ഉമ്രാൻ വിസ്മയിപ്പിക്കുന്ന ബൗളർ, അത്ഭുതങ്ങൾ സൃഷ്ടിക്കും-ബ്രെറ്റ് ലീ
'മൂന്ന് ഫോർമാറ്റിലും കളിക്കാനാകുന്ന താരമാണ് ഉമ്രാൻ. കഴിയുന്നത്രയും മത്സരങ്ങളിൽ താരത്തെ കളിപ്പിക്കണം. ഒരു കളി കഴിഞ്ഞാൽ അടുത്ത മത്സരത്തിൽ വിശ്രമം നൽകരുത്.'
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ പേസ് സെൻസേഷനായ ഉമ്രാൻ മാലികിനെ പ്രശംസിച്ച് ആസ്‌ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. ഉമ്രാൻ വിസ്മയിപ്പിക്കുന്ന ബൗളറാണെന്നും താരത്തിന്റെ ജോലിഭാരം മര്യാദയ്ക്ക് കൈകാര്യം ചെയ്താൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നും ബ്രെറ്റ് ലീ പറഞ്ഞു.
'ടൈംസ് ഓഫ് ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് മുൻ ഓസീസ് പേസ് താരത്തിന്റെ അഭിപ്രായപ്രകടനം. 'ഉമ്രാൻ വിസ്മയിപ്പിക്കുന്ന ബൗളറാണ്. പ്രത്യേക പ്രതിഭയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജോലിഭാരം കൃത്യമായി കൈകാര്യം ചെയ്യുകയാണെങ്കിൽ താരത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കും.'-ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു.
മൂന്ന് ഫോർമാറ്റിലും കളിക്കാനാകുന്ന താരമാണ് ഉമ്രാനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, താരത്തെ കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. കഴിയുന്നത്രയും മത്സരങ്ങളിൽ താരത്തെ കളിപ്പിക്കണം. ഒരു കളി കഴിഞ്ഞാൽ അടുത്ത മത്സരത്തിൽ വിശ്രമം നൽകരുത്. ജിമ്മിൽ പോയി വലിയ ഭാരങ്ങൾ ഉയർത്താൻ അനുവദിക്കരുത്. ഓട്ടത്തിലും കൂടുതൽ ശ്രദ്ധ വേണം. അതാണ് അദ്ദേഹത്തിൻരെ പ്രധാന ശക്തിയെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.
1,200 ദിവസങ്ങൾക്കുശേഷം വിരാട് കോഹ്ലി സെഞ്ച്വറി നേടിയത് കാണാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിഹാസങ്ങളുടെയും മികച്ച താരങ്ങളുടെയും ഒരു സവിശേഷത അവരെ തളർത്താൻ ബുദ്ധിമുട്ടാണെന്നതാണ്. അൽപം സമയമെടുത്തെങ്കിലും ഒരു ടെസ്റ്റ് സെഞ്ച്വറി കണ്ടെത്താനായതിലും അദ്ദേഹം തിരിച്ചുവന്നതിലും സന്തോഷമുണ്ടെന്നും ബ്രെറ്റ് ലീ വെളിപ്പെടുത്തി.
Summary: 'Umran Malik is a wonderful bowler. If his workload is taken care of properly, he will do wonders', says former Australia legend pacer Brett Lee