പിന്നെന്താണ് ആസ്‌ട്രേലിയക്കാർ അവരെപ്പോലെ ബാറ്റ് ചെയ്യാഞ്ഞത്..? ഹാരിസിന് മറുപടിയുമായി ജാഫർ

അന്നത്തെ പുജാരയുടെ ബാറ്റിംഗ് ആസ്ട്രേലിയക്കാരെപ്പോലെയായിരുന്നുവെന്നാണ് മാര്‍ക്കസ് ഹാരിസ് അഭിപ്രായപ്പെട്ടത്.

Update: 2021-05-22 09:02 GMT
Advertising

ആസ്‌ട്രേലിയൻ ഓപ്പണർ മാർക്കസ് ഹാരിസിന് മറുപടിയുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇന്ത്യയുടെ ആസ്‌ട്രേലിയൻ പര്യടനത്തിനിടെ ഗബ്ബ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ് സംബന്ധിച്ച ഹാരിസിന്റെ പരാമർശത്തിനാണ് വസീം ജാഫർ പരിഹാസം കലർന്ന മറുപടിയുമായി എത്തിയത്.

അന്നത്തെ പുജാരയുടെ ബാറ്റിംഗ് ആസ്ട്രേലിയക്കാരെപ്പോലെയായിരുന്നുവെന്നാണ് മാര്‍ക്കസ് ഹാരിസ് അഭിപ്രായപ്പെട്ടത്. ഈ പരാമർശത്തിനാണ് ജാഫര്‍ കുറിക്ക് കൊള്ളുന്ന പ്രതികരണവുമായി രംഗത്തെത്തിയത്. അങ്ങനെയെങ്കിൽ ആസ്ട്രേലിയക്കാര്‍ എന്ത് കൊണ്ടാണ് അന്ന് ആസ്ട്രേലിയക്കാരെ പോലെ ബാറ്റ് ചെയ്യാതിരുന്നത്. അക്കാര്യത്തിൽ അത്ഭുതം തോന്നുന്നു. ഹാരിസിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ജാഫർ ട്വിറ്ററിൽ കുറിച്ചു.

ആസ്ട്രേലിയയുടെ പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഗബ്ബയിൽ പുജാര 211 പന്ത് നേരിട്ട് 56 റൺസ് നേടിയിരുന്നു. ആസ്‌ട്രേലിയൻ പേസ് നിരക്ക് മുന്നിൽ കോട്ട കെട്ടി ഇന്നിങ്സ് കളിച്ച പുജാര ആ ഇന്നിങ്സിലൂടെ നായക പരിവേഷം നേടിയിരുന്നു. ക്രീസില്‍ ചെലവഴിച്ച സമയത്ത് താരത്തിന് ശരീരത്തില്‍ പല തവണ ഏറ് കൊള്ളേണ്ടിയും വന്നിരുന്നു.

ആസ്ട്രേലിയന്‍ ബൗളിംഗിനെതിരെ സധൈര്യം ചെറുത്തുനിന്നതാണ് പുജാരയുടെ ഗബ്ബയിലെ ബാറ്റിംഗിന്റെ പ്രത്യേകതയെന്നും ഹാരിസ് പറഞ്ഞിരുന്നു. ഗബ്ബയില്‍ പല തവണ നെഞ്ചില്‍ ഏറ് കൊണ്ടെങ്കിലും താരം പിന്മാറാതെ ബാറ്റ് ചെയ്യുകയായിരുന്നു. അത് ആസ്ട്രേലിയക്കാരുടെ പോരാട്ടവീര്യം പോലെയാണ് തനിക്ക് തോന്നിയത്. ഹാരിസ് പറഞ്ഞു. ഇതിനെതിരെയാണ് വസീം ജാഫർ പ്രതികരണവുമായി രംഗത്തെത്തിയത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News