‘ഫെെനല്‍ കളിക്കാന്‍ ആദ്യം സെമിയില്‍ എത്തണ്ടേ’; പാക് ആരാധകരെ ട്രോളി എെ.സി.സി
ടി20 ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്ക് അവസാനമായതോടെയാണ് ഫെെനലിസ്റ്റുകളെ പ്രവചിക്കാൻ ആവശ്യപ്പെട്ടുള്ള എെ.സി.സിയുടെ പോളിങ് നടന്നത്.
ട്വിറ്ററിൽ പാകിസ്ഥാൻ ആരാധകരെ ട്രോളി രാജ്യന്തര ക്രിക്കറ്റ് സമിതി. വനിതാ ടി20 വേൾഡ് കപ്പുമായി ബന്ധപ്പെട്ട് എെ.സി.സി നടത്തിയ പോളിങ്ങിൽ പാകിസ്ഥാൻ ടീമിനെ ഉൾപ്പെടുത്തിയില്ലെന്ന് ആക്ഷേപിച്ച ആരാധകരോടായിരുന്നു എെ.സി.സിയുടെ ട്രോളിങ് പ്രതികരണം.
ടി20 ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്ക് അവസാനമായതോടെയാണ് ഫെെനലിസ്റ്റുകളെ പ്രവചിക്കാൻ ആവശ്യപ്പെട്ടുള്ള എെ.സി.സിയുടെ പോളിങ് നടന്നത്. സെമിഫെെനലിസ്റ്റുകളായ ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ആസ്ത്രേലിയ എന്നീ ടീമുകളിൽ ആര് തമ്മിൽ ഫെെനൽ കളിക്കുമെന്നായിരുന്നു എെ.സി.സിയുടെ ചോദ്യം. എന്നാൽ ടീമുകളുടെ കൂട്ടത്തിൽ ‘ലോക ഒന്നാം നമ്പർ ടീമായ’ പാകിസ്ഥാൻ എവിടെയെന്ന ചോദ്യവുമായി പാക് ആരാധകർ രംഗത്തു വന്നത്.
ഫെെനൽ കളിക്കാൻ പക്ഷേ പാകിസ്ഥാൻ സെമി യോഗ്യത നേടിയിട്ടില്ല എന്ന ഹാസ്യ രൂപേണയുള്ള മറുപടിയായിരുന്നു എെ.സി.സി ഇവക്കെല്ലാം നല്‍കിയത്. പാകിസ്ഥാൻ ലോക ഒന്നാം നമ്പർ ടീമാണെന്ന ആരാധകരുടെ വാദവും ശരിയായിരുന്നില്ല. പാകിസ്ഥാന്റെ പുരുഷ ടീം ടി20യിൽ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും, പാക് വനിതാ ടീം നിലവിൽ ഏഴാം സ്ഥാനത്താണ്. വനിതാ-പുരുഷ ടീമുകളുടെ കാര്യത്തിൽ ആരാധകർക്ക് ആശയകുഴപ്പം ഉണ്ടാവുകയായിരുന്നു.
ഗ്രൂപ്പ് എ-യിൽ നിന്നും വെസ്റ്റ് ഇൻഡിസും, ഇംഗ്ലണ്ടും സെമിയില്‍ എത്തിയപ്പോൾ, ഗ്രൂപ്പ് ബി-യിൽ നിന്നും ഗ്രൂപ് ചാമ്പ്യന്മാരായി ഇന്ത്യയും, രണ്ടാം സ്ഥാനക്കാരായി ആസ്ത്രേലിയയുമാണ് സെമി കളിക്കുന്നത്. ആസ്ത്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ആദ്യ സെമി മത്സരം. നവംബർ 23 ന് ഇംഗ്ലണ്ടുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്.