ഷാഹിൻ 'ഷോ'; പാക് പേസ് ആക്രമണത്തിൽ ഇന്ത്യ 266ന് പുറത്ത്

കൂട്ടത്തകർച്ച മുന്നിൽകണ്ട ഇന്ത്യയെ യുവതാരം ഇഷൻ കിഷനും(82) ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും(87) ചേർന്നാണു കരകയറ്റിയത്

Update: 2023-09-02 17:04 GMT
Editor : Shaheer | By : Web Desk
Advertising

കാൻഡി: ഏഷ്യാകപ്പിൽ ഹൈവോൾട്ടേജ് പോരാട്ടത്തിൽ കേളികേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ വിറപ്പിച്ച് പാകിസ്താൻ പേസ് സംഘം. ഷാഹിൻഷാ അഫ്രീദി നയിച്ച ആക്രമണത്തിനു മൂർച്ഛ കൂട്ടുകയായിരുന്നു ഹാരിസ് റഊഫും യുവതാരം നസീം ഷായും. ശ്രീലങ്കയിലെ പല്ലെകലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൂട്ടത്തകർച്ച മുന്നിൽകണ്ട ഇന്ത്യയെ യുവതാരം ഇഷൻ കിഷനും(82) ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും(87) തമ്മിലുള്ള മനോഹരമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണു കരകയറ്റിയത്. ഇരുവരും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്‌സ് 266ൽ അവസാനിക്കുകയായിരുന്നു. നാലു വിക്കറ്റുമായി ഷാഹിൻഷാ അഫ്രീദിയാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

നേരത്തെ ടോസ് നേടി ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും തീരുമാനം പാളിയെന്നു തെളിയിക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ തുടക്കം. മഴ ഇടവിട്ട് രസംകൊല്ലിയായി വന്ന മത്സരത്തില്‍ ഇന്ത്യൻ ബാറ്റിങ്ങിനെ ഷാഹിൻഷായും ഹാരിസ് റഊഫും യുവതാരം നസീം ഷായും ചേർന്നു വിറപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. അഞ്ചാം ഓവറിൽ നായകൻ രോഹിത് ശർമയെ(11) വീഴ്ത്തി ആക്രമണത്തിനു തുടക്കമിട്ടു ഷാഹിൻഷാ. മനോഹരമായ പന്ത് രോഹിതിന്റെ കുറ്റിയും പിഴുതാണു കടന്നുപോയത്.

മൂന്നാമനായി ഇറങ്ങിയ കോഹ്ലിക്കും പാക് പേസ് ആക്രമണത്തിനു മുന്നിൽ അധികം പിടിച്ചുനിൽക്കാനായില്ല. വെറും നാലു റൺസെടുത്ത് സൂപ്പർ താരവും മടങ്ങി. ഷാഹിൻഷായുടെ തന്നെ പന്തിൽ എഡ്ജ് ആയി ബൗൾഡായാണ് കോഹ്‌ലി മടങ്ങിയത്. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ ശ്രേയസ് അയ്യറും(14) പിന്നാലെ തിരിച്ചുനടന്നു. ഹാരിസ് റഊഫിന്റെ പന്തിൽ ഫഖർ സമാൻ പിടിച്ചു പുറത്ത്. ഹാരിസ് റഊഫിന്റെ പന്തിൽ പ്രതിരോധം തകർന്ന് ഓപണർ ശുഭ്മൻ ഗില്ലും(10) ബൗൾഡായി മടങ്ങുമ്പോൾ ഇന്ത്യ നാലിന് 66 എന്ന നിലയിൽ വൻ തകർച്ച മുന്നിൽ കാണുകയായിരുന്നു.

എന്നാൽ, അവിടെനിന്നായിരുന്നു ഇഷൻ കിഷനും ഹർദിക് പാണ്ഡ്യയും ചേർന്നുള്ള ഗംഭീരമായ തിരിച്ചുവരവ്. 15-ാം ഓവറിൽ ഒന്നിച്ച ഇരുവരും ടീമിനെ പതുക്കെ കരകയറ്റി. കിഷൻ സ്വതസിദ്ധമായ ശൈലിയിൽ മധ്യഓവറുകളിൽ സ്പിന്നർമാരെ അടിച്ചുകളിച്ചപ്പോൾ പാണ്ഡ്യ സീനിയർ താരത്തിന്റെ റോളിൽ ഉറച്ച പിന്തുണ നൽകി മറ്റേയറ്റം കാത്തു. ഒടുവിൽ ടീം സ്‌കോർ 200ലെത്തിച്ചാണ് അഞ്ചാം വിക്കറ്റ് സഖ്യം പിരിഞ്ഞത്.

ഹാരിസ് റഊഫിന്റെ ഷോർട്ട് പിച്ച് പന്ത് തൂക്കിയടിക്കാൻ നോക്കിയ കിഷന് ഇത്തവണ പിഴച്ചു. ഉയർന്നുപൊങ്ങിയ പന്ത് പാക് നായകൻ ബാബർ അസമിന്റെ കൈയിൽ ഭദ്രം. 81 പന്ത് നേരിട്ട് ഒൻപത് ഫോറും രണ്ട് സിക്‌സും പറത്തിയ കിഷൻ 82 റൺസെടുത്താണു കീഴടങ്ങിയത്. അനായാസം സെഞ്ച്വറി കുറിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ഇന്നിങ്‌സ് പക്ഷെ മൂന്നക്കത്തിനു തൊട്ടരികെ അവസാനിച്ചു.

കിഷൻ പോയ ശേഷം ഹർദിക് ഗിയർ മാറ്റി. ഗ്രൗണ്ടിലെ ശരാശരി വിജയസ്‌കോറിലേക്കു ടീമിനെ നയിക്കാനായി ഇന്നിങ്‌സ് വേഗം കൂട്ടി. എന്നാൽ, അവസാന സ്‌പെൽ എറിയാൻ മടങ്ങിയെത്തിയ ഷാഹിൻഷാ വീണ്ടും അപകടം വിതച്ചു. സ്ലോ പന്തു കൊണ്ട് വച്ച കെണിയിൽ പാണ്ഡ്യ വീണു. എക്‌സ്ട്രാ കവറിൽ ആഗാ സൽമാൻ പിടിച്ചു പുറത്താകുമ്പോൾ 90 പന്തിൽ 87 റൺസായിരുന്നു ഇന്ത്യൻ ഓൾറൗണ്ടറുടെ സമ്പാദ്യം. ഏഴ് ഫോറും ഒരു സിക്‌സും ഇന്നിങ്‌സിനു മിഴിവേകി. വാലറ്റത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ 'വെടിക്കെട്ട്' കാമിയോ(14 പന്തിൽ മൂന്നു ഫോർ സഹിതം 16) ആണ് ടീം സ്‌കോർ 250 കടത്തിയത്.

പാക് പേസർമാരിൽ നാലു വിക്കറ്റുമായി ഷാഹിൻഷാ തിരിച്ചുവരവ് ഗംഭീരമാക്കി. 10 ഓവറിൽ 35 റൺസ് മാത്രമാണു താരം വിട്ടുകൊടുത്തത്. നസീം ഷാ 4.07 എക്കോണമിയിലും ഹാരിസ് റഊഫ് 6.44 എക്കോണമിയിലും മൂന്നു വീതം വിക്കറ്റും വീഴ്ത്തി.

Summary: Asia Cup 2023: India vs Pakistan Live Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News