‘ഒത്തു കളിക്കാരെയെല്ലാം വിളിച്ച് ആദരിക്കേണ്ട ആവശ്യമെന്താണുള്ളത്’; അസ്ഹറുദ്ദീനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീർ
ഈഡൻ ഗാർഡനിലെ ഇന്ത്യ-വെസ്റ്റ് ഇൻഡീസിസ് മത്സരത്തിന് മുന്നോടിയായി ആരംഭ മണി അടിക്കാൻ മുൻ ഇന്ത്യൻ നായകനും കോൺഗ്രസ് നേതാവുമായ അസ്ഹറുദ്ദീനെ ക്ഷണിച്ചതിൽ തുറന്നടിച്ച്
ഗൗതം ഗംഭീർ. ഈഡൻ ഗാർഡൻ ഉൾപ്പടെയുള്ള സ്റ്റേഡിയങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുന്നോടിയായി മണി അടിച്ച് കളി തുടങ്ങുന്ന പതിവ് നിലവിലുണ്ട്. മുൻ കളിക്കാരെയോ, മറ്റു ആദരണീയ വ്യക്തികളെയോ ആണ് ഇതിനായി ക്ഷണിക്കാറ്. എന്നാൽ ഇന്ത്യ-വിൻഡീസ് ആദ്യ ടി20 മത്സരത്തില്‍ അസ്ഹറുദ്ദീനെ ഇതിലേക്കായി ക്ഷണിച്ചതാണ് മുൻ ഇന്ത്യൻ താരത്തെ ചൊടിപ്പിച്ചത്.
കോഴ കേസില്‍ പ്രതിയായ ഒരാളെ പിടിച്ച് അനര്‍ഹമായ ആദരവ് കൊടുത്തതിന് തുല്ല്യമാണ് ഇത്. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ ഇന്ത്യ ജയിച്ചു, എന്നാല്‍ ബി.സി.സി.എെയും, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും അവിടെ പരാജയപ്പെട്ടുവെന്നും ഗംഭീർ പറഞ്ഞു.
334 ഏകദിനങ്ങളിലും, 47 ടെസ്റ്റ് മത്സരങ്ങളിലുമായി ഇന്ത്യയെ നയിച്ചിട്ടുള്ള അസ്ഹറുദ്ദീൻ, 2000ത്തിലെ കുപ്രസിദ്ധമായ ഒത്തു കളി വിവാദത്തെ തുടർന്ന് രാജ്യാന്തര ക്രക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ച് പുറത്തു പോവുകയായിരുന്നു. തുടർന്ന് 2012ൽ ആന്ധ്രാ ഹെെകോടതിയെ സമീപിച്ച അസ്ഹറുദ്ദീൻ, അനുകൂല വിധി നേടി വിലക്ക് മറികടക്കുകയായിരുന്നു.