വിക്കറ്റ് കീപ്പിംങില്‍ മോഹിപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ധോണി

ബംഗ്ലാദേശിനെതിരായ ഏഷ്യ കപ്പ് ഫൈനലില്‍ രണ്ട് പേരെ സ്റ്റംമ്പ് ചെയ്തതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 800 ലേറെപുറത്താക്കലുകള്‍ നടത്തുന്ന കീപ്പറെന്ന റെക്കോഡാണ് ധോണി സ്വന്തം പേരിലാക്കിയത്.

Update: 2018-09-29 05:23 GMT
Advertising

ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് താനെന്ന് നാള്‍ക്കുനാള്‍ ധോണി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ഏഷ്യ കപ്പ് ഫൈനലില്‍ രണ്ട് പേരെ സ്റ്റംമ്പ് ചെയ്തതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 800 ലേറെപുറത്താക്കലുകള്‍ നടത്തുന്ന കീപ്പറെന്ന റെക്കോഡാണ് ധോണി സ്വന്തം പേരിലാക്കിയത്. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബുച്ചറും(998) ആസ്‌ത്രേലിയയുടെ ഗില്‍ ക്രിസ്റ്റും(905) മാത്രമാണ് ധോണിക്ക് മുന്നിലുള്ളത്.

കുല്‍ദീപ് യാദവ് എറിഞ്ഞ 43ആം ഓവറിലായിരുന്നു ധോണി 800ആം ഇരയെ പിടികൂടിയത്. ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയായിരുന്നു ധോണിയുടെ വേഗത്തിന് മുന്നില്‍ വിക്കറ്റ് നഷ്ടമാക്കിയത്. കുല്‍ദീപ് യാദവിന്റെ ഗൂഗ്ലി തിരിച്ചറിയാന്‍ കഴിയാതെ പോയ മൊര്‍ത്താസയുടെ ബാറ്റില്‍ തൊടാതെ പന്ത് പോയി. ലഭിച്ച അവസരം മുതലാക്കി മിന്നല്‍ സ്റ്റംമ്പിംങിലൂടെ ധോണി മൊര്‍ത്താസയെ പുറത്താക്കുകയായിരുന്നു.

വേഗതയും കൃത്യതയുമുള്ള സ്റ്റംമ്പിംങുകളാണ് ധോണിയെന്ന വിക്കറ്റ് കീപ്പറുടെ പ്രധാന പ്രത്യേകത. സ്പിന്നര്‍മാര്‍ അരങ്ങുവാഴുന്ന ഇന്ത്യയില്‍ ധോണിക്ക് സ്റ്റംമ്പിംങ് അവസരങ്ങളും ഏറെ ലഭിച്ചു. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംമ്പിംങ് നടത്തിയതിന്റെ റെക്കോഡ് ധോണി(184)യുടെ പേരിലാണ്. കുമാര്‍ സംഗക്കാരയും(139) കലുവിതരണയുമാണ്(101) അടുത്തൊന്നും തകരാനിടയില്ലാത്ത ധോണിയുടെ ഈ റെക്കോഡില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

Tags:    

Similar News