അണ്ടർ-19 ഏകദിന ലോകകപ്പിൽ ഇന്ത്യ-ആസ്‌ട്രേലിയ ഫൈനൽ

രണ്ടാം സെമിയിൽ ആസ്‌ട്രേലിയൻ കൗമാരക്കാർ പാകിസ്താനെ ഒരു വിക്കറ്റിന് തോൽപിച്ചു

Update: 2024-02-09 01:13 GMT
Editor : Shaheer | By : Web Desk
Advertising

കേപ്ടൗൺ: അവസാന ഓവർ വരെ ആവേശം മുറ്റിനിന്ന രണ്ടാം സെമി പോരാട്ടത്തിൽ പാകിസ്താനെ ഒരു വിക്കറ്റിനു തോൽപിച്ച് കങ്കാരുക്കൾ. അണ്ടർ-19 ഏകദിന ലോകകപ്പിൽ ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ ആസ്‌ട്രേലിയയെ നേരിടും. അഞ്ച് പന്ത് ബാക്കിനിൽക്കെയായിരുന്നു ഇന്ന് ഓസീസ് കൗമാരക്കാർ വിജയം തട്ടിയെടുത്തത്.

ബെനോനി വില്ലൗമോർ പാർക്കിൽ നടന്ന സെമിയിൽ ടോസ് ഭാഗ്യം തുണച്ച ആസ്‌ട്രേലിയ പാകിസ്താനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ക്യാപ്റ്റൻ ഹ്യൂ വീബ്‌ജെനിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഓസീസ് ബൗളർമാരുടെ ആക്രമണം. മീഡിയം പേസർ ടോം സ്ട്രാക്കർ നിറഞ്ഞാടിയപ്പോൾ 48.5 ഓവറിൽ പാകിസ്താൻ ബാറ്റർമാർ വെറും 179ന് കൂടാരം കയറി.

ആറ് പാക് വിക്കറ്റാണ് സ്ട്രാക്കർ പിഴുതത്. അസാൻ അവായ്‌സും(52) അറഫാത്ത് മിൻഹാസും(52) അർധസെഞ്ച്വറിയുമായി പാകിസ്താനെ നാണക്കേടിൽനിന്നു രക്ഷിച്ചെങ്കിലും അതു വലിയ സ്‌കോറിലെത്തിക്കാനായില്ല. ചെറിയ സ്‌കോർ പിറന്ന മത്സരത്തിൽ പക്ഷെ ഓസീസ് 20 റൺസ് ഉദാരമായി വിട്ടുനൽകുകയും ചെയ്തു.

മറുപടി ബാറ്റിങ്ങിൽ കങ്കാരുക്കൾക്കു മുന്നിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. ആസ്‌ട്രേലിയൻ ബാറ്റർമാരെ ആദ്യ ഇന്നിങ്‌സിനു സമാനമായി പാക് ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ അവസാന ഓവറിലാണ് കങ്കാരുക്കൾക്കു ലക്ഷ്യംകാണാനായത്. അതും ഒരൊറ്റ വിക്കറ്റ് ബലത്തിൽ. ഓപണർ ഹാരി ഡിക്‌സനും(50) മധ്യനിര ബാറ്റർ ഒലിവർ പീക്കെയും(49) ആണ് ഓസീസ് നിരയിലെ ടോപ്‌സ്‌കോറർമാർ.

പാക് മീഡിയം പേസർ അലി റാസയാണ് നാല് വിക്കറ്റുമായി ആസ്‌ട്രേലിയൻ ബാറ്റിങ്ങിനെ വരുതിയിലാക്കിയത്. അറഫാത് മിൻഹാസിന് രണ്ടു വിക്കറ്റും ലഭിച്ചു.

Summary: Australia vs Pakistan: U-19 Cricket World Cup semifinal

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News