ആസ്‌ത്രേലിയക്കെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിങ് ഓർഡർ; സൂചന നൽകി പരിശീലന സെഷൻ
രോഹിത് ശർമക്കും ശുഭ്മാൻ ഗില്ലിനും പകരം ആരെത്തും എന്നതിലാണ് സൂചന നൽകിയത്.
പെർത്ത്: ആസ്‌ത്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ആദ്യ ടെസ്റ്റിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഇന്ത്യയുടെ ബാറ്റിങ് ഓർഡർ സംബന്ധിച്ച് സൂചനയായി. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ആദ്യ മാച്ചിനുണ്ടാകില്ലെന്ന് നേരത്തെതന്നെ ഉറപ്പായിരുന്നു. ഇതോടെ ഓപ്പണിങ് റോളിൽ യശസ്വി ജയ്‌സ്വാളിനൊപ്പം കെ.എൽ രാഹുലാകും ഇറങ്ങുക. മൂന്നാമനായി മലയാളി താരം ദേവ്ദത്ത് പടിക്കൽ ക്രീസിലെത്തുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയുടെ പരിശീലന സെഷനിൽ സ്ലിപിലും ഗള്ളിയിലുമായി ഫീൽഡർമാരെ വിന്യസിച്ചത് ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങളാണ് ഇന്ത്യൻ ബാറ്റിങ് ഓർഡർ പ്രവചിച്ചത്. പരിശീലന സെഷനിൽ വിരാട് കോഹ്‌ലി, കെ.എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നവർ സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നുണ്ടായിരുന്നു. ധ്രുവ് ജുറൽ ഗള്ളിയിൽ സ്ഥാനം പിടിച്ചു. ജുറേൽ പരിശീലനത്തിൽ കൂടുതൽ സമയം ചെലവഴിച്ചതോടെ സർഫറാസ് ഖാൻ ആദ്യ ടെസ്റ്റിനുണ്ടാവില്ലെന്നും സൂചനയുണ്ട്. ആസ്‌ത്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റിൽ മികച്ച ഫോമിൽ ജുറൽ ബാറ്റുവീശിയിരുന്നു. ഋഷഭ് പന്ത് ടീമിലുണ്ടെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായാകും ജുറേലിനെ പരിഗണിക്കുക.
പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് ശുഭ്മാൻ ഗില്ലിന് തിരിച്ചടിയായത്. ഭാര്യ റിതികയുടെ പ്രസവത്തെ തുടർന്ന് നാട്ടിൽ തുടകരുകയാണ് രോഹിത്. ഇരുവരും രണ്ടാം ടെസ്റ്റിൽ മാത്രമാകും കളിക്കുക. ഈ സാഹചര്യത്തിലാണ് ടീം മാനേജ്മെന്റ് ടീമിൽ മാറ്റം വരുത്താൻ നിർബന്ധിതരായത്. അതേസമയം, മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ഉടനുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും താരത്തെ ആസ്‌ത്രേലിയയിലേക്ക് എത്തിക്കുന്നതിൽ ബിസിസിഐ തീരുമാനമെടുത്തിട്ടില്ല. അടുത്താഴ്ച നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ ഷമി ബംഗാളിന് വേണ്ടി കളിച്ചേക്കും