കുഞ്ഞുകളിച്ച് റണ്ണൗട്ടായി, സ്വയം ട്രോളി കുറ്റമേറ്റ് ഗംഭീര്‍

ഫീല്‍ഡര്‍ പന്ത് എടുത്ത് ബൗളര്‍ക്ക് എറിഞ്ഞു കൊടുക്കുന്നതുവരെ കമന്റേറ്റര്‍മാര്‍പോലും അപകടം മണത്തില്ല. എന്നാല്‍ ബൗളര്‍ പന്ത് പിടിച്ചെടുത്ത് ഗംഭീറിന്റെ അലസത മുതലാക്കി വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു

Update: 2018-11-16 08:20 GMT
Advertising

രഞ്ജി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തിനിടെയായിരുന്നു ഗൗതം ഗംഭീര്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായത്. 49 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു അശ്രദ്ധയുടെ വിലയായി ഗംഭീറിന് വിക്കറ്റ് തന്നെ നല്‍കേണ്ടി വന്നത്. ഇതില്‍ ആരാധകര്‍ വിമര്‍ശം തുടരുന്നതിനിടെയാണ് ഗംഭീര്‍ തന്നെ സ്വയം തെറ്റേറ്റു പറഞ്ഞ് മുന്നോട്ടുവന്നത്.

മത്സരത്തിന്റെ ഇരുപതാം ഓവറിലായിരുന്നു നാടകീയമായ റണ്‍ഔട്ട്. ഡല്‍ഹി സ്‌കോര്‍ 101ന് 1 എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍. ക്രീസില്‍ ഗംഭീറിനൊപ്പമുണ്ടായിരുന്ന ധ്രുവ് ഷോരെ ഡബിളിനായി ഓടി. ഫീല്‍ഡര്‍ പന്ത് എടുത്ത് ബൗളര്‍ക്ക് എറിഞ്ഞു കൊടുക്കുന്നതുവരെ കമന്റേറ്റര്‍മാര്‍പോലും അപകടം മണത്തില്ല. എന്നാല്‍ ബൗളര്‍ പന്ത് പിടിച്ചെടുത്ത് ഗംഭീറിന്റെ അലസത മുതലാക്കി വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

അവസാന നിമിഷം നടന്ന ഈ അപ്രതീക്ഷിത നീക്കത്തില്‍ ഗംഭീറിന് സ്വന്തം വിക്കറ്റ് നഷ്ടമായി. 52 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം മികച്ച രീതിയില്‍ ബാറ്റു വീശുമ്പോഴായിരുന്നു ഗംഭീറിന് അശ്രദ്ധ വില്ലനായത്.

ഒടുവില്‍ ധ്രുവ് ഷോരെയുടെ അപരാജിത സെഞ്ചുറി(106*) മികവില്‍ 281/4 എന്ന നിലയില്‍ ഡല്‍ഹി രണ്ടാം ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്തു. 376 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഹിമാചല്‍ പ്രദേശ് നാലാം ദിവസത്തെ കളി പൂര്‍ത്തിയാകുമ്പോള്‍ 5ന് 266 എന്ന നിലയിലായിരുന്നു. ഇതോടെ മത്സരം സമനിലയിലായി. ധ്രുവ് ഷോരെയാണ് കളിയിലെ താരമായത്.

ശിശുദിനത്തിലെ തന്റെ പുറത്താകലിനെ ഗംഭീര്‍ സ്വയം ട്രോളുകയും ചെയ്തു. മക്കളായ അനൈസയും ആസീന്റേയും ചിത്രങ്ങള്‍ വെച്ചായിരുന്നു ട്വീറ്റ്. മക്കള്‍ പരസ്പരം സംസാരിക്കുന്ന തരത്തിലുളളതായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ചേച്ചീ പപ്പ എങ്ങനെയാണ് ശിശുദിനം ആഘോഷിക്കുന്നതെന്ന അനൈസ ആസീനോടുള്ള ചോദ്യത്തിന് കുട്ടിയെപ്പോലെ രഞ്ജി ട്രോഫിയില്‍ റണ്‍ഔട്ടിലൂടെ പുറത്തായാണ് എന്നായിരുന്നു ആസീന്റെ മറുപടി.

Tags:    

Similar News