ഷൂവിൽ വിസ്മയം ഒളിപ്പിച്ച് രോഹിത്; ഒന്നാം ദിനം കണ്ടാമൃഗം, രണ്ടാം ദിനം സമുദ്രം!
ധരിച്ച ഷൂസിൽ പ്രകൃതിയുടെ വീണ്ടെടുപ്പിനായി മുദ്രാവാക്യങ്ങൾ എഴുതിയാണ് രോഹിത് വ്യത്യസ്തനാകുന്നത്
കളത്തിന് അകത്തും പുറത്തും റോൾ മോഡലാണ് ഇന്ത്യൻ ഉപനായകനും മുംബൈ ഇന്ത്യൻ നായകനുമായ രോഹിത് ശർമ്മ. ഇത്തവണ ഐപിഎല്ലിൽ വ്യത്യസ്തമായ നീക്കത്തിലൂടെയാണ് രോഹിത് ആരാധകരുടെ മനം കവർന്നത്. ധരിച്ച ഷൂസിൽ പ്രകൃതിയുടെ വീണ്ടെടുപ്പിനായി മുദ്രാവാക്യങ്ങൾ എഴുതിയാണ് രോഹിത് വ്യത്യസ്തനാകുന്നത്.
ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ സേവ് ദ റിനോ (കണ്ടാമൃഗങ്ങളെ സംരക്ഷിക്കൂ) എന്നെഴുതിയ ഷൂവാണ് താരം ധരിച്ചത്. രണ്ടാം ദിനത്തിൽ പ്ലാസ്റ്റിക് ഫ്രീ ഓഷ്യൻ എന്നാണ് ഷൂവിൽ എഴുതിയിരുന്നത്.
ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിലും രോഹിത് കുറിപ്പിട്ടു. 'ഇതെന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു. സന്ദേശം ആഞ്ഞടിക്കട്ടെ. ഈ പ്രശ്‌നം നിയന്ത്രിക്കേണ്ടത് നൂറു ശതമാനം നമ്മളാണ്. ഞാനെന്റെ കാരണവുമായി മുമ്പോട്ടു പോകുന്നു. നിങ്ങളും കൂടെയുണ്ടാകണം. നമ്മുടെ കടലുകൾ വീണ്ടും ആരോഗ്യപ്രദമാകട്ടെ' - എന്നാണ് രോഹിതിന്റെ കുറിപ്പ്. മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്‌സൺ അടക്കമുള്ളവർ താരത്തെ പ്രശംസിച്ച് രംഗത്തെത്തി.
അതിനിടെ, ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനോട് തോറ്റ മുംബൈ ഇന്ത്യന്‍സ് രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി. ശനിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് അടുത്ത മത്സരം.