൻ ഫോക്‌സ് ടീമിനെ കരകയറ്റുമെന്നു തോന്നിച്ച ഘട്ടത്തിൽ സൗത്തിയുടെ വക ബ്രേക്ത്രൂ. പിന്നീടങ്ങോട്ട് ഇരുടീമുകൾക്കും ഇടയിൽ ജയം കപ്പിനും ചുണ്ടിനും ഇടയിൽ മാറിമറിഞ്ഞ നിമിഷങ്ങൾ. ഒടുവിൽ നാടകീയമായ ഓവറിൽ ആൻഡേഴ്‌സന്റെ അതിലും നാടകീയമായ പുറത്താകലും സംഭവിച്ചു.

Summary: New Zealand repeats the 146-year-old history in the historic test match I run win against England

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News