ബി.സി.സി.ഐ കോൺട്രാക്ട് നഷ്ടം, 512 ദിവസത്തിനുശേഷം തിരിച്ചുവരവ്; ഹീറോയായി രഹാനെ

ടെസ്റ്റിൽ 5,000 തികയ്ക്കുന്ന 13-ാമത്തെ ഇന്ത്യൻ താരവുമായിരിക്കുകയാണ് അജിങ്ക്യ രഹാനെ

Update: 2023-06-10 06:23 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: വിദേശപിച്ചിൽ വീണ്ടും ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ. മോശം ഫോമിനെ തുടർന്ന് ടീമിൽനിന്ന് പുറത്തായ ശേഷമാണ് രഹാനെയുടെ ഗംഭീര തിരിച്ചുവരവ്. ബി.സി.സി.ഐയുടെ കോൺട്രാക്ട് പട്ടികയിൽനിന്നും താരം പുറത്തായിരുന്നു. എന്നാൽ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ടീം തകർന്നടിഞ്ഞ ഘട്ടത്തിലായിരുന്നു വിശ്വസ്ത മധ്യനിരക്കാരന്റെ റോൾ രഹാനെ വീണ്ടും ഏറ്റെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ 5,000 ക്ലബിൽ ഇടംപിടിക്കുകയും ചെയ്തു താരം.

ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക അടക്കം വിദേശപിച്ചുകളിൽ ഇന്ത്യയുടെ വിശ്വസ്ത ടെസ്റ്റ് താരമാണ് രഹാനെ. വിദേശത്ത് 49 മത്സരങ്ങളിൽനിന്ന് 40.28 ശരാശരിയിൽ 3,223 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യയിൽ 32 മത്സരങ്ങളിൽനിന്ന് 35.73 ശരാശരിയിൽ നേടിയത് 1,644 റൺസും. വിദേശപിച്ചിലെ രഹാനെയുടെ മേധാവിത്വം വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

ആസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ മുൻനിര തകർന്നപ്പോൾ ഒരിക്കൽകൂടി രക്ഷാദൗത്യം ഏറ്റെടുത്തു രഹാനെ. സെഞ്ച്വറിക്കരികെ വീണെങ്കിലും ഓവലിലെ ഈ പോരാട്ടം ഇന്ത്യൻ ആരാധകർ എന്നും ഓർക്കുമെന്നുറപ്പാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ അർധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ് രഹാനെ. 89 റൺസുമായി ഇന്ത്യയുടെ ഫൈനൽ ടോപ്‌സ്‌കോററും താരം തന്നെയാണ്.

ഓസീസ് നായകൻ പാറ്റ് കമ്മിൻസിനെ സിക്‌സർ പറത്തിയാണ് രഹാനെ ടെസ്റ്റ് കരിയറിലെ 26-ാം അർധസെഞ്ച്വറി കുറിച്ചത്. ഇതിനിടയിൽ 5,000 റൺസെന്ന നിർണായക നാഴികക്കല്ലും താരം പിന്നിട്ടു. ഈ കടമ്പ കടക്കുന്ന 13-ാമത്തെ ഇന്ത്യൻ താരമാണ് രഹാനെ.

അവസാനമായി 2022 ജനുവരിയിലാണ് രഹാനെ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇതിനുശേഷം ബോർഡർ-ഗവാസ്‌കർ ട്രോഫി ഉൾപ്പെടെയുള്ള പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽനിന്നും പുറത്തായി. 512 ദിവസത്തോളമാണ് ദേശീയ ടീമിനു പുറത്തിരുന്നത്. കൂടുതൽ ആഘാതമായി ബി.സി.സി.ഐ താരങ്ങളുടെ കോൺട്രാക്ട് പട്ടികയിൽനിന്നും രഹാനെയെ പുറത്താക്കി. എന്നാൽ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെ രഹാനെ ഗംഭീര തിരിച്ചുവരവ് നടത്തി. ഏറ്റവുമൊടുവിൽ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി നടത്തിയ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് വഴിത്തിരിവായി മാറിയത്. രഹാനെയുടെ ക്ലാസിനെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം ഒറ്റയടിക്ക് ഉൾവലിഞ്ഞു.

Summary: Ajinkya Rahane again becomes Team India's hero as the batter completes 5000 runs in Test cricket, becomes 13th Indian to achieve the feat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News