ഫിഞ്ച് പടിയിറങ്ങി; അന്താരാഷ്ട്ര ടി20യിൽനിന്നും വിരമിക്കൽ പ്രഖ്യാപനം

ആസ്‌ട്രേലിയയ്ക്ക് ടി20 ലോകകിരീടം സമ്മാനിച്ച നായകനാണ് ആരോണ്‍ ഫിഞ്ച്; ടി20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിനുടമയും(172)

Update: 2023-02-07 02:57 GMT
Editor : Shaheer | By : Web Desk
Advertising

സിഡ്‌നി: ആസ്‌ട്രേലിയയ്ക്ക് ടി20 ലോകകിരീടം സമ്മാനിച്ച നായകൻ ആരോൺ ഫിഞ്ച് കളി മതിയാക്കി. നേരത്തെ ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിച്ച ഫിഞ്ച് ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് പൂർണമായി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

മാധ്യമപ്രവർത്തകർക്കു മുന്നിലാണ് വിരമിക്കൽ പ്രഖ്യാപനം. 2024ൽ നടക്കുന്ന ടി20 ലോകകപ്പ് വരെ കളിക്കില്ലെന്ന തിരിച്ചറിവിലാണ് കൃത്യസമയത്തു തന്നെ കളിനിർത്താൻ തീരുമാനിച്ചതെന്ന് ഫിഞ്ച് അറിയിച്ചു. ലോകകപ്പിന് ഒരുങ്ങാൻ ടീമിനും പുതിയ നായകനും മതിയായ സമയവും അവസരവും ഒരുക്കാൻ പറ്റിയ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഫിഞ്ച് ഏകദിനത്തിൽനിന്ന് വിരമിച്ചത്. ദീർഘകാലമായി ഓസീസ് സംഘത്തിന്റെ ഏകദിന-ടി20 നായകനായിരുന്നു ഫിഞ്ച്. കളിച്ച 103 ടി20 മത്സരങ്ങളിൽ 76ലും ടീമിന്റെ നായകനായിരുന്നു. ടി20 ക്യാപ്റ്റനെന്ന നിലയിലുള്ള റെക്കോർഡ് കൂടിയാണിത്. ഒരു ടി20 മത്സരത്തിലെ ഏറ്റവും ഉയർന്ന സ്‌കോറും ഫിഞ്ചിന്റെ പേരിലാണുള്ളത്. 2018ൽ സിംബാബ്‌വേയ്‌ക്കെതിരെ 76 പന്തിൽ നേടിയ 172 റൺസാണ് ഉയർന്ന സ്‌കോർ.

ടി20യിൽ 103 ഇന്നിങ്‌സുകളിൽനിന്ന് 3,120 റൺസാണ് ഫിഞ്ചിന്റെ സമ്പാദ്യം. ഇതിൽ രണ്ട് സെഞ്ച്വറിയും 19 അർധസെഞ്ച്വറിയും ഉൾപ്പെടും. 142 ഏകദിനങ്ങളിൽ ഓസീസ് കുപ്പായമണിഞ്ഞ താരം 17 ശതകവും 30 അർധശതകവും സഹിതം 5,406 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. രണ്ട് അർധശതകം സഹിതം 278 റൺസും നേടിയിട്ടുണ്ട്.

2021ൽ ദുബൈയിൽ നടന്ന ടി20 ലോകകപ്പിലാണ് ഫിഞ്ചിന്റെ നേതൃത്വത്തിൽ ആസ്‌ത്രേലിയ കിരീടം ചൂടിയത്. ബി.ബി.എൽ അടക്കമുള്ള ക്രിക്കറ്റ് ലീഗുകളിൽ താരം തുടരുമെന്നാണ് സൂചന.

Summary: Aaron Finch announces retirement from International Cricket

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News